Thursday, January 23, 2020

*ശിവരാത്രിയുടെ ഐതിഹ്യം*

=======================

പാലാഴിമഥനത്തില്‍ ലഭിച്ച കാളകൂടവിഷം ലോകര്‍ക്ക് ഭീഷണിയാകാതിരിക്കാന്‍ സാക്ഷാല്‍ പരമേശ്വരന്‍ സ്വയം പാനം ചെയ്യുകയുണ്ടായി. എന്നാല്‍ അത് കണ്ഠത്തില്‍ നിന്നും താഴേക്ക് ഇറങ്ങാതിരിക്കാന്‍ പാര്‍വ്വതീദേവി, ഭഗവാന്‍റെ കണ്ഠത്തിലും എന്നാല്‍ അത് പുറത്തേക്ക് പോകാതിരിക്കാന്‍ മഹാവിഷ്ണു, ഭഗവാന്‍റെ വായ്‌ പൊത്തിപ്പിടിച്ചുവെന്നും അങ്ങനെ കാളകൂടവിഷം പരമേശ്വരന്‍റെ കണ്ഠത്തില്‍ ഇരിക്കുകയും ചെയ്തുവെന്നും അങ്ങനെ ഭഗവാന് നീലനിറം ലഭിച്ചെന്നും അങ്ങനെ ‘നീലകണ്ഠന്‍’ എന്ന നാമധേയം ലഭിച്ചെന്നും വിശ്വസിച്ചുവരുന്നു. 


ഭഗവാന്‍ പരമേശ്വരന് ആപത്തും അത്യാപത്തും വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ച് ഭര്‍ത്താവിനായി പ്രാര്‍ത്ഥിച്ചത് മാഘമാസത്തിലെ (കുംഭമാസം) കറുത്തപക്ഷ ചതുര്‍ദശി തിഥിയിലായിരുന്നുവെന്നും അതാണ്‌ പിന്നെ മഹാശിവരാത്രിയായി ആചരിച്ചുതുടങ്ങിയതെന്നും ഐതിഹ്യം പറയുന്നു.

*ശിവതാണ്ഡവസ്തോത്രം.*

അർഥം സഹിതം 
========================

ജടാടവീഗളജ്ജലപ്രവാഹപാവിതസ്ഥലേ
ഗളേഽവലംബ്യലംബിതാം ഭുജംഗതുംഗമാലികാം
ഡമഡ്ഡമഡ്ഡമഡ്ഡമന്നിനാദവഡ്ഡമർവയം
ചകാരചണ്ഡതാണ്ഡവം തനോതു നഃ ശിവഃ ശിവം       1

ജടാകടാഹസംഭ്രമഭ്രമന്നിലിമ്പനിർഝരീ
വിലോലവീചിവല്ലരീ വിരാജമാനമൂർദ്ധനി
ധഗദ്ധഗദ്ധഗജ്ജ്വലല്ലലാടപട്ടപാവകേ
കിശോരചന്ദ്രശേഖരേ രതിഃ പ്രതിക്ഷണം മമ       2

ധരാധരേന്ദ്രനന്ദിനീ വിലാസബന്ധുബന്ധുര-
സ്‌ഫുരദ്ദിഗന്തസന്തതി പ്രമോദമാനമാനസേ
കൃപാകടാക്ഷധോരണീ നിരുദ്ധദുർദ്ധരാപദി
ക്വചിദ്ദിഗംബരേ മനോവിനോദമേതു വസ്തുനി       3

ലതാഭുജജംഗപിംഗളസ്‌ഫുരത്‌ഫണാമണിപ്രഭാ
കദംബകുങ്കുമദ്രവപ്രലിപ്തദിഗ്വധൂമുഖേ
മദാന്ധസിന്ധുരസ്‌ഫുരത്ത്വഗുത്തരീയമേദുരേ
മനോവിനോദമദ്ഭുതം ബിഭർതു ഭൂതഭർതരി       4

സഹസ്രലോചനപ്രഭൃത്യശേഷലേഖശേഖര
പ്രസൂനിധൂളിധോരണീ വിധൂസരാംഘ്രിപീഠഭൂഃ
ഭുജംഗരാജമാലയാ നിബദ്ധജാടചൂടകഃ
ശ്രിയൈ ചിരായ ജായതാം ചകോരബന്ധുശേഖരഃ       5

ലലാടചത്വരജ്വലദ്ധ്വനഞ്ജയസ്‌ഫുലിംഗഭാ
നിപീതപഞ്ചസായകം നമന്നിലിമ്പനായകം
സുധാമയൂഖലേഖയാ വിരാജമാനശേഖരം
മഹാകപാലിസമ്പദേ ശിരോജഡാലമസ്തു നഃ       6

