Friday, January 31, 2020

[31/01, 13:51] Sadashivan Kalarikkal: *#യഥാർത്ഥ_ഭക്തി_ഭാവം*
🙏🌹🌺🌸💐🌹🙏
പ്രഹ്ളാദനോട് ഭഗവാൻ ചോദിച്ചു
"പ്രഹ്ളാദാ... എന്തു വരമാണ് വേണ്ടതെന്നു പറയൂ"
വളരെ സന്തോഷത്തോടെ പ്രഹ്ളാദൻ പറഞ്ഞു
"അടിയന് ഒന്നും വേണ്ട ഭഗവാനേ" പ്രഹ്ളാദവചനം
ഭഗവാനിൽ അത്ഭുതമുളവാക്കി എല്ലാവരും ആഗ്രഹങ്ങളുടെ, ആവശ്യങ്ങളുടെ വലിയ പട്ടികയാണ് തന്നോട് ആവശ്യപ്പെടാറുള്ളത്. എനിക്ക് അത് വേണം, ഇത് വേണം എന്നൊക്കെയാണ് എപ്പോഴും  കേട്ടിട്ടുള്ളത്. ഇതെന്താ ഇങ്ങനെ?
ഭഗവാൻ വീണ്ടും പറഞ്ഞു; "എന്തെങ്കിലും ചോദിക്കൂ.... അങ്ങനെ ചോദിക്കണമെന്നുണ്ട് പ്രഹ്ളാദാ".. ഈ ഭഗവത് വാക്യം ഒന്നുകൂടി കേട്ടപ്പോൾ, പ്രഹ്ളാദൻ ധർമ്മസങ്കടത്തിലായി. എൻ്റെ ഭഗവാനോട്  എന്ത് ചോദിക്കാൻ! ഞാൻ എല്ലാം സമർപ്പിച്ച, എല്ലാത്തിലും നിറഞ്ഞു നിൽക്കുന്ന, എൻ്റെ ശ്രീഹരിയോട് എന്താണ് ചോദിക്കുക?...!
വീണ്ടും ഭഗവാൻ നിർബന്ധിച്ചു; "പ്രഹ്ളാദാ.... ചോദിക്കൂ " നിറഞ്ഞ മനസോടെ പ്രഹ്ളാദൻ പറഞ്ഞു "ഭഗവാനേ, ലക്ഷ്മീവല്ലഭാ.. എനിക്ക്
ഒരേയൊരു വരംമതി. എന്തെങ്കിലും എനിക്ക് വേണമെന്നുള്ള തോന്നൽ ഉണ്ടാകരുത്. ആ വരം മാത്രംമതി".
ഇവിടെ അത്യദ്ഭുതമായി ഭഗവാൻ അനുഗ്രഹവർഷം ചൊരിയുകയാണ് പ്രഹ്ളാദനിൽ. ഒന്നും എനിക്ക് ആഗ്രഹമില്ല എന്നുപറയുന്ന ഈ ഭക്തനാണ് ഭഗവാന് പ്രിയപ്പെട്ടവൻ.

പ്രഹ്ലാദന് തന്റെ കുട്ടിക്കാലത്ത് നാരായണ ഭക്തനായതു കൊണ്ട് മാത്രം  സ്വന്തം അച്ഛനിൽ നിന്ന് കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം  ഭഗവാനെ ഭജിക്കുക മാത്രമാണ് പ്രഹ്ലാദൻ ചെയ്തത്. ഭജനം നിർത്തി ഭഗവാനോട് എന്തെങ്കിലും സഹായം ചോദിക്കാൻ അമ്മ"കയാതു" നിർബന്ധിക്കും.  "മോനേ പ്രഹ്ളാദാ നിന്റെ നാരായണനോട് സഹായം ചോദിക്കൂ, നീ വിളിച്ചാൽ വരില്ലേ നിന്റെ ഭഗവാൻ? എന്നിട്ടും എന്തേ നീ ഈ വേദനകളെല്ലാം സഹിക്കുന്നു" ഇത് കേട്ട് കൊച്ചു പ്രഹ്ളാദൻ നിഷ്കളങ്കമായ തന്റെ ചുണ്ടുകൾ വിടർത്തി പറഞ്ഞു "അമ്മാ.... രക്ഷിക്കേണ്ടവന് രക്ഷിക്കണമെന്ന ബോധം ഉള്ളിടത്തോളം കാലം രക്ഷിക്കണേ എന്നു വിളിച്ചു കരയണോ?". ഇതാണ് പ്രഹ്ളാദ ഭക്തി. പൂർണ്ണമായ സമർപ്പണമാണ് ഭക്തി. തന്റെ ഭക്തന് എന്ത്, എപ്പോൾ വേണമെന്ന് ഭഗവാനറിയാം. രക്ഷിക്കേണ്ടവന് ആ ബോധം ഉണ്ട്. സമയമാകുമ്പോൾ വരും... കൺപാർത്തിരുന്നാൽ മാത്രം മതി.... ചോദിച്ചാലെ തരൂ, ചോദിച്ചില്ലെങ്കിൽ തരില്ല എന്നത് മനുഷ്യ സ്വഭാവമാണ്. ഈശ്വരഭാവമല്ല. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് എന്താണ്???കീർത്തിക്കൽ മാത്രം....

