Tuesday, December 03, 2019

പരമമായ ലക്ഷ്യം പരബ്രഹ്മപദപ്രാപ്തി

Tuesday 3 December 2019 5:53 am IST

നാലാം അദ്ധ്യായം മൂന്നാം പാദം
കാര്യാധികരണം തുടരുന്നു.
സൂത്രം - ന ച കാര്യേ പ്രതിപത്ത്യഭിസന്ധിഃ
ഉപാസകന്റെ പ്രാപ്തി വിഷയമായ സങ്കല്പവും കാര്യ ബ്രഹ്മത്തിനില്ല. നേരത്തേ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ബ്രഹ്മ വിദ്യോപാസകനായ സാധകന്റെ സങ്കല്പവും കാര്യബ്രഹ്മത്തെ പ്രാപിക്കാനല്ല. അത് പരബ്രഹ്മ പ്രാപ്തിക്കുള്ളതാണ്. ബ്രഹ്മ പ്രാപ്തിയ്ക്ക് മുമ്പ് മറ്റ് വല്ല സ്ഥലത്തും പോകേണ്ടി വന്നാല്‍ തന്നെയും അതൊന്നും ലക്ഷ്യമോ പ്രാപ്തിയോ അല്ല. പരമമായ ലക്ഷ്യം പരബ്രഹ്മ പദപ്രാപ്തിയാണ്.
പൂര്‍വപക്ഷ സൂത്രങ്ങള്‍ പറഞ്ഞതിന് ബാദരി എന്ന ആചാര്യന്‍ സിദ്ധാന്ത പക്ഷത്തെ നല്‍കിയിട്ടുണ്ട്. ഛാന്ദോഗ്യത്തിലെ 'പ്രജാപതേ സഭാം വേശ്മ പ്രപദ്യേ 'എന്നതിലും , ' നാമരൂപയോര്‍ നിര്‍വഹിതാ തേ യദന്തരാ തദ് ബ്രഹ്മ' തുടങ്ങിയ ഉപനിഷദ് വാക്യങ്ങളില്‍ നാമരൂപങ്ങളുടെ അധിഷ്ഠാനം പരബ്രഹ്മം തന്നെയെന്ന് വര്‍ണിക്കുന്നുണ്ട്. ഇങ്ങനെ ഏകവും അദ്വയവും ആയ പരബ്രഹ്മമാണ് ഇവിടെ പറയുന്നത്. അതിനാല്‍ ഗതിയെ പറ്റി പറയുന്ന ശ്രുതികള്‍ പരബ്രഹ്മപരങ്ങളാണെന്ന് പൂര്‍വ പക്ഷം വാദിക്കുന്നു.
ഛാന്ദോഗ്യത്തില്‍ 'തദപരാജിതാപൂര്‍ ബ്രഹ്മണഃ പ്രഭുവിമിതം ഹിരണ്‍മയം ' എന്നും മുഖ്യബ്രഹ്മ പ്രാപ്തിക്ക് മാര്‍ഗ്ഗമുള്ളതായി പറയുന്നു.പര ബ്രഹ്മത്തിലും ഗമനം യുക്തമാണെന്ന് പൂര്‍വപക്ഷത്തില്‍ ജൈമിനിയും മുഖ്യ ഗതിയ്ക്ക് പരബ്രഹ്മംയുക്തമല്ല എന്ന് സിദ്ധാന്ത പക്ഷത്തില്‍ ബാദരിയും പറയുന്നു.പരബ്രഹ്മത്തില്‍ ഗതിയെ നിഷേധിക്കുന്ന അനേകം ശ്രുതി വാക്യങ്ങളുണ്ട്. ബൃഹദാരണ്യകത്തില്‍ 'ആകാശവത് സര്‍വഗതശ്ച നിത്യഃ' 'യ ആത്മാ സര്‍വാന്തരഃ ' എന്നിങ്ങനെയുള്ള ശ്രുതികള്‍ സര്‍വവ്യാപിയും സര്‍വാന്തര്യാമിയുമായ പരബ്രഹ്മത്തെയാണ് കാണിക്കുന്നത്. ഗമനം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് മാത്രമേ സംഭവിക്കൂ. അതിനാല്‍ നാമരൂപങ്ങളാകുന്ന ഉപാധികളുള്ള കാര്യ ബ്രഹ്മത്തില്‍ അത് യുക്തമാണ്.
