ഗോവിന്ദ നമസ്‌കാരം
Thursday 12 December 2019 5:12 am IST
വേദാന്ത പ്രകരണഗ്രന്ഥമായ വിവേകചൂഡാമണിയിലെ 581 ശ്ലോകങ്ങളെ 76 തലക്കെട്ടുകളിലായി തരം തിരിച്ചാണ് പൂജ്യ ഗുരുദേവ് ചിന്മയാനന്ദ സ്വാമിജി വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. ഇവിടെ എഴുതുവാന്‍ ഉദ്ദേശിക്കുന്നതും ഏകദേശം അതേ രീതിയിലായിരിക്കും. എന്നാല്‍ ആവശ്യമെങ്കില്‍ സിദ്ധിനാഥാനന്ദജി ഉള്‍പ്പെടെയുള്ള മറ്റ് വ്യാഖ്യാതാക്കളുടേയും സഹായം ഈ ലേഖനപരമ്പരയില്‍ പ്രതീക്ഷിക്കാം. വേദാന്ത പഠനത്തിന് എല്ലാവര്‍ക്കും ഉത്സാഹമുണ്ടാക്കുകയും ആത്മ സാക്ഷാത്കാരത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യം. അതിനാല്‍ ഓരോ സാധകനും ശ്രദ്ധാപൂര്‍വം തുടക്കം മുതലേ വായിക്കുക.
സര്‍വ വേദാന്തസിദ്ധാന്തഗോചരം തമഗോചരം
ഗോവിന്ദം പരമാനന്ദം
സദ്ഗുരും പ്രണതോസ്മ്യഹം
ആചാര്യസ്വാമികള്‍ തന്റെ ഗുരുവായ ഗോവിന്ദ ഭഗവദ്പാദരെ വന്ദിക്കുകയാണ് ഇവിടെ. ഒപ്പം തന്നെ ജഗദ്ഗുരുവായ സാക്ഷാല്‍ ഗോവിന്ദനേയും വന്ദിക്കുന്നു.
വേദാന്ത സാരമായ തത്വങ്ങളിലൂടെ മാത്രം അറിയാന്‍ കഴിയുന്നവനും ഇന്ദ്രിയങ്ങള്‍ മനസ്സ്, ബുദ്ധി മുതലായവയിലൂടെ ഒന്നും അറിയാനാകത്തവനും പരമാനന്ദ സ്വരൂപനും സദ്ഗുരുവുമായ ഗോവിന്ദനെ ഞാന്‍ നമസ്‌കരിക്കുന്നു.
ഗുരുവായ ഗോവിന്ദ ഭഗവദ് പാദര്‍ക്ക് നേരിട്ടും അദ്ദേഹം പകര്‍ന്ന് നല്‍കിയ വേദാന്ത ജ്ഞാനത്തിലൂടെ എല്ലാ 'ഗോ'ശബ്ദത്തിന്റെയും യഥാര്‍ത്ഥ തത്വമായ പരംപൊരുളായ ഗോവിന്ദനേയും ഒരേ സമയം പ്രണമിക്കുയാണ് ആദ്യത്തെ മംഗളശ്ലോകത്തില്‍. ഗുരുവും ഗോവിന്ദനും ഒന്ന് തന്നെയെന്ന് ഇതുകൊണ്ട് ഉറപ്പിക്കുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട ഇത്തരം ഗ്രന്ഥരചനയില്‍ നാല് കാര്യങ്ങള്‍ തുടക്കത്തിലെ സൂചിപ്പിക്കണമെന്നാണ്. അതാണ് അനുബന്ധ ചതുഷ്ടയം. അധികാരി, വിഷയം, സംബന്ധം പ്രയോജനം എന്നിവയാണ് അവ. ഇവിടെ ഇത് പഠിക്കുന്ന ഒരോ സാധകനുമാണ് അധികാരി. അഹം എന്നത് അധികാരിയെ കുറിക്കുന്നു. നമ്മുടെ കരണങ്ങളിലൂടെയൊന്നും നേരിട്ട് അറിയാന്‍ കഴിയാത്ത വേദാന്ത തത്വത്തെ ഗുരൂപദേശത്തിലൂടെ സാരമായി വേണ്ടപോലെ അറിയണം.അതിനാല്‍ സര്‍വ വേദാന്ത സിദ്ധാന്തമാണ് വിഷയം. ആത്മസാക്ഷാത്കാരത്തിലൂടെ സച്ചിദാനന്ദമായിത്തീരണം. പരമാനന്ദമാണ് പ്രയോജനം. അഗോചരമായ അഥവാ കരണങ്ങളെ കൊണ്ട് നേരിട്ടറിയാനാകാത്ത ഒന്നിനെ ഗോചരമാക്കുകയാണ് , അറിയിപ്പിച്ച് തരികയാണ് ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്.അതായത് ബോധിക്കേണ്ടതായ ഒന്നിനെ ബോധിപ്പിച്ചു തരുന്നു. ബോധ്യബോധകമാണ് സംബന്ധം.
സാധനാ ചതുഷ്ടയ സമ്പന്നനാക്കണം അധികാരി. വിവേകം, വൈരാഗ്യം, ശമാദിഷ്ടക സമ്പത്തി, മുമുക്ഷുത്വം എന്നിവയുള്ളയാളാവണം. നിത്യ വസ്തുവിനെയും അനിത്യ വസ്തുവിനെയും വേര്‍തിരിച്ചറിയുന്നതാണ് വിവേകം.
ഇവിടേയും സ്വര്‍ഗ്ഗം മുതലായ ഭോഗങ്ങളിലും താല്പര്യമില്ലാത്തവനാകണം വിരക്തനാവണം. മൂന്നാമത് വേണ്ടത് ശമം മുതലായ ആറ് ഗുണങ്ങളാണ്. ശമം,ദമം, ഉപരമം, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിവയാണ് അവ. മനസ്സിനെ നല്ലവണ്ണം നിയന്ത്രിക്കുന്നതാണ് ശമം.ഇന്ദ്രിയങ്ങളെ ഒരുക്കുന്നതാണ് ദമം. അവ രണ്ടിന്റെയും ഫലമായ ഉപരമം സ്വധര്‍മ്മത്തെ അഷ്ഠിക്കലാണ്.. നല്ല സഹനശീലതയാണ് തിതിക്ഷ. ഗുരുവിലും വേദാന്തവാക്യത്തിലുമുള്ള അടിയുറച്ച വിശ്വാസമാണ് ശ്രദ്ധ. ചിത്തം നന്നായി ഏകാഗ്രമാകുന്ന സമാധാനവും കൂടിയാ യാല്‍ ശമം മുതലായ ആറ് സമ്പത്തുകളായി.
സാധനാ ചതുഷ്ടയത്തിലെ നാലാമത്തേതായ മുമുക്ഷുത്വം എന്നത് എനിക്ക് മോക്ഷം വേണമെന്ന തീവ്രമായ ആഗ്രഹമാണ്. ഇതെല്ലാം 'പ്രണതോസ്മ്യഹം'എന്നതിലൂടെ വ്യക്തമാക്കുന്നു. പരമാത്മാവിനെ അറിയാന്‍ ഗുരുവിനെ ശരണം പ്രാപിക്കുന്ന ഉത്തമ ശിഷ്യന്റെ പ്രാര്‍ത്ഥനയും വന്ദനവുമാണ് ഒന്നാം ശ്ലോകം.
No comments:
Post a Comment