കരാളഫാലപട്ടികാധഗദ്ധഗദ്ധഗജ്ജ്വല-
ദ്ധനഞ്ജയാധരീകൃത പ്രചണ്ഡപഞ്ചസായകേ
ധരാധരേന്ദ്രനന്ദിനീ കുചാഗ്രചിത്രപത്രക-
പ്രകല്പനൈകശില്പിനി ത്രിലോചനേ രതിർമമഃ       7

നവീനമേഘമണ്ഡലീ നിരുദ്ധദുർദ്ധരസ്‌ഫുരത്‌
കുഹൂനിശീഥിനീതമഃ പ്രബന്ധബദ്ധകന്ധരഃ
നിലിമ്പനിർഝരീ ധരസ്തനോതു കൃത്തിസിന്ധുരഃ
കലാനിധാനബന്ധുരഃ ശ്രിയം ജഗദ്ദുരന്ധരഃ       8

പ്രഫുല്ലനീലപങ്കജപ്രപഞ്ചകാളിമപ്രഭാ-
വലംബികണ്ഡകന്ദലീരുചിപ്രബദ്ധകന്ധരം
സ്‌മരച്ഛിദം പുരച്ഛിദം ഭവച്ഛിദം മഖച്ഛിദം
ഗജച്ഛിദാന്തകച്ഛിദം തമന്തകച്ഛിദം ഭജേ       9

അഖർവസർവമംഗളാകലാകദംബമഞ്ജരീ
രസപ്രവാഹമാധുരീ വിജൃംഭണാമധുവ്രതം
സ്‌മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം
ഗജാന്തകാന്ധകാന്തകം തമന്തകാന്തകം ഭജേ       10

ജയത്വദഭ്രവിഭ്രമഭ്രമദ്ഭുജംഗമശ്വസ-
ദ്വിനിർഗ്ഗമത്‌ക്രമസ്ഫുരറ്റ്കരാളഭാലഹവ്യവാട്
ധിമിദ്ധിമിദ്ധിമിദ്ധ്വനന്മൃദംഗതുംഗമംഗള-
ധ്വനിക്രമപ്രവർത്തിത പ്രചണ്ഡതാണ്ഡവഃ ശിവഃ       11

സ്പൃഷദ്വിചിത്രതൽപ്പയോർഭുജംഗമൗക്തികസ്രജോർ-
ഗരിഷ്ഠരത്നലോഷ്ഠയോഃ സുഹൃദ്വിപക്ഷപക്ഷയോഃ
തൃണാരവിന്ദചക്ഷുഷോഃ പ്രജാമഹീമഹേന്ദ്രയോഃ
സമം പ്രവർത്തയൻമനഃ കദാ സദാശിവം ഭജേ       12

കദാ നിലിമ്പനിർഝരീ നികുഞ്ജകോടരേ വസൻ
വിമുക്തദുർമതിഃ സദാ ശിരസ്ഥമഞ്ജലിം വഹൻ
വിമുക്തലോലലോചനോ ലലാമഫാലലഗ്നകഃ
ശിവേതി മന്ത്രമുച്ചരൻ കദാ സുഖീ ഭവാമ്യഹം       13

*ഫലശ്രുതി*

ഇദംഹി നിത്യമേവ മുക്തമുത്തമോത്തമം സ്‌തവം
പഠൻസ്‌മരൻബ്രുവന്നരോ വിശുദ്ധിമേതി സന്തതം
ഹരേ ഗുരൗ സുഭക്തിമാശു യാതി നാന്യഥാഗതിം
വിമോഹനം ഹി ദേഹിനാം സുശങ്കരസ്യ ചിന്തനം

പൂജാവസാനസമയേ ദശവക്ത്രഗീതം യഃ
ശംഭുപൂജനപരം പഠതി പ്രദോഷേ
തസ്യ സ്ഥിരാം രഥഗജേന്ദ്രതുരംഗയുക്താം
ലക്ഷ്മീം സദൈവ സുമുഖീം പ്രദദാതി ശംഭുഃ

ഇതി ശ്രീരാവണകൃതം ശിവതാണ്ഡവസ്‌തോത്രം സമ്പൂർണം




ഇതിലെ വാക്കുകളും അത്‌ ധ്വനിപ്പിക്കുന്ന പ്രതീതികളും അർത്ഥമറിയാതെ ചൊല്ലുന്നവനു പോലും ഒരു താണ്ഡവനടനാനുഭവം നൽകാൻ പോന്നതാണ്‌.

