Tuesday, February 04, 2020

🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻🙏🏻 
       *ശ്രീമദ് ദേവീഭാഗവതം*
           *നിത്യപാരായണം*
                   *ദിവസം 30*
          *2. 5 . സത്യവതീവരണം*

*വസൂനാം സംഭവ: സൂത കഥിത: ശാപകാരണാത്*
*ഗാംഗേയസ്യ തഥോത്പത്തി: കഥിതാ ലോമഹര്‍ഷണേ*
*മാതാ വ്യാസസ്യ ധര്‍മജ്ഞ നാമ്നാ സത്യവതീ സതീ*
*കഥം ശന്തനുനാ പ്രാപ്താ ഭാര്യാ ഗന്ധവതീ ശുഭാ*

*ഋഷിമാര്‍ പറഞ്ഞു:* വസുക്കളുടെ ശാപകഥയും അവരിലൊരാളായിട്ടുള്ള ഗാംഗേയന്‍റെ ജനനവും എല്ലാം രോമാഞ്ചമുണ്ടാക്കുന്ന വിധത്തില്‍ അങ്ങ് വിവരിച്ചു. വ്യാസമാതാവായ സത്യവതിയെ ശന്തനുരാജാവിന്‍റെ പത്നിയായി വന്നതെങ്ങിനെയാണ്? അവര്‍ എങ്ങിനെ വിവാഹംകഴിച്ചു എന്നെല്ലാം വിശദമായി പറഞ്ഞു തന്നാലും.

*സൂതന്‍ പറഞ്ഞു:* ശന്തനുരാജന്‍ ഗംഗയില്‍ നിന്നും തിരികെ കിട്ടിയ മകനുമായി നാലുകൊല്ലത്തോളം ശിവനും സുബ്രഹ്മണ്യനും എന്നതുപോലെ സുഖമായിക്കഴിഞ്ഞു. രാജാവ് മൃഗയാവിനോദം തുടര്‍ന്നു വന്നു. ഒരിക്കല്‍ വേട്ടയ്ക്ക് പോയ രാജാവ് പലതരം മൃഗങ്ങളെ കൊന്നു കൊന്ന് ഒടുവില്‍ കാളിന്ദീ തീരത്തെത്തി. അതിരമണീയമായ ഒരു സുഗന്ധം അദ്ദേഹത്തെ ആകര്‍ഷിച്ചു. മന്ദാരമാണോ, പിച്ചിയാണോ, കസ്തൂരിയാണോ? കൈതയാണോ, മുല്ലയാണോ ഇതെന്നാലോചിച്ചു രാജാവ് കാറ്റില്‍ മണംപിടിച്ചു നിന്നു. അപ്പോള്‍ ഒരതിസുന്ദരി നദീതീരത്ത് നില്‍ക്കുന്നതായി കണ്ടു. അവളുടെ വസ്ത്രമാണെങ്കില്‍ മുഷിഞ്ഞതുമാണ്. സൌന്ദര്യം വഴിഞ്ഞൊഴുകുന്ന അവളുടെ ദേഹത്തുനിന്നാണ് സുഗന്ധം വരുന്നതെന്ന് രാജാവിന് മനസ്സിലായി. ആരാണിവള്‍? നവയൌവനയുക്തയായ ഇവള്‍ നാഗകന്യയാണോ? അതോ ഗന്ധര്‍വ കുമാരിയോ? അല്ലെങ്കില്‍ മനുഷ്യസ്ത്രീയായിരിക്കുമോ? ഏതായാലും അവളോടു ചോദിക്കുക തന്നെ. എന്ന് തീരുമാനിച്ചു രാജാവ് ‘നീയാരാണ്‌? ആരുടെ പുത്രിയാണ് നീ, എന്താണിവിടെ തനിച്ചു നില്‍ക്കുന്നത്? നീ വിവാഹിതയാണോ? മനസ്സിനെ മോഷ്ടിക്കുന്നവയാണ് നിന്‍റെ കണ്ണുകള്‍. എന്നെ കാമദേവന്‍ പിടികൂടിയിരിക്കുന്നു. എന്താണ് നിന്‍റെ ആഗ്രഹം പറയൂ.' എന്നെല്ലാം ചോദിച്ചു.

