Tuesday, December 31, 2019

വിഷ്ണുജ്ഞാനം നല്‍കുന്നവന്‍ സാക്ഷാല്‍ ഗുരു

Tuesday 31 December 2019 5:02 am IST
എന്തുകിട്ടിയാലും സംതൃപ്തിയില്ലാത്ത മനസ്സുകള്‍ ഒരു കാലത്തും സംതൃപ്തി നേടില്ല. ആ അസംതൃപ്തി തന്നെ ദുഃഖഹേതുവായി മാറും എന്നാണ് ഭഗവാന്‍ വാമനമൂര്‍ത്തിക്ക് പറയാനുള്ളത്.
'യദൃച്ഛാലാഭ തുഷ്ടസ്യ
തേജോ വിപ്രസ്യ വര്‍ധതേ
തത്പ്രശാമ്യത്യസന്തോഷാ
ദംഭസേവാശുശുക്ഷണി'
യദൃച്ഛയാ ലഭിക്കുന്നതു കൊണ്ട് സന്തോഷിക്കുന്ന വിപ്രന്‍ തേജസ്സു വര്‍ധിച്ചവനാകുന്നു. അങ്ങനെ സന്തോഷിക്കാത്തവന്റെ തേജസ് ജലത്താല്‍ അഗ്‌നി എന്നതു പോലെ നശിക്കുന്നു. മൂന്നടി മണ്ണു കൊണ്ട് എനിക്ക് സന്തോഷമാകും. ആവശ്യത്തിലധികമായാല്‍ അത് അഹങ്കാരത്തിനും മനോവൈഷമ്യങ്ങള്‍ക്കും കാരണമാകും. പണം അധികമുള്ളവന് ശരിയായി ഉറക്കം ലഭിക്കാതെ വരും. ധനം സമ്പാദിക്കാന്‍ ദുഃഖം സമ്പാദിച്ചാല്‍ കാത്തുസൂക്ഷിക്കാന്‍ ദുഃഖം. കാത്തുസൂക്ഷിക്കാഞ്ഞാല്‍ ധനനഷ്ടം. ആ നഷ്ടം വീണ്ടും ദുഃഖകാരണം. അങ്ങനെ അധികം സമ്പാദിക്കുന്നവന്‍ ഏറെ ദുഃഖിതനായി, നിദ്രാവിഹീനനായി മനോദുരിതങ്ങളാല്‍ അശാന്തനായി തീരുന്നു. മൂന്നടി മണ്ണുകൊണ്ടുമാത്രം താന്‍ സന്തോഷിക്കുമെന്ന് വാമനമൂര്‍ത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയപ്പോള്‍ മഹാബലി അതു നല്‍കുവാന്‍ തയാറായി. എന്നാല്‍ ഈ ബാലന്റെ വാക്കുകള്‍ തെല്ലും ബാലിശമല്ലെന്ന് മഹാബലിയുടെ ഗുരുനാഥന്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. വിദ്വാന്മാരില്‍ വരേണ്യനായ ശുക്രാചാര്യന്‍ ഈ വിജ്ഞാനിയില്‍ വിഷ്ണു ദേവനെ കണ്ടു. ആരിലും വിഷ്ണുവിനെ കാണുന്നവന്‍ വിപ്രരില്‍ വരേണ്യനാണ്. വിഷ്ണുവിന്റെ സാന്നിധ്യം ശിഷ്യനായ മഹാബലിക്ക് ശുക്രാചാര്യര്‍ വ്യക്തമാക്കിക്കൊടുത്തു.
വിഷ്ണുമന്ത്ര പ്രദാതാപ
സഃ ഗുരുര്‍വിഷ്ണുഭക്തിദഃ
ഗുരുശ്ചജ്ഞാനദോയോഹി
യത്ജ്ഞാനം കൃഷ്ണഭാവനം'
വിഷ്ണുഭക്തി ദാനം ചെയ്യുന്നവനും വിഷ്ണുമന്ത്രം ഉപദേശിക്കുന്നവനുമാണ് ഗുരു. സര്‍വതിലും വിഷ്ണുഭാവത്തെ കാണിച്ചു കൊടുക്കുന്നവനാണ് ഗുരു.
വിഷ്ണുഭക്തിയുതം ജ്ഞാനം
നോദദാതി ഹി യോ ഗുരുഃ
സഃ രിപുഃ ശിഷ്യഘാതീച
യഥോബന്ധാന്ന മോചയേത്'
