Friday, December 27, 2019

അജ്ഞാനത്തിന്റെ അംശം വന്നാൽ ഏതൊരാളും പതിക്കും;
ക്ഷണനേരം കൊണ്ട് പതിക്കും;മായാമോഹം അത്ര വലുതാണ്;
പതനം ഉണ്ടായാൽ മനുഷ്യർക്ക് അതിൽ നിന്ന് ഉയരാൻ പ്രയാസമാണ്;
ലോഭം വർദ്ധിക്കുകയും ചെയ്യും;കർമ്മവും വർദ്ധിച്ചു കൊണ്ടിരിക്കും;
ഈ അവിദ്യ-- കാമം-കർമ്മം-- അത് മൃത്യുവാണ്‌;
ഈ മൃത്യുവിൽ നിന്ന് രക്ഷനേടുന്നതിനു..ആത്മാവിനെ രക്ഷിക്കണം..പാലിക്കണം.

ആ രക്ഷ നേടുന്നതിനുള്ള ഉപായം എന്താണ്?
അവിദ്യയെ കുറയ്ക്കുന്നതിനു  ശാസ്ത്രശ്രവണം ചെയ്യണം;
ശാസ്ത്രങ്ങളെ നിരന്തരം ശ്രവണം ചെയ്യുക;
അപ്പോൾ നാമറിയാതെ അവിദ്യ കുറയും;
വായന ശ്രവണത്തോടു കൂടിയതാണെങ്കിൽ ഉൾപ്പെടുത്താം;
ശ്രോത്രിയനും  ബ്രഹ്മനിഷ്ഠനും ആയവനിൽ നിന്നും ശ്രവണം ചെയ്യണം;
ശ്രവണം അനുഗുണമായിരിക്കണം;
ഇതാണ് ഒന്നാമത്തെ വഴി...ശാസ്ത്രശ്രവണം.

സത്‌സംഗം-- സത് സംഗത്തിലെ സത് പരമാത്മാവാണ്;
സജ്ജനമല്ല; സജ്ജനം പോരാ;
അങ്ങനെ വന്നാൽ മാത്രമാണ് നിസ്സംഗത വരുക;
സജ്ജനസംഗത്തിൽ നിസ്സംഗത വരില്ല;
സജ്ജന സംഗത്തിൽ ഒരു കൂട്ടുകെട്ടുണ്ടാവും;അത് സംഗമാണ്;
സത്-- പരമാത്മാവിനോട് സംഗം ഉണ്ടാകുമ്പോൾ കൂട്ടുകെട്ടില്ല;

സത് എന്ന് പറയുന്നത് ഒന്നേയുള്ളു;
അത് ആത്മാവാണ്;
അതിലേക്കു ചേരുമ്പോൾ, അനിത്യമായ ശരീരാദികളിലുള്ള ചേർച്ച നഷ്ടപ്പെടും;
ഒരു അനിത്യവസ്തുവിലുള്ള നിത്യമാണെന്ന ഖ്യാതി പതുക്കെ മാറും;
അപ്പോൾ നല്ല ബോധം വരുകയും തത് ഫലമായി ജ്ഞാനം ഉദിക്കുകയും ചെയ്യും;
അതുകൊണ്ടു നല്ല സാധകനായി തീരണം;
മാനവ ചേതനയെ ജഗദീശ ഉത്സംഗത്തിലേക്കു അടുപ്പിക്കുന്ന ആനന്ദപൂർവ്വകമായ
അനുഭൂതി ആവശ്യമെങ്കിൽ, കാമത്തിനോട് ചേർന്ന് നിൽക്കുന്ന ലോഭം, ഇച്ഛ , ആദിയായവയെല്ലാം
ഒന്നൊന്നായി ഒഴിവാക്കണം;ക്രമമായി..
അതിനു പടവുകളുണ്ട്; ആചാര്യന്മാർ അത് വസ്തുനിഷ്ഠമായി  അപഗ്രഥിച്ചു തന്നിട്ടുണ്ട്;
നല്ലപോലെ വിവേകം ചെയ്‌താൽ വൈരാഗ്യം വരാൻ തുടങ്ങും;
അപ്പോൾ കാമവും ഇച്ഛയും ലോഭവുമെല്ലാം ശിഥിലമാകും;

ഇത് അറിയാതെ ജനങ്ങൾ സത്സംഗാതികളിൽ നിന്നും അകന്നു കഴിയുന്നു;
മരണാസന്നനായാൽ  ഇതുവരെ ചെയ്തതിന്റെ ഒക്കെ അസമർത്ഥത കൊണ്ട് ദുഃഖിതനായി ജീവൻ വെടിയേണ്ടി വരും;
അവിദ്യ ശിഥിലമായാൽ--വൈരാഗ്യം വന്നാൽ--അതോടുകൂടി പുണ്യപാപങ്ങളിൽ നിന്നും ഉപരതിയുണ്ടാകും

No comments:

Post a Comment