Wednesday, February 12, 2020

ആയുര്‍വേദദര്‍ശനം

Wednesday 12 February 2020 4:25 am IST
ഥര്‍വവേദത്തിന്റെ കാലത്തു തന്നെ അസംഖ്യം വൈദ്യന്മാരും വിസ്തൃതമായ ഔഷധശാസ്ത്ര (ുവമൃാമരീുീലമ) വും മരുന്നുകള്‍ കൊണ്ടുള്ള രോഗചികിത്സയും നിലവിലിലുണ്ടായിരുന്നു എന്ന് അഥര്‍വവേദത്തിലെ ഒരു മന്ത്രം (2. 9. 3)  ശതം ഹ്യസ്യ ഭിഷജാഃ സഹസ്രമുത വീരുധാഃ സൂചിപ്പിക്കുന്നു. ഈ മന്ത്രം കവച (യന്ത്രധാരണം) ങ്ങളുടെ പ്രഭാവത്തെ വര്‍ണ്ണിക്കുന്നതാണ്. ഈ ഏലസ്സുകള്‍ അസംഖ്യം വൈദ്യന്മാര്‍ ഉപയോഗിക്കുന്ന നിരവധി മരുന്നുകള്‍ക്കു തുല്യമാണെന്നാണ് അതില്‍ പറയുന്നത്. ആയുര്‍വേദം എന്ന പേരില്‍ ഇന്നു കാണുന്നതു പോലെ വിവിധശാഖകളോടു കൂടിയ ചിട്ടയാര്‍ന്നതും വികസിതവുമായ ഒരു വൈദ്യസാഹിത്യം അന്നുണ്ടായിരുന്നു എന്നതിനു മതിയായ തെളിവുകള്‍ ലഭ്യമല്ലെങ്കിലും സുശ്രുതന്‍ പറഞ്ഞതിനെ അവിശ്വസിക്കാനുതകുന്ന തെളിവുകളും നമ്മുടെ പക്കലില്ല. ചരകസംഹിതയും ജീവന്‍, ഔഷധസസ്യങ്ങള്‍, ഭക്ഷണം തുടങ്ങിയവയുുടെ ഗുണങ്ങളില്‍ കാണുന്ന സ്ഥിരത, ശരീരത്തില്‍ അവയുടെ ഫലം, ബുദ്ധിമാനായ ഗവേഷകന്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇടമുറിയാത്തതും അനാദിയായതുമായ ഒരു പാരമ്പര്യത്തെക്കുറിച്ചു പറയുന്നു. ഇന്നു നമുക്കു ലഭ്യമായ ആദ്യഗ്രന്ഥങ്ങളായ ചരകസംഹിതയും സുശ്രുതസംഹിതയും തന്ത്രങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ചരകന്‍ പരിഷ്‌കരിച്ചതും വ്യാഖ്യാതാവായ ചക്രപാണിയുടെ കാലത്തു ലഭ്യമായതുമായ അഗ്‌നിവേശസംഹിതയും തന്ത്രമാണ്. ഈ തന്ത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമല്ലെങ്കില്‍ പഞ്ചമവേദം, ഉപവേദം എന്നെല്ലാം പറയുന്ന ആയുര്‍വേദം എന്താണ്? അതിനാല്‍ ആയുര്‍വേദം എന്ന പേരില്‍ ഒരു സാഹിത്യം പണ്ടു നിലവില്‍ ഉണ്ടായിരുന്നു എന്നും പില്‍ക്കാലത്ത് അഗ്‌നിവേശന്റെയും മറ്റും ചിട്ടയാര്‍ന്ന കൃതികള്‍ അതിനെ മറികടന്നു എന്നും തത്ഫലമായി അത് നഷ്ടമായി എന്നും കരുതാം എന്നതാണ് ദാസ്ഗുപ്തയുടെ നിഗമനം.
ചരകന്‍ ജീവിതശാസ്ത്രം എന്ന പൊതു അര്‍ത്ഥത്തിലാണ് ആയുര്‍വേദം എന്നു പ്രയോഗിച്ചത്. അദ്ദേഹം ജീവിതത്തെ സുഖം, ദുഃഖം, ഹിതം, അഹിതം എന്നു നാലായി തിരിക്കുന്നു. സുഖം ആയു എന്നത് ദേഹമനോരോഗങ്ങളില്ലായ്മ, ശക്തി, ഊര്‍ജ്ജസ്വലത, കര്‍മ്മശേഷി, സുഖാസ്വാദനശേഷി, വിജയം എന്നിവ ചേര്‍ന്ന ജീവിതമാണ്. ഇതിനു നേര്‍വിപരീതമാണ് അസുഖം ആയു എന്നത്. ഹിതം ആയു എന്നാല്‍ പരോപകാരതാല്പര്യം, അന്യന്റേത് കവര്‍ന്നെടുക്കാതിരിക്കല്‍, സത്യനിഷ്ഠ, സ്വയംനിയന്ത്രണം, വിവേകത്തോടെയുള്ള പ്രവൃത്തി, സദാചാരത്തെ മറികടക്കാതിരിക്കല്‍, ധര്‍മ്മത്തേയും ഭോഗത്തേയും ഒരുപോലെ ഉള്‍ക്കൊള്ളല്‍,
മുതിര്‍ന്നവരെ മാനിക്കല്‍, ദാനശീലം, ഇഹത്തിലും പരത്തിലും ഹിതമായതു ചെയ്യല്‍ എന്നിവ ചേര്‍ന്ന ജീവിതമാണ്. അഹിതം എന്നത് ഇതിനു വിപരീതമായതാണ്. ഈ നാലും ആയുര്‍ദൈര്‍ഘ്യവും വിശദമാക്കുന്ന ശാസ്ത്രമാണ് ആയുര്‍വേദം (ഹിതാഹിതം സുഖം ദുഃഖം ആയുസ്തസ്യ ഹിതാഹിതം. മാനം ച തച്ചയത്രോക്തം ആയുര്‍വേദസ്സ ഉച്യതേ  ചരകസംഹിത 1. 1. 40). മറ്റൊരിടത്ത് ആയുര്‍വേദയതി ഇതി ആയുര്‍വേദഃ (ചരകസംഹിത 1. 30. 20) എന്നും നിര്‍വചിക്കുന്നു. സുശ്രുതന്‍ ആയുരസ്മിന്‍ വിദ്യതേ അനേന വാആയുര്‍വിന്ദതി ഇതി ആയുര്‍വേദഃ (സുശ്രുതസംഹിത 1. 1. 14) എന്ന രണ്ടു നിര്‍വചനങ്ങള്‍ പറയുന്നു.

No comments:

Post a Comment