Tuesday, December 24, 2019

ബൗദ്ധദര്‍ശനസാരം

Tuesday 24 December 2019 5:02 am IST
ഈ പറഞ്ഞ പില്‍ക്കാലസിദ്ധാന്തഭേദങ്ങളുടെ എല്ലാം മൂലം പ്രതീത്യസമുത്പാദ
(പടിച്ചസമുപ്പാദം) വാദമാണ്. ഇതിനെ പ്രൊഫസര്‍ആര്‍ വാസുദേവന്‍ പോറ്റി ഇപ്രകാരം അവതരിപ്പിക്കുന്നു ബുദ്ധമതത്തിന്റെ ജീവാതുവാണ് പ്രതീത്യസമുത്പാദവാദം. ഒന്നിന്റെ വിനാശത്തിനു ശേഷം മറ്റൊന്നിന്റെ സൃഷ്ടി നടക്കുന്നുവെന്നാണ് ഈ വാദത്തിന്റെ സാരം. അറിഞ്ഞിട്ട് പ്രത്യയത്തില്‍ നിന്നും അറിവില്‍ നിന്നും ഉത്പാദംസൃഷ്ടി എന്നര്‍ത്ഥം. ഒന്നുപിന്നിട്ടു നശിച്ചതിനു ശേഷം മറ്റൊന്നുണ്ടാകുന്നു എന്നര്‍ത്ഥം. ബുദ്ധന്‍ പ്രത്യയം (അറിവ്) എന്ന പദം കൊണ്ട് ഒന്നിന്റെ ഉല്‍പ്പത്തിക്കു മുമ്പുള്ള അടുത്ത ക്ഷണം വരെ ലുപ്തമായി കാണപ്പെടുന്നത് എന്നാണ് ഉദ്ദേശിക്കുന്നത്. ബീജാദങ്കുര: അങ്കുരാത് കാണ്ഡം, കാണ്ഡാന്നാളം, നാളാദ്ഗദ:, തതഃ ശൂകം, തത: പുഷ്പം, തതഃ ഫലം, ന ചാത്ര ബാഹ്യേ സമുദായേ കാരണം ബീജാദി, കാര്യം അങ്കുരാദി വാ ചേതയതേ, അഹമങ്കുരം നിര്‍വര്‍ത്തയാമി, അഹം ബീജേന നിര്‍വര്‍ത്തിത: (മാധവാചാര്യര്‍ സര്‍വദര്‍ശനസംഗ്രഹത്തില്‍). ബീജത്തില്‍ നിന്നും അങ്കുരം, അങ്കുരത്തില്‍ നിന്നും കാണ്ഡം, കാണ്ഡത്തില്‍ നിന്നും നാളം, നാളത്തില്‍ നിന്നും ഗദം, ഗദത്തില്‍ നിന്നും ശൂകം, ശൂകത്തില്‍ നിന്നും പുഷ്പം, പുഷ്പത്തില്‍ നിന്നും ഫലം. ഇവിടെ
പുറമേയുള്ള സമുദായത്തില്‍ കാരണമായ ബീജാദിയോ കാര്യമായ അങ്കുരാദിയോ ഞാന്‍ അങ്കുരത്തെ ഉണ്ടാക്കുന്നു, ഞാന്‍ ബീജത്താല്‍ ഉണ്ടാക്കപ്പെട്ടവനാണ് എന്നും അറിയുന്നില്ല. ഇതുണ്ടെങ്കില്‍ ഇതുണ്ട് എന്ന നിലയില്‍ യഥാര്‍ത്ഥമായ ഉത്പത്തിയേ ഇല്ല. കേവലം പ്രതീത്യസമുത്പന്നമാണ്. എല്ലാ ദര്‍മ്മവും നിര്‍വ്യാപാരമാണ്. പ്രതീത്യതത് സമുത്പന്നം നോത്പന്നം തത് സ്വഭാവതഃ  അത് പ്രതീതിവിഷയമായി സമുത്പന്നമാണ്. സ്വഭാവേന അത് ഉണ്ടായതല്ല. ഇതാണ് ബുദ്ധമതസിദ്ധാന്തം (ശാസ്ത്രവാദാവലി). വാസുദേവന്‍ പോറ്റി തുടരുന്നു നാനാകര്‍മ്മഭാവങ്ങളുടെ 
പൂര്‍ണവികാസം വികസിതവ്യക്തിയാണ്. ഇത് 
