Sunday, January 26, 2020

[26/01, 14:38] Bhattathiry: ഹരിനാമകീർത്തനം-75
 
    ഭഗവാന്റെ ഇത്തരം വിരുദ്ധ പ്രകടനങ്ങൾ നിരവധിയുണ്ട്.  അങ്ങനെയുള്ള വേറെ രണ്ടെണ്ണം ചൂണ്ടിക്കാട്ടുകയാണ് മുപ്പത്തിമൂന്നാം  പദ്യത്തിൽ,

   ഘർമ്മാതപം കുളിർനിലാവെന്നു
   തമ്പിയൊടു
   ചെമ്മേ പറഞ്ഞു നിജ പത്നീം 
   പിരിഞ്ഞളവു
   തന്നെത്തിരഞ്ഞു മറുകിച്ചാ   
   മൃഗാക്ഷികളെ
   വൃന്ദാവനത്തിലഥ
   നാരായണായ നമഃ                   (33)

  ശ്രീരാമാവതാരത്തിൽ കാട്ടിൽ പാർക്കുമ്പോൾ തന്റെ ഭാര്യയായ
സീതയുമായി വേർപിരിഞ്ഞ് അന്വേഷിച്ചു നടക്കുമ്പോൾ എങ്ങും പരന്ന നിലാവു കണ്ടിട്ട് ഗ്രീഷ്മകാലത്തെ കഠിനമായ വെയിലാണന്ന് അനുജനായ ലക്ഷ്മണനോടു പറഞ്ഞു വിലപിച്ചു. പിന്നൊരിക്കൽ കൃഷ്ണാവതാര കാലത്ത് വൃന്ദാവനത്തിൽ വച്ചു തന്നിൽ പ്രേമാസക്തരായ ഗോപികമാരെ കാട്ടിൽ തന്നെ തിരഞ്ഞു നടത്തിച്ചു വല്ലാതെ വിഷമിപ്പിച്ചു. നാരായണനു നമസ്കാരം.

കുളിർനിലാവ് ഘർമ്മാതപമായി

   സീതയെ രാവണൻ അപഹരിച്ചതോടെ ശ്രീരാമലക്ഷ്മണന്മാർ ജാനകിയെ തിരഞ്ഞു കാട്ടിലെങ്ങും സഞ്ചരിച്ചു. അക്കാലത്തു പ്രകൃതിയിലെ
സൗന്ദര്യം മുഴുവൻ വിരഹിയായ രാമനു ദുഃഖപ്രദമായിത്തോന്നി. ബാലിവധം കഴിഞ്ഞ് രാമൻ പ്രസ്രവണപർവതത്തിൽ താമസിക്കുമ്പോൾ ഈ സ്ഥിതി വല്ലാതെ മൂർച്ഛിച്ചു. ശരത്ക്കാലമായി; സുഗ്രീവൻ സീതാന്വേഷണത്തിനു യത്നമൊന്നും ആരംഭിക്കുന്നതായി കണ്ടില്ല. ഈ സന്ദർഭത്തിൽ രാമൻ ലക്ഷ്മണന്റെ മുമ്പിൽ സീതയെച്ചൊല്ലി ഇങ്ങനെ വിലപിച്ചു:

 എന്നെയും കാണാഞ്ഞു
 ദുഃഖിച്ചിരിക്കുന്ന
 നിന്നെ ഞാനെന്നിനിക്കാണുന്നു
 വല്ലഭേ!
 ചന്ദ്രാനനേ! നീ
 പിരിഞ്ഞതുകാരണം
 ചന്ദ്രനുമാദിത്യനെ-
 പ്പോലെയായിതു.

   ചന്ദ്രന്റെ പൂനിലാവ് രാമന് കഠിനതപം പോലെ തോന്നിയെന്നാണല്ലോ ഒടുവിലത്തെ വരിയുടെ താത്പര്യം. സീതയെച്ചൊല്ലിയുള്ള ഈ വിലാപം തന്നെയാണ് 'ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു' പറഞ്ഞതായി കവി വിവരിച്ചിരിക്കുന്നത്.

