Saturday, January 25, 2020

ഉപദേശമഞ്ജരിയില്‍ പറയുന്ന തീവ്രവൈരാഗ്യം, വ്യാവഹാരികങ്ങളിലുള്ള വിരക്തിയും മുക്തിക്കുള്ള ആഗ്രഹവുമല്ലേ എന്ന് ഒരു ഭക്തന്‍ ചോദിച്ചു.

രമണ മഹര്‍ഷി: സുഖത്തെ അന്വേഷിക്കാത്തവര്‍ ആരുണ്ട്‌? എന്നാലും ദു:ഖസമ്മിശ്രമായ സുഖത്തെയാണാരും സുഖമെന്നു കരുതുന്നത്. ആ സുഖം നശ്വരമാണ്. ഒരു മുമുക്ഷു ഈ സുഖത്തെ ആഗ്രഹിക്കുകയില്ല. ദുഃഖഹേതുകമായ സുഖങ്ങളെയെല്ലാം ഉപേക്ഷിച്ചിട്ട്‌ നിത്യസൗഖ്യത്തിനുവേണ്ടി യത്‌നിക്കുകയാണ് വൈരാഗ്യം.

ചോദ്യം: ഗുരുവിന്‍റെ കര്‍ത്തവ്യം എന്താണെന്നൊരു ചോദ്യം ഒരാളുന്നയിച്ചു.
രമണ മഹര്‍ഷി: സ്വയം ശക്തനാകാനൊക്കാത്ത അവസ്ഥയില്‍ ദുര്‍ബലനായ ഒരുത്തന്‍ ശക്തിയാര്‍ജിക്കാന്‍വേണ്ടി ഗുരുവിന്‍റെ രൂപത്തിലുള്ള ഒരാളിനെ അന്വേഷിക്കുന്നു.

ശ്രീ കെ. ആര്‍. വി. അയ്യര്‍ നാദത്തെപ്പറ്റി കൂടുതലറിയാനാഗ്രഹിച്ചു.

രമണ മഹര്‍ഷി: നാദത്തെ ധ്യാനിക്കുന്നവര്‍ക്ക് അതിന്‍റെ അനുഭവമുണ്ടാകുന്നു. നാദം പത്തുവിധമുണ്ട്. ധ്യാനത്തിന്‍റെ ഇടിമുഴക്കത്തിനൊത്ത നാദമുണ്ടാവുമ്പോള്‍ സാധകന് ലയം ഉണ്ടാകുന്നു. അതാണവന്‍റെ നിജാവസ്ഥ. അതിനാല്‍ നാദവും ജ്യോതിയും ഒരേ ഇടത്തുനിന്നും ഉത്ഭവിക്കുന്നു.

ചോ: ശാന്തിയുണ്ടായാല്‍ പെട്ടെന്ന് മാറിപ്പോകുന്നു. അതിനെന്തു ചെയ്യാന്‍?
മഹര്‍ഷി: നമ്മുടെ നിജസ്വരൂപം തന്നെ ശാന്തിയായതുകൊണ്ട് അല്പമെങ്കിലും ശാന്തിയുണ്ടാവുന്നവര്‍ അതിനെത്തന്നെ പറ്റിനിന്ന് വിക്ഷേപ പ്രതിബന്ധത്തെ നീക്കം ചെയ്ത് ശാന്തിയെ വര്‍ദ്ധിപ്പികേണ്ടതാണ്.

No comments:

Post a Comment