Monday, January 27, 2020

കേനോപനിഷത്ത്
ഭാഗം 25
ദീര്‍ഘക്കാലത്തെ സേവനത്തിന്‌ ഈശ്വരന്‍ അറിഞ്ഞു തരുന്ന ഒരു പ്രതിഫലമോ, ആനൂകൂല്യമോ ആണ്‌ സത്യദര്‍ശനം എന്നു വിചാരിക്കുന്നുണ്ടെങ്കില്‍ അത്‌ തീര്‍ത്തും അബദ്ധമാണ്‌. ക്രമാനുഗതമായി കൈവരുന്ന ഒന്നല്ല മോക്ഷം. `` പാടത്തു പണി വരമ്പത്ത്‌ കൂലി'' എന്നതാണ്‌ ഇവിടത്തെ സിദ്ധാന്തം. സത്യാന്വേഷണത്തിന്റെ പാതയിലേക്കു ചുവടുവെക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്കതിന്റെ ഫലം കിട്ടിയിരിക്കും. നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ വേണ്ടിയുള്ള ഈശ്വര ഭജനം, അത്‌ ശരിയായ സമീപനം അല്ലതന്നെ. അറിവിന്റെ അഭാവത്തില്‍ മനസ്സിന്റെ ദൃഢതയില്ലായ്‌മയാണ്‌ ഈ വക ധാരണകള്‍ക്കു പുറകിലുള്ളത്‌. ഉപനിഷത്ത്‌ നമ്മള്‍ക്കു വാഗ്‌ദാനം ചെയ്യുന്നത്‌ കരുത്തുറ്റ മനസ്സാണ്. അതാണ്‌ ആദ്യം സ്വന്തമാക്കേണ്ടത്‌. അതുകൊണ്ടാണ്‌ ഋഷി എടുത്തു പറയുന്നത്‌ അത്‌ മിന്നല്‍ പിണര്‍പ്പോലെയാണ്‌., ഇമവെട്ടുന്നതുപോലെയാണ്‌ എന്ന്‌. ബ്രഹ്മത്തെ സ്‌മരിക്കാന്‍ മനസ്സിനു തോന്നുന്നതുതന്നെ ബ്രഹ്മത്തിന്റെ മാത്രം അനുഗ്രഹംകൊണ്ടാണ്‌. (വീണ്ടും വീണ്ടും മനസ്സില്‍ സങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നത്‌ ഇതുകൊണ്ടാണ്‌)
അഥാധ്യാത്മം, യദേതദ്‌ ഗച്ഛതീവ ച
മനോ�നേന ചൈതദുപസ്‌മരത്യഭീക്ഷണം സങ്കല്‍പഃ
ഉപനിഷത്തില്‍ തുടര്‍ന്നു പറയുന്നു.
തദ്ധ തദ്വാനം നാമ തദ്വനമിത്യുപാ സിതവ്യം
സ യ ഏതദേവം വേദാഭീ ഹൈനം സര്‍വ്വാണി ഭൂതാനി സംവാഞ്‌ഛന്തി.
അതിനെയാണ്‌ ഭജിക്കേണ്ടത്‌, ഉപാസിക്കേണ്ടത്‌. ലോകത്തില്‍ ഭജനീയമായിട്ടുള്ളത്‌ അതാണ്‌..... സര്‍വ്വ ഭൂതങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ആ ബ്രഹ്മം. മറ്റുള്ളതൊന്നും തന്നെ ഉപാസനയ്‌ക്കു അര്‍ഹമായിട്ടുള്ളതല്ല. അതിനെ ഉപാസിക്കുന്നവനെ- സര്‍വ്വാണി ഭൂതാനി സംവാഞ്‌ഛതി- മറ്റെല്ലാ ഭൂതങ്ങളും ബ്രഹ്മത്തെയെന്നപോലെ സ്‌നേഹിക്കും ആരാധിക്കും പ്രകീര്‍ത്തിക്കും. യഥാര്‍ത്ഥത്തില്‍ ഇതോടെ ഉപനിഷത്ത്‌ അവസാനിക്കുകയാണ്‌. അപ്പോള്‍ ഒരു ശിഷ്യന്‍ എഴുന്നേറ്റു നിന്നു ചോദിക്കുന്നു, രസകരമായൊരു ചോദ്യം.
ഉപനിഷദം ഭോ ബ്രുമീന്യുക്താ ത ഉപനിഷദ്‌ ബ്രഹ്മീം
വാവ ത ഉപനിഷദമബ്രുമേതി.
ശിഷ്യന്‍ ഗുരുവിനോടപേക്ഷിക്കുന്നു, `` ഭഗവന്‍! എനിക്കു ഉപനിഷത്ത്‌ സാരം പറഞ്ഞു തന്നാലും'' ഗുരു മറുപടി പറഞ്ഞു, `` ഇത്ര നേരം ഞാന്‍ നിനക്കു മനസ്സിലാക്കി തന്നത്‌ ഉപനിഷത്തു തന്നെയാണ്‌.
