Sunday, February 02, 2020

ശ്രീമദ് ഭാഗവതത്തിലെ പതിനൊന്നാം സ്കന്ധത്തിൽ, പത്തൊമ്പതാം അദ്ധ്യായത്തിൽ ഉദ്ധവർ കൃഷ്ണനോട് കുറേ ചോദ്യങ്ങൾ ചോദിയ്ക്കുന്നുണ്ട്. ഉദ്ധവരുടെ ചോദ്യങ്ങളും ആ ചോദ്യങ്ങൾക്ക് കൃഷ്ണൻ പറഞ്ഞ മറുപടിയും ഇവയാണ്.

ചോ. യമം എന്ത്?.
ഉ. അഹിംസ, സത്യം, അനാസക്തി, നാണം, കൂട്ടിവെയ്ക്കാതിരിയ്ക്കൽ, ധർമ്മത്തിൽ വിശ്വാസം, നല്ല വിദ്യാഭ്യാസം, മൗനം സ്ഥിരത, ക്ഷമ.

ചോ. നിയമം എന്ത്?.
ഉ. ബാഹ്യശുദ്ധി, ആന്തരീകശുദ്ധി, ജപം, തപസ്സ്, കാര്യങ്ങളിലെ ശ്രദ്ധ, അതിഥി സൽക്കാരം, ആരാധനം, തീർത്ഥാടനം. പരോപകാരം.

ചോ. ശമം എന്ത്?.
ഉ. ബുദ്ധിയെ സ്ഥിതിയാക്കി നിർത്തുക.

ചോ. ദമം എന്ത്?.
ഇന്ദ്രിയ നിയന്ത്രണം.

ചോ.തിതിക്ഷ എന്ത്?.
കർത്തവ്യം അനുഷ്ഠിയ്ക്കുന്നതിൽ വരുന്ന ദു:ഖങ്ങളുടെ സഹനം.

ചോ. ധൃതി എന്ത്?.
ഉ. നാവും, ഉപസ്ഥവും നിയന്ത്രിക്കൽ.

ചോ. ദാനം എന്ത്?.
ഉ. ജീവികളെ ദ്രോഹിയ്ക്കാതിരിക്കൽ.

ചോ. തപസ്സ് എന്ത്?.
ഉ. കാമ ത്യാഗം ആണ് തപസ്സ്.

ചോ. ശൗര്യം എന്ത്?.
ഉ. ആഗ്രഹങ്ങളെ നിയന്ത്രിയ്ക്കുന്നത്.

ചോ. സത്യം എന്ത്?.
ഉ. സർവ്വത്ര ഈശ്വര ദർശനം.

ചോ. ഋതം എന്ത്? ഉ.നല്ല വാക്ക് സംസാരിയ്ക്കൽ.

 ചോ. ത്യാഗം എന്ത്?. ഉ.സന്യാസമാണ് ത്യാഗം.

ചോ.ധനം എന്ത്?'
ഉ.ധർമ്മമാണ് ധനം.

ചോ. യജ്ഞം എന്ത്?.
ഉ.ഞാൻ എന്നതിനെ തിരിച്ചറിയൽ.

ചോ. ദക്ഷിണ എന്ത്?.
ഉ.ആചാര്യനിൽ നിന്ന് മനസ്സില്ലാക്കിയത് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കൽ ( ജ്ഞാന സന്ദേശം)

ചോ.ബലം എന്ത്?.
ഉ. പ്രാണൻ ആണ് ബലം.

ചോ. ഭാഗ്യം എന്ത്?.
ഉ. ഐശ്വര്യാദി ഗുണങ്ങൾ തന്നിലേയ്ക്ക് എത്തിചേരൽ ആണ് ഭാഗ്യം.

ചോ.ലാഭം എന്ത്?.
ഉ. ഭക്തി ഉണ്ടാവുന്നത് തന്നെയാണ് ലാഭം.
 ( ഭക്തി എന്നത് മനസ്സിന്റെ വികാരം ആണ്. ഏറെ സന്തോഷം ഉണ്ടാക്കുന്ന അവസ്ഥയും ആണ്.)