മൃഗാക്ഷികളെ വൃന്ദാവനത്തിൽ
തന്നെത്തിരഞ്ഞു മറുകിച്ചു

  ഒരു ദിവസം മനോമോഹനമായ ശരത്ക്കാലരാത്രിയിൽ ഉണ്ണിക്കണ്ണൻ വൃന്ദാവനത്തിൽ വേണുഗാനം മുഴക്കി. മധുരമായ വേണുഗാനം കേട്ട് അനുരക്തരായ ഗോപികമാർ കൃഷ്ണനു ചുറ്റും തടിച്ചുകൂടി. കൃഷ്ണൻ അവരുമായി രാസലീലയിലേർപ്പെട്ടു. കൃഷ്ണൻ തികച്ചും തങ്ങൾക്കു വശംവദനായിക്കഴിഞ്ഞു എന്നു ഗോപികമാർ അഭിമാനിച്ചു. ഈ അഭിമാനം ശമിപ്പിക്കാനായി ഭഗവാൻ പെട്ടെന്ന് അന്തർധാനം ചെയ്തു. വിരഹാതുരരായ ഗോപികമാർ വിലപിച്ചുകൊണ്ടു കാടു മുഴുവൻ ഭഗവാനെ അന്വേഷിച്ചു നടന്നു. ഒരിടത്തും ഭഗവാനെ കണ്ടെത്താതെ അവർ കാളിന്ദീനദിയുടെ പുളിനത്തിൽ വീണ്ടും ഒരുമിച്ചുകൂടി. അഭിമാനം വെടിഞ്ഞ് കൃഷ്ണനെ സ്തുതിക്കാൻ തുടങ്ങി. ഗോപികമാരുടെ ഈ സ്തുതിയാണ് “ജയതിതേfധികം
ജന്മനാ വ്രജ” എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗോപികാഗീതം. ഭാഗവതം ദശമത്തിൽ മുപ്പത്തൊന്നാമദ്ധ്യായമാണ് ഗോപികാഗീതം. ഒടുവിൽ ഭഗവാൻ അവരുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു. ഒരിടത്തു താൻ പ്രിയതമയെ അന്വേഷിച്ചു നടന്നു വിലപിക്കുന്നു. മറ്റൊരിടത്തു പ്രേമവതികളായ ഗോപികമാരെ തന്നെത്തിരഞ്ഞു മറുകിക്കുന്നു. ഇതെന്തൊരു
പരസ്പരവൈരുധ്യമെന്നാണ് പ്രസ്തുതശ്ലോകത്തിൽ കവി സംശയിച്ചിരിക്കുന്നത്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.
[26/01, 14:38] Bhattathiry: വിവേകചൂഡാമണി- 156


   സർവ്വോfപി ബാഹ്യസംസാരഃ 
   പുരുഷസ്യ യദാശ്രയഃ
   വിദ്ധി ദേഹമിദം സ്ഥൂലം
   ഗൃഹവത് ഗൃഹമേധിനഃ.          (90)
 
   സ്ഥൂലശരീരത്തെ ആശ്രയിച്ചാണ് ബാഹ്യലോകവുമായുള്ള
സകല വ്യാപാരവും ജീവൻ നിർവഹിക്കുന്നത്. ഗൃഹസ്ഥന് തന്റെ ഗൃഹം എപ്രകാരമാണോ അപ്രകാരമാണ് ജീവന് ഈ സ്ഥൂലശരീരം.

    മനുഷ്യൻ വീട്ടിൽ താമസിക്കുന്നു. ജോലിചെയ്യാൻ നിത്യവും വെളിയിൽ പോകുന്നു. ജീവിതവൃത്തിക്കുള്ള വക സമ്പാദിച്ച് തിരിച്ച് വീട്ടിൽ വന്ന് ആഹാരം കഴിച്ച് വിശ്രമിക്കുന്നു. വീട്ടിൽ ക്ഷീണിതനായി കിടന്നുറങ്ങി ക്ഷീണം തീർത്ത്, അടുത്ത ദിവസം വീണ്ടും ജോലിക്കായി പുറത്തു പോകുന്നു. അതുപോലെ ദേഹി
സ്ഥൂലദേഹത്തെ ആസ്ഥാനമാക്കി ബാഹ്യലോകത്തിൽ വ്യാപരിക്കുന്നു -- ദേഹത്തിന് വെളിയിലുള്ള വിഷയങ്ങളുമായി,  ബന്ധപ്പെടുകയും തിരികെ ദേഹത്തിൽനിന്ന് സുഖദുഃഖങ്ങൾ അനുഭവിക്കയും ചെയ്യുന്നു.
 
   അനുകൂലമോ പ്രതികൂലമോ ആയ സാഹചര്യങ്ങൾ മൂലം
വന്നുചേരുന്ന സുഖവും ദുഃഖവും നമുക്ക് വെളിയിലല്ല അനുഭവപ്പെടുന്നത്. വിഷയങ്ങളെല്ലാം പുറത്താണെങ്കിലും സുഖദുഃഖങ്ങളുടെ അനുഭവം എപ്പോഴും അകത്തുതന്നെയാണ്. ഇതിൽ നിന്ന്
വ്യക്തമാകുന്നതെന്ത്? മനസ്സ് വെളിയിൽപ്പോയി ബാഹ്യവിഷയങ്ങളുമായി സമ്പർക്കം പുലർത്തുന്നു; വ്യാപാരം കഴിഞ്ഞ് വീണ്ടും ഉള്ളിൽത്തന്നെ തിരിച്ചുവന്ന്, സമ്പാദിച്ച സുഖവും ദുഃഖവും അനുഭവിക്കയും ചെയ്യുന്നു.

  ഈ നിലയ്ക്കു നോക്കുമ്പോൾ, ബാഹ്യലോകത്തെ അനുഭവിക്കാനുള്ള ഒരുപകരണം മാത്രമല്ല സ്ഥൂലദേഹം. കർത്തൃത്വ- ഭോക്തൃത്വ അഭിമാനിയായ ജീവൻ താമസിക്കുന്ന വീടാണിത്. ജീവൻ ഇതിലിരുന്ന് വിശ്രമിക്കുകയും, വെളിയിൽ പോവുകയും വീണ്ടും തിരിച്ചുവരികയും ചെയ്യുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment