Monday, January 27, 2020

കേനോപനിഷത്ത്
ഭാഗം 6
സര്‍വം ഔപനിഷദം ബ്രഹ്മ നിരാകുര്യം
മാമാ ബ്രഹ്മനിരാകരോദ്‌.
ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ. എന്നെ ബ്രഹ്മവും നിരാകരിക്കാതിരിക്കട്ടെ. ബ്രഹ്മം എന്നെ നിരാകരിക്കുകയോ? അതെങ്ങനെ എന്നാകും സംശയം. പഞ്ചഭൂതാത്മകമാണ്‌ പ്രകൃതി. ആകാശം, വായു, അഗ്നി, ജലം, ഭൂമി ഈ അഞ്ചും പലരൂപത്തില്‍ ചേര്‍ന്നിട്ടുള്ളതാണ്‌ ഈ പ്രപഞ്ചം. പലതുണ്ട്‌ എന്നുള്ളത്‌ എന്റെ തെറ്റിദ്ധാരണയാണ്‌. ഇവിടെ ഒന്നേയുള്ളു എന്നതാണ്‌ വാസ്‌തവം. ആഭരണക്കടയില്‍ കയറിയാല്‍ അവിടെ പല മട്ടിലുള്ള ആഭരണങ്ങള്‍ കാണാം. എന്നാല്‍ സത്യം മനസ്സിലാക്കിയവനു അത്‌ പൊന്നു മാത്രമാണ്‌. സ്വര്‍ണ്ണത്തില്‍ മാത്രം ശ്രദ്ധയുള്ള ആള്‍ ആഭരണങ്ങളെ കാണുന്നില്ല. ആഭരണങ്ങളെ മാത്രം നോക്കുന്ന ആളുടെ ശ്രദ്ധയില്‍ സ്വര്‍ണ്ണവും പെടുന്നില്ല.
ഇതുപ്പോലെ ഈ പ്രപഞ്ചത്തിനു അടിസ്ഥാനമായി ഒരു ഉണ്മയുണ്ട്‌. അതാണ്‌ ബോധം..... ബ്രഹ്മം. ഇത്‌ അറിയുന്നവന്‍ ബ്രഹ്മത്തെ നിരാകരിക്കുന്നില്ല. ബ്രഹ്മം എന്നെ നിരാകരിക്കരുത്‌ എന്ന്‌ പറയുമ്പോള്‍ സൂചന മായയുടെ നേര്‍ക്കാണ്‌. മായ എന്നു പറഞ്ഞാല്‍ നാമ രൂപങ്ങളാണ്‌. ഇതാണ്‌ ദൈ്വത പ്രതീതിയുണ്ടാക്കുന്നത്‌. രണ്ട്‌ എന്ന തോന്നല്‍. സ്വാമി ധരിച്ചിരിക്കുന്ന ഈ ജുബ്ബയും മുണ്ടും. നമ്മള്‍ അതിനെ രണ്ടു വ്യത്യസ്‌ത വസ്‌തുക്കളായി കാണുന്നു. വ്യത്യസ്‌തമായ രണ്ടു പേരും നല്‍കിയിരിക്കുന്നു. ഈ രണ്ടു രൂപങ്ങള്‍ കൈവരുന്നതിനു മുമ്പ്‌ ഇതു രണ്ടും കേവലം തുണിയായിരുന്നു...... നൂലായിരുന്നു..... പരുത്തിയായിരുന്നു. പല രൂപങ്ങള്‍ കൈവരുമ്പോള്‍ പല നാമങ്ങള്‍ ഉണ്ടാകുന്നു. എല്ലാം വെവ്വേറെ എന്ന തോന്നലുളവാകുന്നു. ബ്രഹ്മം എന്നെ നിരാകരിക്കരുത്‌ എന്നു പറയുമ്പോള്‍, ഈ തിരിച്ചറിവ്‌ എനിക്കില്ലാതാകരുത്‌ എന്നാണ്‌ അര്‍ത്ഥമാക്കുന്നത്‌. എല്ലാം വേറെ എന്നു കാണുമ്പോഴും അടിസ്ഥാനപരമായി ഒന്നേയുള്ളു എന്ന ബോധം എനിക്കു നഷ്‌ടമാകരുത്‌. പരസ്‌പര നിരാകരണം ഇല്ലാതിരിക്കട്ടെ. പരസ്‌പര പൂരകങ്ങളായി എന്റെ മനോ ബുദ്ധികള്‍ ഈ പ്രപഞ്ചത്തില്‍ വര്‍ണിക്കട്ടെ. പ്രപഞ്ചത്തില്‍ നിന്നു ഞാന്‍ അന്യനല്ല. ഞാന്‍ കൂടി ചേര്‍ന്നതാണ്‌ ഈ പ്രപഞ്ചം. ഞാനും ഈ പ്രപഞ്ചവും തമ്മിലുള്ള ഈ പാരസ്‌പര്യം ഒരു ഇഴുകിച്ചേരലാണ്‌.
മാഹം ബ്രഹ്മ നിരാകുര്യാം മാമാ ബ്രഹ്മ നിരാകരോദ നിരാകരണമസ്‌തു അനിരാകരണം മേ അസ്‌തു. തുടര്‍ന്നു പറയുന്നു, യ ഉപനിഷത്‌ സു ധര്‍മ്മഃ തേ മയി സന്തു തേ മയി സന്തു. ഉപനിഷത്തില്‍ ധര്‍മ്മമായി എന്തൊക്കെയാണ്‌ പറഞ്ഞിട്ടുള്ളത്‌, അതെല്ലാം ആത്മാന്വേഷണ നിരതനായിട്ടുള്ള എന്നില്‍ സംഭവിക്കട്ടെ.