ഇതുകേട്ട് ആ സുന്ദരി ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഞാനൊരു മുക്കുവപ്പെണ്ണ്. കുലത്തൊഴിലായ തോണി തുഴയലില്‍ ഏര്‍പ്പെട്ടു കഴിയുന്നു. എന്‍റെ അച്ഛന്‍ കുടിലിലേയ്ക്ക് ഇപ്പോള്‍ പോയതേയുള്ളു.’. അപ്പോള്‍ രാജാവ്, 'നീയെന്നെ സ്വീകരിച്ചാലും ഞാന്‍ കൌരവമുഖ്യനായ ശന്തനുവാണ്. നിന്‍റെ യൌവനം പാഴാക്കാതെ എനിക്ക് പങ്കുവയ്ക്കുക. എനിക്ക് മറ്റൊരു ഭാര്യയില്ല. അതിനാല്‍ നിന്നെ ധര്‍മ്മപത്നിയാവാന്‍ ഞാന്‍ ക്ഷണിക്കുന്നു. കാമബാണത്താല്‍ പീഢിതനായ എന്നെ നീ ഉപേക്ഷിക്കരുത്. നിനക്ക് ഞാന്‍ ദാസനാണ്‌! എനിക്കുണ്ടായിരുന്ന ഭാര്യ എന്നെ ഉപേക്ഷിച്ചുപോയിട്ടും ഞാന്‍ മറ്റൊരു വിവാഹം കഴിച്ചില്ല. വിഭാര്യനായ ഞാന്‍ നിന്നെക്കണ്ട് മനസ്സ് തളര്‍ന്നു നില്‍ക്കുകയാണ്.'

അമൃത് പോലുള്ള ഈ വാക്കുകള്‍ കേട്ട് സത്യവതിയും സന്തോഷവതിയായി. എന്നാലവള്‍ സാത്വികഭാവത്തില്‍, സധീരം പറഞ്ഞു: 'അങ്ങയെപ്പോലെ ഞാനും സ്വതന്ത്രയല്ല. അങ്ങ് കാമന്‍റെ അധീനതയിലാണിപ്പോള്‍. ഞാന്‍ എന്‍റെ പിതാവിന്‍റെ കീഴിലാണ്. അദ്ദേഹത്തോടാണ് അങ്ങെന്നെ ചോദിക്കേണ്ടത്. മുക്കുവപ്പെണ്ണാണെങ്കിലും ഞാന്‍ ഇഷ്ടംപോലെ നടക്കുന്നവളല്ല. അച്ഛന്‍ അനുവദിച്ചാല്‍ അങ്ങേയ്ക്ക് എന്നെ പാണിഗ്രഹണം ചെയ്യാം. കാമന്‍ നവയൌവ്വനയുക്തയായ എന്നെ പീഢിപ്പിക്കുന്നതുപോലെ അങ്ങയെയും വലയ്ക്കുന്നുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും കുലം ആചാരം എല്ലാമോര്‍ത്ത്‌ കുറച്ചു ക്ഷമകാണിക്കൂ.’

ഈ വാക്കുകള്‍ കേട്ട് രാജാവ് മുക്കുവ രാജാവിന്‍റെ ഗൃഹത്തില്‍ച്ചെന്നു. മുക്കുവന്‍ രാജാവിനെ വണങ്ങി. അത്ഭുതത്തോടെ രാജാവിന്‍റെ വരവിന്‍റെ ഉദ്ദേശം അന്വേഷിച്ചു. 'അങ്ങയുടെ കൊച്ചുമകളെ എനിക്ക് വിവാഹം കഴിപ്പിച്ചു തരുമെങ്കില്‍ ഞാനവളെ ധര്‍മ്മപത്നിയായി വാഴിക്കണം എന്നാഗ്രഹിക്കുന്നു.’