വിഷ്ണുഭക്തി പ്രദാനം ചെയ്യാത്ത ഗുരു ഒരിക്കലും ഗുരുവല്ലെന്നാണ് ദേവീ ഭാഗവതത്തില്‍ പറയുന്നത്. ആ ഗുരു യഥാര്‍ഥത്തില്‍ ശത്രുവാണ്. ശിഷ്യഘാതിയാണ്. ശിഷ്യഘാതകനായ ഒരു വ്യക്തി സംസാരബന്ധനത്തില്‍ നിന്നും മോചനം നല്‍കാത്തതിനാ ല്‍ തികഞ്ഞ ശത്രുവാണ്. ഇതു തിരിച്ചറിയാവുന്ന ശുക്രാചാര്യര്‍ മുന്നില്‍ നില്‍ക്കുന്ന വടുരൂപി വിഷ്ണു തന്നെയെന്ന് സ്വശിഷ്യന് ഉപദേശിച്ചു കൊടുത്തു. അങ്ങനെ വിഷ്ണുവിനെ കാട്ടിക്കൊടുക്കുക വഴി ശുക്രാചാര്യര്‍ സ്വശിഷ്യന് ഉത്തമഗുരുവായി മാറി. ശുക്രാചാര്യര്‍ പറഞ്ഞു:
ഏഷ വൈരോചനേ സാക്ഷാദ്
ഭഗവാന്‍ വിഷ്ണുരവ്യയഃ
കശ്യപാദദിതേര്‍ ജാതോ
ദേവാനാം കാര്യസാധകഃ
ഹേ, വൈരോചനാ, ഒന്നും നഷ്ടപ്പെടാനില്ലാത്ത ഒരിക്കലും നാശമില്ലാത്തവനായ സാക്ഷാല്‍ ശ്രീമഹാവിഷ്ണുവാണ് ഈ വന്നിരിക്കുന്നത്. ദേവന്മാരുടെ കാര്യസാധകനായാണ് കശ്യപന്റേയും അദിതിയുടേയും പുത്രനായി ഈ വടുരൂപം ഇവിടെ വന്നത്. മഹാവിഷ്ണു തന്റെ മായയാലാണ് വടുരൂപം കൈക്കൊണ്ടത്. ഈ മായാബ്രഹ്മചാരി നിന്റേതായ എല്ലാം ദേവേന്ദ്രനു വേണ്ടി കൈക്കലാക്കും. ഈ വിഷ്ണുവിനായി എത്ര കൊടുത്താലും പൂര്‍ത്തീകരണം വരില്ല. അങ്ങനെ വരുമ്പോള്‍ വാക്കുപാലിക്കാത്തവനെന്ന നിലയില്‍ നീ സത്യലംഘനം നടത്തിയവനാകും. തത്ഫലമായി നിനക്ക് നരകപതനമുണ്ടാവുകയും ചെയ്തേക്കാം. അങ്ങനെ നിന്റെ യശസ്സും സ്ഥാനമാനങ്ങളും എല്ലാം നഷ്ടമായേക്കാം. നിനക്ക് നിന്നെപ്പോലും രക്ഷിക്കാനാവില്ല. ( നിനക്ക് രക്ഷ വേണമെങ്കില്‍ അത് ഭഗന്നവാന്റെ കനിവു കൊണ്ടു മാത്രമേ സാധ്യമാകൂ.) വൃക്ഷത്തിന്റെ വേര് ജീര്‍ണിച്ചു കഴിഞ്ഞാല്‍ ആ വൃക്ഷത്തിന് നിലനില്‍പ്പില്ല. (എല്ലാ ജീവന്റെയും അടിസ്ഥാനം ഭഗവാന്‍ വിഷ്ണു തന്നെയാണ്. വിഷ്ണുവിനെ വേര്‍പെടുത്തിയാല്‍ ആര്‍ക്കും നിലനില്‍പ്പില്ല.)  ആത്മരക്ഷയാണ് ഏറ്റവും പ്രധാനം. എപ്പോഴും അതിനു തന്നെ മുന്‍തൂക്കം നല്‍കണം. ഫലത്തില്‍ നീ നിന്റേതുമാത്രമല്ല. നിന്നെത്തന്നെ നഷ്ടമാക്കുകയാണ്.
ഹിരണ്യാക്ഷന്‍ ഭൂമിയെ തന്റേതാക്കാന്‍ ശ്രമിച്ചാണ് വിഷ്ണു കോപത്തിന് പാത്രമായത്. ഞാന്‍ തന്നെയാണ് എല്ലാം എന്ന വിചാരത്താല്‍ ഹിരണ്യകശിപു വിഷ്ണുകോപത്തിന് ഇരയായി. ശുക്രാചാര്യര്‍ വിലയിരുത്തി.

No comments:

Post a Comment