Sunday, February 23, 2020

🙏 എല്ലാവർക്കും നമസ്കാരം🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിനം.നിർമ്മാല്യം മുതൽ തൃപ്പുക വരെ.(63)

ആണ്ടിലൊരിക്കൽ നടക്കുന്ന സഹസ്രകലാ ശാഭിഷേകം നടത്തുന്നത് കണ്ണന്റെ ഉച്ചപ്പൂജക്കാണ്.

ഇക്കൊലത്തെ (2020) ഉത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന സഹസ്രകലശ ചടങ്ങുകൾ  ഫെബ്രവരി 27 വ്യാഴാഴ്ച സമാരംഭിക്കുന്നു.

അനുഗ്രഹ കലകൾ ശയിക്കുന്നത് കൊണ്ട് കലശം എന്ന് പറയുന്നു.

അങ്ങിനെ ഒന്നല്ല ആയിരത്തിലധികം കലശങ്ങൾ കണ്ണന് അഭിഷേകം ചെയ്യുന്ന ദിവ്യോത്സവമാണ് ഗുരുവായൂർ ഉത്സവം.

ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ശുദ്ധി ചടങ്ങുകളുടെ ഭാഗമായി ഈ കലശാഭിഷേകം നടത്തുന്നു.

ക്ഷേത്ര മതിൽക്കകത്ത് എന്തെങ്കിലും അശുദ്ധി സംഭവിച്ചാൽ അപ്പപ്പോൾ തന്നെ അതിനാവശ്യമായ ശുദ്ധികർമ്മങ്ങൾ ചെയ്യാറുണ്ട്. അപ്പോൾ പിന്നെ മാസംതോറും നടത്തുന്ന ശുദ്ധിയും ആണ്ടിലൊരിക്കൽ നടത്തുന്ന ഉത്സവശുദ്ധികർമ്മങ്ങളും എന്തിനാണെന്ന് ചിലർക്കെങ്കിലും സംശയം വരാം.

പ്രത്യക്ഷത്തിൽ കാണാൻ കഴിയാതെയും, അറിയാനിടയാകാതെയും, ചില അശുദ്ധികളൊ അപാകതകളോ, സംഭച്ചിട്ടുണ്ടെങ്കിൽ അതിനും കുടിയുള്ള, പരിഹാരങ്ങളും, പ്രായശ്ചിത്തങ്ങളുമാണ് ഉത്സവ ശുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നത്.

നമ്മുടെ നഗ്ന നേത്രങ്ങൾക്ക് ഗോചരമല്ലാത്ത അശുദ്ധികളും വരാം.

എന്തെല്ലാമാണ് ഈ അശുദ്ധികൾ. കാണാൻ കഴിയാത്ത ചെറു പ്രാണികളും, മറ്റ് ക്ഷുദ്ര ജീവജാലങ്ങളും, ക്ഷേത്രത്തിൽ പ്രവേശിച്ച് അവക്ക് ജീവഹാനി സംഭവിക്കുക.

അന്യരുടെ മുതൽ അപഹരിക്കുന്ന ചോരന്മാർ (കള്ളൻന്മാർ) ക്ഷേത്രത്തിൽ പ്രവേശിക്കുക.

ഇവരെ പോലുള്ള ഇതര അനർഹരായ ചിന്താ മനസ്ക്കർ ക്ഷേത്രത്തിൽ പ്രവേശിക്കുക.

ക്ഷേത്രത്തിൽ വെച്ച് അസത്യമായ സംഭവങ്ങൾ പറയുക. ചിന്തിക്കുക.

ഉച്ചത്തിലും ക്ഷോഭിച്ചും സംസാരിക്കുമ്പോഴുണ്ടാകുന്ന അപശബ്ദങ്ങൾ മൂലം പരിസരം മലിനീകരണം സംഭവിക്കുക.

മനസ്സിൽ നീചമായ ചിന്തകൾ ഉണ്ടാവുക.

ക്ഷുദ്രാന്യ മന്ത്ര യജനം, ദേവന് അനുയോജ്യമല്ലാത്ത, ജല, ഗന്ധ, പുഷ്പം എന്നിവ കൊണ്ടുള്ള പൂജ, സമർപ്പണം,

ഇവയെല്ലാം തന്ത്രശാസ്ത്രത്തിൽ പറഞ്ഞ അശുദ്ധി കാരണങ്ങളാണ്.

ഈ അശുദ്ധികൾ, ഭൗതികമായും, മാനസികമായും പരിഹരിക്കുന്ന യജ്ഞമാണ് ശുദ്ധി ക്രിയകൾ. അതിനായി, അടിച്ചുവാരുക, കഴുകുക, നിറം പിടിപ്പിക്കുക എന്നിവയും, വേദമന്ത്രജപം, ഹോമം, പൂജ, കലശം എന്നിവയെല്ലാം ഭൗതിക മാനസിക ശുദ്ധിക്കായി ചെയ്യുന്നു.

ശ്രീ അമ്പാടി കണ്ണന്റെ സഹസ്രകലശത്തിന്റെ പ്രാരഭമായി നടക്കുന്ന ആദ്യ ചടങ്ങാണ് ആചര്യവരണം.

27-2-20 ന് ദീപാരാധനക്ക് ശേഷം നവഗ്രഹങ്ങൾ ശുഭമായി നിൽക്കുന്ന മുഹൂർത്തിൽ ഗണപതി പൂജക്ക് ശേഷമാണ് ആചര്യനെ ( തന്ത്രിയെ ) വരിക്കുന്നത്.

വിഷ്ണു യാഗമായ സഹസ്രകലശം നിർവിഘ്നം നടത്തി തരുവാൻ ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുന്നു.

ക്ഷേത്ര ഊരാളൻ  മല്ലിശ്ശേരി മനയിലെ കാരണവർ ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി യാണ് ക്ഷേത്ര ആചാര്യൻ ബ്രഹ്മശ്രീ ചേന്നാസ്സ് വാസുദേവൻ നമ്പൂതിരി പ്പാടിനെ ആചാര്യനായി വരിക്കുന്നത്.

പത്രതാബൂലാദികളും, ഇണ വസ്ത്രവും, പവിത്രവും കൊടുത്ത് സഹസ്രകലശം ഭംഗിയായി നടത്തി തരുവാനുള്ള പ്രാർത്ഥനയും ചൊല്ലി ആചര്യവരണം നടത്തുന്നു.

ആചര്യവരണത്തിന് ശേഷം " മുളയിടൽ " എന്ന ചടങ്ങ് നടത്തുന്നു.

ചെറുതയ്യൂർ  വാസുദേവൻ നമ്പൂതിരി .ഗുരുവായൂർ.9048205785.

No comments:

Post a Comment