തന്നേയുമല്ല, സ്തോത്രകൃതികള്‍ക്ക് അതിന്റെ ഫലസിദ്ധി കൈവരാന്‍ അര്‍ത്ഥമറിഞ്ഞുതന്നെ ചൊല്ലണം എന്ന നിര്‍ബന്ധവുമില്ല. പഞ്ചചാമരം എന്ന വൃത്തത്തിലാണ്‌ ഇത്‌ എഴുതിയിട്ടുള്ളത്‌. 16 അക്ഷരങ്ങളുള്ള ഓരോ വരിയും ഒരു ലഘുവിൽ തുടങ്ങി പിന്നെ ഒരു ഗുരു പിന്നെ ഒരു ലഘു എന്ന ക്രമത്തിൽ പോയി അവസാനം ഒരു ഗുരുവിൽ ചെന്ന് അവസാനിക്കുന്നു. താണ്ഡവത്തിന്റെ സ്വാഭാവിക താളം ഇങ്ങനെ ഒന്നിടവിട്ട്‌ വരുന്ന ലഘു ഗുരുക്കൾ നൽകുന്നു. പദങ്ങളിലെ പ്രാസവും വാൿവൈഭവവും താണ്ഡവപ്രതീതിയുമുളവാക്കുന്നു.ഇത്‌ രാവണനാൽ രചിക്കപ്പെട്ട സ്തോത്രമാണെന്ന് കരുതപ്പെടുന്നതുകൊണ്ട്‌ രാവണനെക്കൂടി പരിചയപ്പെടുത്തുന്നത്‌ നന്നായിരിക്കും.


വൈകുണ്ഠത്തിലെ ദ്വാരപാലകരായ അജയനും വിജയനും സനത്‌ കുമാരന്മാരുടെ ശാപത്താൽ മൂന്നു ജന്മങ്ങൾ ഹിരണ്യാക്ഷൻ-ഹിരണ്യകശിപു, രാവണൻ-കുംഭകർണ്ണൻ, ശിശുപാലൻ-ദന്തവക്ത്രൻ എന്നിങ്ങനെ ഭൂമിയിൽ പിറക്കുകയും മൂന്നു ജന്മത്തിലും വിഷ്ണുവിനാൽ നിഗ്രഹിക്കപ്പെട്ട്‌ ശാപമോക്ഷം കൈവന്ന് തിരികെ വൈകുണ്ഠത്തിലെത്തുകയും ചെയ്തുവെന്ന കാര്യം ആദ്യമേ ഓർമ്മിപ്പിക്കട്ടെ. ഇതില്‍ രാവണനൊഴികെ മറ്റാര്‍ക്കും കവി, പണ്ഡിതന്‍, ജ്ഞാനി എന്നിങ്ങനെ വിശേഷണങ്ങളും നല്‍കി വന്നിട്ടില്ല. ശിവന്റെ എക്കാലത്തെയും മികച്ച ഭക്തനായി രാവണനെ കണക്കാക്കുന്നു. ഈ ഭക്തിയില്‍ പ്രസാദിച്ചാണല്ലോ ശിവന്‍ ചന്ദ്രഹാസം രാവണനു കൊടുക്കുന്നതും. വിശ്രവസ്സിന്റെ പുത്രനാണു രാവണൻ, സാമവേദിയാണു രാവണൻ. രാവണന്റെ ഭാഷ സംസ്കൃതമാണ്‌. ശിവനെയും ബ്രഹ്മാവിനെയും പ്രീതിപ്പെടുത്തി വരസിദ്ധി നേടിയവനാണ്‌ രാവണൻ. അതേ സമയം വിഷ്ണുവിനോട്‌ ‘വിദ്വേഷഭക്തി‘ കാണിച്ച രാവണൻ. മൂക്കും മുലയും ഛേദിക്കപെട്ട ശൂർപ്പണഖ സീതയേയും രാമനേയും കുറിച്ച്‌ പറഞ്ഞപ്പോൾ തനിക്ക്‌ എന്ന് വൈകുണ്ഠപ്രാപ്തി ഉണ്ടാകുമെന്ന് ചിന്തിച്ച രാവണൻ. ശൂര്‍പ്പഖാവിലാപം എന്ന ഭാഗത്ത് എഴുത്തച്ഛന്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: വ്യക്തം മാനുഷനല്ല രാമനല്ലെന്നതു നൂനം 'ഭക്തവത്സനനായ' ഭഗവാന്‍ പത്മേക്ഷണന്‍..... ചെന്നു വൈകുണ്ഠരാജ്യം പരിപാലിക്കാമല്ലോ അശോകവനിയിൽ 'മായാ'സീതയെ 'മാതൃ'രൂപേണ ഇരുത്തിയ രാവണൻ.ഇത്രയും എഴുതിയത് രാമനും രാവണനും ഒരു സാധാരണ കഥയിലെ നായക-പ്രതിനായകന്മാരല്ല, മറിച്ച് ദേവനും ദാസനും അല്ലെങ്കില്‍ ഭഗവാനും ഭക്തനും ആയിരുന്നു എന്നു സൂചിപ്പിക്കാനാണ്. രാവണനന്‍ ഒരു പണ്ഡിതനും ജ്ഞാനിയും കൂടിയായിരുന്നത്കൊണ്ടാണ് വിദ്വേഷ ഭക്തി ശീലിക്കാന്‍ കഴിഞ്ഞത്. ഈ സ്തോത്രത്തിലെ തന്നെ അവസാന ഭാഗങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരു ശരാശരി രാവണ സങ്കല്പത്തിനു ചേരാത്ത വിധത്തിലാണ് അദ്ദേഹം ശിവനോട് പ്രാര്‍ത്ഥിക്കുന്നത് എന്നു കാണാം.


