Sunday, February 23, 2020

വിവേകചൂഡാമണി- 183

    'ചിത്പ്രകാശം' സത്വശുദ്ധമായ മനസ്സിൽ പ്രതിബിംബിക്കുമ്പോൾ, പകലിൽ സൂര്യൻ ലോകത്തെയെന്നപോലെ, അത് ജഡവസ്തുക്കളെയെല്ലാം പ്രകാശിപ്പിക്കുന്നു. ഈ പുസ്തകം ഞാൻ കാണുന്നു -- ഇതിൽ പ്രകാശമുള്ളതുകൊണ്ട്. ആ ജനലിലൂടെ പ്രകാശം ഇതിലെത്തിയതാണ്. എങ്കിൽ, ആ ജനലിനും, ഈ പുസ്തകത്തിനുമിടയ്ക്കും പ്രകാശം ഉണ്ടാവാതെ വയ്യല്ലൊ. ജനലിനും പുസ്തകത്തിനും ഇടയ്ക്കുള്ള പ്രകാശത്തെ കാണുക സാദ്ധ്യമല്ല. പ്രകാശത്തെ, തനിയെ, കാണാൻ പറ്റില്ലെന്നർത്ഥം. അതേതെങ്കിലും വസ്തുവിൽ തട്ടുമ്പോൾ പ്രതിഫലിക്കുന്ന പ്രകാശത്തേയാണ് നാം കാണുന്നത്.

   ആത്മാവ് ഒന്നും കാണുന്നില്ല -- ഒരു വസ്തുവിനേയും അറിയുന്നുമില്ല -- യാതൊന്നിനേയും പ്രകാശിപ്പിക്കുന്നുമില്ല. കാരണം ആത്മാവിൽ നിന്നന്യമായി ഒന്നും തന്നെ ഇല്ല എന്നതുതന്നെ. ഏകവും അദ്വയവുമാണത്. നാം ദൃശ്യവസ്തുക്കൾ കാണുകയും അറിയുകയും ചെയ്യുന്നത് നമ്മുടെ 'ചേതസ്സ്' കൊണ്ടാണ്. ചിത്പ്രകാശം (ആത്മാവ്) ബുദ്ധിയിൽ പ്രതിഫലിച്ചതാണ് ചേതസ്സ്. അതിനാൽ ബുദ്ധി കലുഷിതമാവുമ്പോൾ ചേതസ്സ് മങ്ങുന്നു. പ്രതിഫലകം അസ്ഥിരമാണെങ്കിൽ, പ്രതിഫലനം (ആത്മപ്രതിബിംബം)
ചഞ്ചലമായിരിക്കും. അപ്പോൾ അതിന്റെ പ്രകാശത്തിന് മാറ്റു കുറയും. പ്രതിഫലകം മലിനമാണെങ്കിലും പ്രതിഫലിക്കുന്ന പ്രകാശം മങ്ങിയിരിക്കും. ബുദ്ധിയിൽ തമസ്സ് ബാധിക്കുമ്പോൾ അത് നിസ്തേജമായിത്തീരുന്നു. രജസ്സും ബാധിച്ച്, വിക്ഷേപശക്തിയുടെ പിടിയിലുമാണെങ്കിൽ അകത്തോ പുറത്തോ നടക്കുന്നതൊന്നും തന്നെ അറിയാൻ കഴിയുകയുമില്ല.

    അതിനാൽ രജസ്സും തമസ്സും സത്വത്തോടു ചേരുമ്പോൾ മനുഷ്യന്റെ പ്രജ്ഞ മങ്ങിമറഞ്ഞുപോകുന്നു. രജസ്തമോഗുണങ്ങൾ കുറയുന്നതിനനുസരിച്ച് സത്വഗുണം കൂടിവരും. തൽഫലമായി ബുദ്ധിയിൽ പ്രതിബിംബിക്കുന്ന ആത്മതത്വം കൂടുതൽ വ്യക്തമായി പ്രകാശിക്കുവാൻ തുടങ്ങും. അങ്ങനെ അന്തഃകരണം സത്വശുദ്ധമാക്കിയാൽ ഏതു മൂഢനും ധിഷണാശാലിയായി മാറുന്നതാണ്.

   ഉപാസന, ജപം, ധ്യാനം എന്നീ ആദ്ധ്യാത്മികസാധനകളെല്ലാം തന്നെ അന്തഃകരണശുദ്ധി നേടാനുള്ള ഉപായങ്ങളാണ്.  മനസ്സ് കൂടുതൽ കൂടുതൽ സാത്വികമാകുന്തോറും മുമ്പ് ഗ്രഹിക്കുവാൻ കഴിയാതിരുന്ന പലതും വ്യക്തമായി ഗ്രഹിക്കുവാൻ സമർത്ഥമായി ഭവിക്കും. പറയപ്പെട്ട സാധനകളിലൂടെ ജിജ്ഞാസുവിന്റെ മനസ്സ് പ്രശാന്തമാവുന്നതോടെ അതിൽ പ്രതിബിംബിക്കുന്ന ചിത്പ്രകാശം വളരെ തെളിവോടെ പ്രകടമാവും. അതോടെ അയാൾക്കു പരമാത്മാവിനോടുള്ള പ്രേമഭക്തി ഗാഢമായിത്തീരും; മോക്ഷം ഉൽക്കടകമായി ഭവിക്കും; മഹനീയ ഗുണങ്ങൾക്ക്, അയാൾ വിള നിലമായിത്തീരുകയും ചെയ്യും. അതിന്റെ ഫലമായി സാധകന്റെ സൂക്ഷ്മഗ്രഹണ പാടവം വർദ്ധിക്കുന്നു. വസ്തുക്കളുടെ സൂക്ഷ്മ തത്ത്വം ഗ്രഹിക്കാനുള്ള അസാമാന്യമായ ഈ കഴിവിനെ "ജ്ഞാന ചക്ഷുസ്സ്' എന്നോ 'ദിവ്യദർശനം' എന്നോ, 'വെളിപാട്' എന്നോ, 'അതീന്ദ്രിയബോധം' എന്നോ ഒക്കെ പറയും. സത്വപൂർണ്ണമായ മനസ്സിന്റെ ദിവ്യഭാവത്തെയാണിതെല്ലാം സൂചിപ്പിക്കുന്നത്. ആത്മോന്നതിയിലേക്കുള്ള കോണിയാണത്. മേലോട്ടു കയറും തോറും വേഗത കൂടിവരും.

    ചിത്പ്രകാശം എല്ലാവരിലും സമമാണെങ്കിലും ഓരോ വ്യക്തിയിലുമുള്ള രജസ്തമോഗുണങ്ങളുടെ തോതനുസരിച്ച് അവരുടെ വ്യക്തിപ്രഭാവത്തിൽ ഏറ്റക്കുറച്ചിലുകൾ കാണാം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment