Tuesday, February 18, 2020

ഹരിനാമകീർത്തനം-99

    യാതൊന്നു കാണ്മതതു
    നാരായണപ്രതിമ
    യാതൊന്നു കേൾപ്പതതു   
    നാരായണശ്രുതികൾ
    യാതൊന്നു ചെയ് വതതു 
    നാരായണാർച്ചനകൾ
    യാതൊന്നതൊക്കെ   
    ഹരിനാരായണായ നമഃ.      ( 55)

     ഈ ലോകത്ത് എന്തൊക്കെ കാണപ്പെടുന്നുവോ അതൊക്കെ നാരായണന്റെ പ്രതിരൂപമാണ്. എന്തൊക്കെ കേൾക്കപ്പെടുന്നുവോ അതൊക്കെ നാരായണന്റെ നാമകീർത്തനങ്ങൾ; എന്തൊക്കെ ചെയ്യപ്പെടുന്നുവോ
അതൊക്കെ നാരായണന്റെ പൂജകൾ, എന്തിനേറെ.  ഇവിടെ എന്തൊക്കെയുണ്ടോ അതൊക്കെ നാരായണമയം. ഹരിനാരായണനു നമസ്കാരം.

അദ്വൈതാഭ്യാസം

   അദ്വൈതാഭ്യാസം കൊണ്ടേ പൂർണ്ണമായും ആത്മാവു തെളിഞ്ഞു കിട്ടൂ. ഭക്തിയുടെ പരമാചാര്യനായ നാരദൻ ഭാഗവതം ഏഴാം സ്കന്ദത്തിന്റെ അവസാനഭാഗത്ത് ധർമ്മപുത്രരോട് മൂന്നുവിധം അദ്വൈതം പരിശീലിക്കുവാൻ ആവശ്യപ്പെടുന്നു. ഭാവാദ്വൈതം, ക്രിയാദ്വൈതം, ദ്രവ്യാദ്വൈതം ഇവയാണ് മൂന്നുവിധം അദ്വൈതങ്ങൾ. പ്രപഞ്ചത്തിന്റെ കാരണം അഖണ്ഡബോധസ്വരൂപനായ പരമാത്മാവാണല്ലോ. കാരണത്തിൽ നിന്നും ഉണ്ടായ കാര്യങ്ങൾ അതിൽ നിന്നും ഭിന്നങ്ങളാകാൻ പറ്റുകയില്ല. സ്വർണ്ണത്തിൽ രൂപം കൊള്ളുന്ന ആഭരണങ്ങൾ സ്വർണ്ണംതന്നെയാണല്ലോ. കാരണത്തിൽ ഇല്ലാത്ത കാര്യം ഒരിക്കലും ഒരിടത്തും സംഭവിക്കുന്നില്ല. അപ്പോൾ
സ്വർണ്ണത്തിലും ആഭരണത്തിലും വസ്തു സ്വർണ്ണം തന്നെയാണ്. അതുപോലെ പ്രപഞ്ചകാരണമായ പരമാത്മാവിലും കാര്യമായ പ്രപഞ്ചത്തിലും വസ്തു പരമാത്മാവു തന്നെ. കാര്യകാരണങ്ങളിലെ വസതു ഐക്യം വിചാരം ചെയ്തറിഞ്ഞ് കാണപ്പെടുന്ന സകലതിലും പരമാത്മാവിനെ കാണാൻ മനസ്സിനെ പ്രേരിപ്പിക്കുന്നതാണ് ഭാവാദ്വൈതം. എവിടെയും പരമാത്മാവിനെ ദർശിച്ച് മനസ്സുകൊണ്ടും വാക്കുകൊണ്ടും ശരീരംകൊണ്ടും ചെയ്യുന്ന എല്ലാ ക്രിയകളും ആ പരമാത്മാവിന്റെ അർച്ചനയെന്നു കരുതി അവിടെ സമർപ്പിക്കുന്നതാണ് ക്രിയാദ്വൈതം. സ്വന്തം സ്വാർത്ഥകാമങ്ങൾ പോലെയാണ് മറ്റുള്ളവരുടെയും സ്വാർത്ഥകാമങ്ങളെന്നു കണ്ട് ലോകവ്യവഹാരത്തിൽ മനസ്സിനെ ആത്മതുല്യത്വം പഠിപ്പിക്കുന്നതാണ് ദ്രവ്യാദ്വൈതം
ഈ വിധമുള്ള ത്രിവിധാദ്വൈതപരിശീലനം ചിത്തത്തെ അതിവേഗം ശുദ്ധീകരിച്ച് സർവ്വം ബ്രഹ്മമയമെന്ന അദ്വൈതസാക്ഷാത്ക്കാരത്തിൽ സാധകനെ കൊണ്ടെത്തിക്കും. അദ്വൈതാഭ്യാസവിധമാണ് ആചാര്യൻ പ്രസ്തുത ശ്ലോകത്തിൽ വിവരിച്ചിരിക്കുന്നത്.

   അദ്വൈതമാണ് വസ്തുസ്ഥിതിയെങ്കിൽ വിഷ്ണുവിനും ശിവനും മറ്റും രൂപം കൽപ്പന ചെയ്തിരിക്കുന്നതെന്തിനാണ്? ഈ ചോദ്യത്തിനുത്തരമാണ് അടുത്തപദ്യം:

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സർ അവർകൾ.
തുടരും.

No comments:

Post a Comment