1. ജടാ തവീ ഗല ജല പ്രവാഹ പാവിത സ്തലേ ഗലേവലബ്യ ലംബിതാം ഭുജംഗ തുംഗ മാലികാം ഡമ ഡമ ഡമ ഡമ നിന്നാദവഡമര്‍വയം ചകാര ചന്ദ താണ്ഡവം തനോതു ന: ശിവ ശിവം ഡമഡ് ഡമഡ് എന്നിങ്ങനെ തുടർച്ചയായി ഡമരു ശബ്ദം പുറപ്പെടുവിക്കുമ്പോൾ ശിവന്റെ കാടുപിടിച്ച ജടയിലൂടെ ഊർന്നിറങ്ങിയ ഗംഗാപ്രവാഹത്തിനാൽ പവിത്രമാക്കപ്പെട്ട സ്ഥലത്ത് കഴുത്തിനെ അവലംബിച്ച് പൂമാലയെന്നപോലെ ഉഗ്രസർപ്പത്തേയും തൂക്കിയിട്ട് ഉഗ്രതാണ്ഡവം നടത്തുന്ന ശിവനേ ഞങ്ങൾക്ക് മംഗളത്തെ തന്നാലും. ശിവന്റെ കഴുത്തിലെ പാമ്പ് ശിവന്റെ കാഴ്ചയിൽ മാലയും മറ്റൂള്ളവർക്ക് സർപ്പവും ആകുന്നു. ‘രജ്ജു-സർപ്പ ഭ്രാന്തി‘യിൽ കയറിൽ തെറ്റിദ്ധരിച്ചു കണ്ട പാമ്പിനെ കയറായിത്തന്നെ തിരിച്ചറിഞ്ഞവന് കയറ് വെറും കയറായും അത് മനസ്സിലാകത്തവന് അത് മനസ്സിലാകാത്തിടത്തോളം കാലമത്രയും മാത്രം അത് പാമ്പെന്നും തോന്നലുണ്ടാകുമെന്ന ശങ്കരസിദ്ധാന്തം രാവണൻ മറ്റൊരു തരത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കയറിനു പകരം പൂമാലയായി. പിന്നെ രാവണൻ പ്രാർത്ഥിക്കുന്നത് ഞങ്ങൾക്ക് മംഗളത്തെ പ്രദാനം ചെയ്യണേ എന്നാണ്. എനിക്കു മാത്രം തരണം എന്നു പറഞ്ഞില്ല എന്നു കൂടി ശ്രദ്ധിക്കുക.


