Monday, February 10, 2020

വികാരവും വിവേകവും [24]

സനാതന ധർമ്മം – 24  ::
നമ്മുടെ ചിന്തകൾക്കു രണ്ട് തരം സ്വഭാവമുണ്ട്. ഒന്ന് വികാരവും, മറ്റൊന്ന് വിവേകവും. നിർഭാഗ്യവശാൽ നമ്മളെല്ലാവരും തന്നെ ഈ വികാരത്തിൽ ജീവിക്കുന്നവരാണ്. വികാരം നമ്മെ ആകർഷിപ്പിക്കും, ആസക്തരാക്കും, അഹങ്കാരിയാക്കും. നമ്മുടെ വികാര ചിന്തകൾ എല്ലാം ഒഴുകുന്നത് നമ്മുടെ ശരീരത്തിലേക്കും, ബന്ധങ്ങളിലേക്കും, വസ്തുക്കളിലേക്കുമാണ്. ഇത് ആദ്യമെല്ലാം കുറച്ചു സന്തോഷവും, സുഖവുമെല്ലാം തരുമെങ്കിലും കാലം കൊണ്ട് ക്ഷയിക്കുന്ന ശരീരം, അകലുന്ന ബന്ധങ്ങൾ, നഷ്ട്ടപ്പെടുന്ന വസ്തുക്കൾ എല്ലാം തന്നെ നമ്മെ തീരാ ദുഃഖത്തിലും തളർച്ചയിലും കൊണ്ടെത്തിക്കുന്നു. എന്നാൽ വിവേകിയായ ഒരുവൻ ഈ ശരീരത്തിന്റെ നശ്വരതയെയും മറ്റു മനസ്സുകളുടെ വൈവിദ്ധ്യത്തെയും സ്വന്തം മനസ്സിന്റെ സ്വാതന്ത്ര്യത്തെയും എല്ലാം തിരിച്ചറിഞ്ഞു അവന്റെ ആകർഷണവും, ആസക്തിയും എല്ലാം ശരീരത്തിലേക്കോ വസ്തുക്കളിലേക്കോ ഒഴുകാൻ സമ്മതിക്കാതെ തന്നെ ജീവസ്സുറ്റതാക്കി നിലനിർത്തുന്ന ആ ആത്മ ചൈതന്യത്തിലേക്ക്……അഥവാ പരമാത്മാവിലേക്ക് തിരിച്ചു വിടുന്നു. ഇത് അത്ര എളുപ്പമായ കാര്യമല്ല.
ഇങ്ങനെ വിവേകത്തിലേക്ക് നമ്മുടെ മനസ്സിന്റെ ശ്രദ്ധ തിരിക്കണമെങ്കിൽ അതിനുള്ള ജ്ഞാനം നേടിയിരിക്കണം. ഇന്നത്തെ വിദ്യാഭ്യാസത്തിൽ നിന്നോ, ജീവിതരീതിയിൽ നിന്നോ നമുക്ക് ഈ ജ്ഞാനം കിട്ടുന്നില്ല. അതിനൊരു ഗുരുവിന്റെ സഹായം കൂടിയേ തീരൂ. ആത്മജ്ഞാനം ഒരു ഗുരുമുഖത്തു നിന്ന് തന്നെ കിട്ടണം. ഒരു ഗുരുവുമായുള്ള സത്‌സംഗത്തിൽ കൂടി നാം വേദതത്ത്വങ്ങളടങ്ങിയ ഭാഗവതം, രാമായണം, ഭഗവത് ഗീത, ഉപനിഷത്തുക്കൾ തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിക്കുമ്പോൾ നമുക്ക് നമ്മുടെ മനസ്സിനെ കുറിച്ചും, ഈശ്വരനെകുറിച്ചും എല്ലാം ശരിയായ ജ്ഞാനം ലഭിക്കുന്നു. ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നു…… “ഞാൻ എല്ലാരുടെയും ഉള്ളിൽ ആത്മാവായി നിലകൊള്ളുന്നു”. (ഗീത 10:20…ഇതു നേരത്തെ നമ്മൾ കണ്ടതാണ്.) എന്നും ..എന്നെ പ്രീതിപൂർവം ഭജിക്കുന്നവർക്ക് ഞാൻ ബുദ്ധിയോഗം കൊടുത്തനുഗ്രഹിക്കുന്നു എന്നും..
അതെങ്ങനെയെന്നു ഈ ശ്ലോകത്തിൽക്കൂടി വ്യക്തമാക്കുന്നു..
തേഷാം സതതയുക്താനാം
ഭജതാം പ്രീതിപൂർവകം
ദദാമി ബുദ്ധിയോഗം തം
യേന മാമുപയാന്തി തേ
(ഭഗവത്ഗീത അദ്ധ്യായം.. 10,ശ്ലോകം 10)
പ്രീതരായെപ്പോഴും ഭക്ത്യാ
പൂതരെന്നെ ഭജിപ്പവർ