'അങ്ങയെപ്പോലെ ഒരു രാജാവ് വന്നു ചോദിച്ചാല്‍ എന്‍റെ കന്യാരത്നമായ മകളെ തരുക എന്നതില്‍ ആലോചിക്കാന്‍ അല്പം പോലുമില്ല. അങ്ങയുടെ കാലശേഷം ഇവളുടെ പുത്രനെ രാജാവാക്കണം എന്നതാണ് എന്‍റെ ആഗ്രഹം. അങ്ങേയുടെ മറ്റൊരു പുത്രന് ഈ അവകാശം ഒരിക്കലും ഉണ്ടാകരുത്.'

ഗാംഗേയനെപ്പറ്റി രാജാവ് വ്യാകുലചിത്തനായി. ഒന്നും പറയാതെ കൊട്ടാരത്തില്‍ തിരിച്ചെത്തി. കുളിയും ഊണും ഉറക്കവും ഇല്ലാതെ രാജാവ് വിഷണ്ണനായി ഇരുപ്പായി. അച്ഛന്‍റെ ഈ ദുസ്ഥിതി കണ്ടു ദേവവ്രതന്‍ കാരണമെന്തെന്നു തിരക്കി. ‘നരന്മാരില്‍ സിംഹമായ അങ്ങേയ്ക്ക് എന്ത് പറ്റി? അതിനു കാരണം ശത്രുക്കള്‍ ആണെങ്കില്‍  അതാരായാലും ഞാനിന്നു തന്നെ ഹനിക്കുന്നുണ്ട്. അച്ഛന്‍റെ ദുഖം തീര്‍ക്കാന്‍ കഴിയാത്ത പുത്രനെക്കൊണ്ട് എന്താണ് പ്രയോജനം? മുജ്ജന്മത്തിലെ കടം വീട്ടാനാണ് പുത്രനുണ്ടാകുന്നതെന്ന് നിശ്ചയം. ദശരഥപുത്രനായ രാമന്‍ അച്ഛന്‍റെ വാക്കുകേട്ട് സീതാ ലക്ഷ്മണ സമേതം കാട്ടില്‍പോയി താമസിച്ചില്ലേ? ഹരിശ്ചന്ദ്രന്‍റെ മകന്‍ രോഹിതന്‍ പിതാവ് അവനെ വിറ്റതിനാല്‍ വിപ്രഗൃഹത്തില്‍ ദാസനായി കഴിയേണ്ടി വന്നില്ലേ? പിന്നെ ശൂനശേഫന്‍റെ കഥയും പ്രസിദ്ധം. അജീഗര്‍ത്തന്‍ തന്‍റെ മകനായ ശൂനശേഫനെ ബലിമൃഗമായി വിറ്റതാണ്. വിശ്വാമിത്രനാണ് അവനെ രക്ഷപ്പെടുത്തിയത്. ജമദഗ്നിയുടെ പുത്രനായ പരശുരാമന്‍ തന്‍റെ അമ്മയുടെ കഴുത്തറുത്തത് പിതാവിന്‍റെ ആജ്ഞ ശിരസാവഹിക്കാനാണ്. ചെയ്യരുതാത്ത കര്‍മ്മമാണെങ്കിലും ഗുരുവിന്‍റെയും പിതാവിന്‍റെയും ആജ്ഞയുടെ പ്രാധാന്യം അതില്‍ നിന്ന് വ്യക്തമായി. ഈ ദേഹം അങ്ങയുടേതാണ്. അങ്ങയ്ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും ഞാന്‍ പരിഹാരമുണ്ടാക്കാം. വ്യസനിക്കരുത്. എന്താണെങ്കിലും പറയൂ. പിതാവിന്‍റെ ദുഖം അകറ്റാന്‍ കഴിയാത്ത ഒരു പുത്രനുണ്ടായിട്ടു കാര്യമില്ല.’

