Wednesday, December 04, 2019

ഏകം ആനന്ദം

Wednesday 4 December 2019 2:58 am IST
ഉന്മന്യവാപ്തയേ ശീഘ്രം
ഭ്രൂധ്യാനം മമ സമ്മതം
രാജയോഗ പദം പ്രാപ്തും
സുഖോപായോല്‍പചേതസാം
സദ്യഃ പ്രത്യയ സംധായീ
ജായതേ നാദജോ ലയഃ- 4 - 80
വേഗത്തില്‍ ഉന്മനി അവസ്ഥ ലഭിക്കാന്‍ ഭ്രൂമധ്യത്തില്‍ ധ്യാനിക്കണം. അല്‍പ ബുദ്ധികള്‍ക്കു പോലും രാജയോഗ പ്രാപ്തിക്ക് ഇതു തന്നെ ഉപായം. നാദജമായ ലയം വേഗത്തില്‍ തന്നെ ലക്ഷ്യം നേടും.
ഉന്മനി എന്നാല്‍ മനസ്സില്ലാത്ത അവസ്ഥയാണ്. ബാഹ്യാനുഭവങ്ങളാല്‍ കെട്ടപ്പെട്ട മനസ്സില്‍ നിന്നും ഉയര്‍ന്ന ബോധതലം. അതിന് എളുപ്പമാര്‍ഗ്ഗം ( സുഖോപായം ) കണ്‍ പുരികങ്ങളുടെ (ഭ്രൂ) മധ്യത്തില്‍ മനസ്സുറപ്പിച്ചുള്ള ധാന്യമാണ് എന്ന് സ്വത്മാരാമന്‍ ഉറപ്പിച്ചു പറയുന്നു - ' മമ സമ്മതം' ( എന്റെ ഉറച്ച അഭിപ്രായം ). ഇത് സാധാരണക്കാര്‍ക്കും ( അല്‍പ ചേതസാം) പററിയതാണ് ഇത്. അനുഭവം പെട്ടെന്നു തന്നെ കിട്ടുകയും ചെയ്യും ( സദ്യഃ പ്രത്യയ സന്ധായീ). രാജയോഗ പദം എന്നാല്‍ ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നിവ കടന്നുള്ള നാലാമത്തെ (തുരീയ) അവസ്ഥ തന്നെ.
ഭ്രൂധ്യാനം ശാംഭവീ മുദ്ര തന്നെ. കണ്ണടച്ചോ തുറന്നോ ആജ്ഞാ ചക്രത്തില്‍ തന്നെ മനസ്സുറപ്പിക്കുക. ഇതിന് അതിബുദ്ധിയൊന്നും ആവശ്യമില്ല. സരളമാണ്. എന്നാല്‍ ആത്മാര്‍ഥമായ പരിശ്രമം ആവശ്യമാണു താനും. അപ്പോള്‍ ആജ്ഞാചക്രം ഉത്തേജിതമാവും. നാദം അനുഭൂത മാവും.
ആത്മീയതയും അതിന്റെ അനുഭൂതി വിശേഷങ്ങളുമൊന്നും ഭൗതികമായ അറിവിനെയോ ബുദ്ധിശക്തിയേയോ ആശ്രയിച്ചല്ല. ആ തലം തന്നെ ഒന്നു വേറെയാണ്. 
സ്വാത്മാരാമനെന്ന നാഥയോഗി 'ഇതാണെന്റെ നിശ്ചിതമായ അഭിപ്രായം 'എന്നു പറയുമ്പോള്‍ അത് സ്വന്തം അനുഭവത്തിന്റെ സാക്ഷ്യമായിത്തന്നെ എടുക്കണം. മഹായോഗിമാര്‍ പാഴ്‌വാക്ക് പറയില്ല.
നാദാനുസന്ധാന സമാധിഭാജാം
