Thursday, December 26, 2019

ഒരിക്കൽ നന്ദഗാവിലേക്ക് അടുത്ത ഗ്രാമത്തിലെ ഒരു ഗോപിയെ വിവാഹം ചെയ്ത് കൊണ്ടുവന്നു. പാലും തൈരും വെണ്ണയുമെല്ലാം വിൽക്കാൻ അവരുടെ ഗ്രാമത്തിലേക്ക് ചെന്നിരുന്ന ഗോപികമാർ പറയുന്ന കണ്ണന്റെ കഥകൾ കേട്ട്  ഈ ഗോപിക്ക് കൃഷ്ണനോട് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു. കണ്ണൻ ഗോക്കളെ മേയ്ക്കാൻ കാട്ടിലേക്ക് പോകുന്നതും വരുന്നതുമെല്ലാം ഗോപികമാർ വിശദമായി പറയും.
എല്ലാദിവസവും കൃഷ്ണൻ തന്റെ കൂട്ടുകാരുമായി പശുക്കളെ മേയ്ക്കുവാൻ കാട്ടിലേക്ക് പോകുമ്പോൾ വ്രജവാസികളെല്ലാവരും കണ്ണനെ കാണാൻ വനവീഥിയിലേക്ക് ഓടിച്ചെല്ലും.  കണ്ണൻ പോകുന്നതും വരുന്നതും വ്രജവാസികൾക്കെല്ലാം ഉത്സവ എഴുന്നള്ളത്ത് പോലേയാണ്. എല്ലാ പണികളും വിട്ട് അവർ ഓടിച്ചെന്ന് വീഥിയുടെ ഇരുഭാഗത്തും അവർ തടിച്ചുകൂടും. മനോഹരമായ മയിൽപ്പീലികൾ കൊണ്ട് ശിരസ്സിനെ അലങ്കരിച്ച് , കാതുകളിൽ കർണ്ണികാര പുഷ്പത്തെപ്പോലെ ശോഭിക്കുന്ന സ്വർണ്ണ കുണ്ഡലങ്ങൾ അണിഞ്ഞ്, അരയിൽ സ്വർണ്ണ വർണ്ണത്തിനോടൊത്ത സുന്ദരമായ മഞ്ഞപ്പട്ടണിഞ്ഞ്, കഴുത്തിൽ പച്ച നിറത്തിലുള്ള  വൈജയന്തിമാലയും രന്താഭരണങ്ങളും ധരിച്ച്, പകർന്നുകൊണ്ട് ഗോപന്മാരാലും ഗോക്കാലും  ചുറ്റപ്പെട്ട്, ഓടക്കുഴലിന്റെ ദ്വാരങ്ങളില്‍ക്കൂടി തന്റെ അധരാമൃതരസത്താൽ വ്രജത്തെ മുഴുവനും തന്നിലേക്ക് ആകർഷിച്ച്
ഒരു നടൻ രംഗത്ത് പ്രവേശിക്കുന്നതുപോലെ പ്രപഞ്ചമാകുന്ന നാടകശാലയിലെ വൃന്ദാവനമാകുന്ന രംഗത്തേക്ക് നടവരനായ ശ്രീകൃഷ്ണൻ പ്രവേശിക്കുന്ന സമയത്ത്  ചിലർ കടമ്പ് വൃക്ഷങ്ങളുടെ മുകളിലും, മാളികയുടെ കിളിവാതിലുകളിലും ഇരുന്ന് കണ്ണന് പുഷ്പവൃഷ്ടി നടത്തും. പുഷ്പമഴയിലൂടെ സുന്ദര പദചലനങ്ങളാലും കടക്കൺ നോട്ടങ്ങളാലും എല്ലാവരേയും രമിപ്പിച്ചുകൊണ്ട് കണ്ണൻ വനത്തിനുള്ളിലേക്ക് മെല്ലെ നടന്നു മറയും. പിന്നേയും കുറേ സമയം എല്ലാവരും സ്വയം മറന്ന് അവിടെ നില്ക്കും. വൈകീട്ട് കണ്ണൻ തിരിച്ചു വരുന്നതുവരെ ഈ ദർശന രസത്തെ അയവിറക്കി എല്ലാവരും കാത്തിരിക്കും. കണ്ണന്‍ ഗോക്കളെ മേച്ച് തിരിച്ചു വരുമ്പോള്‍ അകലെ  ഗോക്കളുടെ കുളമ്പുകളില്‍ നിന്നും ഉയരുന്ന പൊടിപടലങ്ങളക്കിടയിൽ കണ്ണനെ കാണാനായി കൊതിയോടെ കാത്തു നില്ക്കും.  