ഈ രണ്ട് സംഭവങ്ങളിലൂടെയും കൊച്ചു പ്രഹ്ളാദൻ  നമ്മെ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്. ശുദ്ധമായ, നിഷ്കളങ്കമായ ഭക്തിയെ കുറിച്ചാണത്. അതു കൊണ്ടാണ് നാരദമഹർഷി ഭക്തന്മാരുടെ പേരുകൾ തയ്യാറാക്കിയപ്പോൾ ആദ്യത്തെ പേര് പ്രഹ്ളാദൻ എന്ന് എഴുതിയത്. നാരദ ശിഷ്യനാണല്ലോ പ്രഹ്ളാദൻ. ഗുരുവിൽ നിന്ന് കേട്ടാണ് നാരായണ നാമ മഹിമ പ്രഹ്ലാദൻ പഠിച്ചത്. ഭക്തിയുടെ കാര്യത്തിൽ ആ ഗുരുവിനെപോലും പരാജയപ്പെടുത്തിയ ഇത്തരം ശിഷ്യന്മാരുടെ പാരമ്പര്യമാണ് നമ്മുടേത്. അവർ വിജയിച്ചത്  കായികശക്തിയുടേയും, സൈന്യബലത്തിൻ്റെയും കരുത്തിലല്ല, മറിച്ച്   പൂർണ്ണസമർപ്പണത്തിലൂടെ മാത്രമാണ്. അതാണ് യഥാർത്ഥ ഭക്തി ഭാവം.       🙏🌹🌺🌸💐🌹🙏
[31/01, 13:51] Sadashivan Kalarikkal: ബ്രഹ്മത്തെ അറിഞ്ഞവനാണു് ബ്രാഹ്മണൻ.ആ ബ്രഹ്മചൈതന്യത്തെ.... ഇഷ്ടദേവനെ പൂജ ചെയ്തുകൊണ്ടിരിക്കെ പ്രാണന്‍ വിഷ്ണുപദത്തിൽ ലയിക്കുക. അപൂര്‍വതയില്‍ അപൂര്‍വമായ ഭാഗ്യം സിദ്ധിച്ച പുണ്യത്മാവാണ് ഭാഗവതഹംസമെന്ന് പുകൾപെറ്റ ബ്രഹ്മശ്രീ മള്ളിയൂര്‍ ശങ്കരന്‍നമ്പൂതിരി .ഒരു പുരുഷായുസ്‌ മുഴുവന്‍ ഋഷി തുല്യനായി  ജീവിച്ച്‌ വിജ്ഞാനത്തിന്റെ മഹാനിധി സമസ്ത ജീവ ജാലങ്ങൾക്കും ദാനംചെയ്ത ആധ്യാത്മിക ശ്രേഷ്ഠനായിരുന്നു മള്ളിയൂര്‍ തിരുമേനി.
അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരിയുടേയും അമ്മ ആര്യാ അന്തര്‍ജനത്തിന്റെയും സീമന്തപുത്രനായി ശങ്കരന്‍ നമ്പൂതിരി 1921 ല്‍ ജന്മമെടുത്തു. എട്ടാം വയസ്സില്‍ ഉപനയനവും പിന്നീട് സമാവര്‍ത്തനവും വിധിപ്രകാരം നടന്നു.ഇതിനിടെ കുറുമാപ്പുറം നരസിംഹക്ഷേത്രത്തില്‍ കുറച്ചുകാലം പൂജാദികള്‍ ചെയ്യാനും പോയി. 12-ാം വയസില്‍ തിരിച്ചുപോന്നു.
14 വയസു കഴിഞ്ഞശേഷമാണ് സംസ്കൃതപഠനം തുടങ്ങുന്നത്. ഗുരുനാഥന്‍ പട്ടമന വാസുദേവന്‍ നമ്പൂതിരിയായിരുന്നു. ക്ഷേത്രജോലിയും പഠനവും ഉറക്കക്കുറവുമെല്ലാം അദ്ദേഹത്തെ രോഗാതുരനാക്കി.
വൈദ്യശാസ്ത്രം കൈയൊഴിഞ്ഞ സന്ദര്‍ഭത്തിൽ ഇനി മഹാവൈദ്യന്‍ തന്നെ ശരണമെന്ന് തീർച്ചയാക്കി സുകൃതയായ മാതാവിന്റെ നാവില്‍നിന്നുതന്നെ ഗുരുവായൂരപ്പന്റെ ഇച്ഛ വാക്കായി പുറത്തുവന്നു. ഉണ്ണീ നീ ഗുരുവായൂരപ്പനെ ആശ്രയിക്കൂ!

