Tuesday, December 31, 2019

പുതുവർഷപ്പുലരിയിൽ
---------------------------
ഏല്ലാവർക്കും എന്റെ നവവസ്തരാശംസകൾ ! പുതുവർഷം നന്മയും സമാധാാനവ്വും നിറഞ്ഞതാകട്ടെ!
പുതുവർഷസമാരംഭത്തിൽ ഞാനെന്റെ ജീവിതമാകുന്ന പുസ്തകത്തെ ഒന്ന് പകുത്തു. അറുപത്തിഒമ്പതാം പേജിലാണെത്തിയത്. ഏഴുവരികളും ഏഴക്ഷരങ്ങളും തള്ളി മാറ്റിയപ്പോൾ കണ്ട വരികൾ ഭക്തകവി വില്വമംഗലത്തിന്റേതായിരുന്നു:
മന്ദാരമൂലേ മദനാഭിരാമം
ബിംബാധരാപൂരിത വേണുനാദം
ഗോഗോപഗോപീജനമദ്ധ്യസംസ്ഥം
ഗോപം ഭജേ ഗോകുലപൂർണചന്ദ്രം.
അതുവായിച്ച് ഗോകുലപൂർണചന്ദ്രനെ നമസ്കരിച്ച് ഞാനങ്ങനെ ഇരുന്നു.
എന്റെ ഈ പുസ്തകത്തിന് എത്ര പേജുകൾ ഇനിയും ചേർക്കപ്പെടുമെന്ന് മറ്റാർക്കും അറിയാത്തപോലെ എനിക്കും അറിയില്ല്യ. ജീവിതമെന്ന പുസ്തകത്തിനെ, എഴുതിയ പേജുകളെ ആധാരാമാക്കി വിലയിരുത്താനേ കഴിയൂ. സുഖപര്യവസായിയാകുമോ ദുഖപര്യവസായിയാകുമോ എന്നൊന്നും ആര്ക്കും പ്രവചിക്കാനും കഴിയില്ല്യ, പുസ്തകം തീരുന്നതു വരേയും സസ്പെൻസു തന്നെ. എന്നെങ്കിലും തീരുമെന്നുറപ്പാണെന്ന് മാത്രം. അതിരിക്കട്ടെ .
ഞാൻ പുറകിലോട്ടുപോയി ആദ്യത്തെ പേജുകൾ മറിച്ചു നോക്കി. പേജുകളുടെ മുകൾ ഭാഗത്ത് മയിൽപ്പീലിയുടെ അറ്റം പോലെ തോന്നിക്കുന്ന ഒരു രൂപം ഞാൻ കണ്ടു. പിന്നേയും മറിച്ചു . പത്തിരുപത്തഞ്ച് പേജായപ്പോഴേക്കും മയിൽപ്പീലി മുഴുവൻ കണ്ടു തുടങ്ങി. ഉത്സാഹത്തോടെ ഞാൻ പേജുകൾ മറിച്ചു. അതാ മയിൽപ്പീലിയുടെ താഴെ വ്യക്തമല്ലെങ്കിലും കൃഷ്ണനാണെന്ന് മനസ്സിലാകത്തക്ക രീതിയിൽ ഒരു രൂപം കാണുന്നു.പേജുകൾ മറിക്കുന്തോറും കൃഷ്ണന്റെ തിരുമാറും തൃക്കൈകളും മഞ്ഞപ്പട്ടാട ചാർത്തിയ അരക്കെട്ടും തൃപ്പാദങ്ങളും ഒക്കെ കാണാൻ തുടങ്ങി. അപ്പോഴും ഒട്ടും വ്യക്തമല്ല. പക്ഷെ കൃഷ്ണരൂപമാണെന്ന് മനാസ്സിലാകും. ഓടക്കുഴലേന്തിയ ശ്യാമസുന്ദരൻ! അറുപത്തിഒമ്പതാമത്തെ പേജിലും സൂക്ഷിച്ചു നോക്കി. പേജ് തുടങ്ങിയതേയുള്ളു. അതുകൊണ്ടായിരിക്കാം, ഒന്നും കാണാനില്ല്യ. ഞാൻ അതീവ ദുഖിതയായി. മനം നൊന്തു പ്രാർഥിച്ചു :
