Friday, January 24, 2020

മനസ്സിനെ നിയന്ത്രിക്കുകതന്നെ വേണം
-------------------------------------------------
മനസ്സാണ് നമ്മുടെ ജീവിതം നരകമാക്കുന്നതും സ്വർഗമാക്കുന്നതും. അതിനാൽ നന്മ ഇച്ഛിക്കുന്ന ഏതൊരാളും മനസ്സിനെ നിയന്ത്രിക്കുകതന്നെ വേണം. അതിന് രണ്ടുകാര്യങ്ങൾ ആവശ്യമാണ്. ക്ഷമാപൂർവമുള്ള പ്രയത്നവും സ്ഥിരോത്സാഹവും. എന്നാൽ, മനസ്സിന്റെമേൽ അമിതമായി സമ്മർദം ചെലുത്തുകയുമരുത്. ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങളായ ഉറക്കം, ആഹാരം തുടങ്ങിയവ അമിതമായി നിയന്ത്രിക്കരുത്. മനസ്സിന്റെമേലുള്ള നിയന്ത്രണം അമിതമായാൽ മനസ്സ് അസ്വസ്ഥമാകും. ക്രമമായേ നിയന്ത്രണം കൊണ്ടുവരാവൂ. മനസ്സിനും ശരീരത്തിനും ആവശ്യത്തിന് വിശ്രമത്തിനും വിനോദത്തിനുമുള്ള അവസരവുമുണ്ടാക്കണം. അതേസമയം, സ്വന്തം ശക്തിക്കനുസരിച്ച് ലക്ഷ്യത്തിലെത്താനുള്ള പ്രയത്നം തുടർന്നുകൊണ്ടിരിക്കുകയും വേണം.

മനസ്സിനെ നിയന്ത്രിക്കുകയെന്നത് അത്ര എളുപ്പമല്ല. ചിലപ്പോൾ പരാജയപ്പെടാം. അപ്പോഴും നിരാശപ്പെടാതെ പ്രയത്നം തുടരണം. ബസ്സിൽ യാത്രചെയ്യുന്നതിനിടയ്ക്ക് മൂത്രശങ്കയുണ്ടായാൽ അടുത്ത സ്റ്റോപ്പ് എത്തുന്നതുവരെ നാം എങ്ങനെയെങ്കിലും നിയന്ത്രിക്കും. ഇടയ്ക്കുവെച്ച് ഓടുന്ന ബസ്സിൽനിന്ന് ചാടിയിറങ്ങില്ല. അതുപോലെ, അല്പസുഖത്തിനുവേണ്ടി മനസ്സ് തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചാൽ അതിന് വഴങ്ങരുത്. വിവേകപൂർവം മനനംചെയ്ത് മനസ്സിനെ നിയന്ത്രിക്കണം. നിരന്തര അഭ്യാസത്തിലൂടെ മനസ്സ് നമ്മുടെ നിയന്ത്രണത്തിലാകും. കാമം, ക്രോധം മുതലായ വികാരങ്ങളെ നിയന്ത്രിക്കേണ്ട കാര്യമില്ല എന്ന് ചിലർ വാദിക്കാറുണ്ട്. കാമം ഒരുതരം വിശപ്പാണ്. വിശപ്പിന് ആഹാരം കഴിക്കേണ്ടത് ആവശ്യമാണ് എന്നവർ വാദിക്കും. പക്ഷേ, എത്ര വിശന്നാലും കൺമുമ്പിൽ കാണുന്നതെല്ലാം ആരും വലിച്ചുവാരി കഴിക്കില്ലല്ലോ. അതുപോലെ കാമവും ക്രോധവും മറ്റും പ്രകൃതിദത്തമായ വികാരങ്ങളാണെങ്കിലും അവയ്ക്കും ഇതുപോലൊരു നിയന്ത്രണം കൊണ്ടുവരാൻ സാധിക്കും. വ്യക്തിയുടെയും സമൂഹത്തിന്റെയും ശ്രേയസ്സിന് ഇത്തരം നിയന്ത്രണം ആവശ്യമാണ്.

ലക്ഷ്യബോധമാണ് പ്രതിബന്ധങ്ങളെ തരണംചെയ്യാൻ നമുക്ക് ശക്തിപകരുന്നത്. പരീക്ഷയിൽ ഒന്നാംറാങ്ക് നേടണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരു വിദ്യാർഥി എല്ലാത്തിലും ചിട്ടവെക്കും. രാത്രി ടി.വി. കണ്ടുകൊണ്ടിരുന്ന് ഉറങ്ങാൻ വൈകിയാൽ വെളുപ്പിന് എഴുന്നേൽക്കാൻ സാധിക്കില്ല. അതിനാൽ അവൻ ടി.വി. കാണൽ നിയന്ത്രിക്കും. അതുപോലെ രാത്രി വയറുനിറയെ കഴിച്ചാലും വെളുപ്പിന് എഴുന്നേറ്റ് പഠിക്കാൻ പ്രയാസമാകുമെന്ന് അവനറിയാം. അവൻ നേരത്തേതന്നെ കണക്കു കൂട്ടി, ഒരു ടൈംടേബിൾ തയ്യാറാക്കി. ഭക്ഷണവും ഉറക്കവും കളിയും സംസാരവുമെല്ലാം അമിതമാകാതെ ശ്രദ്ധിക്കും. ഇതുപോലെ ലക്ഷ്യബോധമുള്ള ഒരാൾക്ക് സ്വന്തം മനസ്സിന്റെമേൽ വിജയകരമായി നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുകതന്നെ ചെയ്യും. സത്സംഗവും നല്ല കൂട്ടുകെട്ടുകളും നമ്മുടെ ഇച്ഛാശക്തി വർധിപ്പിക്കും. ധ്യാനം, ജപം തുടങ്ങിയ സാധനകൾ മനസ്സിനെ ശാന്തവും ശക്തവുമാക്കും; മനോനിയന്ത്രണം എളുപ്പമാക്കും.

No comments:

Post a Comment