പണ്ഡിതനും മഹാഭക്തനും ശ്രേഷ്ഠഗുരുവരനുമായ ബ്രഹ്മശ്രീ പടപ്പനമ്പൂതിരി അക്കാലത്ത് ഗുരുവായൂരില്‍ ഭജനവുമായുണ്ടായിരുന്നു. അദ്ദേഹവുമായി പരിചയപ്പെട്ടു. രാവിലെ കൂടെ കഴിയും. സംസാരം നന്നേ കുറവാണ് അദ്ദേഹത്തിന്. ആഹാരം നിവേദ്യം മാത്രം. ഭക്തന്മാര്‍ കൂടിയാല്‍ നിവേദ്യം എല്ലാവര്‍ക്കും വീതിക്കും. പലപ്പോഴും പട്ടിണിയായിരുന്നു.
പടപ്പനമ്പൂതിരിക്ക് ഭക്തനെ വളരെ ഇഷ്ടമായി. ഭക്തനു നമ്പൂതിരിയെയും. ശങ്കരന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. ഭാഗവതാചാര്യനായ പടപ്പനമ്പൂതിരി ആ പുണ്യസങ്കേതത്തില്‍ വച്ച് ശങ്കരനെന്ന ശിഷ്യന് ഭാഗവതോപദേശം നല്‍കി അനുഗ്രഹിച്ചു. മടിയില്‍ സൂക്ഷിച്ചിരുന്ന കാല്‍ പണം ഭക്തിയോടെ ശിഷ്യന്‍ ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ദക്ഷിണയായി സമര്‍പ്പിച്ചു.

ഭാഗവതോപദേശം കിട്ടിയാല്‍ നിത്യപാരായണം വേണമെന്ന് നിയമമുണ്ട്. അതിനായി  കൈവശം ഭാഗവതമില്ല. സ്വന്തമായൊന്ന് വാങ്ങുവാനാണെങ്കിൽ പണവുമില്ല. ഒടുവില്‍ ഭക്തപ്രിയനായ ഗുരുവായൂരപ്പന്‍ തന്നെ അതിനുള്ള വഴിയുമൊരുക്കി.
മഹാഭക്തയായിരുന്ന ഒരു അമ്മ്യാര്‍ താല്‍പ്പര്യമുള്ളവര്‍ക്ക് സൗജന്യമായി ശ്രീമദ് ഭാഗവതം വരുത്തിക്കൊടുത്തിരുന്നു. അങ്ങനെ ശങ്കരനും കിട്ടി ഒരു ഭാഗവതം. ഗുരുവായൂരില്‍ നിന്നും പോരുന്നതിനു മുമ്പ് ഒരു മുറ മതില്‍ക്കെട്ടിനകത്തിരുന്ന് വായിക്കണമെന്ന് മോഹം. അങ്ങനെ ഭാഗവതം വായന തുടങ്ങി. അര്‍ഥവും പറഞ്ഞു. കേട്ടുനിന്നവരുടെ മിഴികള്‍ ഭക്തിയാൽ നിറഞ്ഞു. ഗുരുവായൂരപ്പന്‍ കൊടുത്ത ആദ്യ അനുഗ്രഹം. പലരും  ഭംഗിയായി എന്ന് പ്രശംസിച്ചപ്പോൾ ...... സന്തോഷമായി... ഗുരുവായൂരപ്പന്‍ പ്രസാദിച്ചു.... ആ മിഴികളിൽ ഭഗവാനോടുള്ള പ്രാർത്ഥന അശ്രുക്കളായി പ്രവഹിച്ചു.

ഭജനം കഴിഞ്ഞു. ഇല്ലത്തേയ്ക്ക് തിരിച്ചു. അക്കാലത്ത് മാമുണ്ണ് സ്വാമിയാര്‍ (സാമവേദി) തിരുവാര്‍പ്പില്‍ ഉണ്ടായിരുന്നു. മഠത്തില്‍ താമസിച്ച് പഠിക്കാന്‍ മള്ളിയൂരിന് ക്ഷണം കിട്ടി. വളരെ സന്തോഷമായി. പഠനത്തിനുള്ള ആഗ്രഹം  കുറഞ്ഞിട്ടില്ലായിരുന്നു. രണ്ടു വര്‍ഷത്തോളം പഠനം തുടര്‍ന്ന് നൈഷധം, കാവ്യം, തര്‍ക്കം, കൌമുദി, മുതലായവയെല്ലാംഅവിടെ  നിന്നുപഠിച്ചു. അപ്പോഴാണ് ആദിത്യപുരത്ത് ഭജനമിരിക്കണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ പാരായണവും ജപവുമായി ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തില്‍ അദ്ദേഹംഭജനം തുടങ്ങി.
ശങ്കരന്‍ നമ്പൂതിരിയുടെ പാരായണവൈദഗ്ദ്ധ്യത്തെക്കുറിച്ചും, അര്‍ഥവ്യാഖ്യാനകുശലതയെക്കുറിച്ചും ഇതിനകം സജ്ജനങ്ങള്‍ അറിഞ്ഞെത്തി. ഇലഞ്ഞിത്താനം ഇല്ലത്ത് ഭാഗവതപാരായണത്തിന് ക്ഷണം കിട്ടി. ആറുമാസം അവിടെ താമസിച്ചു. ചികിത്സയും ഉണ്ടായി. പിന്നീട് കൊണ്ടമറുക് ഇല്ലത്തും രണ്ടുവര്‍ഷത്തോളം പാരായണവും പ്രഭാഷണവുമായി കഴിഞ്ഞു. പിന്നെ കുമാരനല്ലൂര്‍ ഭഗവതിയ്ക്കു മുന്നിൽ ഭജനം പാർത്തു.
ഇക്കാലത്താണ് ഒളശ്ശയില്‍ ചിരിട്ടമണ്‍ ഇല്ലത്ത് പ്രശ്നവശാല്‍ ദശമം അര്‍ഥത്തോടെ വായിക്കാന്‍ ക്ഷണം കിട്ടിയത്. അങ്ങോട്ടുപോയി. അഷ്ടാംഗഹൃദയം (ആയുര്‍വേദഗ്രന്ഥം) പഠിപ്പിക്കണമെന്ന് വാഗ്ദാനവും. ഏകദേശം രണ്ടു കൊല്ലം അവിടെ പഠിച്ച് താമസിച്ചു. പക്ഷേ രോഗ ചിന്ത ഇടയ്ക്ക് വല്ലാതെ അലട്ടി. മനോവേദന തീവ്രമായൊരു നാളില്‍ സ്വപ്നദര്‍ശനമുണ്ടായി. ഒരു തേജോമൂര്‍ത്തി അരുളി. സൂര്യനമസ്കാരം ഉണ്ടല്ലോ. പേടിക്കേണ്ട മാറിക്കോളും.

