Tuesday, February 04, 2020

വിവേകചൂഡാമണി - 53
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

വിഷയാസക്തി വിഷത്തേക്കാൾ ഭയാനകം

ശ്ലോകം 77
ദോഷേണ തീവ്രോ വിഷയഃ കൃഷ്ണസര്‍പ്പവിഷാദപി
വിഷം നിഹന്തി ഭോക്താരം ദ്രഷ്ടാരം ചക്ഷുഷാപ്യയം

വിഷയങ്ങളുണ്ടാക്കുന്ന ദോഷം കരിമൂര്‍ഖന്റെ വിഷത്തേക്കാള്‍ തീവ്രമാണ്.  വിഷം തീണ്ടിയാലേ മരണം സംഭവിക്കൂ,  എന്നാല്‍ വിഷയം ഒരൊറ്റ നോട്ടംകൊണ്ടുതന്നെ കാണുന്നവനെ നശിപ്പിക്കും.

വിഷയങ്ങള്‍ വിഷത്തേക്കാള്‍ ആപത്കരമാണെന്ന് ഇവിടെ വ്യക്തമാക്കുന്നു. വിഷയങ്ങളുടെ ആസക്തിയില്‍ പെട്ടുപോയാല്‍ പിന്നെ അത് വിഷത്തേക്കാള്‍ തീവ്രതയില്‍ പ്രതികൂലമായിത്തീരും. ഏതെങ്കിലും ഒരു ഇന്ദ്രിയ വിഷയത്തില്‍ ആസക്തി വന്ന ഓരോ ജീവിക്കും നാശമാണ് എന്ന് കഴിഞ്ഞ ശ്ലോകത്തില്‍ കണ്ടു. അഞ്ച് ഇന്ദ്രിയവിഷയങ്ങളിലും ദുര്‍ബലനായ മനുഷ്യരുടെ കാര്യം എത്രയോ കഷ്ടമാണ്.

വിഷയ വിഷത്തിന്റെ ഉഗ്രതയെ ഇവിടെ കാണിക്കുന്നു. കൃഷ്ണ സര്‍പ്പം എന്നറിയപ്പെടുന്ന കരിമൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റാല്‍ വിഷബാധ മൂലം ജീവന്‍പോകാന്‍ കാരണമാകും. വിഷം തീണ്ടിയാലോ വിഷം കഴിച്ചാലോ (അറിയാതെ ഉള്ളില്‍ ചെന്നാലും) മരണത്തിന് കാരണമായേക്കും. എന്നാല്‍ വിഷയങ്ങളാകുന്ന വിഷം ഒരൊറ്റ നോട്ടംകൊണ്ട് അപകടമുണ്ടാക്കും. കാളസര്‍പ്പത്തെയോ വിഷമുള്ള പാമ്പിനേയോ കണ്ടതുകൊണ്ട് മാത്രമോ വിഷം കണ്ടതുകൊണ്ടോ വിഷമേല്‍ക്കില്ല.

പാമ്പ് കടിയേറ്റയാള്‍ക്ക് മാത്രമേ വിഷബാധ ഉണ്ടാകുകയുള്ളൂ.എന്നാല്‍ വിഷയ വിഷയങള്‍ അത്യുഗ്രമായതിനാല്‍ ഒന്ന് നോക്കുന്ന ആളെപ്പോലും നശിപ്പിച്ചുകളയും.  ഇത് കണ്ണുകൊണ്ട് കാണുന്നയാളെ എന്ന് മാത്രമുള്ള അര്‍ത്ഥത്തിലല്ല ഇവിടെ പറയുന്നത്. ഒരു വിഷയത്തിന്റെയോ ഒന്നിലധികമായതിന്റെയോ പുറകെ പോയാല്‍ ആപത്തിനെയുണ്ടാക്കും.  വിഷയാസക്തന് ശാരീരികമായി മരണം ഉണ്ടാവില്ലെങ്കിലും അയാള്‍ക്ക് ആത്മ വിസ്മൃതി ഉണ്ടാകുന്നു. സ്വയം മറന്ന് വിഷയങ്ങളിലേക്ക് കുതിക്കുന്ന ഇവര്‍ സ്വയം നശിക്കുന്നവരാണ്, ആത്മഘാതകരാണ്.  നല്ലൊരു മനുഷ്യജീവിതത്തെ ഇവര്‍ തലച്ചുകളയുന്നു. മരണതുല്യമാകുന്നു ഇവരുടെ ഓരോ നിമിഷവും.

