Sunday, December 08, 2019

ബാല്യംമുതൽ പുരാണങ്ങൾ പുസ്തകവായനയിലൂടെതന്നെയാണ് അറിഞ്ഞിരുന്നത്. മഹാഭാരതവും രാമായണവും ഒക്കെ നന്നേ ചെറുപ്പത്തിൽ വായിച്ചെങ്കിലും ഭാഗവതം എന്ന ഗ്രന്ഥം ഇവിടെ അടുത്താണ് വായിക്കാനിടയായത്. അപ്പോഴാണ് പല വസ്തുതകളും കൗതുകമുണർത്തിയത്. കൃഷ്ണൻ എന്ന ഭഗവത് സ്വരൂപത്തിലെ ജീവിതത്തിലെ പല നാൾവഴികളും നടന്ന സംഭവങ്ങളും സമയങ്ങളും എല്ലാം ഭാഗവതത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

ഏകദേശം ഒമ്പത് വയസ്സ് വരെ മാത്രമാണ്  കൃഷ്ണൻ ഗോകുലത്തിലും വൃന്ദാവനത്തിലും ഒക്കെയായി  ചെലവഴിച്ചിട്ടുള്ളത്.

മുരളിക എടുത്തതും രാസലീല തുടങ്ങിയതും  ഏകദേശം ഏഴ് വയസുള്ളപ്പോഴാണ്.
7 വയസുള്ള ബാലൻ എങ്ങനെയാണ് ഗോപികമാരുമായി പ്രണയ സല്ലാപത്തിലേർപ്പെടുക?
കളങ്കമില്ലാതെ നടത്തിയ ഒരു പ്രക്രിയയെ ഒരു രസച്ചരടിന് വേണ്ടി ഗോപികമാരുമായിട്ടുള്ള മന്മഥലീലകളും രാധാപ്രണയകല്പനകളുമൊക്കെ പിന്നീട് കഥാകാരന്മാർ സ്വയം കയ്യിൽനിന്ന് എഴുതിചേർത്തതാകാം.
പ്രണയം ചേരുമ്പോൾ വായനയിൽ ഒരു ഉണർവുണ്ടാകും എന്ന പ്രതീക്ഷയാകാം ഇതിനുപിന്നിൽ.

രാസലീല എന്തായിരുന്നു എന്ന് കൃത്യമായും  അതിൽ വിവരിക്കുന്നുണ്ട്.
വേണു ഗാനം ആലപിക്കുമ്പോൾ കേവലം ഏഴ് വയസ്സ് പോലും പ്രായം തികയാത്ത ഒരു ബാലൻ ആയതിനാൽ അത് പ്രേമമോ കാമോദ്ധീപകമോ ആയിരുന്നില്ല. എന്നാൽ ആ ഗാനം ശ്രവിച്ച ഗോപികമാർ കൃഷ്ണനിൽ അനുരക്തരായിതീർന്നു പക്ഷേ ആ അനുരാഗം ശൃംഗാരരസമായിരുന്നില്ല. ഭക്തിയാൽ അനാവൃതമായ ആകർഷണംമാത്രമായിരുന്നു അത്.
അപൂർവ്വ സുന്ദരമായതെന്തും കാണുമ്പോൾ തോന്നുന്ന ആസക്തിയും അതിനെത്തുടർന്ന് ഉണ്ടാകുന്ന പ്രേമവും  സ്വാഭാവികമാണ്.

