പൂന്താനം വൈകുണ്ഠത്തിലേക്ക്
Thursday 12 December 2019 5:06 am IST
മരണസമയത്ത് ഉടലോടെ വൈകുണ്ഠത്തിലേയ്ക്ക് പോകണമെന്ന് പൂന്താനം ആഗ്രഹിച്ചു. തന്റെ ആഗ്രഹം ഗുരുവായൂരപ്പന്‍ സാധിപ്പിക്കും എന്ന വിശ്വാസം പൂന്താനത്തിനുണ്ടായിരുന്നു. അങ്ങനെയിരി്‌ക്കെ ഒരുനാള്‍ നിദ്രയില്‍ അദ്ദേഹമൊരു സ്വപ്‌നം കണ്ടു. തന്നെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോകാന്‍ നാളെ ഭഗവാന്‍ എത്തുമെന്നതായിരുന്നു ആ സ്വപ്‌നം. നേരം പുലര്‍ന്നപ്പോള്‍ ഇക്കാര്യം പൂന്താനം ഇല്ലത്തുള്ളവരോട് പറഞ്ഞു. വേണ്ടതെല്ലാം ഒരുക്കുവാന്‍ പറഞ്ഞു, പൂന്താനവും ഉത്സാഹിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഗുരുവായൂരപ്പനെ മുന്നില്‍കണ്ടിട്ടെന്നപോലെയുള്ള പെരുമാറ്റവും പൂന്താനത്തിനുണ്ടായി. ഇല്ലത്തെത്തിയ ഭഗവാനെ ആ പരമഭക്തന്‍ മാത്രമേ കണ്ടുള്ളൂ. അദ്ദേഹത്തിന്റെ പെരുമാറ്റംകണ്ട് അദ്ദേഹത്തിന് സുബോധം നഷ്ടപ്പെട്ടുവെന്ന് മറ്റുള്ളവര്‍ കരുതി .
പൂന്താനത്തിനെ വൈകുണ്ഠത്തിലേയ്ക്ക് കൊണ്ടുപോകാനാണ് ഭഗവാന്‍ എത്തിയിരിക്കുന്നത്. തന്നോടൊപ്പം തനിക്ക് വളരെ അടുപ്പമുള്ളവരെക്കൂടി കൂടെ കൊണ്ടുപോകുവാന്‍ അനുവദിക്കണമെന്ന് പൂന്താനം അപേക്ഷിച്ചു. ഭക്തവാത്സല്യത്താല്‍ ഭഗവാന്‍ അതിനു സമ്മതിച്ചു. അദ്ദേഹം അതേക്കുറിച്ച് ഇല്ലത്തുള്ളവരോട് പറഞ്ഞു.
ആരെങ്കിലും വരുന്നോ എന്റെകൂടെ? ശരീരം ഉപേക്ഷിക്കാതെതന്നെ മഹാവിഷ്ണുവിന്റെ കാല്‍ക്കല്‍, അവിടുത്തെ അനുഗ്രഹവും, പരമാനന്ദവും അനുഭവിച്ചുകൊണ്ട് കഴിയാം. ആരെങ്കിലും വരുന്നോ, ഞാനിതാ പോവുകയാണ്. വേഗം പറയൂ, ആരെങ്കിലും എന്റെ കൂടെ വരുന്നോ... ? ഇതൊന്നും ആരും വിശ്വസിച്ചില്ല. എല്ലാവരും അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹത്തിന് ഭ്രാന്താണെന്ന് അവര്‍ പറഞ്ഞു. ചിലര്‍ അദ്ദേഹത്തെ ചോദ്യംചെയ്യുകയുമുണ്ടായി.
ശരീരത്തോടെ അങ്ങോട്ട് പോകാമെന്നോ! നിങ്ങള്‍ക്ക് കിറുക്കുണ്ടോ?
പൂന്താനം പറഞ്ഞു,
എനിക്ക് ഒന്നുമാത്രം അറിയാം. ഞാന്‍ കൃഷ്ണനെ ആരാധിക്കുന്നു. എനിക്ക് കൃഷ്ണനി ല്‍ പൂര്‍ണവിശ്വാസം ഉണ്ട്. എന്നെ എന്റെ ശരീരത്തോടുകൂടി വിഷ്ണുലോകത്തിലേയ്ക്ക് കൊണ്ടുപോകുവാന്‍ കൃഷ്ണന്‍ എത്തിയിരിക്കുന്നു. എന്തായാലും, ഞാന്‍ പോകുകയാണ്. വേണ്ടവര്‍ക്ക് എന്റെ കൂടെ വരാം.'
അത്രയും പറഞ്ഞ് പൂന്താനം ഇല്ലത്തിനു പുറത്തിറങ്ങി ഒരു പ്രത്യേകസ്ഥാനത്ത് പോയിനിന്നു. ഭഗവാന്‍ കൊണ്ടുവന്ന വിമാനം അദ്ദേഹം അവിടെ കണ്ടിരിക്കാം. അദ്ദേഹത്തിന് ഭ്രാന്തുതന്നെയാണെന്ന് എല്ലാവരും തീര്‍ച്ചയാക്കി. എന്നാല്‍ വൃദ്ധയായ അദ്ദേഹത്തിന്റെ വേലക്കാരി, അദ്ദേഹം പറഞ്ഞത് പൂര്‍ണമായി വിശ്വസിച്ചു. അവര്‍ ചോദിച്ചു , 'സ്വാമി, എന്നെക്കൂടെ കൊണ്ടുപോകാമോ?' ശുദ്ധനായ പൂന്താനം സമ്മതിച്ചു. ആ നിമിഷം പൂന്താനവും വേലക്കാരിയും അപ്രത്യക്ഷരായി. പൂന്താനത്തിന്റെ ദേഹം അപ്രത്യക്ഷമായ സ്ഥലത്തു പിന്നീടൊരു കൃഷ്ണവിഗ്രഹം വച്ചു . അത് ഇന്നും അവിടെ കാണാം .
അങ്ങനെ തന്റെ ഭക്തിയുടെ ആഴം അദ്ദേഹം തെളിയിച്ചു. ഒരു നിഷ്‌കാമഭക്തന് അസാദ്ധ്യമായി ഒന്നുമില്ലെന്ന് പൂന്താനത്തിന്റെ മരണം തെളിയിക്കുന്നു. എത്ര ധന്യമായ ജന്മം അല്ലേ! എത്ര ആഴത്തിലുള്ള കൃഷ്ണപ്രണയം! എത്ര സന്തോഷസമ്പന്നമായ ജീവിതം! പുണ്യജന്മമേ ... ആ പാദങ്ങളില്‍ പ്രണമിക്കുന്നു. ഭക്തനും ഭഗവാനും ഭേദമില്ലല്ലോ. അങ്ങയുടെ പാദങ്ങളും കൃഷ്ണപാദങ്ങളും വിഷ്ണുപാദങ്ങളും ഒന്നുതന്നെയല്ലേ ....
No comments:
Post a Comment