2. ജടാ കടാഹ സംഭ്രമ ഭ്രമ നിലിംപ നിര്‍ഝരി വിലോല വീചി വല്ലരി വിരാജ മാന മൂര്‍ദ്ധനി ധഗ ധഗ ധഗ ജ്ജ്വാല ലലാടപട്ട പാവകേ കിഷോര ചന്ദ്ര ശേഖരേ രതി പ്രതി ക്ഷണം മമ ശിവന്റെ താണ്ഡവനടത്തിനിടക്ക് ശിവൻ കറങ്ങുമ്പോൾ ശിവന്റെ കടാഹം കണക്കെയുള്ള ജടയും കറങ്ങും, അതോടൊപ്പം അതിനുള്ളിലെ ദേവ നദിയായ ഗംഗയും തിരിയും, നെറ്റിയിലേക്ക് ഉതിർന്ന് വീഴുന്ന ജടാശകലങ്ങൾ ഇളകിയാടുന്ന മൂർദ്ധാവും, ധഗദ്ദകായെന്ന് കത്തിക്കൊണ്ടിരിക്കുന്ന പരന്ന നെറ്റിത്തടത്തിലെ തിളക്കവും ഒരു കൊച്ചു ചന്ദ്രക്കലചൂടിയ ശിരസ്സും കണ്ട് രാവണന് ക്ഷണം പ്രതി രതി തോന്നുന്നു. രതിയെന്ന വാക്കിന് ഇഷ്ടം പ്രിയം സന്തോഷം എന്നിങ്ങനെ വേറെയും അർത്ഥങ്ങളുണ്ട്.

3. ധരാ ധരേന്ദ്ര നന്ദിനി വിലാസ ബന്ധു ബന്ധുര സ്ഫുരദിഗന്ത സന്തതി പ്രമോദ മാന മാനസേ കൃപാ കടാക്ഷ ധോരണി നിരുദ്ധ ദുര്‍ധരാപദി ക്വവച്ചി ദിഗംബരേ മനോ വിനോദമേതു വസ്തുനി ശിവനോട് ഏറ്റവും ചേർന്നതും മനോഹരിയും ഹിമവൽ പുത്രിയുമായ പത്നിയോടൊത്ത് ഉള്ള താണ്ഡവനൃത്തത്തിൽ ചക്രവാളങ്ങൾ പോലും നടുങ്ങുന്നു, സന്തോഷത്തിന്റെ അലയൊലികൾ മനസ്സിലേക്ക് വരുന്നു. ആ കൃപാകടാക്ഷം ഒന്നു മാത്രം മതി എത്രയും ദുർഘടമായത് പോലും തരണം ചെയ്യുവാൻ അഥവാ ദുർഘടമായ ആപത്തിനെ പോലും മറികടക്കുവാൻ, ചിലപ്പോഴെങ്കിലും ദിഗംബരനായവന് ഈ മനോവിനോദ നൃത്തം ചെയ്യണമെന്ന തോന്നലുണ്ടാകുന്നു.


4. ജടാഭുജംഗപിംഗളസഫുല് ഫണാമണീപ്രഭാ കദംബകുങ്കുമദ്രവപ്രദീപ്തദിഗ് വധൂമുഖേ മദാന്ധസിന്ദുരസ്ഫുരത്വഗുത്തരീയമേദുരേ മനോവിനോദമത്ഭുതം ബിബര്‍ത്തു ഭൂതഭര്‍ത്തരീ ജടയിലെ പാമ്പും അല്ലെങ്കിൽ വള്ളി പോലത്തെ പാമ്പും അതിന്റെ തവിട്ടൂ നിറം സ്ഫുരിക്കുന്ന പത്തിയും ആ പത്തിയിലുള്ള മാണിക്യത്തിന്റെ പ്രഭ കൊണ്ട് കൂട്ടത്തോടെ എല്ലാ ദിക്കിനെയും വധുവിന്റെ മുഖമെന്ന പോലെ കുംകുമച്ചാറിൽ മുക്കിയതുപോലെ പ്രകാശിപ്പിക്കുന്നതിനേയും രാവണൻ ചിത്രീകരിക്കുന്നു. തീർന്നില്ല, ശിവന്റെ ഉത്തരീയം മദം പൊട്ടിയ ആനയുടെ കട്ടിയേറിയ ചർമ്മം പോലെ പോലെ വിറയ്ക്കുന്നു, ആ നൃത്തത്തിൽ എന്റെ മനസ്സ് സന്തോഷവും അത്ഭുതവും കൊണ്ട് നിറയുന്നു.


5. സഹസ്ര ലോചന പ്രഭുത്യശേഷ ലേഖ ശേഖര പ്രസൂന ധൂളി ധോരണി വിധു സരാഗ്രി പീഠഭു ഭുജംഗ രാജ മാലയ നിബദ്ധ ജാട ജുടക ശ്രിയൈ ചിരായ ജായതേ ചകോര ബന്ധു ശേഖര ഇന്ദ്രനും പരിവാരങ്ങളും അറ്റമില്ലാത്ത നിരയായി വന്നു നിൽക്കുമ്പോൾ പൂക്കളെന്ന പോലെ പീഠഭൂമിയിൽ നൃത്തം ചവിട്ടുന്ന ശിവന്റെ മണ്ണിന്റെ നിറമായ പാദങ്ങളിൽ നിന്നും പൊടി പരത്തി അനുഗ്രഹം ചൊരിയുന്നു, ഒരു ഉഗ്രസർപ്പത്തെക്കൊണ്ട് ജടകെട്ടി വെച്ച് ചന്ദ്രനെ തലയിൽ ചൂടി നീണ്ടുനില്ക്കുന്ന ശ്രീത്വം പ്രദാനം ചെയ്യൂന്നു. ചകോരം ചന്ദ്രരശ്മിയെ പാനം ചെയ്യും.  അതുകൊണ്ടാണ് ചന്ദ്രൻ ചകോരബന്ധു ആയത്. 