ആയിരം മന്മഥൻമാരുടെ സൗന്ദര്യത്തോടു കൂടിയകൃഷ്ണന്റെ ശ്യാമസൗകുമാര്യം സദാ കണ്ടാനന്ദിച്ച് നയനസാഫല്യം നേടാനും ആ പുല്ലാങ്കുഴൽനാദം ശ്രവിച്ചു സ്വപ്നസാഫല്യമടയുവാനും അവർ ആഗ്രഹിച്ചു. അതിൽ ഭർതൃമതികളും സന്താനമുള്ളവളും പ്രൗഢകളും യുവതികളും കുമാരികളും ബാലികമാരും എല്ലാം പ്രായവ്യത്യാസമില്ലാത ഉണ്ടായിരുന്നു.
മുരളി ഗാനം കേൾക്കുന്ന മാത്രയിൽ ഏർപ്പെട്ടിരുന്ന ജോലികൾഉപേഷിച് സർവ്വം മറന്ന് ഓടിച്ചെന്നത് നിർവ്യാജഭക്തിയുടെ ആത്മ പ്രചോദന ത്തിന്റെ ഫലമായിട്ടായിരുന്നു. ഭഗവാന്റെ പത്നിമാരാകുവാൻ ആയിരുന്നില്ല അദ്ദേഹത്തിന്റെ ദാസികളാകുവാനാണ് അവർ ആഗ്രഹിച്ചത് .
തിരുവാതിര ദിവസം കുളിച്ചു ദേവിരൂപത്തിൽ മാലചാർത്തി കൃഷ്ണനെ അടുത്ത ജന്മത്തിൽ തങ്ങളുടെ ഭർത്താവാക്കി  അനുഗ്രഹിക്കണമെന്ന് ഗോപികമാർ പ്രാർത്ഥിച്ചു.
നിഷ്കാമമായി ഭക്തി ആയിരുന്നു അവരെ അതിന് പ്രേരിപ്പിച്ചത് കേവലം ഒരു ബാലനായ കൃഷ്ണന്റെ പ്രായത്തേക്കാൾ ആ അത്ഭുത കുമാരൻ പ്രകാശിപ്പിക്കുന്ന ബ്രഹ്മാനന്ദ സൗന്ദര്യമാണ് അവർ കണ്ടത്.
അല്ലാതെ ലൈംഗികതയിൽ ആധാരമായി  കൃഷ്ണനെ പ്രാപിക്കാനുള്ള പ്രേമപാരവശ്യം ആയിരുന്നില്ല അതൊന്നും.
ജാരനെ പ്രാപിക്കുന്നത് രഹസ്യമായിട്ടാണ് അവരാണെങ്കിൽ എല്ലാവരും അറിഞ്ഞു കൊണ്ടാണ് ആ കൃഷ്ണസങ്കേതത്തിലേക്ക് ഗമിച്ചത്. ഒരു ജാരനെ പ്രാപിക്കുവാൻ ഒട്ടനവധി സ്ത്രീകൾ ഒന്നിച്ചു പോകുന്നത് സാധാരണമല്ല.സംഭവ്യവും അല്ല.
അപ്പോൾ കാമാസക്തിയോടുകൂടി അല്ല അവർ പോയിട്ടുള്ളതെന്ന് സ്പഷ്ടമാണ് അതിനും പുറമേ രാത്രിയിൽ അവർ ഗൃഹത്തിൽ നിന്ന് ഇറങ്ങിയപ്പോൾ പുരുഷന്മാർക്കും ആർക്കും ഒരു സംശയവും തോന്നിയില്ല. ഏഴു വയസ്സു പ്രായമുള്ള ഒരു ചെറു ബാലനുമായി കളിക്കുന്നതും ഉല്ലസിക്കുന്നതുംആർക്കു സംശയം അവിടെ എന്ത് ശൃംഗാര വികാരം?  ഭഗവാന്റെ ഓടക്കുഴലിൽ നിർഗമിച്ച ബ്രഹ്മാണ്ഡസ്വരൂപമായ നാദബ്രഹ്മം ആണ് ഭക്തരായ ഗോപസ്ത്രീകളുടെ ഹൃദയങ്ങളെ ഒന്നിച്ച് ആകർഷിച്ചതെന്നും ഭാഗവതം പറയുന്നു.
അവരിൽനിന്നും വിഭിന്നനായ ഒരാളായിട്ടല്ല കൃഷ്ണനെ അവർക്ക് കാണാൻ കഴിഞ്ഞത് വൃന്ദാവനത്തിലെ വീണ നാദം ഗോപികയുടെ പ്രണവമന്ത്രമായിരുന്നു.
പ്രേമത്തിന്റെ സ്ഥായിഭാവം ഭക്തിയാണ്.
ആ പ്രേമം ഭക്തി ആരിലാണ് അർപ്പിതമാകുന്നത്- അവൻ ഭർത്താവാണ് ആ നിലയിലാണ് ഗോപികമാർ ഭഗവാൻ അവരുടെ ഭർത്താവ് ആകണം എന്ന് ആഗ്രഹിച്ചത്. പല പ്രായത്തിലും തരത്തിലുള്ള സ്ത്രീകൾ ആ ഏഴുവയസുകാരൻ തങ്ങളുടെ ഭർത്താവാകണം എന്നാഗ്രഹിച്ചത് കാമലീലകൾ ആടാനുള്ള ആളായിട്ടല്ല എന്നുള്ളത് സ്പഷ്ടമാണ്.
ആ സൗന്ദര്യത്തിൽ അവർ ആകൃഷ്ടരായിതീർന്നിരുന്നു. സൗന്ദര്യ ആസ്വാദനത്തിന് പ്രായം ബാധകമല്ല ഏത് ആസ്വാദനത്തിനും ഉറവിടം നിർവ്യാജഭക്തി തന്നെയാണ്.
ആ ഭക്തിയാൽ ആകര്ഷണമുണ്ടായി എന്നേയുള്ളൂ.

