Wednesday, February 05, 2020

ദേവി തത്ത്വം- 69

ഗാഥി കണ്ട സ്വപ്നം പോലെയാണ് ഇന്ന് പുതിയ ഗ്രഹം കണ്ട് പിടിച്ചു എന്ന് പറയുന്നത്. ഒരു കോടി പ്രകാശ വർഷം ദൂരത്ത് മനുഷ്യവാസത്തിന് യോഗ്യമായ ഒരു ഗ്രഹമുണ്ടെന്ന് ചിലർ കണ്ട് പിടിക്കുന്നു. നാം ആ വാർത്ത സ്വീകരിക്കുന്നു. നമ്മുടെ മക്കൾ അത് മനപാഠമാക്കുന്നു. ചിലപ്പോൾ ഭാവിയിൽ അങ്ങോട്ടേയ്ക്ക് യാത്ര പോയെന്നും വരാം. പക്ഷേ ഒരു കാര്യവുമില്ല. ഈ സർക്കസ്സിൽ ഒരു ഗ്ലാസ് ഗ്ലോബിനുള്ളിൽ ബൈക്ക് ഓടിക്കുന്നത് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. ആ ബൈക്ക് അതിനുള്ളിൽ തന്നെ മുകളിലും താഴേയുമായി ചുറ്റി ചുറ്റി കറങ്ങുന്നു. എന്നാൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഈ ബൈക്ക് ഒരിടത്ത് നിന്ന് ഇങ്ങനെ കറങ്ങുന്നത് പോലെ നമുക്ക് വേണ്ടത് ശാന്തിയും സുഖവും സംതൃപ്തിയുമാണെന്ന് അറിയാമെങ്കിലും നമ്മൾ അന്വേഷിച്ച് ഉണ്ടാക്കുന്നത് ടെൻഷനും ഡിപ്രഷനും യുദ്ധവും ആണ് അഥവാ രാഗ ദ്വേഷങ്ങളാണ്.  ഇതിനൊക്കെ കാരണം മായയാണ്. ഘടിപ്പിക്കാൻ കഴിയാത്തതിനെയൊക്കെ ഘടിപ്പിച്ച് കാണിച്ച് നമ്മളെ വട്ടം ചുറ്റിക്കുന്ന ആ ശക്തിക്ക് പേരാണ് മായ. ഇനി എങ്ങനെയാണ് ഈ മായയെ തരണം ചെയ്യേണ്ടത്?  ഭഗവാൻ പറയുന്നു മാമേവയേ പ്രപത്യന്തേ മായാ മേതാം തരന്തിതേ. എനിക്കാര് ശരണാഗതി ചെയ്യുന്നുവോ, ഈ മായാ ഭഗവാന്റെ ശക്തിയാണ് എന്നറിയുന്നുവോ അവൻ സ്വതന്ത്രനാകും.

ത്വം വൈഷ്ണവി ശക്തിഹി അനന്ത വീര്യ വിശ്വസ്യ ബീജം പരമാസി മായ                     ത്വം വയി പ്രസന്നാ ഭുവി മുക്തി ഹേതുഃ

സർവ്വത്ര വ്യാപിച്ച് നിൽക്കുന്ന ശക്തിയാണ് അനന്ത വീര്യ അതിന്റെ വീര്യം നമുക്ക് പിടികിട്ടില്ല. ത്വം വയി പ്രസന്നാ ഭുവി മുക്തി ഹേതുഃ ആ ശക്തി പ്രസന്നമായാലേ, നമ്മളെ അനുഗ്രഹിച്ചാലേ നമ്മൾ സ്വതന്ത്രരാവുകയുള്ളു. എങ്ങനെ ആ ശക്തിയെ പ്രസന്നപ്പെടുത്തും? അവൾക്ക് തന്നെ ശരണാഗതി ചെയ്തു കൊണ്ട്. അഹങ്കാരം ഇല്ലാത്ത സ്ഥിതിയാണ് ശരണാഗതി. അതൊരു സ്വാഭാവിക സ്ഥിതിയാണ്. വേദാന്തികൾ ഇതിനെ സഹജ സ്ഥിതിയെന്ന് വിശേഷിപ്പിക്കുന്നു. ഭക്തൻമാർക്ക് ഇത് ശരണാഗതിയാണ്. ശരണാഗത ദീനാർത്ഥ പരിത്രാണ പരായണേ. ശരണാഗതി ചെയ്ത ദീനനെ എപ്പോഴും പരിത്രാണം ചെയ്യുന്നവളാണവൾ. എപ്പോഴാണ് ശരണാഗതി ചെയ്യേണ്ടത്? എന്റെ സാമർത്ഥ്യം കൊണ്ട് രക്ഷപ്പെടാൻ പറ്റില്ല എന്നറിയുമ്പോഴേ ശരണാഗതി ചെയ്യാൻ സാധിക്കുകയുള്ളു. ജീവിതത്തെ മുഴുവനായി വീക്ഷിക്കുന്നവന് മനസ്സിലാകും എന്റെ സാമർത്ഥ്യം വെറും ഒരു ഭ്രമമാണെന്ന്. എല്ലാം ഒരു ഒഴുക്കാണ് ഒഴുകി കൊണ്ടേയിരിക്കയാണ്. ആ ഒഴുക്കിൽ നമ്മളും പെട്ടിരിക്കയാണ്. ആ ഒഴുക്ക് നമ്മളെ പലതിനോടും ഘടിപ്പിക്കയാണ്.

ശ്രീരാമചന്ദ്രൻ ഭരതനോട് പറയുകയാണ് ഏതോ ഒരു ശക്തി നമ്മളെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ വലിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ അതിൽ വീണ് പോയിരിക്കയാണ്. അറിവുള്ളവൻ ഞാൻ അത് ചെയ്യുന്നു, ഇത് ചെയ്യുന്നു എന്ന ഭ്രമത്തിനെ അറിവ് കൊണ്ട് നീക്കണം. ഏതോ ഒരു ശക്തി നമ്മളെ വലിച്ച് കൊണ്ട് പോവുകയാണെന്നും ആ ശക്തിയുടെ കൈയ്യിൽ ഞാൻ വെറും യന്ത്രം മാത്രമാണ് എന്നറിഞ്ഞ് കഴിയുമ്പോൾ നമുക്ക് ജീവിതത്തിൽ പ്രത്യേകിച്ച് ഒരു സങ്കൽപ്പം ലക്ഷ്യം ഒന്നുമില്ലെങ്കിൽ ആ ശക്തി നമ്മളെ പൂർണ്ണമാക്കി തീർക്കും. ജീവിതത്തിൽ ലക്ഷ്യമൊക്കെ ആവാം പക്ഷേ അതിനെ കുറിച്ച് യാതൊരു ടെൻഷനും ഡിപ്രഷനും ഉണ്ടാകരുത്. ഒരമ്മ കുട്ടിയെ കൂട്ടി കൊണ്ട് പോകുമ്പോൾ എന്ത് വിഷമം. അമ്മ എങ്ങോട്ട് കൂട്ടി കൊണ്ട് പോകുന്നു അവിടേയ്ക്ക് പോകും. തന്റേതായി ഒന്നുമില്ല എന്താ വരുന്നത് വച്ചാൽ വരട്ടെ. എന്താ നടക്കുന്നത് എന്ന് വച്ചാൽ നടക്കട്ടെ. തന്റേതായി ഒരിച്ഛയില്ല. അവിടെയാണ് അദ്ധ്യാത്മികത ജനിക്കുന്നത്.

Nochurji 🙏🙏

No comments:

Post a Comment