1124-ല്‍ കൈതമറ്റം ശങ്കരന്‍ നമ്പൂതിരി ദാനം ചെയ്ത തിരുവഞ്ചൂരുള്ള നാലുകെട്ട് പൊളിച്ച് മള്ളിയൂരേയ്ക്കു കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലം പണിതു. കിടക്കാനിടമായെങ്കിലും സന്തോഷിക്കാന്‍ വകയായില്ല. ശ്രീ മഹാഗണപതിയെ പൂജിക്കുമ്പോള്‍ മേല്‍ക്കൂര ചോര്‍ന്നുവീഴുന്ന ജലത്തുള്ളികളെക്കാള്‍ വലുതായിരുന്നു മനസ് വിങ്ങി കവിഞ്ഞൊഴുകിയ കണ്ണീര്‍. ഇതിനൊരു പരിഹാരത്തിനായി ഗണപതിയെത്തന്നെ ആശ്രയിച്ചു. തിരുമുമ്പില്‍ സപ്താഹം ആരംഭിച്ചു.
ആശ്രിതവത്സലനായ ഭഗവാന്റെ കഥാമൃതം ഭക്തനിൽ നിന്നു ശ്രവിച്ചപരദേവത സന്തോഷിച്ചു. പിന്നീടങ്ങോട്ട് ഉന്നതിയിലേക്കുള്ള പ്രയാണമായിരുന്നു . ക്ഷേത്രം ഇന്നു കാണുന്ന അവസ്ഥയിലുമെത്തി. 1134-ല്‍ മേഴത്തൂര്‍ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തര്‍ജനവുമായി വിവാഹം. നാലു മക്കള്‍. രണ്ടാണും രണ്ടു പെണ്ണും. പുത്രന്മാര്‍ പിതാവിന്റെ വഴി പിന്തുടരുന്നു.

കോട്ടയം ജില്ലയിലെ കുറുപ്പുന്തറയ്ക്കടുത്തുള്ള മള്ളിയൂരില്ലവും ഉണ്ണിക്കണ്ണനെ മടിയിലേന്തിയ മഹാഗണപതിയുടെ ക്ഷേത്രവും ശങ്കരന്‍ നമ്പൂതിരിയുടെ ജന്മംകൊണ്ടും കര്‍മം കൊണ്ടും തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുന്നു. അതിലളിതമായ ജീവിതം നയിച്ചിരുന്ന മള്ളിയൂരിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഭാഗവതസത്രം ലോകമാകെ വ്യാപിച്ചത്‌ അതിവേഗമായിരുന്നു.

രണ്ടായിരത്തഞ്ഞൂറിലധികം ഭാഗവത സപ്താഹങ്ങള്‍ നടത്തി ലോകമാകെ ശ്രദ്ധിക്കുന്ന ആധ്യാത്മിക തേജസ്സായി അദ്ദേഹം വളര്‍ന്നു. പണ്ഡിതന്മാരുടെ വ്യക്തിപ്രഭാവവും സത്രത്തിലെത്തുന്ന ഭക്തജനങ്ങളുടെ സംഖ്യയും കാണുമ്പോള്‍ അദ്ദേഹം കൈവരിച്ച ധര്‍മപ്രചരണത്തിന്റെ വ്യാപ്തി മനസ്സിലാകും.
2011 ഓഗസ്റ്റ്‌ 2ന് തൊണ്ണൂറാം വയസ്സിൽ കോട്ടയം കുറുപ്പന്തറയിലെ വസതിയിൽ വെച്ച് അദ്ദേഹം ഭഗവദ്പാദാരവിന്ദങ്ങളിൽ വിലയം പ്രാപിച്ചു.. അദ്ധ്യാത്മിക, സാഹിത്യ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം ,
കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്‌നപുരസ്‌കാരം ,
ഗുരുവായൂർ ഭാഗവത വിജ്ഞാന സമിതിയുടെ ഭാഗവതഹംസം പുരസ്‌കാരം ,
ബാലസംസ്‌കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം  എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങളും ആദരവുംആ മഹാത്മാവിന് ലഭിച്ചിട്ടുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം സത്സംഗങ്ങളും സപ്താഹങ്ങളും സത്രങ്ങളുമിന്ന്‌ നടക്കുന്നുണ്ടെങ്കില്‍ ഇതിനെല്ലാം പ്രേരണയായത്‌ മള്ളിയൂര്‍ തുടങ്ങിവച്ച ഭാഗവതസത്രമാണെന്ന്‌ പറയേണ്ടിവരും. ജാതിമതഭേദമന്യേ എല്ലാവരുടെയും ആദരവ്‌ നേടിയ മള്ളിയൂര്‍ തിരുമേനി മനുഷ്യസമൂഹത്തിന്റെ അഭിമാനമാണ്‌.
സംഘര്‍ഷംനിറഞ്ഞ മനസുകള്‍ക്ക്‌ ആശ്വാസവും ശാന്തിയും സമാധാനവും പകര്‍ന്നുകൊടുത്ത്‌ ആത്മസായുജ്യത്തിന്റെ നിറവിലേക്ക്‌.... നന്മയുടെ പാതയിലേക്ക് സമൂഹത്തെ അദ്ദേഹം കൈപിടിച്ചാനയിച്ചു.

