Friday, February 28, 2020

ഒരാള്‍ക്ക് ലോട്ടറിയില്‍ ധാരാളം പണം സമ്മാനമായി ലഭിച്ചു.
വലിയ പണക്കാരനായ അയാള്‍ ഒരു സുന്ദരിയെ വിവാഹം കഴിക്കുകയും ചെയ്തു.

ഒരു ദിവസം  ഒരു മലയുടെ മുകളിലേക്ക് അയാളും ഭാര്യയും കുതിര സവാരി നടത്തുകയായിരുന്നു.
പെട്ടെന്ന് വലിയൊരു കാറ്റടിച്ചു കുതിരയും  യാത്രക്കാരും താഴെയുള്ള വന്‍ കുഴിയിലേക്ക് വീണു. അയാള്‍ക്ക് ഭാര്യയും കുതിരയും എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടു.ഒരു മരച്ചില്ലയില്‍ പിടികിട്ടിയതുകൊണ്ട് അയാള്‍ രക്ഷപ്പെട്ടു. മരക്കൊമ്പില്‍ നിന്ന് ശ്രദ്ധിച്ച് കണ്ണടച്ച് താഴേക്ക് ചാടിയ അയാള്‍ കണ്ണു തുറന്നപ്പോള്‍ സ്വന്തം കുടിലിന്റെ മണ്ണുമെഴുകിയ ചുമരും കൂരയും മാത്രം കാണാനുണ്ട്. രണ്ടു ദിവസത്തെ പട്ടിണിയും ക്ഷീണവും അയാള്‍ കട്ടിലില്‍ വന്നു കിടന്നു പോയതാണ്.

താന്‍ കണ്ടതെല്ലാം പകലുറക്കത്തില്‍ കണ്ട കിനാവുകളായിരുന്നു എന്ന് അയാള്‍ക്ക് മനസ്സിലായി. ഭാര്യയും കുതിരയും സമ്പത്തും നഷ്ടപ്പെട്ടതില്‍ അയാള്‍ക്ക് വിഷമം തോന്നിയില്ല. കാരണം, അതെല്ലാം വെറും സ്വപ്‌നമായിരുന്നു. സ്വപ്‌നം കണ്ടു കൊണ്ടിരിക്കുമ്പോള്‍ തികച്ചും യാഥാര്‍ഥ്യമായിരുന്നു അതെല്ലാം.

ഇതുപോലെ  ശാശ്വതമായ ശാന്തിതരാന്‍ കഴിവില്ലാത്തതാണ് മായ.
ഇന്ദ്രിയങ്ങളെക്കൊണ്ട് ഗ്രഹിക്കുന്ന ഭൗതികവസ്തുക്കള്‍ക്കൊന്നും നമുക്ക് ശാന്തി തരാന്‍ കഴിയില്ല. അതില്‍ നിന്ന് ദുഃഖവും ഉണ്ടാവും. സത്യത്തില്‍ അവയെല്ലാം സ്വപ്‌നം പോലെ ഇല്ലാത്തതാണ്.

സ്വപ്‌നത്തില്‍ നിന്ന് ഉണര്‍ന്നാല്‍ മാത്രമേ യാഥാര്‍ഥ്യം എന്തെന്നറിയാന്‍ കഴിയൂ.
പലപ്പോഴും നമ്മള്‍ ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചു തളരുന്നു.
ശരി കാണാനുള്ള കഴിവില്ലാത്തതുകൊണ്ട് നമ്മുടെ ജീവിതവും ഇതുപോലെ മാറിയിരിക്കുന്നു.

ഭൗതിക വസ്തുക്കളുമായി  കൂടുതല്‍ ബന്ധം ദുഃഖം മാത്രമേ സമ്മാനിക്കൂ. അക്കാരണത്താലാണ് ഇത് മായയാണന്ന് പറയുന്നത്.
എന്നാല്‍ എല്ലാറ്റിലും ചൈതന്യവുമായി ദര്‍ശിച്ചാല്‍ ദുഃഖിക്കേണ്ടതില്ല.
പ്രപഞ്ചം മായയാണെന്ന് നമ്മുടെ ഋഷിശ്രേഷ്ഠന്മാര്‍ പറഞ്ഞിരുന്നു. കാരണം ഇതില്‍പ്പെട്ടു പോകുന്നവര്‍ക്ക് ദുഃഖവും പ്രതിബന്ധങ്ങളും മാത്രമേ ഉണ്ടാകാറുള്ളൂ.

നിത്യാനിത്യങ്ങളെ വിവേചിച്ചറിയുമ്പോള്‍ അനിത്യമായ ഇത് മായയാണെന്നു ബോദ്ധ്യപ്പെടും. പ്രപഞ്ചം മായയാണെങ്കിലും അതിലെ നന്മ മാത്രം ഉള്‍ക്കൊണ്ടു ജീവിച്ചാല്‍ അത് നമ്മെ ബന്ധിക്കില്ല.
അപ്പോൾ ഈ മായയിൽ നിന്ന് രക്ഷപ്പെടാൻ നാം എന്തു ചെയ്യണം?
അന്തർമുഖൻ ആകണം.
ബഹിർമുഖനായാലേ മായയുടെ വശീകരണ ശക്തിയിൽ മനസ്സ് ഉടക്കുകയുള്ളൂ. നാം കാണുന്നത് മായയുടെ സ്വാധീനവലയത്തിൽ ആണ് എന്നത് നമുക്കു ബോധ്യപ്പെട്ടാൽ ആ നീരാളി പിടുത്തത്തിൽ നിന്നും ഒഴിവാക്കാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ. നമ്മളുടെ ദൃഷ്ടിയെ അകത്തേക്ക് വ്യാപിപ്പിച്ച്‌ അന്തർമുഖനാക്കുക. അങ്ങിനെ മായയിൽ നിന്ന് രക്ഷനേടാം.

No comments:

Post a Comment