രാസലീലയാടി അവരെ ആനന്ദിപ്പിക്കുമ്പോൾ മായാവിദ്യയാൽ അവർക്ക് പരസ്പരം കാണാൻ കഴിഞ്ഞിരുന്നില്ല. എന്നോടാണ് കണ്ണന് കൂടുതൽ പ്രീതി എന്നും,  തന്നോടുകൂടി മാത്രമാണ് നടനമാടുന്നതെന്നും,  തന്നെമാത്രമാണ് കൃഷ്ണൻ ആലിംഗനം ചെയ്യുന്നതെന്നും തന്നെ മാത്രം ഉദ്ദേശിച്ചാണ് ഓടകുഴലൂതുന്നതെന്നും ഓരോ ഗോപാംഗനക്കും തോന്നി ഓരോ അംഗനക്കും ആത്മനിർവൃതിയുണ്ടായി.
അതുതന്നെയാണ് ഭക്തിയുടെ പരമമായ ലക്ഷ്യം. രാസക്രീഡ പ്രേമ ഭക്തിയുടെ ഒരുബാഹ്യ പ്രകടനം മാത്രമായിരുന്നു ശൃഗാരരസം അവിടെയില്ലായിരുന്നു

വൃന്ദാവനത്തിലെ പാലൊളി പൂചന്ദ്രികയിൽ ഒരുഗോപസ്ത്രീക്ക് ഒരു കൃഷ്ണൻ എന്നവിധം വട്ടത്തിൽ ഈ രണ്ടു പേരായി നിന്നുകൊണ്ട് സംഗീതങ്ങൾ ഓടുകൂടി രാസക്രീഡയെന്ന നൃത്തവും സംഗീതവും ആരംഭിക്കുമ്പോൾ എത്ര ഗോപസ്ത്രീകളുണ്ട് അത്രയും കൃഷ്ണനും അവിടെ കാണപ്പെട്ടു.
നടുക്ക്  സാക്ഷാൽ കൃഷ്ണൻ ഒന്നിനും ബന്ധമില്ലാതെ അദൃശ്യനായി അതിനു സാക്ഷ്യം വഹിച്ചു കൊണ്ട്നിന്നിരുന്നു.