കപടതയില്ലാതെ സ്വതസിദ്ധമായ സുന്ദരമന്ദഹാസത്തോടെയാണ്‌ ആ മഹാത്മാവ് പെരുമാറിയിരുന്നത് . സർവ്വ ചരാചരങ്ങളിലും ദേവചൈതന്യത്തെ ദര്‍ശിക്കുന്ന ആ ഗുരുനാഥന്റെ മഹത്ത്വം എത്ര വര്‍ണിച്ചാലും അധികമാവില്ല.
മഹാഭാഗവതം സാധാരണക്കാര്‍ക്ക്‌ അപ്രാപ്യവും ദുര്‍ഗ്രഹവുമാണെന്ന വിശ്വാസം പരക്കെ ജനങ്ങളില്‍ പരന്നിരുന്ന സന്ദര്‍ഭത്തിലാണ്‌ മള്ളിയൂര്‍ തിരുമേനി സപ്താഹയജ്ഞവുമായി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്തത്‌ .
ഭാഗവത കഥകള്‍ വളരെ സരളവും ലളിതവുമായി വ്യാഖ്യാനിച്ച്‌ വിശദീകരിച്ചപ്പോള്‍ അവാച്യമായ ആനന്ദാനുഭൂതി ജനങ്ങള്‍ക്ക്‌ അനുഭവപ്പെട്ടു. പണ്ഡിതന്മാര്‍ മാത്രം കേള്‍ക്കാന്‍ എത്തുമായിരുന്ന സപ്താഹയജ്ഞങ്ങള്‍ പിന്നീട്‌  സാധാരണ ഭക്തജനങ്ങൾക്കും പ്രാപ്യമായി.

കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തന സംരംഭങ്ങള്‍ക്ക്‌ ശക്തിപകര്‍ന്ന ചരിത്രപ്രധാനമായ വഴിത്തിരുവുകളായി സപ്താഹയജ്ഞങ്ങള്‍മാറി.
ഭാഗവത സന്ദേശം ലളിതമായ രീതിയിൽ പാമരന്‌ പോലും മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു നല്‍കാനുള്ള മള്ളിയൂരിന്റെ കഴിവ്‌ ,മറ്റാർക്കും അനുകരിക്കാന്‍പോലും പറ്റാത്ത തരത്തിലുള്ളതായിരുന്നുവെന്നതിന് ഉദാഹരണമാണ് ഭക്തർ അദ്ദേഹത്തിന് നൽകിയ ആദരവ്.ആത്മീയജ്ഞാനത്തിന്റെ പരമോന്നതിയിലായിരുന്നു ആ മഹാഗുരുവിന്റെ സ്ഥാനം. ദാരിദ്ര്യത്തില്‍ നിന്ന്‌ തുടങ്ങിയ ജീവിതം ഭഗവാനില്‍ സമര്‍പ്പിക്കുമ്പോള്‍ മള്ളിയൂര്‍ തിരുമേനി അറിവിന്റെയുo വിജ്ഞാനത്തിന്റെയും വിനയത്തിന്റെയുമെല്ലാം സമാനതകളില്ലാത്ത കോടീശ്വരനായിരുന്നു.. പലകോടിയില്‍ ഒരാള്‍ എന്നതുപോലുള്ള ജന്മമായിരുന്നു ഭാഗവതഹംസമായ
മള്ളിയൂർ തിരുമേനിയുടേതെങ്കിലും അതിന്റെ മാഹാത്മ്യമറിഞ്ഞ ഭക്തർ ഒട്ടേറെയാണ്.

ഭഗവാന്‍ തന്ന ജീവിതം ഭഗവാന്‌ മുന്നില്‍ത്തന്നെ സമര്‍പ്പിക്കാന്‍ ഭാഗ്യം ലഭിച്ച മഹാജ്ഞാനിയുടെ.... മഹാഗുരുവിന്റെ  സ്മരണക്കുമുന്നില്‍ ശതകോടി പ്രണാമം........

കടപ്പാട്:
അറിവുകൾ പകർന്നു തന്ന എല്ലാവർക്കും...

No comments:

Post a Comment