ആ  പൊടിപടലത്തിനുള്ളിൽ, വിയര്‍പ്പുതുള്ളികള്‍ നിറഞ്ഞ  മുഖത്തും മാറിടത്തിലും കാർകൂന്തലിലുമെല്ലാം പൊടി പടലങ്ങള്‍ പറ്റിപ്പിടിച്ച് ഗോപിക്കുറി നനഞ്ഞ് നാസികയിലൂടെ ഒലിച്ചിറങ്ങി, മണ്ണുപറ്റിയതും ചുളിഞ്ഞതുമായ  വിയർപ്പുമൂലം ഇടയ്ക്കിടെ ഒട്ടിപ്പിടിച്ചുതുമായ പിതാംബരം ധരിച്ച കണ്ണന്റെ മനോഹരമായ രൂപം തെളിഞ്ഞു വരും. ഒരു കയ്യില്‍ കാലിക്കോലും മറു കയ്യുകൊണ്ട് മുരളി ചുണ്ടില്‍ ചേര്‍ത്തു പാടിക്കൊണ്ട് ഗോക്കളോടും ഗോപന്മാരോടും കൂടി വനത്തിനുള്ളിൽ നിന്ന് പൊടിപടലങ്ങളോടൊപ്പം കണ്ണൻ വരുന്നത് കണ്ടാൽ അന്തിചുവപ്പാർന്ന മേഘസഞ്ചയം അസ്തമയ സൂര്യനെ വഹിച്ചുകൊണ്ട് വരികയാണോ എന്ന് തോന്നും. ഇതെല്ലാം കേട്ട് ഗോപി കൃഷ്ണപ്രേമത്താൽ സ്വയം മറക്കും.
ഒരിക്കലെങ്കിലും ഈ ഗോപബാലനെ നേരിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്ന് അവൾ ഒരുപാട് കൊതിച്ചു. അപ്പോഴാണ് അവളെ വിവാഹം കഴിച്ച് നന്ദഗാവിലേക്ക് തന്നെ കൊണ്ടുവന്നത് ആ ഗോപി ഒരുപാട് സന്തോഷിച്ചു. ഇനി  തനിക്കെന്നും മാനസേശ്വരനായ കൃഷ്ണനെ നേരിൽ  കാണാമല്ലോ.  പക്ഷേ അവർ തമസിക്കുന്നിടത്തു നിന്ന് ഒരു വയലും ചെറിയ കാടും താണ്ടിയാണ് വനവീഥി . അവിടെ പോകാൻ ഒരിക്കലും അവളുടെ അമ്മായിഅമ്മ സമ്മതിച്ചില്ല. പോകുന്ന വഴിയിലുള്ള കാട്ടിൽ വിഷ സർപ്പങ്ങൾ ഉണ്ട്. അതുകൊണ്ട് പോകണ്ട എന്ന് വിലക്കി. വളരെക്കാലമായീട്ടും അവൾക്ക് അവനെ നേരിട്ട് കാണാൻ ഭാഗ്യമുണ്ടായിട്ടില്ല. വയലിലൂടെ കണ്ണന്റെ വംശിയുടെ ശബ്ദം കേൾക്കുമ്പോൾ ഗോപി എല്ലാം മറന്ന് കണ്ണനേത്തേടി ഓടാൻ തുടങ്ങും.  അമ്മായിയമ്മ അവളെ തടഞ്ഞു നിർത്തും. പുതുതായി വിവാഹം ചെയ്ത മണവാട്ടിയല്ലേ എന്നു കരുതി ആദ്യമെല്ലാം അനുസരിച്ചു. അവളെ തടയുമായിരുന്നു എങ്കിലും ഭർത്താവിന്റെ സഹോദരി എന്നും കണ്ണനെ കാണാൻ പോകുന്നത് അവൾ സങ്കടത്തോടെ നോക്കി നില്ക്കും.
