Thursday, December 12, 2019

ദേവതകള്‍:

വേദങ്ങള്‍ രചിക്കപ്പെട്ട കാലഘട്ടത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങളുണ്ടെങ്കിലും അവയിലെ കല, സാഹിത്യം, ശാസ്ത്രചിന്തകള്‍ തുടങ്ങിയവയുടെ ആധികാരികതയെ സംബന്ധിച്ച് അഭിപ്രായഭേദങ്ങളില്ല. വേദകാല ജനതയുടെ കല, സംസ്‌കാരം, സാഹിത്യം, സമുദായം, ജീവിതരീതി, ആചാരാനുഷ്ഠാനങ്ങള്‍, ഭാഷ എന്നിവയെല്ലാം വേദങ്ങളിലൂടെ നമുക്ക് ബോധ്യപ്പെടുന്നതാണ്. പ്രകൃതിയെ ഇത്ര മനോഹരമായി വര്‍ണിക്കുകയും ആരാധിക്കുകയും ചെയ്ത ജനത പില്ക്കാലത്തുണ്ടായിട്ടില്ല. പ്രകൃതി ശക്തികളെ മാത്രമല്ല, സാധാരണ മനുഷ്യരെയും ദേവതാസ്ഥാനത്തേക്കുയര്‍ത്തി സ്തുതിക്കുന്നതില്‍ വേദകവികള്‍ ഒട്ടും പിന്നോട്ടായിരുന്നില്ല. വൈദിക ദേവതകള്‍ വേദകാലത്തെ ശക്തിയുടെ പ്രതീകങ്ങളാണ്. തങ്ങളുടെ ഇടയില്‍ വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിച്ച മനുഷ്യരെ അവര്‍ ദേവതകളാക്കി. മനുഷ്യനിലെ ദേവതാഭാവത്തെ കണ്ടെത്തി അതിനെ സൂക്ഷ്മവിശകലനം നടത്തിയവരാണ് വൈദിക ഋഷികള്‍. അചേതനങ്ങളും സചേതനങ്ങളുമായ പ്രപഞ്ചത്തിലെ എല്ലാറ്റിനേയും വേദകാല ജനത സ്തുതിക്കുകയും അവയിലെ മനോഹാരിതയും ശക്തിയും ദര്‍ശിക്കുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലെ എല്ലാ കര്‍മങ്ങളും അവര്‍ ഈശ്വരാരാധനയായി കരുതി. ജീവിതത്തിലെ ക്ഷണികതയേയും നശ്വരതയെയും പറ്റി അറിവുണ്ടായിരുന്നുവെങ്കിലും ജീവിതത്തെ മനോഹരമായ ഒരു കാവ്യം പോലെ ആസ്വദിക്കുവാന്‍ വേദകാല ജനതയ്ക്ക് സാധിച്ചിരുന്നു. പര്‍വതം, ഓഷധി, വനസ്പതി, ആരണ്യകങ്ങള്‍, അമ്പും വില്ലും പോലെയുള്ള ആയുധങ്ങളും ദേവതകളായി വര്‍ണിക്കപ്പെടുന്നുണ്ട്. അന്നത്തെ ഈശ്വരനായും പ്രവര്‍ത്തനങ്ങളിലെ ശക്തിയായും വേദകാലജനത കരുതി. മനുഷ്യര്‍ക്ക് ഉപകാരിയും ശ്രേഷ്ഠനുമാണ് ഇന്ദ്രനെന്ന് വൈദിക കവി പ്രഖ്യാപിക്കുന്നു. മനുഷ്യരെപ്പോലെ ഇന്ദ്രന്‍ പശുക്കളെയും ധനത്തെയും യുദ്ധത്തില്‍ വിജയിച്ചു നേടുന്നതായും ഭക്ഷ്യശേഖരണം നടത്തുന്നതായും വേദങ്ങളില്‍ പരാമര്‍ശമുണ്ട്. ഇന്ദ്രനെ പോലെ തന്നെ വരുണനും ഒരു പ്രാചീന വൈദിക ദേവതയാണ്. ഇന്ദ്രനെയും വരുണനെയും മാത്രമല്ല, വിഷ്ണു, സവിതാവ്, പൂഷാവ്, മരുത്തുക്കള്‍, ഉഷസ്സ്, ദ്യാവാ പൃഥ്വി, അശ്വനീദേവകള്‍, യമന്‍, രുദ്രന്‍, സരസ്വതി എന്നിങ്ങനെ അനേകം ദേവതകളെ വേദങ്ങള്‍ സ്തുതിക്കുന്നുണ്ട്. ഗായത്രി മന്ത്രത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്ന സുപ്രസിദ്ധ ദേവതയാണ് സവിതാവ്.. സവിത്‌ദേവതാത്മകമായ പതിനൊന്നു സൂക്തങ്ങളാണ് ഋഗ്വേദത്തിലുള്ളത്. ഭുവനത്തെ താങ്ങിനിര്‍ത്തുന്നത് സവിതാവാണെന്ന് വേദപരാമര്‍ശമുണ്ട്. വരുണന്റെ പര്യായമായിട്ടും സവിത്യപദംപദം വേദങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. സൂര്യനടക്കം സകലതിനെയും നിയന്ത്രിക്കുന്ന ശക്തിയാണ് സവിതാവ്. വരുണനെപ്പോലെ. വളരെ പ്രാചീനമായ സൂര്യാരാധനകളില്‍ കേന്ദ്രീകരിച്ചിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയായി സവിതാവിനെ കാണാം. വേദകാലജനത ആരാധിച്ചിരുന്ന മറ്റൊരു വൈദിക ദേവതയാണ് പൂഷാവ്. വൈദിക സാഹിത്യത്തില്‍ വളരെയധികം പരാമര്‍ശിക്കപ്പെടുന്ന പൂഷാവിനെ സ്തുതിച്ചുകൊണ്ട് പ്രധാനമായും എട്ട് സൂക്തങ്ങളാണുള്ളത്. മറ്റ് ദേവതകളോടൊപ്പം പൂഷാവിനെ സ്തുതിക്കുന്ന അന്‍പത്തിയെട്ട് സൂക്തങ്ങള്‍ വേറെയുമുണ്ട്. ഇന്ദ്രന്‍, സോമന്‍ എന്നീ ദേവതകള്‍ക്കൊപ്പമാണ് പൂഷാവ് ഏറെയും സ്തുതിക്കപ്പെടുന്നത്. തലപ്പാവണിഞ്ഞ, താടി നീട്ടിയ, പന്നികളുടെ ഹൃദയം തുളക്കുന്ന ഇരുമ്പു മുനയുള്ള ഉളിയേന്തുന്ന, ആടുമാടുകളെ തെളിക്കാന്‍ മുടിങ്കോല്‍ ഉയര്‍ത്തിപ്പിടിക്കുന്ന, തൈരില്‍ കുഴച്ച ചോറ് കഴിക്കുന്ന, കോലാടുകള്‍ വലിക്കുന്ന വണ്ടിയില്‍ സഞ്ചരിക്കുന്ന വ്യക്തി ശോഭയുള്ള വൈദീകദേവതയാണ് പൂഷാവ്. അലഞ്ഞു നടക്കുന്ന ഇടയവര്‍ഗക്കാരെയും, കന്നുകാലികളെയും പൂഷാവ് നേര്‍വഴിക്ക് നയിക്കുന്നതായി ഋഗ്വേദത്തില്‍ പരാമര്‍ശമുണ്ട്. പൂഷാവിന്റെ വേദങ്ങള്‍ വിവരിച്ചിട്ടുള്ള സവിശേഷതകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ സൂര്യനായും ചന്ദ്രനായും മാര്‍ഗമായും ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. മനുഷ്യന്റെ വേഷവിധാനങ്ങളോടുകൂടി ഇടയന്മാരെ നേര്‍വഴിക്ക് നയിക്കുന്ന 'മാര്‍ഗപ്രഭാ'ഇടയ ഗോത്രവര്‍ഗക്കാരുടെ പരിപാലകനും നാഥനുമായിരുന്നു. അതിനാല്‍ വീരനായകനായ പൂഷാവിനെ ഇടയദേവതയായി വേദങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.

No comments:

Post a Comment