ഞാനവർക്കെന്നിലെത്തീടാൻ
ജ്ഞാനയോഗം കൊടുത്തിടും.
(മലയാളഭാഷാ ഗീത)
ഭഗവാന്റെ മഹിമയെ ശ്രവണ മനന നിധിധ്യാസനത്താൽ മനസ്സിൽ ഉറപ്പിക്കുന്നവർക്കു ആത്മജ്ഞാനവും വിവേകബുദ്ധിയും കൊടുത്തനുഗ്രഹിക്കും എന്നാണ് ഭഗവാൻ പറയുന്നത്.
അതുപോലെ വികാരത്തിൽ മാത്രം ജീവിക്കുന്ന ഒരാൾ പടി പടിയായി നശിക്കുന്നതെങ്ങനെയെന്നും ഗീതയിൽ പറയുന്നുണ്ട്.
ധ്യായതോ വിഷയാൻപുംസഃ
സംഗസ്തേഷുപജായതേ
സംഗാത് സംജായതേ കാമഃ
കാമാത്ക്രോധോഭിജായതേ
ക്രോധാദ്ഭവതി സമ്മോഹഃ
സമ്മോഹാത് സ്മൃതിവിഭ്രമഃ
സ്മൃതിഭ്രംശാദ് ബുദ്ധിനാശോ
ബുദ്ധിനാശാത് പ്രണശ്യതി
(ഭഗവത്ഗീത… അദ്ധ്യായം 2, ശ്ലോകം 62.63)
വിഷയധ്യാനമാളുന്നോ-
നുണ്ടാകും സക്തിയായതിൽ
സക്തിയാൽ കാമമുണ്ടാകും
കാമത്തിൽനിന്നു കോപവും
സമ്മോഹം ക്രോധമാളുമ്പോ-
ളോർമ്മത്തെറ്റതിനപ്പുറം
അത്തെറ്റാൽ ബുദ്ധിനാശംതാൻ
ബുദ്ധിനാശാൽ വിനാശവും..
(മലയാളഭാഷാ ഗീത)
ഇന്ദ്രിയവിഷയങ്ങളിൽ മാത്രം രമിക്കുന്നവന് അതിനോടൊരാസക്തി
(association)ഉണ്ടാകുന്നു.ആ ആസക്തി കാമം(expectation)ഉണ്ടാക്കുന്നു..ആ കാമം പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിൽ സ്വാഭാവികമായി ക്രോധവും(frustration) ക്രോധത്തിൽനിന്നു സമ്മോഹവും(depression) സമ്മോഹത്തിൽ നിന്നു ഓർമ്മത്തെറ്റു അഥവാ ബുദ്ധിനാശവും(delusion) ഉണ്ടാകുന്നു.
ഈ അവസ്ഥ അവനെ സർവനാശത്തിലേക്കും (destruction) എത്തിക്കുന്നു. മനസ്സിന്റെ ഈ അവസ്‌ഥകളെക്കുറിച്ചു ഇത്ര ആഴത്തിൽ നമുക്കു വേറെ എവിടുന്നു പഠിക്കാനാകും..?
ഭഗവാൻ വീണ്ടും ഗീതയിൽ 11 ആമത്തെ അദ്ധ്യായത്തിൽ 54 ആം ശ്ലോകത്തിൽ പറയുന്നുണ്ട്..
ഭക്ത്യാ ത്വനന്യയാ ശക്യ
അഹമേവംവിധോർജുന
ജ്ഞാതും ദ്രഷ്ടും ച തത്ത്വേന
പ്രവേഷ്ടും ച പരന്തപ
അനന്യ ഭക്തിയാൽ മാത്രം
സാധ്യമെന്നെയറിഞ്ഞിടാൻ
കാണ്മാനും വിശ്വരൂപത്തെ
പ്രാപിക്കാനും പരന്തപ.
(മലയാളഭാഷാ ഗീത)
കാണുന്നതും കേൾക്കുന്നതും എല്ലാം ഭഗവൽമയം എന്ന ഭാവത്തിൽ എന്നെ ഭജികുന്നവന് എന്നെ താത്ത്വികമായി അറിയാനും കാലക്രമേണ രാഗാദി വാസനകൾ നശിച്ചു ജീവാത്മാ പരമാത്മാ ഐക്യത്തിൽ എത്താനും സാധിക്കുമെന്ന്..
എല്ലാ മതങ്ങളും ഈശ്വരൻ ഒന്നേയുള്ളൂ എന്ന് പറയുമ്പോൾ നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നത് നമുക്കെല്ലാവർക്കും തന്നെ ഈശ്വരനായി തീരാനുള്ള കഴിവും സാധ്യതയും ഉണ്ടെന്നാണ്. അതാണ്‌ ഭാരതത്തിന്റെ അദ്വൈത സിദ്ധാന്തം…….
bhamini nair

No comments:

Post a Comment