Monday, February 10, 2020

പ്രേയസ്സും ശ്രേയസ്സും [45]

മാനവരാശിയുടെ മുൻപിൽ തുറന്നുകിടക്കുന്നത് രണ്ടുതരം ജീവിതരീതികളാണ്. ഒന്ന് ഭൗതികജീവിതം. മറ്റൊന്ന് ആത്മീയ ജീവിതം. ഭൗതിക ജീവിതരീതികൊണ്ട് നേടുന്നതിനെ പ്രേയസ്സെന്നും ആത്മീയത കൊണ്ട് നേടുന്നതിനെ ശ്രേയസ്സെന്നും പറയുന്നു. ഭാരതീയ സംസ്കാരം ഈ രണ്ടു വഴികളെക്കുറിച്ചും നമുക്ക് വേർതിരിച്ച് പറഞ്ഞുതരുന്നുണ്ട്. എന്നിട്ട് പറയുന്നു , ലൗകികകാര്യങ്ങളിലുള്ള ആഗ്രഹം നിമിത്തം മൂഢ ബുദ്ധികൾ പ്രേയസ്സിന്റെ വഴി സ്വീകരിക്കുന്നു. എന്നാൽ ധീരൻമാരായവർ പ്രേയസ്സിനെക്കാൾ ശ്രേയസ്സിന്റെ വഴി ശ്രേഷ്ഠമെന്നറിഞ്ഞ് അതു സ്വീകരിക്കുന്നു….എന്നു..
ലൗകിക വിഷയഭോഗങ്ങൾ കൊണ്ട് താൽക്കാലിക ഇന്ദ്രീയസുഖങ്ങൾ പ്രദാനം ചെയ്യപ്പെടുന്നതാണ് പ്രേയസ്സിന്റെ വഴി. ഇന്ന് ഭൂരിഭാഗം ആളുകളും ജീവിക്കുന്നത് ഈ പ്രേയോ മാർഗ്ഗത്തിൽക്കൂടിയാണ്. നമ്മൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന സംസ്ക്കാരവും അതുതന്നെ… ഉയർന്ന വിദ്യാഭ്യാസം, അതിനനുസരിച്ച് ഉയർന്ന ശമ്പളമുള്ള ജോലി, വരുമാനത്തിന്ന് യോജിച്ച സുഖസൗകര്യങ്ങൾ.. ഇവയെല്ലാമാണ് നമ്മുടെ ലക്ഷ്യം. ഭക്ഷണം, പാർപ്പിടം, വസ്ത്രം ഈ മൂന്നു കാര്യങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധ. മാത്രമല്ല ഇവയിലെല്ലാം സുഖലോലുപത്ത്വം വർദ്ധിപ്പിക്കുക എന്നത് ആവശ്യമായും കരുതുന്നു. എന്നാൽ ഇവയെല്ലാംതന്നെ അവസാനം ദുഃഖപര്യവസായിയായി മാറുന്നു എന്നത് ആരും ചിന്തിക്കുന്നില്ല….പണമാണ് ഏവർക്കും പ്രധാനം. അത് ഏത് വഴിക്കും നേടിയെടുക്കാനുള്ള നെട്ടോട്ടവും. അവിടെ സദാചാരമൂല്ല്യങ്ങൾക്കോ സംസ്ക്കാരത്തിനോ യാതൊരു പ്രസക്തിയും ഇല്ലാതെ വന്നിരിക്കുന്നു.
“നാണം കെട്ടും പണം നേടിക്കൊണ്ടാൽ
നാണക്കേടാപ്പണം തീർത്തുകൊള്ളും”…
എന്ന് പണ്ട് ആരോ നർമ്മരസത്തിൽ എഴുതിവച്ചിട്ടുള്ളത് ഇന്നൊരു ആപ്തവാക്യമായ് മാറിയിരിക്കുകയാണ്. നമ്മുടെ സമൂഹത്തിൽ ഉയർന്ന പദവികൾ അലങ്കരിക്കുന്നവർ പോലും ഏതാണ്ട് ഇതേ പാതയിൽ സഞ്ചരിക്കുന്നു എന്നതാണ് ദൗർഭാഗ്യകരം….
എന്നാൽ ശ്രേയസ്സിന്റെ വഴി സ്വീകരിക്കുന്ന വിവേകമതികൾ രണ്ടു മാർഗ്ഗങ്ങളുടെയും ഗുണദോഷഫലങ്ങളെ വേർതിരിച്ചറിഞ്ഞ് നിത്യമായ ആനന്ദാനുഭവത്തെ ലക്ഷ്യമാക്കി ശ്രേയോമാർഗ്ഗത്തിൽ ജീവിക്കുന്നവരാണ്. അവരാകട്ടെ പണത്തേക്കാൾ മൂല്ല്യങ്ങളെ വിലമതിക്കുന്നു. അവർക്ക് ജീവിതം പൂമെത്തയായിരിക്കില്ല. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ധാരാളം ഉണ്ടാകാം. എങ്കിലും അവർ സത്ചിന്തകളിൽക്കൂടി,സത്കർമ്മങ്ങളിൽക്കൂടി, സദാചാരങ്ങളിർക്കൂടി ഒരു ജീവൻ ആത്യന്തികമായ് എത്തിച്ചേരേണ്ടുന്ന പരമമായ ലക്ഷ്യത്തെ തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നു. അവരെന്നും ലോകോപകാരികളായിരിക്കും. ലോകത്തിന് മാതൃകയുമായിരിക്കും….. അതു തന്നെയാണ് ശ്രേയസ്സും.
നാം ഏവരും ഒന്ന് ചിന്തിക്കണം. ആരും തന്നെ ഇവിടെ സ്ഥിരമായ് ഉണ്ടാവില്ല. നൂറു വർഷത്തിനുള്ളിൽ ഒതുങ്ങുന്ന ഒരുകാലഘട്ടം. അത്രമാത്രമേ ഉള്ളൂ നമ്മുടെ ജീവിതകാലം.. എന്നാൽ നാം ഈ ലോകത്തുനിന്ന് തന്നെ പോയിക്കഴിഞ്ഞാലും നമ്മെ സ്നേഹത്തോടെയും സന്തോഷത്തോടെയും നന്ദിയോടെയും സ്മരിക്കാൻ കുറച്ചു പേരുണ്ടായാൽ നമ്മുടെ ജീവിതം എത്ര ധന്യം… അതിനായെങ്കിലും നമുക്ക് പ്രേയസ്സിനോടൊപ്പം ശ്രേയസ്സിന്റെ വഴികൂടി തിരഞ്ഞെടുക്കാം

No comments:

Post a Comment