Monday, February 03, 2020

*ജ്ഞാനപ്പാന* *വ്യാഖ്യാനം*

         *ഭാഗം. 6.*


*ശ്ളോകം.    9*

 *മൂന്നുമൊന്നിലടങ്ങുന്നു  പിന്നെയും*
*ഒന്നുമില്ലപോൽ വിശ്വമന്നേരത്ത്*

        സൃഷ്ടി സ്ഥിതി സംഹാര കർത്താക്കളായ ത്രിമൂർത്തികൾ മൂർത്തിഭേദം വെടിഞ്ഞ് പരമാത്മസ്വരൂപം കൈക്കൊള്ളുമ്പോൾ പ്രപഞ്ചം അവശേഷിക്കുന്നില്ല. പ്രളയാവസരത്തിലെ സ്ഥിതിയാണിത്. സത്ത്വര ജസ്തമോഗുണങ്ങൾ പ്രളയകാലത്ത് മൂലപ്രകൃതിയില്ല വിലയം പ്രാപിക്കുമ്പോൾ പ്രപഞ്ചം അഥവാ വിശ്വം ഇല്ലാതാകുന്നു  എന്ന് അർത്ഥമാക്കാം.

       മൂന്ന് എന്നതുകൊണ്ട് സൃഷ്ടി ,സ്ഥിതി, സംഹാരങ്ങളുടെ അധിപന്മാരായ ത്രിമൂർത്തികൾ എന്നോ സത്ത്വരജസ്തമോഗുണങ്ങളെന്നോ അർത്ഥം നൽകാം ത്രിമൂർത്തികളുടെ ഏകീഭാവവും ത്രിഗുണങ്ങളുടെ ഏകീഭാവവും ഒന്നുതന്നെ. അങ്ങനെ സംഭവിക്കുമ്പോൾ പ്രപഞ്ചത്തിന് നിലനിൽക്കാൻ കഴിയില്ല. ഗുണത്രയങ്ങളാണ് സൃഷ്ടിക്ക് അവലംബമായിരിക്കുന്നത്.

  *10. മൂന്നു കൊണ്ടു ചമച്ചൊരു വിശ്വത്തിൽ*
*മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും*
*പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും*
*പുണ്യ പാപങ്ങൾ മിശ്രമാം കർമ്മവും*
*മൂന്നുജാതി നിരൂപിച്ചു കാണുമ്പോൾ*
*മൂന്നുകൊണ്ടും തളയ്ക്കുന്നു ജീവനെ*
*പൊന്നിൽ ചങ്ങലയൊന്നിപ്പറഞ്ഞതി -*
*ലൊന്നിരുമ്പുകൊണ്ടെന്ന ത്രെ ഭേദങ്ങൾ*
*രണ്ടിനാലുമെടുത്തു പണി ചെയ്ത*
*ചങ്ങലയല്ലോ മിശ്രമാം കർമ്മവും*   
   
            സത്ത്വരജസ്തമോ ഗുണങ്ങളാൽ ചമയ്ക്കപ്പെട്ട പ്രപഞ്ചത്തിൽ കർമ്മങ്ങളും മൂന്ന് വിധത്തിലാണ്. പുണ്യകർമ്മങ്ങൾ, പാപകർമ്മങ്ങൾ, പുണ്യ - പാപമിശ്രിതകർമ്മങ്ങൾ എന്നിങ്ങനെയാണ് അവ. അവ മൂന്നുകൊണ്ടും ബന്ധിക്കപ്പെട്ടവയാണ് ജീവന്മാർ.ബന്ധിക്കുന്ന ചങ്ങലയുടെ ദ്രവ്യത്തിൽ മാത്രമേ വ്യത്യാസമുള്ളൂ. ഇവയിൽ ഒന്ന് സ്വർണ്ണ ചങ്ങലയും (സത്വഗുണം ) അടുത്തത് ഇരുമ്പ്ചങ്ങലയും ( തമോഗുണം) മൂന്നാമത്തേത് രണ്ടും ചേർന്നുള്ള ചങ്ങലയും (രജോഗുണം) ആണെന്നുള്ള വ്യത്യാസമേയുള്ളൂ.

        ചങ്ങല ഏതായാലും ബന്ധനം, ബന്ധനം തന്നെയാണ്. മൂന്ന് ചങ്ങലയുടേയും ബന്ധനത്തിൽ പെടാതെ അതായത്, സത്വഗുണത്തിനും ഉപരിയായി ഗുണവിമുക്തനായിത്തീർന്നാൽ മാത്രമേ ജീവന് മുക്തി ലഭിക്കുകയുള്ളൂ.
     സത്വഗുണവാൻ പുണ്യകർമ്മങ്ങളും രജോഗുണവാൻ മിശ്ര കർമ്മങ്ങളും തമോഗുണവൻ പാപകർമ്മങ്ങളുമാണ് ആചരിക്കുന്നത്.

   
(തുടരും)

No comments:

Post a Comment