Tuesday, December 31, 2019

മുറജപം ലക്ഷദീപത്തോടനുബന്ധിച്ച് ശ്രീപത്്മനാഭസ്വാമിയുടെ നാമത്തില്‍ ശ്രീപത്മനാഭം പുരസ്‌കാരം ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ ദേവസ്വത്തിലെ ചെമ്പൈ പുരസ്‌കാരത്തിന് സമാനമായി കലാസാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഇക്കൊല്ലം വേദശാസ്ത്ര രംഗത്തെ മികവിന് നല്‍കും. പുരസ്‌കാരം പിന്നാലെ പ്രഖ്യാപിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി രതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ ദേശീയ വേദ സമ്മേളനം പാഞ്ചജന്യം കല്യാണമണ്ഡപത്തില്‍ നടക്കും. ഓരോ ദിവസവും ഋക്, യജുര്‍, സാമം, അഥര്‍വ വേദങ്ങളെ അധികരിച്ചു കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതര്‍ പ്രബന്ധങ്ങളും പ്രഭാഷണവും അവതരിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷനാവും.

വരും വര്‍ഷങ്ങളില്‍ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച് ദേശീയ നൃത്തസംഗീതമേള, വേദസമ്മേളനം എന്നിവ നടക്കും. ശ്രീപത്മനാഭം പുരസ്‌കാര സമര്‍പ്പണവും ഈ വേദിയില്‍ നടത്തും. മുറജപത്തില്‍ പങ്കെടുക്കാന്‍ ആഴ്‌വാഞ്ചേരി തമ്പ്രാക്കളെയും മറ്റ് വൈദികരെയും നാളെ തിരുനാവായയില്‍ പോയി ക്ഷണിക്കും. സാധാരണ രാജാവാണ് ഇവരെ ക്ഷണിക്കാറുള്ളത്. മതിലകം ഓഫീസില്‍ നിന്ന് നേരത്തെ കത്തയച്ചിരുന്നു. മുറജപത്തിന്റെ അവസാനമുറയിലാണ് ഇവര്‍ എത്താറുള്ളത്. ഇക്കുറിയും അതുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

1927 അവസാനിപ്പിച്ച ജലജപം പുനരാരംഭിക്കാനായത് ക്ഷേത്രഭരണ സമിതിയുടെ നേട്ടമാണ്. വെള്ളത്തില്‍ ഒരുമിച്ച് ഇറങ്ങി നിന്ന് വേദമന്ത്രങ്ങളും സഹസ്രനാമവും ചൊല്ലി ജലജപം ശ്രേഷ്ഠമാക്കുന്നു. ഏവര്‍ക്കും കാണാന്‍ സാധിക്കുന്ന അത്യഅപൂര്‍വ്വമായ ദര്‍ശനമാണ് ജലജപം. മുറജപത്തോടനുബന്ധിച്ച് ക്ഷേത്ര ഗോപുരമുള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ദീപാലംകൃതമാക്കുന്ന നടപടികള്‍ പുരോഗമിച്ചു വരുന്നു. കലാപരിപാടികള്‍ ഉള്‍പ്പടെ വീക്ഷിക്കാന്‍ ക്ഷേത്ര വളപ്പിനുള്ളില്‍ എല്‍ഇഡി വാളുകള്‍ സ്ഥാപിച്ച് കൂടുതല്‍ ഭക്തജനങ്ങള്‍ക്ക് പരിപാടികള്‍ ആസ്വാദിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. മുറജപത്തോടനുബന്ധിച്ച് 55 ദിവസം നീണ്ടു നില്‍ക്കുന്ന കലാമേളയില്‍ ഡിസംബര്‍ ഒന്നു മുതല്‍ ഒമ്പതു വരെ മുറ്റത്തെമുല്ല എന്ന പരിപാടിയാണ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ കലാകാരന്‍മാരാണ് ഈ ദിവസങ്ങളില്‍ കലാപരിപാടി അവതരിപ്പിക്കുന്നത്. ഭരണസമിതി അംഗം എസ് വിജയകുമാര്‍, ഉദ്യോഗസ്ഥരായ ഉദയഭാനു കണ്ടേത്ത്, ബി ശ്രീകുമാര്‍, ബബിലു ശങ്കര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ലക്ഷദീപം തൊഴാന്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിന്റെ സമാപനദിവസമായ ജനുവരി 15ന് നടക്കുന്ന ലക്ഷദീപം തൊഴാന്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ ചേരും. ലക്ഷദീപത്തിന് നടക്കുന്ന പൊന്നുംശീവേലി തൊഴാന്‍ നിരവധി ഭക്തരെത്തും. ക്ഷേത്രത്തിനുള്ളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് 30,000 ത്തോളം പേര്‍ക്ക് ദര്‍ശനത്തിന് പ്രവേശനസൗകര്യം പ്രത്യേക പാസ് മൂലം ക്രമീകരിക്കും. രാത്രി 8.30ന് ആരംഭിക്കുന്ന ശീവേലിക്ക് മുമ്പും ശീവേലി സമയത്തും ശ്രീകോവിലില്‍ തൊഴാന്‍ വിവിധ നടകളില്‍ ക്യൂ ഏര്‍പ്പടുത്തും. ശീവേലിപ്പുരയുടെ പ്രത്യേക സ്ഥലങ്ങളില്‍ ഒത്തുചേരുന്ന ഭക്തര്‍ക്ക് മറുഭാഗത്ത് നടക്കുന്ന ശീവേലിയുടെ ചടങ്ങുകള്‍ കാണാന്‍ പ്രയാസമാണ്. ഇതിനായി 10 സ്ഥലങ്ങളില്‍ തത്സമയ വീഡിയോ പ്രദര്‍ശിപ്പിക്കും. ക്ഷേത്രത്തിനുള്ളിലെ ദീപദര്‍ശനം എല്ലാവര്‍ക്കും സാദ്ധ്യമല്ല. ഈ നിലയില്‍ പുറത്ത് നിലവിലുള്ള ദീപസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

No comments:

Post a Comment