ഈശ്വരസാന്നിദ്ധ്യത്തിന്റെ അനുഭവം
Thursday 5 December 2019 5:29 am IST
ചിലര്‍ ഇങ്ങനെ ചോദിക്കും; ഈശ്വരന്‍ ഒരുവന്റെ ഹൃദയത്തില്‍തന്നെ കുടികൊള്ളുകയല്ലേ? പിന്നെ ക്ഷേത്രത്തില്‍പോകേണ്ട ആവശ്യം എന്താണ്? ഈശ്വരനാമം ആയിരം ആവര്‍ത്തി ജപിക്കേണ്ടതുണ്ടോ? ഈശ്വരനെ ഒരു പ്രാവശ്യം വിളിച്ചാല്‍ പോരെ? അതേ,അതു ശരിയാണ്. ഈശ്വരന്‍ ഹൃദയത്തില്‍തന്നെയുണ്ട്. അവിടുന്ന് അത്രമാത്രം സമീപവര്‍ത്തി തന്നെ. പക്ഷേ നിങ്ങള്‍ ഈശ്വരസാന്നിദ്ധ്യം അനുഭവിക്കുന്നുണ്ടോ? നിങ്ങള്‍ ഈശ്വരന്റെ ശബ്ദം കേള്‍ക്കുന്നുണ്ടോ? ഈശ്വരനുമായി ഒരിക്കലെങ്കിലും നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ? ഈശ്വരനാമം ഉച്ചരിക്കുമ്പോള്‍ ഹൃദയം ആസകലം അലിഞ്ഞ് സ്വയം വിസ്മരിക്കാന്‍ കഴിയുമാറ് അത്രകണ്ട് (ഈശ്വര)പ്രേമം നിങ്ങള്‍ക്കുണ്ടോ? ആ നില പ്രാപിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ എങ്ങും പോകേണ്ടതില്ല. എന്നാല്‍ ആ രീതിയിലുള്ള ഹര്‍ഷോന്മാദമായ പ്രേമം സാധനാനുഷ്ഠാനങ്ങളുടെയെല്ലാം പരിണതഫലമായി ഉണ്ടാകുന്നതാണ്.
നാമവും ഹൃദയഹാരിയായ ദിവ്യരൂപമുള്ള ഇഷ്ടദേവതയുടെ-സഗുണേശ്വരന്റെ-ഉപാസനയും ആരംഭിക്കുന്നത് വിധിപൂര്‍വ്വകമായ ആരാധനയോടുകൂടിയാണ്. രൂപം ഹൃദയത്തെ വശീകരിക്കുന്നു. നാമം പീയൂഷസമാനമായ മാധുര്യത്തിന്റെ ഉറവിടം ആയിത്തീരുന്നു. നാമത്തിന്റെയും രൂപത്തിന്റെയും അവലംബം മുഖേന ധ്യാനവും പുരോഗമിക്കുന്നു. ഭക്ത്യാസക്തവും ക്രമാനുഗതവുമായ ആരാധനയും ധ്യാനവും നിങ്ങളെ ദിവ്യഭാവത്തിലേക്കു നയിക്കുന്നു. ആരാധനയും ധ്യാനവും ദിവ്യഭാവത്തില്‍ വിലയിക്കുമ്പോള്‍,സമസ്തരൂപങ്ങളും ഈശ്വരരൂപങ്ങളാണെന്ന അതീന്ദ്രിയാനുഭൂതി സിദ്ധിക്കും. (സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
No comments:
Post a Comment