ഇത്രനേരം ഗുരു പറഞ്ഞതൊന്നും ശിഷ്യന്‍ വേണ്ടവിധം ധരിച്ചില്ല എന്നാണോ? അത്തരത്തിലുള്ള ഒരു ചോദ്യവുമായി ഇതിനേയും കരുതാം. ഇത്രയൊക്കെ കേട്ടിട്ടും സാരം മനസ്സിലാക്കാന്‍ സാധിക്കാതിരുന്ന ഒരു വിദ്യാര്‍ത്ഥിയെയാണ്‌ ഇവിടെ അവതരിപ്പിക്കുന്നത്‌. ഇത്‌ വലിയൊരു അനുഗ്രഹമാണ്‌. കാരണം അത്തരത്തിലുള്ള അറിവില്ലായ്‌മയില്‍ നില്‍ക്കുന്ന ഒരാളെ നിശ്ചയമായും ഉപനിഷത്ത്‌ അനുഗ്രഹിക്കും. അങ്ങനെയുള്ള ഒരാളെ കൂടി കാര്യം പറഞ്ഞു ഗ്രഹിപ്പിക്കാന്‍ ഇനി എന്താണ്‌ ചെയ്യേണ്ടത്‌.? ഗുരു പറയുന്നതു നോക്കു:
തസൈ്യ തപോ ദമഃ കര്‍മേതി പ്രതിഷ്‌ഠാ വേദഃ
സര്‍വാംഗാനി, സത്യമയാതനം
യോ വാ ഏതാമേവം വേദാപഹത്യ പാപ്‌മാനമനന്തേ
സ്വര്‍ഗേ ലോകേ ജ്യേയേ പ്രതിഷ്‌ഠതി പ്രതിഷ്‌ഠതി
ഉപനിഷത്തിന്റെ സാരം യഥാവിധി ഗ്രഹിക്കണമെങ്കില്‍ ഒരാള്‍ എന്താണ്‌ ചെയ്യേണ്ടത്‌? തപവും ദമവും കര്‍മ്മവും അനുഷ്‌ഠിക്കേണ്ടതുണ്ട്‌. തപസ്സ്‌ എന്നത്‌ ഗംഭീരമായ ഒരു വാക്കാണ്‌. തപം എന്നു പറഞ്ഞാല്‍ ചൂടാണ്‌. തപം ചെയ്യണം. ചൂട്‌ പിടിപ്പിക്കണം.അത്‌ എങ്ങനെയാണ്‌ ചെയ്യുക?
ഒരു കുമാരന്‍ അല്ലെങ്കില്‍ കുമാരി വളരേ നിര്‍ണായകമായ ഒരു പരീക്ഷ എഴുതി ജയിക്കേണ്ടതുണ്ട്‌. ആ പരീക്ഷയിലെ വിജയമാണ്‌ അവന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ പോകുന്നത്‌. പഠിക്കേണ്ടുന്ന വിഷയങ്ങള്‍ ഒരു ഭാഗത്ത്‌ മറുഭാഗത്ത്‌ അവന്റെ ശ്രദ്ധയെ പിടിച്ചുലയിച്ചുകൊണ്ട്‌ ഒട്ടനവധി ലോകവിഷയങ്ങളും. ക്രിക്കറ്റ്‌, സിനിമ, കൂട്ടുകാര്‍ അങ്ങനെ...... അതൊക്കെ മാറ്റിവെച്ച്‌ പഠനവിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീക്കരിക്കേണ്ടതുണ്ട്‌. അതിനായി അവന്‍ ചെയ്യുന്ന ആത്മാര്‍ത്ഥമായ നിരന്തരമായ ശ്രമം......അതുതന്നെയാണ്‌ തപസ്സും. അതില്‍ മറ്റൊരാളുടെ പ്രേരണയോ നിര്‍ബന്ധമോ ഇല്ല. അവന്‍ സന്തോഷപൂര്‍വ്വം സ്വന്തം ഇഷ്‌ടപ്രകാരം മാത്രം ചെയ്യുന്ന പ്രയത്‌നമാണത്‌. കഠിനമായ പ്രയത്‌നം തന്നെ. സന്തോഷപൂര്‍വ്വം എന്നത്‌ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്‌. ശബരിമലക്കു പോകുന്നയാള്‍...... ഹജ്ജ്‌ യാത്രയ്‌ക്കു പോകുന്നയാള്‍, അവരുടെ വ്രതാനുഷ്‌ഠാനങ്ങളും തപസ്സു തന്നെയാണ്‌. സന്തോഷത്തോടുകൂടിയുള്ള യാതന.... അങ്ങനെയൊന്ന്‌ ഉപനിഷത്ത്‌ പഠനത്തിനും ആവശ്യമുണ്ട്‌. തപസ്സിലൂടെ മാത്രമേ ഉപനിഷത്ത്‌ ഉള്‍ക്കൊള്ളാനാവൂ.
ആശ്രമത്തിലെ പഠനകാലം ഇതുപോലെയുള്ളതായിരുന്നു. പഠനം മാത്രം. പത്രം, ടി. വി., കൂട്ടുകാര്‍..... ഇതൊന്നുമില്ലാതെ പഠനവിഷയങ്ങളില്‍ മാത്രം മുഴുകിക്കൊണ്ടുള്ള ഒരു ജീവിതം. അത്‌ നമ്മള്‍ സന്തോഷപൂര്‍വ്വം ചെയ്‌തില്ലെങ്കില്‍ അവിടെ നിന്നും ഒന്നും പഠിക്കാനാവില്ല. ആ വര്‍ഷങ്ങള്‍ പോയതു തന്നെ. എന്തെങ്കിലും നേടണമെങ്കില്‍ അതില്‍ തന്നെ മനസ്സിരുത്തണം. മറ്റൊന്നിലും മനസ്സു പതിയാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കണം.swamiji

No comments:

Post a Comment