അവനവനെ അന്വേഷിക്കുന്നവനാണ്‌ ആത്മാന്വേഷണനിരതന്‍. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആരാണ്‌? അതിനുള്ള കൃത്യമായ ഉത്തരമാണ്‌ അന്വേഷിക്കുന്നത്‌. ഉപനിഷത്ത്‌ വെളിപ്പെടുത്താന്‍ പോകുന്നതും അതാണ്‌. വളരെ പ്രധാനമായൊരു സംഗതിയാണിത്‌. ഇതാണ്‌ ഉപനിഷത്തിന്റെ ധര്‍മ്മം. നമ്മള്‍ സത്യത്തില്‍ ആരാണെന്ന്‌ നമ്മള്‍ക്കു വെളിപ്പെടുത്തി തരികയാണ് ഇവിടെ നടക്കുന്നത്‌. വിവരകൈമാറ്റമല്ല, രൂപാന്തരണമാണ്‌. ഞാന്‍ മനസ്സിലാക്കിയത്‌ ഞാനായി തീരണം. അത്‌ എന്നില്‍ നിന്ന്‌ അന്യമായ ഒരു വിവരം മാത്രമായിരിക്കരുത്‌. അത്‌ എന്റെ വിചാരവും വികാരവുമാകണം. മജ്ജയും മാംസവും രക്തവുമാകണം. എന്റെ വാക്കാകണം. ഈ പ്രപഞ്ചത്തെ ഗ്രഹിക്കുന്നതില്‍ എന്റെ ഓരോ അവയവവും അതിന്റെ പൂര്‍ണ്ണ സാധ്യതയോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ. ഈ ലോകത്തിലെ ഏറ്റവും ബുദ്ധിമന്‍മാരില്‍ ഒരാളായിരുന്നു ഐന്‍സ്റ്റീന്‍. അദ്ദേഹം തന്നെ ബുദ്ധിയുടെ പന്ത്രണ്ടര ശതമാനം മാത്രമേ ഉപയോഗിച്ചിട്ടുള്ളുവത്രേ. അപ്പോള്‍ നമ്മുടെയൊക്കെ കാര്യമൊ? പ്രത്യേകിച്ചു പറയേണ്ടല്ലൊ. ശങ്കരാചാര്യരുടേയും ശ്രീനാരായണഗുരുവിന്റേയുമൊക്കെ ബുദ്ധി പരിശോധിച്ചാല്‍ അത്‌ നൂറില്‍ പരമായിരിക്കും. തങ്ങളുടെ ബുദ്ധിശക്തി മുഴുവനായി ആവിഷ്‌ക്കരിച്ച മഹാ ഗുരുക്കന്‍മാരാണ്‌ അവര്‍.
ഈ പ്രകൃതിയിലെ കാഴ്‌ചകളെല്ലാം അതേപടി നമ്മള്‍ കാണുന്നുണ്ടൊ? ഇവിടെയുള്ള ശബ്‌ദങ്ങളെല്ലാം അതാതിന്റെ രീതിയില്‍ നമ്മുടെ കാതുകളില്‍ എത്തുന്നുണ്ടൊ? നമ്മള്‍ ദിവസവും രാവിലെ എഴുന്നേല്‍ക്കുന്നു. എന്നും കാണുന്ന ടി. വി. യും പത്രവും വാര്‍ത്തകളും കാണുന്നു, കേള്‍ക്കുന്നു. തിരക്കിട്ട്‌ ആപ്പീസിലേക്കു ഓടുന്നു. അവിടേയും മറ്റൊരു തരത്തിലുള്ള തിരക്ക്‌. വീട്ടില്‍ വന്നാല്‍ വീണ്ടും ഓരോരോ പണികളും ബഹളവും. അങ്ങനെ എഴുപതോ എണ്‍പതോ വര്‍ഷങ്ങള്‍. അതിനിടയില്‍ എപ്പോഴാണ്‌ നമ്മള്‍ നമ്മുടെ ബുദ്ധിയുടെ എല്ലാ സാധ്യതകളേയും മനസ്സിലാക്കാനും ആവിഷ്‌ക്കരിക്കാനും ശ്രമിച്ചിട്ടുള്ളത്‌. എന്റെ ഇന്ദ്രിയങ്ങളുടെ എല്ലാ സാധ്യതകളേയും പൂര്‍ണ്ണമായും ആവിഷ്‌ക്കരിച്ച്‌ ഈ പ്രപഞ്ചത്തെ അതിന്റെ ഏറ്റവും പരമോന്നത ഭാവത്തില്‍ ഉള്‍ക്കൊള്ളാന്‍ എനിക്കു സാധിക്കട്ടെ! ആ ശിഷ്യനോടൊപ്പം നമ്മുക്കും പ്രാര്‍ത്ഥിക്കാം. തേമയി സന്തു തേ മയി സന്തു. ഇത്‌ എന്നില്‍ സംഭവിക്കട്ടെ.
ശാന്തി മന്ത്രം ചൊല്ലി ഉപനിഷത്ത്‌ ആരംഭിക്കുന്നു. നേരത്തെ പറഞ്ഞതുപ്പോലെ, തുടങ്ങുന്നതു തന്നെ ഒരു ചോദ്യത്തോടെയാണ്‌. ഒന്നല്ല അതിഗംഭീരമായ ഏതാനും ചോദ്യങ്ങള്‍.

No comments:

Post a Comment