6. ലലാട ചത്വര ജ്വല ധനഞ്ജയ സ്ഫുലിംഗഭാ നിപീത പഞ്ച സായക നമന്നിലിമ്പനായകം സുധാ മയൂഖ ലേഖയാ വിരാജമാന ശേഖരം മഹാ കപാലി സമ്പദെ ശിരോ ജടാലമസ്തു ന: നെറ്റിത്തടത്തിലെ തീപ്പൊരി ചിതറി ജ്വലിക്കുന്ന ഹോമകുണ്ഠത്തിൽ കാമദേവനെ മുക്കി ദേവനായകനെ നമിപ്പിച്ച് മധു തൂകുന്ന വിധുവിനെ തന്റെ ജടയിൽ വിരാജിപ്പിച്ച മഹാശിവന്റെ ജടയിലെ സമ്പത്ത് നമുക്കും ആയിത്തീരട്ടെ. ഒരു വരിയിൽ കാമദേവനെ ചുട്ടകഥ പറയുമ്പോൾ അടുത്ത വരിയിൽ ചന്ദ്രനെ വിശേഷിപ്പിക്കുന്നത് സുധാ മയൂഖ ലേഖ എന്നാണ്. 


7. കരാള ഭാല പട്ടിക ധഗദ്ധഗദ്ധഗജ്ജ്വല ധനഞ്ജയാഹുതികൃത പ്രചണ്ഡ പഞ്ച സായകെ ധരാധരേന്ദ്ര നന്ദിനി കുചാഗ്ര ചിത്രപത്രക പ്രകല്പനൈക ശില്പിനി തൃലോചനെ രതിര്‍മമ കാമദേവനെ ബലിയർപ്പിച്ച കത്തിക്കാളുന്ന നെറ്റിത്തടവും അതേ സമയം ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കാൻ കഴിയുന്ന ഏക വ്യക്തിയും ആയ മുക്കണ്ണനെ ഞാൻ സ്തുതിക്കുന്നു / ഇഷ്ടപ്പെടുന്നു / ഭക്തിയോടെ സമീപിക്കുന്നു. നേരത്തെയുള്ള ശ്ലോകത്തിൽ പറഞ്ഞത് പോലെ ഇവിടെയും ആദ്യഭാഗത്ത് കാമനെ ഹോമിച്ചവനെന്നും പിന്നീട് ഹിമവൽ പുത്രിയുടെ മാറിടത്തിൽ ചിത്രം വരയ്ക്കുന്ന കാര്യവും ഒരുമിച്ചു പറയുന്നു.

8. നവീന മേഘ മണ്ഡലി നിരുദ്ധ ദുര്‍ധര സ്ഫുരത് കുഹു നിശീഥിനിതമ പ്രബന്ധബദ്ധ കന്ദര: നിലിമ്പ നിര്‍ജ്ജരി ദര സ്തുനോതുകൃതി സിന്ധുര: കലാ നിധാന ബന്ധുര ശ്രീയം ജഗദ്ധുരധര കരിനീല മേഘങ്ങൾ തടഞ്ഞുനിർത്തിയ അമാവാസി രാത്രി പോലത്തെ നിറം കഴുത്തിനു ചുറ്റും കെട്ടിവച്ച് ഗംഗയെ ധരിച്ച് ആനത്തോലുടുത്ത് മനോഹരമായ ചന്ദ്രക്കല ചൂടി ലോകനേതാവായി നിൽക്കുന്ന ശിവൻ ഐശ്വര്യം പ്രദാനം ചെയ്താലും.