 ഇക്കാര്യത്തില്‍ വീണ്ടും ഒരു സംശയം ഉന്നയിക്കുന്നു. ഒരാള്‍ ഭൂമിയുടെ ഒരു ഭാഗത്ത് നിന്ന് മറ്റു ഭാഗത്തേക്ക് പോകുന്നതും ഒരാള്‍ ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെ വിവിധ അവസ്ഥകളിലൂടെ സഞ്ചരിക്കുന്നതും ഗമനം എന്നതിന് കണക്കിലെടുക്കാമോ? ഇവിടെ ഗമനം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കല്ലല്ലോ എന്നാണ് സംശയം. ഇവിടെയും ശ്രുതി വാക്യം തന്നെയാണ് സമാധാനമായി എടുക്കേണ്ടത്. പരബ്രഹ്മത്തില്‍ ഗമനം യുക്തമല്ല എന്ന് ശ്രുതി പറയുന്നു.
ശ്വേതാശ്വതരത്തില്‍ 'നിഷ്‌കളം നിഷ്‌ക്രിയം ശാന്തം നിവേദ്യം നിരഞ്ജനം' എന്നും ബൃഹദാരണ്യകത്തില്‍ 'അസ്ഥൂലമനണ്വഹ്രസ്വമദീര്‍ഘം' മുതലായ ശ്രുതികള്‍ പരബ്രഹ്മത്തില്‍ ദേശം കാലം തുടങ്ങിയവയൊന്നുമില്ലെന്ന് കാണിക്കുന്നു.പരബ്രഹ്മത്തിന്‍ഗമനമില്ല എന്നതിനെ ഇത് ഉറപ്പാക്കുന്നു.ദേശം കാലം എന്നിവയ്ക്ക് അപ്പുറമുള്ള പരമാത്മാവില്‍ ജീവന്റെ ഗമനം നടക്കില്ല. അതിനാല്‍ ജൈമിനിയുടെ വാദം തള്ളേണ്ടതാണ്.
അപ്രതീകാലംബനാധികരണം
ഈ പാദത്തിലെ അവസാന അധികരണമായ ഇതില്‍ രണ്ട് സൂത്രങ്ങളുണ്ട്.
സൂത്രം - അപ്രതീകാലംബനാന്നയതീതി ബാദരായണ ഉഭയഥാ ദോഷാത്തത്ക്രതുശ്ച
പ്രതീകങ്ങളെ ആശ്രയിക്കാതെ ഉപാസന ചെയ്യുന്നയാളെ അര്‍ച്ചിരാദി ലോകങ്ങളിലേക്ക് കൊണ്ടു പോകുന്നു. കാര്യബ്രഹ്മത്തേയോ കാരണ ബ്രഹ്മത്തേയോ പ്രാപിക്കുമെന്ന് കരുതുന്നതില്‍ ദോഷമില്ല.സാധകന്റെ സങ്കല്പമനുസരിച്ചാണ് പ്രാപിക്കുന്നതെന്ന് ബാദരായണന്‍ പറയുന്നു.സാധകന്റെ ഉപാസനകള്‍ക്കും സങ്കല്പങ്ങള്‍ക്കും അനുസരിച്ചാണ് ഊര്‍ധ്വ ലോകം ലഭിക്കുന്നത്. സുഖഭോഗങ്ങളില്‍ ആഗ്രഹിക്കാത്ത ജീവന്‍മാര്‍ ബ്രഹ്മ ലോകത്തേയും  അല്ലാത്തവര്‍ പ്രജാപതി മുതലായ ലോകങ്ങളേയും പ്രാപിക്കുന്നു. ബ്രഹ്മവിദ്യോപാസകന്‍ കാര്യബ്രഹ്മത്തേയോ കാരണ ബ്രഹ്മത്തേയോ ഉപാസിക്കുന്നുവെന്ന് പറയാം. ദേവയാന മാര്‍ഗത്തിലൂടെ മുകളിലേക്ക് ഉയര്‍ന്നയാള്‍ പിന്നെ മടങ്ങി വരില്ല എന്ന് ബാദരായണന്‍ പറയുന്നു.
വിശേഷം ച ദര്‍ശയതി
വിശേഷത്തേയും ശ്രുതി കാണിച്ചുതരുന്നു.നാമം മുതലായ പ്രതീകങ്ങളിലൂടെയുള്ള ഉപാസനകളില്‍ ഉയര്‍ന്നുയര്‍ന്നുള്ള വിശേഷങ്ങളെ ശ്രുതി കാണിച്ചു തരുന്നു.ശ്രുതി വാക്യങ്ങളില്‍ ഓരോ പ്രതീകങ്ങളുടേയും വ്പ്തിക്കനുസരിച്ചുള്ള ഫലം ഇവിടെ വ്യക്തമാക്കുന്നു. എന്നാല്‍ പ്രതീകോപാസകന്‍മാര്‍ക്ക് നിരുപാധിക ബ്രഹ് മോപാസകര്‍ക്കുള്ള സ്ഥാനം കിട്ടില്ല. അതിനാല്‍ കാര്യ ബ്രഹ്മമായ ഹിരണ്യഗര്‍ഭനെ ഉപാസിക്കുന്നവര്‍ക്ക് പരബ്രഹ്മ പദപ്രാപ്തി ഉണ്ടാകില്ല.ഇതോടെ മൂന്നാം പാദം തീര്‍ന്നു.

No comments:

Post a Comment