ശ്ലോകം 78
വിഷയാശാ മഹാപാശാത്
യോ വിമുക്തഃ സുദുസ്ത്യജാത്
സ ഏവ കല്പ്യതേ മുക്ത്യൈ
നാന്യഃ ഷട്ശാസ്ത്രവേദ്യപി

ഉറപ്പേറിയ കയറിന്റെ കെട്ടാണ് വിഷയാശ.  അത് പൊട്ടിക്കാന്‍ വളരെ വിഷമമാണ്. ആ കെട്ടില്‍ നിന്ന് മോചനം നേടിയ ആള്‍ക്ക് മാത്രമാണ് മോക്ഷത്തിന് അര്‍ഹതയുള്ളത്.  ഷഡ്ദര്‍ശനങ്ങളാകുന്ന ആറ് ശാസ്ത്രങ്ങളില്‍ പണ്ഡിതനാണെങ്കിലും മോക്ഷത്തിന് യോഗ്യനല്ല.

വിഷയാശയുടെ കടുംകെട്ടിനെ അറുത്തുമാറ്റാന്‍ കഴിയുന്നയാള്‍ക്ക് മാത്രമേ മുക്തി നേടാന്‍ കഴിയൂ. വിഷയ വൈരാഗ്യം കൊണ്ടേ വിഷയങ്ങളെ നിഷ്‌ക്കരുണം ഒഴിക്കാന്‍ പറ്റുകയുള്ളൂ. വൈരാഗ്യത്തിലൂടെ നമ്മുടെ ബലവീര്യങ്ങള്‍ സംഭരിക്കാനും നിലനിര്‍ത്താനും കഴിയും. ദുഷിച്ച വഴികളിലൂടെ നഷ്ടപ്പെട്ടുപോകാനിടയുള്ള നമ്മുടെ ആന്തര ശക്തിയെ ആത്മശ്രയസ്സിലേക്ക് എത്തിക്കുന്ന തരത്തില്‍ ഉപയോഗിക്കണമെങ്കില്‍  വൈരാഗ്യം നന്നായി വേണം.

വിവേകമുണ്ടെങ്കില്‍ വൈരാഗ്യം താനെ ഉണ്ടായിക്കൊള്ളും. എങ്കില്‍ മാത്രമേ വിഷയങ്ങളുടെ വശ്യതയില്‍ നിന്ന് മോചനവും ആത്യന്തികമുക്തിയും ഉണ്ടാകൂ.  ഏതെങ്കിലും വിഷയങ്ങളില്‍ ആസക്തി വന്നാല്‍ പിന്നെ വേദാന്തസാധനകളായ ശ്രവണം, മനനം, നിദിധ്യാസനം എന്നിവ ചെയ്യാനുള്ള ആന്തരിക കരുത്ത് ഉണ്ടാകില്ല.

വിഷയലോലുപന്മാര്‍ക്ക് മോക്ഷത്തിന് അര്‍ഹതയില്ല; അയാള്‍ എത്ര വലിയ പണ്ഡിതനായാലും. ആറ് ശാസ്തങ്ങള്‍ പഠിച്ചവര്‍ പോലും മുക്തിയെ നേടാന്‍ യോഗ്യനാകുന്നില്ല. ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വ്വമീമാംസ, ഉത്തര മീമാംസ എന്നിവയാണ് ആറ് ശാസ്ത്രങ്ങള്‍.  ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയെ വേണ്ടപോലെ നിയന്ത്രിക്കാത്തവരും വിവേക ബുദ്ധിയില്ലാത്തവരുമായവര്‍ക്ക് ശാസ്ത്രജ്ഞാനംകൊണ്ടുമാത്രം ആദ്ധ്യാത്മിക പുരോഗതിയും മുക്തിയും ഉണ്ടാകില്ല.
Sudha Bharath 

No comments:

Post a Comment