Friday, February 28, 2020

വിവേകചൂഡാമണി - 75
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

രജോഗുണത്തിന്റെ കർമ്മഭേദങ്ങൾ

രജോഗുണം - സ്വഭാവം, പ്രവർത്തനം

അടുത്ത രണ്ടു ശ്ലോകങ്ങളിൽ രജോഗുണത്തിനെ വിവരിക്കുന്നു.

ശ്ലോകം 111
വിക്ഷേപശക്തി രജസഃ ക്രിയാത്മികാ
യതഃ പ്രവൃത്തിഃ പ്രസ്യതാ പുരാണീ
രാഗാദയോ/സ്യാഃ പ്രഭവന്തി പ്രഭവന്തി നിത്യം
ദുഃഖാദയോ യേ മനസോ വികാരാഃ

വിക്ഷേപ ശക്തി രജോഗുണത്തിന്റേതാണ്. പ്രവൃത്തിയാണ് അതിന്റെ സ്വഭാവം.  ഇതിൽ നിന്നാണ് പുരാതനകാലം മുതൽക്കേ സകല പ്രവർത്തനങ്ങളും തുടങ്ങിയത്.  മനസ്സിന്റെ വികാരങ്ങളായ  വൃത്തികളും ദുഃഖം തുടങ്ങിയ ഭാവങ്ങളും നിരന്തരമുണ്ടാകുന്നതും ഇതിൽനിന്നാണ്.

മായയുടെ രജോഗുണമാണ് മനസ്സിൽ വിക്ഷേപങ്ങൾ സൃഷ്ടിക്കുന്നത്. മായ മനസ്സിലൂടെ വിക്ഷേപശക്തിയായി പ്രകടമാകും. രജോഗുണത്തിൽ നിന്നാണ് എല്ലാ പ്രവൃത്തികളും ഉണ്ടാകുന്നത്.

രജോഗുണംകൊണ്ട് പ്രക്ഷുബ്ധമായ മനസ്സ് കർമ്മോന്മുഖമാവുമ്പോൾ ലോകത്ത് പ്രവൃത്തികൾ ചെയ്യും.  മനസ്സിലാണ് പ്രവൃത്തി ആദ്യമായി രൂപംകൊള്ളുക.

ഇഷ്ടപ്പെട്ട വസ്തു കിട്ടും വരെയും ആഗ്രഹം സാധിക്കും വരെയും മനസ്സിന്  സ്വസ്ഥതയുമുണ്ടാകില്ല. മനസ്സാകെ കലങ്ങിമറിഞ്ഞിരിക്കും. കാമനകളെ ജയിക്കുക എന്നത് വളരെ പ്രയാസമേറിയതാണ്. പലരും അതിനു വഴങ്ങുന്നവരാണ്.

കാമങ്ങളെത്തുടർന്ന് പലതരത്തിലുള്ള കർമ്മങ്ങളിൽ പെട്ടുപോകുന്നതിനാൽ മനസ്സിൽ ഒട്ടനവധി വാസനകൾ ഉണ്ടാകുന്നു. അവിദ്യയുടെ സ്വരൂപം തന്നെയാണ് രജോഗുണം. അത് മനസ്സിൽ വിക്ഷേപങ്ങളെ ഉണ്ടാക്കി കർമ്മത്തെ ചെയ്യിപ്പിക്കുന്നു.  രാഗം, ദുഃഖം മുതലായവയ്‌ക്കൊക്കെ കാരണം രജോഗുണമാണ്.

ശ്ലോകം 112
കാമഃ ക്രോധോ ലോഭദംഭാദ്യസൂയാ-
ഹങ്കാരേർഷ്യാ മത്സരാദ്യാസ്തു ഘോരാഃ
ധർമ്മാ ഏതേ രാജസാഃ പുംപ്രവൃത്തിഃ
യസ്മാദേഷാ തദ്രജോ ബന്ധ ഹേതുഃ

കാമം, ക്രോധം, ലോഭം, ദംഭം, അസൂയ, അഹങ്കാരം, ഈർഷ്യ, മത്സരം തുടങ്ങിയ ഘോര ധർമ്മങ്ങൾ രജോഗുണത്തിൽ നിന്ന് ഉണ്ടാകുന്നവയാണ്. ഇവ മനുഷ്യനെ ലൗകിക കർമ്മങ്ങളിൽ മുക്കുന്നു. അതിനാൽ രജസ്സ് ബന്ധനത്തിനു കാരണമാണ്. 

മായയുടെ രജോഗുണത്തിൽ നിന്നാണ് കർമ്മങ്ങൾ ഉണ്ടാകുന്നത്. രജോഗുണം മൂലം ഓരോരുത്തരുടെയും ഉള്ളിൽ ആഗ്രഹങ്ങൾ, കാമം, ക്രോധം, എത്ര കിട്ടിയാലും മതിവരായ്ക - ലോഭം, തനിക്കില്ലാത്ത ഗുണം ഉണ്ടെന്ന നാട്യം - ദംഭം, മറ്റുള്ളവരുടെ ഉത്കർഷം സഹിക്കാനാവാതിരിക്കൽ - അസൂയ, താൻ കേമനാണെന്ന ഭാവം - അഹങ്കാരം, മറ്റുള്ളവരുടെ ഉയർച്ചയിലും മറ്റും ദോഷം കാണൽ - ഈർഷ്യ, മറ്റുള്ളവരോട് മത്സരം വച്ചുപുലർത്തൽ - മാത്സര്യം, തുടങ്ങിയവ രജോഗുണത്തിന്റെ ധർമ്മങ്ങളാണ്. ഇവ മനസ്സിനെ ഇളക്കിമറിക്കും. വിക്ഷേപത്താൽ ജീവനെ ബന്ധിക്കുന്നതിനാലാണ് ഘോരധർമ്മങ്ങൾ എന്നു വിശേഷിപ്പിച്ചത്.

എല്ലാ പ്രവർത്തനങ്ങൾക്കും കാരണം രജോഗുണമാണ്.  കർമ്മത്തിൽനിന്നും വിട്ടുപോരാനാവാത്തവിധം അത് ബന്ധിപ്പിച്ചുകളയും.  രജോഗുണത്തിന്റെ പിടിയിൽ പെട്ടാൽ നികൃഷ്ട വികാരങ്ങൾക്കടിമയാകും. രജോഗുണം തമോഗുണത്തിലേക്കു നയിക്കും. കഠിനമായി അദ്ധ്വാനിക്കുന്നയാൾ ക്ഷീണംകൊണ്ട് തളർന്നുറങ്ങുന്നതുപോലെയാണിത്. തമോഗുണം എന്നത് രജോഗുണത്തിനും കാരണമാകും.
Sudha Bharath 

No comments:

Post a Comment