"പരാശക്തിയേ! ആരാണോ പുതിയ പുതിയ പേജുകൾ എല്ലാവരുടെ ജീവിതപുസ്തകങ്ങളിലും തുന്നി ചേര്ക്കുന്നത്, ആ ശക്തി തന്നെ ഈ പേജിലും തെളിയണേ! "
അത്ഭുതമെന്നു പറയട്ടെ, മറ്റു പേജുകളിലെന്നപോലെ ഈ പേജിലും കൃഷ്ണരൂപം തെളിഞ്ഞു വന്നു. വൃഥാ മോഹമായിരുന്നോ എന്നറിയില്ല്യ, ആ ദിവ്യരൂപം മുന്നിലേതിനേക്കാൾ ഒരുമിനുസം കൂടി വ്യക്തമായി തോന്നി. ആ പിപുലമായ നേത്രങ്ങളും വശ്യമായ പുഞ്ചിരിയും ഒന്നുകൂടി വ്യക്തമായി കാണുന്നതായി അനുഭവപ്പെട്ടു. എന്റെ കണ്ണു നിറഞ്ഞു. ആ രൂപത്തെ വീണ്ടും വീണ്ടും നമസ്കരിച്ചു. കണ്ണീർ ധാരധാരയായി ഒഴുകി. കണ്ണീരാൽ പേജൊക്കെ നനഞ്ഞു. ഇറ്റിറ്റു വീഴുന്ന കണ്ണീരോടെ ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ കണ്ട കാഴ്ച്ച ഞാനെങ്ങനെ വിവരിക്കും? എന്റെ കണ്ണീർ വീണ് കണ്ണന്റെ ഹൃദയം ആർദ്രമായതാണോ ? വെറുതെ കടലാസ് നനഞ്ഞതുകൊണ്ടാണോ? കാരണമെന്തോ ആകട്ടെ! അതാ ആ ശ്യാമസുന്ദരരൂപം പൂർവാധികം വ്യക്തമായി തെളിഞ്ഞിരിക്കുന്നു! ഞാൻ കണ്ണിമക്കാതെ നോക്കി. പ്രാർഥിച്ചു :
"കൃഷ്ണാ! ഇനി ഈ പേജോടെ പുസ്തകം അവസാനിപ്പിച്ചാലും എനിക്ക് സാന്തോഷാമാണ്. ഇനിയും പേജുകൾ ചേർക്കേണ്ടതില്ല്യ. കൃഷ്ണൻ തെളിഞ്ഞു നിൽക്കുമ്പോൾ തന്നെ പുസ്തകം അവസാനിപ്പിക്കാൻ ദയ തോന്നണേ! അഥവാ എനിക്കതിനു സമയം വന്നിട്ടില്ല്യെങ്കിൽ, കാരുണ്യവാരിധേ! ഒരെളിയ അപേക്ഷ. ഇനിയുള്ള എല്ലാ പേജുകളിലും കൃഷ്ണൻ മാത്രം വ്യക്തമായി തെളിഞ്ഞു നിൽക്കട്ടെ ! ആ പ്രഭാപൂരത്തിൽ മറ്റെല്ലാം നിസ്തേജമാകട്ടെ! കൃഷ്ണാ, ഇത് മാത്രമാണെന്റെ പുതുവർഷപ്പുലരിയിലെ പ്രാർഥന."
എല്ലാവർക്കും ഈ പുതുവർഷത്തിൽ ദൈവാനുഗ്രഹവർഷം ഉണ്ടാകട്ടെ!
savitri puram

No comments:

Post a Comment