Friday, January 24, 2020

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന
ദേശീയ വേദ സമ്മേളനം (National Veda Conference) കുറിച്ച് "വിപ്രധ്വനി" പ്രസിദ്ധീകരിച്ച എന്റെ ലേഖനം.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷത്തിലൊരിക്കൽ നടക്കാറുള്ള മുറജപത്തോടനുബന്ധിച്ച് ദേശീയ വേദ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. ഭാരതീയ വിജ്ഞാന പരമ്പരകളുടെയും ചിന്താധാരകളുടെയും അടിസ്ഥാനമായി കരുതപ്പെടുന്ന വേദങ്ങളെ സംബന്ധിച്ച സെമിനാർ അനന്തപുരിക്ക് പൊതുവെയും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് വിശേഷിച്ചും ഒരു പുതിയ അനുഭവമായിരുന്നു.

ജനുവരി രണ്ടിന് രാവിലെ 9:30 മണിയോടെ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിലവിളക്ക് തെളിച്ച് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. പ്രൗഢഗംഭീരമായ ഭാരതീയ സംസ്കാരത്തിന്റെ നിരവധി ഉദ്ധരണികൾ പ്രസ്താവിച്ച് കൊണ്ടുള്ള ഗവർണറുടെ ഉദ്ഘാടന പ്രസംഗം ശ്രദ്ധേയമായിരുന്നു. നാല് ദിവസമായി നടന്ന വേദ കോൺഫറൻസ് പ്രധാനമായും രണ്ട് തലങ്ങളിലാണ് വേദത്തെ സമീപിച്ചത്. ഒന്നാമത്തെത് പാരമ്പര്യ വേദപണ്ഡിതർ നേതൃത്വം നൽകിയ വേദ പാരായണം അവയുടെ പ്രയോഗം എന്നിവയെ സംബന്ധിച്ചുള്ളതും രണ്ടാമത്തെത് വേദത്തിന്റെ സാരം സംബന്ധിച്ച് വിവിധ രീതിയിൽ അർഥ ഗ്രാഹ്യം ചെയ്ത ആധുനിക പണ്ഡിതർ നയിച്ച വിഷയാവതരണം ഉൾക്കൊള്ളുന്നതും ആയിരുന്നു.

ഋഗ്, യജുർ, സാമ വേദങ്ങളുടെ വൈവിധ്യമാർന്ന പാരായണ ശൈലികൾ മലയാള പക്ഷത്തെയും പരദേശ പക്ഷത്തെയും പാരമ്പര്യ വൈദീകർ സദസ്സിൽ അവതരിപ്പിച്ചു. ഇന്ന് നിലവിലുള്ള വിവിധ വേദ ശാഖകളെ കുറിച്ചുള്ള വിവരണങ്ങളും, വേദത്തിന്റെ പ്രകൃതി-വികൃതി പാഠങ്ങളുടെ അവതരണവും കോൺഫറൻസിനെ സമ്പുഷ്ടമാക്കി. മലയാള പക്ഷത്തിൽ ഋഗ്വേദികൾ മാത്രം പാരമ്പര്യമായി അനുഷ്ഠിച്ച് വരുന്ന ഹസ്തമുദ്രയോട് കൂടിയ ഋഗ്വേദം ചൊല്ലൽ പങ്കെടുത്തവരിൽ പലരിലും ആകാംക്ഷ ഉളവാക്കി. പരദേശത്ത് മാത്രം നിലവിലുള്ള ശുക്ള യജുർവേദവും അഥർവ്വ വേദവും കൂടി സദസ്സിൽ അവതരിപ്പിച്ചത് ആകർഷകമായി.

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര തന്ത്രി
ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ നിർദേശാനുസരണം ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ വി രതീശൻ IAS ന്റെ ചുമതലയിലാണ് കോൺഫറൻസ് നടന്നത്. കാലടി ശ്രീ ശങ്കരാ സംസ്കൃത സർവകലാശാല സംസ്കൃത വിഭാഗം മുൻ മേധാവിയും കാലടി ശൃംഗേരി ശങ്കരമഠം  ഹോണർറി മാനേജരുമായ തിരുവനന്തപുരം ഫൗസദാർ മഠത്തിലെ ഡോ എ. സുബ്രഹ്മണ്യ അയ്യർ, കാലടി ശ്രീ ശങ്കരാ സംസ്കൃത സർവകലാശാല സംസ്കൃത വിഭാഗം മുൻ പ്രൊഫസർ ഡോ. സി. എം. നീലകണ്ഠൻ എന്നിവർ കോർഡിനേറ്റർമാരായി നൽകിയ
നിസ്തുല സേവനം പ്രശംസനീയമായി.

ജനുവരി അഞ്ചിന് വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യ വർമ്മ തമ്പുരാൻ സുപ്രസിദ്ധ യജുർവേദ പണ്ഡിതനും ദക്ഷിണാമ്നായ ശൃംഗേരി ശങ്കരാചാര്യർ ശ്രീ വിധുശേഖര ഭാരതി സ്വാമികളുടെ പൂർവ്വാശ്രമ പിതാമഹനുമായ ശ്രീ കുപ്പ രാമഗോപാല സോമയാജിക്കും, സുപ്രസിദ്ധ ഋഗ്വേദ പണ്ഡിതൻ ഡോ കെ എം ജാതവേദൻ നമ്പൂതിരിക്കും ശ്രീ പത്മനാഭ പുരസ്കാരം നൽകി ആദരിച്ചു. കേരള ബ്രാഹ്മണ സഭയുടെ സംസ്ഥാന - ജില്ലാ - ഉപസഭാ നേതാക്കൾ, സഭയുടെ മുറജപം സംഘാടകർ, ജപക്കാർ, സഭാംഗങ്ങൾ യോഗക്ഷേമസഭാ നേതാക്കൾ - അംഗങ്ങൾ തുടങ്ങി നിരവധി ആളുകൾ കോൺഫറൻസിൽ പങ്കെടുത്തു.
Madhusudhanan 

No comments:

Post a Comment