ഭക്തി മൂലം ഗോപികമാരുടെ ഹൃദയത്തിൽ അംഗീകരിച്ച ഒരു രതിസുഖം എന്നേ രാസലീലയെ പറയാനുള്ളൂ അത് ശൃംഗാരരസപൂർണ്ണം എന്ന് ചിലർ വിശ്വസിക്കുന്നു.  ഭഗവാൻ ഏതു രൂപത്തിൽ കാണണമെന്ന് ഭക്തകളായ ഗോപസ്ത്രീകൾ ആഗ്രഹിച്ചുവോ ആ  രൂപത്തിൽ അദ്ദേഹം അവരുമായി ചേർന്ന് ഒരു ആനന്ദിപ്പിച്ചു. അതാണ് ഓരോ ഗോപസ്ത്രീകളുടെ മുന്നിലും ഓരോ തരം കൃഷ്ണൻ പ്രത്യക്ഷപ്പെട്ടത്.
കൃഷ്ണ സൗന്ദര്യം കണ്ടു മോഹിച്ചാണ് ഗോപനാരികൾ അദ്ദേഹത്തിൽനിന്ന് രതിസുഖം ആഗ്രഹിച്ചതെങ്കിൽ ആ സുഖം ശൃംഗാരരസം ആയിരുന്നില്ല പ്രേമഭക്തിയാൽ സമഞ്ജസമായ രതിസുഖം ആയിരുന്നു.

അവരുടെ ഭക്തിയിൽ ശൃംഗാരത്തിന്റ മാലിന്യം കലരുന്നുണ്ടോ എന്ന് സംശയിച് അവരെ കൃത്യത്തിൽ നിന്ന് നിവൃത്തിയിലേക്കാനയിച് നിസ്സംഗനായി മാറി നിന്നുകൊണ്ട് നിർവൃതിയുടെ താണ്ഡവ ലീലകളാണ് കൃഷ്ണൻ ആടിയത്.
ആത്മാനന്ദ നിർവൃതിയിൽ ലയിച്ച അവരുടെ  ഹൃദയങ്ങളിൽ ഉണ്ടായിരുന്ന മോഹാസക്തി നശിച്ച്‌ അവർ കൂടുതൽ ഭക്തിയുള്ളവരായിതീരുകയും ചെയ്തു.
തന്റെ ആത്മ പ്രഭാവം കാണിച്ചുകൊടുത്ത്  അവരിൽ തത്വബോധമുണ്ടാക്കുക എന്നുള്ളതായിരുന്നു ഭഗവാൻ ഉദ്ദേശം.
മായാമയനായ ഭഗവാന്റെ രാസക്രീഡയുടെ  പരമരഹസ്യമായ തത്വമതായിരുന്നു.

രാസക്രീഡ നടത്തിക്കൊണ്ടിരുന്ന സമയം കൃഷ്ണൻ എല്ലാം വീക്ഷിച്ചുകൊണ്ട്  നിസ്സംഗനായി മാറിനിന്നിരുന്നു എന്നുള്ളതാണ് രാസക്രീഡയുടെ പ്രധാന വിശേഷം.

ഇനിയും ഏറെ പറയാൻ ഉണ്ട് ദൈർഘ്യം കൂടുമെന്നതിനാൽ വിവരിക്കുന്നില്ല
എങ്കിലും മറ്റൊരു പ്രധാനകാര്യം കൂടി പറയാം  വൃന്ദാവനം വിട്ടുപോന്നതിൽപിന്നെ  കൃഷ്ണൻ ഒരിക്കൽപോലും ഓടക്കുഴൽഎടുക്കുകയോ വായിക്കുകയോ ചെയ്തിട്ടില്ല!
തന്റെ ബാല്യത്തോടൊപ്പം മുരളികയും കൃഷ്ണൻ വൃന്ദാവനത്തിൽ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ ഓരോ ജീവിതവഴിയും ഓരോ ഉദ്ദേശലക്ഷ്യങ്ങളിലേക്ക് നീണ്ടിരുന്നു എന്നത്  ഇതിൽ നിന്ന് വ്യക്തമാണ്.

                ✍️ശ്രീ സന്തോഷ്

No comments:

Post a Comment