സങ്കടം സഹിക്കാൻ കഴിയാതെ അവൾ ഒരിക്കൽ ചോദിച്ചു.
"അമ്മയുടെ മകൾ കണ്ണനെ കാണാൻ പോകുന്നുവല്ലോ? പിന്നെ എന്തുകൊണ്ടാണ് എന്നെ പോകാൻ അനുവദിക്കാത്തത്?"
"കാട്ടിൽ ഉഗ്ര വിഷസർപ്പങ്ങൾ ഉണ്ട്. അത് നിന്നെ കടിക്കും."
"ആ സർപ്പങ്ങൾ അവളേയും കടിക്കില്ലേ.."
നീ പോയാൽ ഗൃഹകാര്യങ്ങൾ ആരാണ് ചെയ്‌യുന്നത്?"
 അമ്മായിയമ്മ ഇപ്പോഴും അവൾക്ക് അനുമതി നൽകിയില്ല. ഒരു ദിവസം കണ്ണന്റെ വേണു ഗീതം കേട്ട് അവൾ എല്ലാം മറന്ന് മുന്നോട്ട് നടന്നു. അന്നും അമ്മായിയമ്മ അവളെ തടുത്തു നിർത്തി. തൈർ കടയുന്ന ജോലി ഏല്പിച്ചു. ആ ഗോപി സങ്കടം സഹിക്കാൻ കഴിയാതെ കണ്ണുനീർ വാർത്തുകൊണ്ട് അവിടെ നിന്നു. അല്പം കഴിഞ്ഞപ്പോൾ അമ്മായിയമ്മയുടെ കണ്ണുവെട്ടിച്ച് അവൾ വയലിലൂടെ ഓടി കാടിനടുത്ത് ചെന്ന് നിന്നു. ഭർതൃമാതാവിന്റെ വാക്കുകൾ ധിക്കരിച്ച് കാട് കടന്ന് പോകുന്നത് തെറ്റാണ് എന്ന് അവൾക്ക് തോന്നി. കൃഷ്ണവിരഹത്താൽ  അവളുടെ നെഞ്ചു പിളരുന്നത്പോലെ തോന്നി. കണ്ണന് ഇന്ന് ഈ വഴിയിലൂടെ വരാൻ തോന്നിയെങ്കിൽ?
വനവീഥിയിലൂടെ നടന്നു നീങ്ങിയ കണ്ണന്റെ ചുണ്ടിൽ ഒരു കുസൃതിച്ചിരി വിടർന്നു. തൊട്ടരികിൽ നിന്നിരുന്ന
 കാളക്കുട്ടന്റെ വാൽ പിടിച്ചു ഒന്നും വളച്ചു. കണ്ണന്റെ ആജ്ഞ മനസ്സിലാക്കിയ പോലെ ആ കാളക്കുട്ടൻ ഗോപിയുടെ അടുത്തേക്ക് ഓടാൻ തുടങ്ങി.
കാളക്കുട്ടനെ പിടിക്കാനെന്നതുപോലെ കണ്ണനും പുറകേ ഓടി. ഗോപിയുടെ അടുത്തെത്തിയ കാളക്കുട്ടൻ ഇണക്കത്തോടെ അവൾക്കരികിൽ നിന്നു. കണ്ണൻ അവളുടെ മുന്നിൽ മനം മയക്കുന്ന പുഞ്ചിരിയോടെ തൃഭംഗീ വേണുഗോപാല രൂപത്തിൽ ഒരുനിമിഷം നിന്നു.

