Thursday, January 30, 2020

*🎼വിവേകചൂഡാമണിയില്‍ നിന്നും*

*🎼പഞ്ചപ്രാണന്മാർ*

സ്വർണ്ണം ജലം മുതലായവ വികാരഭേദം കൊണ്ട് പലതായിത്തീരുന്നതുപോലെ ഏകനായ പ്രാണൻതന്നെ വൃത്തിഭേദത്താൽ പ്രാണൻ അപാനൻ വ്യാനൻ ഉദാനൻ സമാനൻ എന്നിങ്ങനെ വിവിധ രൂപത്തിൽ വ്യവഹരിക്കപ്പെട്ടുവരുന്നു.

പ്രാണശബ്ദത്തിന് ശ്വാസമെന്നോ വായുവെന്നോ അർത്ഥം കല്പിച്ചുകാണാറുണ്ട്-
അത് ശരിയല്ല. ആദ്ധ്യാത്മികശാസ്ത്രത്തിന്റെ സാങ്കേതികഭാഷയിൽ പ്രാണന് ജീവശക്തിയെന്നാണർത്ഥം. വിവിധങ്ങളായ ശാരീരികപ്രവർത്തനങ്ങളുടെ രൂപത്തിൽ ഓരോ വ്യക്തിയിലും അത് പ്രകടമാവുന്നു. പ്രധാനമായി പ്രാണവൃത്തികൾ അഞ്ചു വിധത്തിലാണ്.
*01*
 വിഷയഗ്രഹണം (പ്രാണവൃത്തി),
*02*
വിസർജ്ജനം (അപാനവൃത്തി)
*03*
ദഹനം (വ്യാനവൃത്തി)
*04*
വിതരണം (സമാനവൃത്തി)
*05*
ചിന്തനം (ഉദാനവൃത്തി) ജീവചൈതന്യമായ പ്രാണശക്തി ഏകമാണെങ്കിലും
ഭിന്നനാമങ്ങളാൽ വ്യവഹരിക്കപ്പെടുന്നത് അതിന്റെ വൃത്തിഭേദത്താലും വികാരഭേദത്താലുമാണ്. പ്രവൃത്തികൾക്കനുസരിച്ച് പേരുകൾ പറയുന്നുവെന്നുമാത്രം.

വാർദ്ധക്യം കൂടുന്നതിനനുസരിച്ച് പ്രവർത്തനശേഷി ചുരുങ്ങി
വരുന്നതായും ദേഹത്തിൽ പ്രകടമായിരുന്ന സർവ്വശക്തികളും മരണത്തോടെ നിലയ്ക്കുന്നതായും നാം കാണുന്നുണ്ടല്ലോ. അഞ്ചു
തരത്തിലുള്ള പ്രാണചേഷ്ടകളാണ് ശരീരഘടനയെ വ്യവസ്ഥപ്പെടുത്തുന്നതും നിയന്ത്രിക്കുന്നതുമെന്ന് പറയാം.

സ്ഥൂലമായ ബഹിഃകരണങ്ങളേയും സൂക്ഷ്മമായ അന്തഃകരണങ്ങളേയും കൂട്ടിഘടിപ്പിക്കുന്നത് പ്രാണശക്തിയാണ്. ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും പ്രവർത്തനക്ഷമങ്ങളാകുന്നത്
അന്തഃകരണവുമായുള്ള വേഴ്ചയാലാണല്ലോ. പ്രാണനാണത് നിർവഹിക്കുന്നത്. സ്ഥൂലസൂക്ഷ്മശരീരങ്ങളുടെ മദ്ധ്യത്തിൽ വർത്തിക്കയാലും അവ രണ്ടുമായി ബന്ധപ്പെടുകയാലും ചില ആചാര്യന്മാർ പ്രാണനെ സ്ഥൂലശരീരത്തിൽ പെടുത്തുന്നു. വേറെ ചിലർ സൂക്ഷ്മശരീരത്തിലും പെടുത്തുന്നു. പ്രാണന്റെ ഒരു ഭാഗം സ്ഥൂലശരീരത്തിലും, മറുഭാഗം സൂക്ഷ്മശരീരത്തിലും ബന്ധിക്കപ്പെട്ടിരിക്കയാൽ ഈ രണ്ടു പക്ഷവും ശരിയാണ്.
 
സ്വർണ്ണംതന്നെ വികാരഭേദത്താൽ വള മാല കമ്മൽ എന്നിവയായിത്തീരുന്നു. രൂപത്തിന്റേയും ഉപയോഗത്തിന്റേയും വ്യത്യാസമനുസരിച്ച് പേര് മാറി എന്നേ ഉള്ളൂ. ജലം തന്നെ അല നുര പത ഹിമം ആവി എന്നിങ്ങനെ പലതായി കാണപ്പെടുന്നു. അതുപോലെ ഏകനായ പ്രാണൻ (ജീവശക്തി) വ്യാപാരവ്യത്യാസം ഹേതുവായി പ്രാണാപാനാദി അഞ്ചു വിധത്തിൽ വ്യവഹരിക്കപ്പെട്ടുവരുന്നു.

(സ്വാമി ചിന്മയാനന്ദ)

No comments:

Post a Comment