ഇങ്ങിനെ പറഞ്ഞ ദേവവ്രതനോട് ലജ്ജയോടെ രാജാവ് പറഞ്ഞു: “നീ വീരനും ഗൂരനുമാണ്. പോരില്‍നിന്നും പിന്മാറാത്തവനുമാണ്. എന്നാല്‍ നീ മാത്രമല്ലേ എനിക്ക് പുത്രനായുള്ളൂ. നിനക്കെന്തെങ്കിലും പറ്റിയാല്‍ ഞാന്‍ നിരാശ്രയനാവും. ഇതാണ് എന്‍റെആകുലതയ്ക്കുള്ള കാരണം.’

അപ്പോള്‍ ദേവവ്രതന്‍ മന്ത്രിമാരോട് പറഞ്ഞു: അച്ഛന്‍ കാര്യം തെളിച്ചു പറയുന്നില്ല. എന്താണ് പ്രശനം എന്ന് നിങ്ങള്‍ അറിഞ്ഞു വന്ന് എന്നോടു പറയണം. സത്യവതിയിലുള്ള  രാജാവിന്‍റെ മോഹം അവര്‍ പറഞ്ഞ് ദേവവ്രതന്‍ അറിഞ്ഞു. സമയം കളയാതെ അദ്ദേഹം മുക്കുവരാജാവിന്‍റെ കുടിലില്‍ ചെന്നു. അദ്ദേഹം വിനയത്തോടെ പറഞ്ഞു: ‘എന്‍റെ അച്ഛനുവേണ്ടി ഞാന്‍ അങ്ങയുടെ പുത്രിയെ ചോദിക്കുന്നു. അവള്‍ എന്‍റെ അമ്മയായി കൊട്ടാരത്തില്‍ വാഴട്ടെ. ഞാന്‍ അവളുടെ വാക്ക് കേട്ട് നടന്നുകൊള്ളാം.'

അപ്പോള്‍ ദാശരാജാവ് പറഞ്ഞു: 'അങ്ങ് ഇവളെ ഭാര്യയാക്കുക. അതാണ്‌ കൂടുതല്‍ ചേര്‍ച്ച. അങ്ങിനെയാണെങ്കില്‍ ഇവളുടെ മകന്‍ രാജാവാകണം എന്ന നിബന്ധന എനിക്കില്ല.'

എന്നാല്‍, ‘ഇവള്‍ എനിക്ക് അമ്മയായിരിക്കും, ഇവളുടെ പുത്രനായിരിക്കും അടുത്ത രാജാവ്' എന്ന് ദേവവ്രതന്‍ ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ ദാശരാജാവ് സംശയം പ്രകടിപ്പിച്ചു. 'അങ്ങ് പറഞ്ഞത് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയ്ക്ക് പുത്രനുണ്ടായാല്‍ അവന്‍ ബലം പ്രയോഗിച്ചു രാജ്യം കീഴടക്കുകയില്ല എന്നതിന് എന്താണൊരുറപ്പ്?'

‘പേടിക്കണ്ട, ഞാന്‍ ഒരിക്കലും വിവാഹം കഴിക്കുകയില്ല. ഈ വാക്കിനു മാറ്റമില്ല. ഭീക്ഷ്മശപഥമാണിത്.’ സന്തുഷ്ടനായ ദാശരാജാവ് സത്യവതിയെ ശന്തനുവിനു വിവാഹം ചെയ്തു കൊടുത്തു.

സത്യവതിക്ക് വ്യാസന്‍ എന്നൊരു മകന്‍ നേരത്തേയുണ്ടായിരുന്ന കാര്യം രാജാവിന് അറിയാമായിരുന്നില്ല. അക്കാര്യം അദ്ദേഹത്തോട് ആരും പറഞ്ഞുമില്ല. 

                           *തുടരും*
🙏🏻🙏🏻🙏🏻🙏🏻🕉🔥🕉🙏🏻🙏🏻🙏🏻

No comments:

Post a Comment