തൃക്കാൽ രണ്ടും പിണച്ചത്തിരുമുഖകമലം
 "ദക്ഷിണേ ചായ്ചുവച്ചും
തൃകൈയ്യിൽ കാഞ്ചനോടക്കുഴലും
അതുപിടിച്ചുതി മന്ദഹസിച്ചും
തക്കത്തിൽ പീലിയും കൂടി
കരിമുകിൽ വടിവും പൂണ്ടു നിൽക്കും മുകുന്ദൻ"

 ഇതാ ഇത്രയും കാലം കാണാൻ കൊതിച്ച തന്റെ ഹൃദയേശ്വരനായ ശ്യാമസുന്ദരൻ തന്റെ മുന്നിൽ.  അവളുടെ ശ്വാസോച്ഛ്വാസം നിലച്ചു പോയി.  കണ്ണനെ ഒന്നു തൊടാൻ കൊതിച്ചെങ്കിലും ചലനമറ്റു നിന്നു.
കണ്ണൻ കണ്ണിറുക്കിക്കൊണ്ട് ഓടക്കുഴലിന്റെ അറ്റംകൊണ്ട് അവളുടെ കവിളിൽ തലോടി. എന്നീട്ട് കാളക്കുട്ടനേയും കൂട്ടി പിന്തിരിഞ്ഞ് അവളെത്തന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തിരികെ ഓടിപ്പോയി. തന്റെ പ്രാണൻ വിട്ടുപോയതുപോലെ ആ ഗോപി ബാഹ്യബോധം നഷ്ടപ്പെട്ട് താഴെ വീണു.
കുറേ സമയം കടന്നുപോയി. ഗോപി വീട്ടിൽ ഇല്ലെന്നറിഞ്ഞ് അമ്മായിഅമ്മ അവളെ തേടി വന്നു. വീണുകിടക്കുന്ന ഗോപിയുടെ ശരീരം കുലുക്കി വിളിച്ച് എഴുന്നേറ്റുകൊണ്ട് അവൾ ഉറക്കെ വഴക്ക് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി
വേഗം തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കാൻ പറഞ്ഞു. തന്റെ ബാഹ്യ ബോധത്തെ ഇനിയും തിരിച്ചു കിട്ടാത്ത ഗോപി കടുക്  നിറഞ്ഞ ഒരു പാത്രം എടുത്ത് തൈർക്കലത്തിൽ ഇട്ട് കടയുകയും ഇടയിൽ എന്തോ ചിന്തയിൽ പെട്ട് നിർത്തുകയും ചെയ്തു. കടുക് ആയതുകൊണ്ട് കടയുമ്പോൾ വലിയ ശബ്ദം ഉണ്ടായി.
അവളുടെ പ്രവൃത്തി കണ്ട അമ്മായിഅമ്മ  കടകോൽ വാങ്ങിക്കൊണ്ട് കോപത്തോടെ അടുക്കളയിൽ പോയി പാൽ തിളപ്പിക്കാൻ പറഞ്ഞു.  ഗോപിയുടെ മനസ്സ്  വൃന്ദാവനത്തിൽ കണ്ണനോടൊപ്പമായിരുന്നു. അവൾ പാലെടുത്ത് പാത്രത്തിലേക്ക് പകരുന്നതിനു പകരം നേരെ അടുപ്പിലേക്ക് പകരാൻ തുടങ്ങി. പാൽ കരിയുന്ന ഗന്ധം കേട്ട് അമ്മായി അമ്മ പാൽപ്പാത്രം പിടിച്ചുവാങ്ങി അവളോട് കിണറ്റിൽ നിന്ന് വെള്ളം കോരി കൊണ്ടുവരാൻ നിർദ്ദേശിച്ചു. ഒന്നിനു മീതെ ഒന്നായി മൂന്നു പാത്രങ്ങൾ തലയിൽ വെച്ചു കൊടുത്തു.
