Tuesday, December 03, 2019

വേദങ്ങള്‍ സംസാരവൃക്ഷത്തിന്റെ ഇലകള്‍

Tuesday 3 December 2019 5:31 am IST

ഊര്‍ധ്വമൂലമധശ്ശാഖ
മശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി  യസ്യ പര്‍ണാനി യസ്തം വേദ സ വേദവിത്
(അധ്യായം 15. പുരുഷോത്തമയോഗം.ശ്ലോകം 1) 
അന്വയം: ഊര്‍ധ്വമൂലം അധശ്ശാഖം അവ്യയം 
അശ്വത്ഥം (ഇതി) പ്രാഹുഃ ഛന്ദാംസി പര്‍ണാനി യഃ തം വേദ സഃ വേദവിത് 
അന്വയാര്‍ഥം: മുകളില്‍ ചുവടുള്ളതും കീഴോട്ടു ശാഖകളോടു കൂടിയതും നാശമില്ലാത്തതുമാണ് സംസാരമാകുന്ന അരയാലെന്ന് ജ്ഞാനികള്‍ പറയുന്നു. യാതൊന്നിന് വേദങ്ങള്‍ ഇലകളാകുന്നുവോ, ഏതൊരുത്തന്‍ അതിനെ (സംസാരവൃക്ഷത്തെ) അറിയുന്നുവോ അവന്‍ വേദത്തെ അറിയുന്നവനാകുന്നു. 
പരിഭാഷ: ജനനമരണരൂപമായ പ്രപഞ്ചമാണ് സംസാരം. അതിന്റെ ഉത്ഭവസ്ഥാനം/ ചുവട് ബ്രഹ്മപ്രകൃതിയാണ്. ഒരു വിധമല്ലെങ്കില്‍ മറ്റൊരു വിധം സംസാരം / വൃക്ഷം നിലനില്‍ക്കും. അവ്യക്തം മുതല്‍ പഞ്ചഭൂതങ്ങള്‍ വരെയുള്ളതെല്ലാം അതിന്റെ ശാഖകള്‍. വേദമന്ത്രങ്ങള്‍ സംസാരവൃക്ഷത്തിന്റെ ഇലകള്‍. സംസാരവൃക്ഷം മുകളില്‍ ചുവടും കീഴോട്ടു ശാഖകളുമുള്ള ഒരു അരയാല്‍ മരം തന്നെ. സംസാരത്തെ അറിയുന്നവന്‍, അറിയേണ്ടവയെ അറിയുന്നവന്‍ തന്നെ. 
ഈ ശ്ലോകത്തിലെ 'അശ്വത്ഥം'അതിശക്തമായൊരു പ്രതീകമാണ്. അരയാല്‍ മരങ്ങളുടെ ചുവട്ടില്‍ അശ്വങ്ങള്‍/ കുതിരകള്‍ നിന്നു വിശ്രമിക്കയാല്‍ അശ്വത്ഥം ( അശ്വഃ + സ്ഥഃ ) എന്ന് ഒരു കൂട്ടരുടെ പദനിരുക്തി. ശങ്കരാചാര്യര്‍ നശ്വരം എന്ന അര്‍ഥമാണ് അശ്വത്ഥത്തിന് നല്‍കിയിട്ടുള്ളത്. പരിണാമിയായ പ്രപഞ്ചത്തിന്റെ പ്രതീകം തന്നെ അശ്വത്ഥം. എത്രയെത്ര തലമുറകള്‍ക്ക് ഈ വൃക്ഷം തണലേകിയിരിക്കുന്നു. ഈ സംസാരവൃക്ഷത്തിന്റെ ഇലകള്‍ വേദങ്ങളത്രെ. അറിവാണ് ജീവിതത്തെ മഹനീയമാക്കുന്നത്. ഇലകള്‍ വെട്ടിക്കളഞ്ഞാല്‍ മരത്തിന്റെ വളര്‍ച്ച മുരടിച്ചു പോകും. ഇലകളുടെ ആധിക്യം മരത്തിന്റെ വളര്‍ച്ച ത്വരിതപ്പെടും. അറിവിന്റെ ചക്രവാളം വികസ്വരമാവുമ്പോള്‍ ജീവിതം ഉജ്വലമാകും.
യഃ തം വേദ സഃ വേദവിത്  അതറിയുന്നവന്‍ വേദവിത്ത് ആകുന്നു. മേല്‍പ്രസ്താവിച്ച അരയാല്‍ മരത്തിന്റെ തത്വവും അതിന്റെ പ്രഭവവും അറിയുന്നവനാണ് വേദവിത്ത്, വേദജ്ഞന്‍. അതായത് അറിയേണ്ടതെല്ലാം അറിഞ്ഞവന്‍. ഇഹപരലോകങ്ങളെക്കുറിച്ച്, സത്യമായ ബ്രഹ്മത്തെക്കുറിച്ച്, മിഥ്യയായ ജഗത്തിനെക്കുറിച്ച് അറിയുമ്പോഴാണ് അറിവ് പൂര്‍ണവും അവികലവുമാകുന്നത്. ക്ഷരത്തേയും അക്ഷരത്തേയും അറിയുന്നവനാണ് ജ്ഞാനി, തത്ത്വദര്‍ശി, ക്ഷേത്രവിദ്, വേദവിത്. അറിവിനാണ് ഭാരതീയാധ്യാത്മികശാസ്ത്രം മുന്തിയ പരിഗണന നല്‍കുന്നത്. ' നഹിജ്ഞാ നേന സദൃശം'  എന്നും ഗീത. 
ഈ'തലതിരിഞ്ഞ മരം'  ഉപനിഷത്തുകളില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. കഠോപനിഷത്തിലും മുണ്ഡകോപനിഷത്തിലും ഈ വൃക്ഷം നമുക്ക് അടുത്തു കാണാം. ശാങ്കരഭാഷ്യമനുസരിച്ച് മേല്‍പ്പോട്ടു ബ്രഹ്മലോകം വരേയ്ക്കും കീഴപ്പോട്ട് സ്ഥാവരം വരേയ്ക്കും രണ്ടുമാതിരി ശാഖകള്‍ പോകുന്നുവത്രെ. അസാധാരണമായ അശ്വത്ഥവൃക്ഷത്തിന്റെ പ്രതീകത്തിലുള്‍ച്ചേര്‍ന്നിരിക്കുന്ന ആധ്യാത്മിക രഹസ്യങ്ങള്‍ നിരവധിയാണ്. 'വൃക്ഷ ഇവ സ്തബ്‌ധോ ദിവി..'  എന്ന് ശ്വേതം. അതിശക്തമായ വൈദികരൂപകം തന്നെയിത്. 

No comments:

Post a Comment