9. പ്രഫുല്ല നീല പങ്കജ പ്രപഞ്ച കാളിമ പ്രഭാ വലംബി കണഠ കന്ദലി രുചി പ്രബന്ധ കന്ധരം സ്മര്‍ഛിദം പുരഛിദം ഭവഛിദം മഖഛിദം ഗജഛിദാന്ത കഛിദം തമന്ത കഛിദം ഭജേ വിരിഞ്ഞ നീലത്താമരയെ അനുകരിക്കും പോലെ കാളകൂടവിഷത്തിന്റെ കട്ടപിടിച്ച നിറം കഴുത്തിനു ചുറ്റും ഭംഗിയോടെ കെട്ടി സ്മരനെ നശിപ്പിച്ചവനും, ത്രിപുരാസുരനെ നശിപ്പിച്ചവനും, വ്യാവഹാരിക ലോകത്തെ നശിപ്പിച്ചവനും, ദക്ഷന്റെ യാഗം നശിപ്പിച്ചവനും, ഗജാസുരനെ നശിപ്പിച്ചവനും, അന്ധകാസുരനെ നശിപ്പിച്ചവനും ആയിട്ടുള്ള ആ യമ നാശനെ ഭജിക്കുന്നു. ത്രിപുരങ്ങള്‍ ഒരു മനുഷ്യന്റെ ജീവിതത്തിലെ മൂന്ന് അവസ്ഥകളാണ്. ഉറക്കവും സ്വപ്നം കാണലും ഉണര്‍ന്നിരിക്കലും. ജീവനുള്ള ഒരുവന്‍ ജീവിക്കുന്നിടത്തോളം ഈ മൂന്ന് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും. ത്രിപുരാസുരന്‍ ഇങ്ങനെ മൂന്ന് പുരങ്ങളില്‍ മാറി മാറി വസിക്കുന്ന ആളാണ്. ഈ അസുരനെ നശിപ്പിക്കാന്‍ മൂന്ന് പുരങ്ങളും ഒന്നിച്ച് നശിപ്പിക്കേണ്ടിയിരിക്കുന്നു.

10. അഗര്‍വ്വ സര്‍വ്വ മംഗളാ കലാ കദംബ മഞ്ജരി രസ പ്രവാഹ മാധുരി വിജ്രുംഭമണാ മധു വ്രതം സ്മരാന്തകം പുരാന്തകം ഭവാന്തകം മഖാന്തകം ഗജാന്തകാന്ധ കാന്തകം തമന്തകാന്തകം ഭജേ ഒട്ടും കുറഞ്ഞുവരാത്ത സര്‍വ്വ മംഗളങ്ങളും സകല കലകളുടെയും ഒഴുക്കും മധു രസ പ്രവാഹവും നുകര്‍ന്ന് വളര്‍ന്ന വണ്ടായി കാമനെ കൊന്നവനും ത്രിപുരാസുരനെ കൊന്നവനും വ്യാവഹാരിക ലോകത്തെ കൊന്നവനും ദക്ഷന്റെ യാഗം കൊന്നവനും ഗജാസുരനെ കൊന്നവനും അന്ധകാസുരനെ കൊന്നവനും ആയിട്ടുള്ള ആ യമന്റെയും അന്തകനെ ഭജിക്കുന്നു.

11. ജയ ത്വദ ഭ്രമി ഭ്രമ ഭ്രമ ഭുജംഗ മസ്വസത് വിനിര്‍ഗമത് ക്രമസ്ഫുരത് കരാള ഭാല ഹവ്യ വാട്ട് ധിമി ധിമി ധിമി ധ്വനന്‍ മൃദംഗ തുംഗ മംഗള ധ്വനിക്രമ പ്രവര്‍ത്തിത പ്രച്ചണ്ഡ താണ്ഡവ ശിവ: അംഗങ്ങള്‍ ഇളകിയാടിയുള്ള താണ്ഡവ ചലനങ്ങളോടെയും അതോടൊപ്പം തിരിയുന്ന/ഇളകുന്ന പാമ്പിനോടു കൂടിയും കത്തിക്കാളി നിഗ്ഗമിക്കുന്ന ഭയങ്കരമായ നെറ്റിത്തടത്തിലെ ഹോമകുണ്ഠത്തോടെയും മൃദംഗത്തിന്റെ ധിമിധ്ധിമി എന്നുയര്‍ന്നു കേള്‍ക്കുന്ന താളത്തില്‍ ആ താളത്തിനനുസരിച്ച് ഉഗ്ര താണ്ഡവ നടനമാടുന്ന ശിവന്‍ ജയിക്കട്ടെ.