ഒരു കൈയ്യിൽ വെള്ളം കോരാനുള്ള ഒരു കയറും കൊടുത്തു.  അവൾ മറു കയ്യിൽ അവൾ കുഞ്ഞിനേയും  പിടിച്ചു കിണറ്റിൻ കരയിൽ എത്തി. വെള്ളം കോരാനായി കൊണ്ടുവന്ന ഒരു കുടത്തിന്റെ കഴുത്തിൽ കയർ കെട്ടി കിണറ്റിലിട്ട് വെള്ളം കോരി മറ്റു കുടങ്ങളിൽ നിറക്കുകയാണ് ഇവിടുത്തെ രീതി. അതിനായി പ്രത്യേകം പാത്രം ഉണ്ടാവില്ല. ഗോപിയുടെ മനസ്സ് കൈവിട്ടു പോയതിനാൽ കയറെടുത്ത് കുഞ്ഞിന്റെ കഴുത്തിൽ കെട്ടാൻ തുടങ്ങി. അവളുടെ പിന്നാലെ വന്ന അമ്മായിഅമ്മ ഇതുകണ്ട് ഉറക്കെ നിലവിളിച്ചുകൊണ്ട് കുട്ടിയെ പിടിച്ചു മാറ്റി. നിലവിളികേട്ട്  മറ്റു ഗോപികമാർ അവിടെ വന്നു. "ഈ പെണ്ണിന് എന്തു സംഭവിച്ചു എന്നറിയില്ല. രാവിലെ തനിച്ച് വയലിനപ്പുറത്തെ വനത്തിനടുത്തുപോയി. ഞാൻ നോക്കുമ്പോൾ മുതൽ ഇവൾ ഈ അവസ്ഥയിലാണ്. ഇവളിൽ ഏതെങ്കിലും ഗ്രഹബാധ കടന്നു കൂടിയോ?
  കൃഷ്ണപ്രേമാവസ്ഥയിൽ ഇതുപോലെ അനുഭവമുള്ള ആ ഗോപികമാർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
" അതെ ഇത് ഗ്രഹബാധ തന്നെയാണ്. ഇവളെ നന്ദമഹാരാജന്റെ കൃഷ്ണഗ്രഹം ബാധിച്ചിരിക്കുന്നു."
കൃഷ്ണനാൽ പൂർണ്ണമായും ആഗിരണം ചെയ്ത ജീവന്മാർ ബാഹ്യപ്രജ്ഞ ഇല്ലാതെ സമാധി അവസ്ഥയെ പ്രാപിക്കുന്നു. എന്നാൽ കർമ്മവാസനകൾ ബാക്കി ഉള്ളതിനാൽ വീണ്ടും തിരിച്ചു വരുന്നു. ഈ ഭാഗ്യം ലഭിച്ചവരാണ് വൃന്ദാവനത്തിലെ ഗോപികമാർ.
"വന്ദേ നന്ദവ്രജസ്ത്രീണാം
പാദരേണുമഭീക്ഷണശഃ
യാസാം ഹരികഥോല്‍ഗീതം
പുനാതി ഭൂവനത്രയം"
അൽപ്പമെങ്കിലും കൃഷ്ണഗ്രഹബാധ ഏറ്റ ജീവന്മാർക്ക് വൃന്ദാവനത്തിൽ എത്തിയാൽ ഈ അവസ്ഥയുടെ ഒരംശമെങ്കിലും അനുഭവിക്കാൻ സാധിക്കും.
 എല്ലാവർക്കും കൃഷ്ണപ്രേമം ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമ പുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു.
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ

*സുദർശന രഘുനാഥ്*
*വനമാലി*

No comments:

Post a Comment