പൂര്‍വജന്മസംബന്ധവുമാണ്. നാഗാര്‍ജുനന്‍ ശൂന്യതക്കു കൊടുത്ത അര്‍ത്ഥം പ്രതീത്യസമുത്പാദം എന്നാണ്. എല്ലാ വസ്തുക്കളും ഉല്‍പത്തിയില്‍ സ്വസത്തയെ പ്രാപിക്കുവാന്‍ മറ്റൊരു പ്രത്യയത്തെ അഥവാ കാരണത്തെ ആശ്രയിക്കുന്നുവെന്നു പ്രയീത്യസമുത്പാദത്തിനു നാഗാര്‍ജുനന്‍ അര്‍ത്ഥം നല്‍കിയിരിക്കുന്നു. എല്ലാ വസ്തുക്കളും ക്ഷണികങ്ങളും നശിക്കുന്നവയും പിന്നീടു മറ്റൊരു വസ്തുവായി തീരുന്നവയുമാണ്. ചുരുക്കം ഉത്പത്തി വിച്ഛിന്നപ്രവാഹം പോലെയാണ്. ഈ നാഗാര്‍ജുനവാദം ശൂന്യവാദമായി ഗണിക്കപ്പെടുന്നു. ഈ ഒന്നു നശിച്ച് മറ്റൊന്നാകുന്നു എന്ന കല്‍പ്പനയില്‍ നിന്നുമാണ് ഗൗതമബുദ്ധന്‍ മേല്‍പ്പറഞ്ഞ ശൃംഖലാബദ്ധമായ ദ്വാദശനിദാനസിദ്ധാന്തം രൂപപ്പെടുത്തിയത്. അകത്തും പുറത്തുമായി തൃഷ്ണയാല്‍ ചുറ്റപ്പെട്ടവരാണ് മനുഷ്യര്‍. ശീലം (right discipline), സമാധി (concentration), പന്നാപ്രജ്ഞാ (wisdom) എന്നിവ കൊണ്ടേ ഈ കെട്ടഴിക്കാന്‍ കഴിയൂ. സംഘം, വിഹാരം എന്നിവയുമായി ബന്ധപ്പെട്ട പലതരം അച്ചടക്കങ്ങള്‍
പാലിക്കുന്നതോടൊപ്പം ഒരു ബൗദ്ധഭിക്ഷു പ്രാണായാമം (ആനപാനസതി), ബ്രഹ്മവിഹാരം മുതലായ ധ്യാനരീതികള്‍ പടിപടിയായി അഭ്യസിക്കേണ്ടതുണ്ട്. സാധനയുടെ അവസാനം ഭിക്ഷു നിര്‍വാണം കൈവരിക്കുന്നു. ഈ നിര്‍വാണസ്വരൂപത്തെ വാസുദേവന്‍ പോറ്റി ഇപ്രകാരം വിവരിക്കുന്നു നിര്‍വാണം ലൗകികജീവിതാനുഭവങ്ങളില്‍ നിന്നും ഭിന്നമാണ്. നിര്‍വാണം എന്നതിനു കെടുക, അണയുക എന്നം മറ്റും ആണ് അര്‍ത്ഥം. പ്രതീത്യസമുത്പന്നത നാമരൂപസഹിതമായ തൃഷ്ണയുമായി ചേര്‍ന്ന് ജീവിതപ്രവാഹം രൂപം കൊള്ളുന്നു.
ചിത്തവിക്ഷോഭത്തിന്റെ അടക്കം, രാഗദ്വേഷാദികളില്‍ നിന്നുള്ള വിമുക്തി,കര്‍മ്മഫലമുക്തി, ജനിമൃത്യഭാവം ഈ അര്‍ത്ഥമെല്ലാം 
നിര്‍വാണപദാര്‍ ത്ഥത്തില്‍ ലയിച്ചിരിക്കുന്നു. ഈ നിര്‍വാണം അദൈ്വതികളുടെ 
നിര്‍ഗുണബ്രഹ്മസമാനം എന്നു പറയാം. നിര്‍വാണപദത്തില്‍ എത്തിയവന്റെ പ്രജ്ഞ ബുദ്ധിപരമായ ഘടകവും ആ പ്രജ്്്ഞയുടെ സുഖമയത്വം ഭാവപരമായ ഘടകവും ആണ്. ഹീനയാനികള്‍ സത്യം, ജ്ഞാനം, ആനന്ദം, ശിവം ഇവയുടെ അക്ഷയനിധിയാണ് നിര്‍വാണം എന്നു കരുതുന്നു. പ്രജ്ഞയാല്‍ സുനിയന്ത്രിതവും ശീലത്താല്‍ സുരക്ഷിതവും സമാധിയാല്‍ സുദൃഢവും ആയ ഇച്ഛാശക്തി നിര്‍വാണാനന്തരം ശേഷിക്കുന്നു. ഇത് സ്വാനുഭവവേദ്യമാണ് (ശാസ്ത്രവാദാവലി).e

No comments:

Post a Comment