Thursday, December 26, 2019

ഹരിനാമകീർത്തനം വ്യാഖ്യാനം-45

    മുഖ്യപ്രാണനെ ആശ്രയിച്ചു പ്രവർത്തിക്കുന്നതുകൊണ്ട് ഇന്ദ്രിയങ്ങളെപ്പോലും ഉപനിഷത്തുകൾ 'പ്രാണ' ശബ്ദം ചൊല്ലി വിളിക്കാറുണ്ട്.
കൂടാതെ ശരീരത്തിന്റെ പ്രധാന പ്രവർത്തനങ്ങളെ ആസ്പദമാക്കി വേറെ അഞ്ചു പ്രാണന്മാരെ സൂക്ഷ്മശരീരത്തിന്റെ ഭാഗങ്ങളായി കൽപ്പിച്ചിട്ടുണ്ട്. പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ എന്നിവയാണ് പഞ്ചപ്രാണന്മാർ. പ്രാണവായു ഹൃദയസ്ഥാനത്തിരുന്ന് ഉച്ഛ്വാസ നിശ്വാസങ്ങളെ ചെയ്യിക്കുന്നു. അപാനവായു വിസർജനേന്ദ്രിയസ്ഥാനത്തിരുന്ന് മലമൂത്ര വിസർജ്ജനങ്ങളെ സഹായിക്കുന്നു. സമാനവായു നാഭിസ്ഥാനത്തിരുന്നു
ഭക്ഷണരസത്തെ സർവ്വ അവയവങ്ങൾക്കും പകുത്തുകൊടുക്കും. ഉദാനവായു കണ്ഠസ്ഥാനത്തിരുന്ന് ജഠരാഗ്നിയെ ജ്വലിപ്പിച്ച് അന്നപാനാദികളെ
ഉള്ളിലേക്കു കടത്തിക്കൊണ്ടിരിക്കും. വ്യാനവായു എല്ലാ അവയവങ്ങളിലും
വ്യാപിച്ച് ദേഹത്തെ നിലനിർത്തും. നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ എന്നിങ്ങനെ  അപ്രധാനന്മാരായ മറ്റ് അഞ്ചു പ്രാണന്മാരും ശരീരപ്രവർത്തനങ്ങളെ സഹായിക്കുന്നുണ്ട്, നാഗൻ, ഛർദിയേയും, കൂർമൻ വിക്കൽ, കണ്ണിന്റെ ഉന്മേഷനിമേഷങ്ങൾ എന്നിവയെയും, കൃകലൻ തുമ്മൽ, വലിവ് മുതലായവയെയും  ദേവദത്തൻ ചിരി, കോട്ടുവാ മുതലാവയെയും ഉണ്ടാക്കും.
ധനഞ്ജയൻ ജീവൻ പോയശേഷവും ദേഹത്തിൽ അല്പനേരം തങ്ങിനിൽക്കുന്നു. മേൽ വിവരിച്ച പത്തു പ്രാണന്മാരും ഇന്ദ്രിയങ്ങളുമാണ് ഉപപ്രാണന്മാർ. ഇവയാണ് ശ്ലോകത്തിലെ 'പക്ഷീഗണം', മുഖ്യപ്രാണനാണ് ഗരുഡൻ. മുഖ്യപ്രാണനെ ആശ്രയിച്ചാണ് ഉപപ്രാണന്മാരുടെ സ്ഥിതി, ഛാന്ദോഗ്യോപനിഷത്തിലെ അഞ്ചാമധ്യായത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ പ്രാണന്മാർക്കിടയിൽ അവരിൽ ആരാണ് ശ്രേഷ്ഠൻ എന്നൊരു വാദമുണ്ടായി. അവർ മുഖ്യപ്രാണനെ സമീപിച്ച് ഈ വിഷയം ചർച്ച ചെയ്തു. ആരിറങ്ങിപ്പോയാൽ ഈ ശരീരം പൂർണ്ണമായും ഉപയോഗശൂന്യമായിത്തീരുമോ ആയാളാണ് ശ്രേഷ്ഠനെന്നു പ്രജാപതി അറിയിച്ചു.
ഉപപ്രാണന്മാരിൽ മുറയ്ക്ക് ഓരോരുത്തർ അൽപ്പകാലത്തേക്കു പ്രവർത്തനം നിർത്തിനോക്കി. ശരീരത്തിന് വലിയ ആപത്തൊന്നും സംഭവിച്ചില്ല. എന്നാൽ, മുഖ്യപ്രാണൻ ദേഹം വിട്ടിറങ്ങിപ്പോകാൻ ഭാവിച്ചു. അപ്പോഴേയ്ക്കും മറ്റാർക്കും തന്നെ അതിനുള്ളിൽ ഇരിക്കാൻ കഴിയാതെയായി. മറ്റെല്ലാ
പ്രാണന്മാരും മുഖ്യപ്രാണനോട് വിട്ടുപോകരുതെന്നു തൊഴുത്
അപേക്ഷിച്ചു. ഇതു തന്നെയാണ് 'പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതുരക്ഷിക്കയെന്നടിമ' എന്ന ഭാഗം കൊണ്ട് ആചാര്യൻ ഭാവനാമയമായി വിവരിച്ചിരിക്കുന്നത്. അപ്പോൾ ജ്ഞാനോദയത്തോടെ വസ്തു അഖണ്ഡാനന്ദബോധം മാത്രമാണെന്നും അതിന്റെ ശക്തിസ്പന്ദനരൂപത്തിലുള്ള മുഖ്യപ്രാണനാണ് പ്രപഞ്ചഘടകങ്ങളെ ഉണ്ടാക്കി പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും സൂര്യതുല്യം തെളിയുമെന്നാണ് പന്ത്രണ്ടാം
ശ്ലോകം വെളിപ്പെടുത്തിയിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ
അവർകൾ.
തുടരും.

No comments:

Post a Comment