ചോ.വിദ്യ എന്ത്?.
ഉ. ഭേദ ബുദ്ധി ഇല്ലാതിരിയ്ക്കൽ ആണ് വിദ്യ.

ചോ. ഹ്രീ എന്ത്?.
ഉ. കാര്യങ്ങൾ ചെയ്യാനുള്ള മടി.

ചോ. അലങ്കാരം എന്ത്?.
ഒന്നിലും ആസക്തിയില്ലായ്മ ആണ് അലങ്കാരം.

ചോ. സുഖം എന്ത്?.
ഉ. സുഖ-ദു:ഖങ്ങളെ ചിന്തിയ്ക്കാതിരിയ്ക്കൽ.

ചോ. ദുഃഖം എന്ത്?.
ഉ. കാമ ഭോഗങ്ങളെ ആശ്രയിയ്ക്കൽ.

ചോ. മൂർഖൻ ആര്?.( അറിവില്ലാത്തവൻ ആര്?.)
ഉ. ദേഹത്തെ ഞാൻ എന്ന് കരുതുന്നവൻ മൂർഖൻ.

ചോ. പണ്ഡിതൻ ആര്?.
ബന്ധമോക്ഷങ്ങളെ അറിയുന്നവൻ.

ചോ.സന്മാർഗ്ഗം ഏത്?.
ഉ. കർമ്മങ്ങളിൽ നിന്നും ഉള്ള നിവൃത്തിമാർഗ്ഗം.

ചോ. ദുർമ്മാർഗ്ഗം ഏത്?.
ഉ. നിയന്ത്രണമില്ലാത്ത പ്രവൃത്തി മാർഗ്ഗം.

ചോ. സ്വർഗ്ഗം എത്?.
ഉ. സാത്വീക ഗുണത്തിന്റെ അഭിവൃദ്ധി.

ചോ. നരകം ഏത് ?.
ഉ. താമസ ഗുണത്തിന്റെ ആധിക്യം.

ചോ. ബന്ധു ആര്?.
ഉ. ഗുരു (ഈശ്വരനെ കാണിച്ചു കൊടുക്കാൻ പ്രാപ്തിയുള്ളവൻ)

ചോ. ഗൃഹം ഏത് ?.
ഉ. മനുഷ്യ ശരീരം ആണ് ആ ജീവന്റെ വീട്.

ചോ. ആഢ്യൻ ആര്?.
ഉ. ഗുണ പരിപൂർണ്ണനാണ് ആഢ്യൻ.

ചോ. ദരിദ്രൻ ആര്?.
ഉ. എത്ര കിട്ടിയാലും തൃപ്തിയില്ലാത്തവനാണ് ദരിദ്രൻ.

ചോ. കൃപണൻ ആര്?.
ഉ. ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കാൻ കഴിയാത്തവൻ കൃപ ണനാണ്.

ചോ. ഈശ്വരൻ ആര്?.
ഉ. ഭഗം ഉള്ളവൻ ഈശ്വരൻ ആണ്.

ചോ. ഭഗം എന്ത്?.
ഉ. ഭഗം എന്ന വാക്കിന് ആറ് അർത്ഥങ്ങൾ വരുന്നു. ഐശ്വര്യം, വീര്യം, ശ്രീ, കീർത്തി, ജ്ഞാനം, വൈരാഗ്യം . ഈ ആറു ഗുണങ്ങളും കൂടി ചേർന്നവൻ ഭഗവാനാണ്.( ക്രിസ്തു ദേവന്റെ പരിത്യാഗ ശീലവും... എന്ന കവിത കൂട്ടി വായിയ്ക്കുക.)

ഇത് ചിന്തിച്ചാൽ മനസ്സിലാകും കൃഷ്ണൻ എങ്ങിനെ ഭഗവാനായി എന്ന്.

ഭാഗവത സപ്താഹ യജ്ഞാചാര്യൻ:
സതീശൻ നമ്പൂതിരി.
Mob: 9947986346

No comments:

Post a Comment