യോഗീശ്വരാണാം ഹൃദി വര്‍ധമാനം
ആനന്ദമേകം വചസാമഗമ്യം
ജാനാതി തം ശ്രീ ഗുരുനാഥ ഏകഃ - 4 - 81
നാദാനുസന്ധാനത്താലുള്ള സമാധിയില്‍ ലയിച്ചിരിക്കുന്ന യോഗിമാരുടെ ഹൃദയത്തില്‍ നിറഞ്ഞു നില്കുന്ന പറഞ്ഞറിയിക്കാനാവാത്ത  ആനന്ദം ഗുരുനാഥനു മാത്രമെ അറിയാനാവൂ.
നാദം എന്നാല്‍ അനാഹതമായ, സ്വയം പുറപ്പെടുന്ന നാദം. അതിനെ അനുസന്ധാനം ചെയ്ത്, അതായത് നിരന്തരം ചിന്തിച്ച് അതിലൂടെ മനസ്സ് ഏകാഗ്രമായി സമാധിയില്‍ പ്രവേശിച്ചവരാണ് 'നാദാനുസന്ധാന സമാധിഭാക്കുകള്‍'. യോഗികളില്‍ ശ്രേഷ്ഠന്മാരാണ് യോഗീശ്വരന്മാര്‍.  അവരുടെ ഹൃദയത്തില്‍ ആനന്ദം വര്‍ധിച്ചു കൊണ്ടിരിക്കും, നിറഞ്ഞു കൊണ്ടിരിക്കും.
ആ അനുഭവം വാക്കുകള്‍ക്കതീതമാണ്. ഇന്നതെന്നു പറഞ്ഞറിയിക്കാവതല്ല. ഭക്തിയുടെ ആനന്ദാനുഭവത്തെ 'മൂകാസ്വാദന വത് ' എന്നാണ് നാരദന്‍ വിശേഷിപ്പിക്കുന്നത്. സംസാരശേഷി യില്ലാത്തവന്‍ തേന്‍ കുടിച്ചാല്‍ അതിന്റെ അനുഭവം അവന് മറ്റുള്ളവരെ അറിയിക്കാനൊക്കുമോ?
'ഏകം ആനന്ദം ' എന്നാണ് പറഞ്ഞത്. അതായത് യോഗി നാദാനുസന്ധാന ത്തിലൂടെ അനുഭവിക്കുന്ന ആനന്ദം ഏകമാണ്, അനന്യമാണ്. അതിനെ തുലനപ്പെടുത്താന്‍, താരതമ്യം ചെയ്യാന്‍ മറ്റൊന്നില്ല. അവിടെ വാക്കുകള്‍ക്കു കടന്നു ചെല്ലാന്‍ പറ്റില്ല. പക്ഷെ ഗുരുവിന് കടന്നു ചെല്ലാം. അദ്ദേഹം അത് അനുഭവിച്ചു കഴിഞ്ഞതാണ്. ശിഷ്യന്റെ ഭാവത്തില്‍ നിന്ന് അതറിയാന്‍ ഗുരുനാഥനേ (ഏകഃ) കഴിയൂ.
ഗ്രന്ഥത്തിന്റെ അവസാനത്തോടടുക്കുകയാണ്. ഇനി 33 ശ്ലോകങ്ങള്‍ മാത്രം. നാദാനുസന്ധാനത്തിന്റെ പ്രാധാന്യമാണ് നാമിവിടെ  ഉറപ്പിക്കേണ്ടത്. നാദാനു സന്ധാനത്തോടെയാണ് ഗ്രന്ഥം സമാപിക്കുന്നത്. പലപ്പോഴും സരളമായ തിനെ നാം അവഗണിക്കും. അതു പാടില്ല എന്നതിനാലാണ് ഇത് എല്ലാറ്റിനും ഒടുവില്‍ ഇതുവരെ പറഞ്ഞതിന്റെയെല്ലാം സാരമായി അവതരിപ്പിക്കാന്‍ കാരണം.

No comments:

Post a Comment