Thursday, February 20, 2020

വിവേകചൂഡാമണി - 67
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

സകല പ്രവർത്തനവും ആത്മചൈതന്യത്താൽ

സൂക്ഷ്മ ശരീര വിവരണം തുടരുന്നു....

ശ്ലോകം 100
സർവവ്യാപൃതികരണം
ലിംഗമിതം സ്വാത് ചിദാത്മാനഃ പുംസഃ 
വാസ്യാദികമിവ  തക്ഷ്ണ-
സ്തേനൈവാത്മ ഭവത്യസംഗോ/യം 

ജ്ഞാനസ്വരൂപനായ ആത്മാവിന് എല്ലാ വ്യാപാരങ്ങളും ചെയ്യുന്നതിനുള്ളതാണ് ലിംഗശരീരം. ആശാരിക്ക് ഉളി, മുതലായ ഉപകരണങ്ങൾ പോലെയാണിത്. ലിംഗശരീരവുമായി ബന്ധമുള്ളപ്പോൾ മാത്രമാണ് ആത്മാവിനാ പ്രവർത്തനമുള്ളത്. വാസ്തവത്തിൽ ആത്മാവ് ഒരു പ്രവർത്തനങ്ങളുമില്ലാത്ത അസംഗൻ തന്നെയാണ്.

ആത്മചൈതന്യത്തിന്റെ സഹായംകൊണ്ടാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ പ്രവർത്തിക്കുന്നത്.  അവ സ്വതവേ ജഡങ്ങളാണ്.  അതുകൊണ്ടുതന്നെ അവയ്ക്ക് ഒന്നും സ്വയം ചെയ്യാനാകില്ല.

സൂക്ഷ്മ ശരീര ഘടകങ്ങളായ മനോബുദ്ധികളെ ആശാരിയുടെ ഉളി, കൊട്ടുവടി, ഈർച്ചവാൾ, മുഴക്കോൽ മുതലായ പണിയായുധങ്ങളോട് ഉപമിച്ചിരിക്കുകയാണ്.

ആശാരി അവയെടുത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ ഈ  ഉപകരണങ്ങൾക്ക് ഒരു പണിയിലും ചെയ്യാനാവില്ല.  ആശാരി എന്നാൽ ഈ ഉപകരണങ്ങളല്ല. അതുപോലെ, മനസ്സ്, ബുദ്ധി തുടങ്ങിയ ഉപകരണങ്ങളിൽ നിന്ന് വേറിട്ടതാണ് ആത്മാവ്.

ഉപകരണങ്ങളുപയോഗിച്ച് പണിയെടുക്കുമ്പോൾ ആശാരിക്ക് തേയ്‌മാനം സംഭവിക്കില്ല. ഉപകരണങ്ങൾ കാലക്രമത്തിൽ തേയ്‌മാനം വരുകയോ ഉപയോഗശൂന്യമാവുകയോ ചെയ്യും.

ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി എന്നീ കരണങ്ങൾ വിഷയഗ്രഹണം, മനനം, ചിന്തനം എന്നിങ്ങനെ പ്രവർത്തിക്കുമ്പോൾ അത് സൂക്ഷ്മ ശരീരത്തെയാണ് ബാധിക്കുക. കർതൃത്വ-ഭോക്‌തൃത്വ അഭിമാനങ്ങൾ ഇല്ലാത്തതിനാൽ ആത്മാവ് അസംഗനായിത്തന്നെയിരിക്കുന്നു.

ശ്ലോകം 101
അന്ധത്വമന്ദത്വപടുത്വ ധർമ്മാഃ
സൗഗുണ്യ വൈഗുണ്യവശാദ്ധിചക്ഷുഷഃ
ബാധിര്യ മൂകത്വമുഖാസ്തഥൈവ
ശ്രോത്രാദി ധർമ്മാഃ ന തു വേത്തുരാത്മനഃ 

കണ്ണിന്റെ ഗുണദോഷങ്ങൾ അനുസരിച്ചിരിക്കും നന്നായി കാണാനുള്ള കഴിവും കാഴ്ചക്കുറവും കാഴ്ചയില്ലായ്മയുമെല്ലാം. അതുപോലെ, ചെവി കേൾക്കാതിരിക്കുക, സംസാരശേഷിയില്ലായ്മ എന്നിവ ചെവി, നാക്ക് മുതലായവയുടെ ധർമ്മങ്ങളാണ്; ഇതൊന്നും ജ്ഞാതാവായ ആത്മാവിന്റെ ധർമ്മങ്ങളല്ല.

ഇന്ദ്രിയങ്ങളുടെ പ്രവർത്തങ്ങളിൽ കാണുന്ന കുറവുകൾ അവയുടെ കുഴപ്പംകൊണ്ടാണ്, ആത്മാവിന്റേതല്ല. ആത്മാവിന് ആ പരിമിതികളൊന്നുമില്ല. പണിയായുധത്തിന് പോരായ്മകളുണ്ടെങ്കിൽ അതുകൊണ്ട് നന്നായി പണിയെടുക്കാനാവില്ല. പണിക്കാരന്റെയല്ല കുഴപ്പം, പണിയായുധങ്ങളുടേതാണ്. കണ്ണിന് തകരാറുണ്ടെങ്കിൽ വേണ്ടതുപോലെ കാണാനോ, കാതിനു കുഴപ്പമുണ്ടെങ്കിൽ നല്ലപോലെ കേൾക്കാനോ കഴിയില്ല. വാഗിന്ദ്രിയമായ നാക്ക് പ്രവർത്തനശേഷി ഉള്ളതല്ലെങ്കിൽ സംസാരിക്കാനാവില്ല. ഈ ധർമ്മങ്ങളെല്ലാമറിഞ്ഞ് സർവ്വസാക്ഷിയായി ആത്മാവ് ശരീരത്തിലിരിക്കുന്നുവെങ്കിലും ഇവയ്ക്ക് അതീതനാണ്. കണ്ണിന്റെ കണ്ണും, കാതിന്റെ കാതും, വാക്കിന്റെ വാക്കുമെല്ലാമായി ഇന്ദ്രിയങ്ങളെയും ബുദ്ധിയേയുമൊക്കെ സദാ പ്രകാശിപ്പിക്കുന്നതാണ് ആത്മാവ്. എന്നാൽ അവയുടെ ധർമ്മങ്ങളൊന്നും സാക്ഷിയായ ആത്മാവിനെ ബാധിക്കില്ല.

ഇങ്ങനെ അനാത്മാക്കളിൽ നിന്ന് ആത്മതത്ത്വത്തെ വേർതിരിച്ചറിയുകതന്നെ വേണം.
Sudha Bharath 

No comments:

Post a Comment