2. സ്പ്രഷ് ദ്ധിചിത്ര തല്പയോ ഭുജംഗ മൌക്തികശ്രജോ ഗരിഷ്ഠ രത്ന ലോഷ്ഠയോ സുഹൃദ്ധി പക്ഷ പക്ഷയോ ത്രിണാരവിന്ദ ചക്ഷുഷോ പ്രജാ മഹീ മഹേന്ദ്രയോ സമപ്രവര്‍ത്തിക കദാ സദാശിവം ഭജാമ്യഹം പാറയും തല്പവും സര്‍പ്പവും മാലയും രത്നവും മണ്ണാങ്കട്ടയും ഒരുപോലെ കണ്ട്, സ്വപക്ഷത്തുള്ളവനേയും സ്വപക്ഷത്തില്ലാത്തവനേയും (ശത്രു-മിത്ര ഭേദമില്ലാതെ) ഒരു പോലെ സുഹൃത്തായിക്കണ്ട്, പുല്ലും താമരയും ഒരേ കണ്ണുകൊണ്ട് ഒരു പോലെ കണ്ട് (ഭംഗിയും അഭംഗിയും എന്ന വേര്‍തിരിവില്ലാതെ), പ്രജയും മഹനീയ രാജാവും ഒരു പോലെ കണ്ട് എന്നു ഞാന്‍ സദാശിവനെ ഭജിക്കും. രാവണന്റെ ഉള്ളിലിരുപ്പ് എത്ര സാത്വികമാണെന്നു നോക്കുക. ഏറ്റവും ചുരുങ്ങിയത് ഇങ്ങനെ പ്രാര്‍ത്ഥിക്കാനെങ്കിലും തോന്നിയില്ലേ.

13. കദാ നിലിമ്പ നിര്‍ജ്ജരി നികുഞ്ജ കോടരെ വസന്‍ വിമുക്ത ദുര്‍മതി സദാ സിര സ്ഥമജ്ജലിം വഹന്‍ വിലോല ലോല ലോചനോ ലലാമ ഭാല ലഗ്നക ശിവേതി മന്ത്രമുച്ചരന്‍ കദാ സുഖീ ഭവാമ്യകം എന്നാണു ഞാന്‍ ഗംഗാ തീരത്തെ നികുഞ്ജത്തിനകത്ത് ഒരു ഗുഹയില്‍ എല്ലാ ചീത്ത വിചാരങ്ങളില്‍ നിന്നും മുക്തനായി ശിരസ്സില്‍ കൂപ്പുകൈയ്യ് വഹിച്ചുകൊണ്ട് കഴിയുക. എന്നാണു ഞാന്‍ നെറ്റിയ്ക്കു മദ്ധ്യഭാഗത്തായി തൊടുകുറി തൊട്ട് ശിവന്‍ എന്ന മന്ത്രവും ഉരുവിട്ട് ധ്യാനനിരതനായി സുഖമുള്ളവനായി ഭവിക്കുക.

14. ഇമം ഹി നിത്യ മേവ മുക്തമുത്തമോത്തമം സ്തവം പഠന്‍ സ്മരന്‍ ബ്രുവന്നരോ വിശുദ്ധി മേതി സന്തതം ഹരേ ഗുരോ സുഭക്തി മാശു യാതി നാന്യഥാ ഗതിം വിമോഹനം ഹി ദേഹിനാം സു ശങ്കരസ്യ ചിന്തനം ഇതിനാല്‍ തന്നെ ഇപ്രകാരം വിശുദ്ധിയോടെ ഹരനെന്ന ഗുരുവില്‍ നല്ല ഭക്തിയോടെ ഉത്തമത്തിലും ഉത്തമമായി പറഞ്ഞ സ്തോത്രം മാത്രം എന്നും നിരന്തരം പഠിച്ചും സ്മരിച്ചും പറഞ്ഞും ജീവിക്കുന്നവര്‍ ദേഹമെന്ന മായാമോഹം അകന്ന് ശിവനിലേയ്ക്ക് നയിക്കപ്പെടും, മറ്റൊരു ഗതി ഉണ്ടാകില്ല.

*ഫലശ്രുതി*

15. പൂജാവസാന സമയേ ദശവക് ത്രം ഗീതം യ ശംഭു പൂജനപരം പഠതി പ്രദോഷേ തസ്യ സ്ഥിരാം രഥഗജേന്ദ്ര തുരംഗ യുക്താം ലക്ഷ്മീം സദൈവ സുമുഖീം പദദാതി ശംഭു

In the evening, after sunset, at the end of Puja, whoever utters this stotra dedicated to the worship of Shiva, Lord Shiva blessed him with very stable LakShmi (prosperity) with all the richness of chariots, elephants and horses.


*കാരിക്കോട്ടമ്മ -23-01-20* 

No comments:

Post a Comment