Tuesday, February 18, 2020

*ഋതവും സത്യവും*:

ഋതം, സത്യം എന്നീ പദങ്ങള്‍ ഒരേ അര്‍ത്ഥത്തോടെയാണ് ഉപയോഗിച്ചുവരുന്നത്. സത്യത്തിന് പകരം പദമല്ല ഋതം. ആധ്യാത്മിക വിചാരത്തില്‍ ഒരു പദവും മറ്റൊരു പദത്തിന് തുല്യമല്ല. ഒരേ ഭാഷയില്‍ പല പദങ്ങള്‍ ഒരു വസ്തുവിനെ പ്രാപിക്കുന്നതാണ് പര്യായം. പകരം പദം ഏതു ഭാഷയില്‍നിന്നുമാവാം. ഋത നിര്‍വചനമിങ്ങനെ: 'യഥാര്‍ത്ഥം മനസാ ചിന്തിതം. ഉള്ളിലെ മൗനത്തിലുറയുന്ന യാഥാര്‍ത്ഥ്യമാണ് ഋതം. സത്യമാവട്ടെ 'യഥാര്‍ത്ഥം വചസ്സാ ഭാഷിതം.' ഉള്ളറിഞ്ഞ നേരിനെ പറഞ്ഞറിയിക്കലാണ് സത്യം. പറയാനുള്ളതാണ് സത്യം. അതിനാല്‍ 'സത്യം വദ.' അറിയുന്ന നേരുകളാകവേ പറയുവാനാവുമോ? മമതാ ബന്ധങ്ങളും പ്രീതി വിശ്വാസങ്ങളും സത്യം പറയുന്നതിന് തടസ്സമാവും. ഋതവും സത്യവും തമ്മിലുള്ള അകലം ഏറുന്നുവെന്നതാണ് ആനുകാലിക ദുരന്തം. അറിയുന്ന സത്യം പറയാനാവാതെ വരുന്നത് ഈശ്വരനിന്ദ മാത്രമല്ല സംസ്‌കാരലോപം കൂടിയാണ്. ഋഗ്വേദത്തിലെ അഘമര്‍ഷണസൂക്തത്തിലാണ് ഋതവും സത്യവും ആദ്യമായി വെളിപ്പെടുന്നത്. ഋതം ച സത്യം ചാഭീദ്ധാത്തപ സോളധ്യജായത ധാതാ യഥാപൂര്‍വമകല്പയത് (ഋ. 10.190) ഋഗര്‍ത്ഥമിങ്ങനെ: വിധാതാവിന്റെ സര്‍ഗ്ഗയജ്ഞത്തില്‍നിന്നും ഋതവും സത്യവും ആവിര്‍ഭവിച്ചു. ധര്‍മത്തിന്റെ മൂലസ്വരൂപമാണ് ഋതം. ജനങ്ങള്‍ പ്രശംസിക്കുകയാല്‍ ഋതം ലോകത്ത് പ്രസിദ്ധമായിത്തീരുന്നു. ഋതംഭരനാണ് സനാതന ധര്‍മത്തിലെ ഈശ്വരന്‍. അഥവാ ഋതം ഈശ്വരന്റെ സനാതന നിയമമാകുന്നു. ഋതസത്യങ്ങളെ ആസ്പദിച്ചാണ് തുടര്‍ സൃഷ്ടിയുണ്ടായത്. അതാവട്ടെ അമൂര്‍ത്തത്തില്‍ നിന്നും മൂര്‍ത്തത്തിലേക്ക്. സൂക്ഷ്മത്തില്‍നിന്നും സ്ഥൂലത്തിലേക്ക്. മൈക്രോയില്‍നിന്നും മാക്രോയിലേക്ക്. ഋതത്തിന്റെ സ്വഭാവം 'ഗതി'യാണ്. ചലനം എന്ന് ഭൗതികശാസ്ത്ര സംജ്ഞ. ഈ ഗതിയാവട്ടെ ചാക്രികവും. ഋതുക്കള്‍ വന്നുപോയുമിരിക്കുന്നതുപോലെ. ഋതശ്രദ്ധയുമുണ്ടായാല്‍ പാപചിന്തകള്‍ പമ്പകടക്കും. പാപഭീതിയില്‍ ദൈവപ്രീതി ഉണ്ടാവും. അപ്പോള്‍ ലോകനീതി. ഋതവും സത്യവും ഒരേ ഋക്കില്‍ ഒന്നിച്ചു പ്രയോഗിച്ചിരിക്കുന്നതിനാല്‍ രണ്ടിന്റെയും അര്‍ത്ഥം ഒരിക്കലും ഒന്നാവുകയില്ല. ഋഗര്‍ത്ഥ വിവക്ഷയില്‍ ഋതം പാരമാര്‍ത്ഥിക നിയമവും സത്യം വ്യാവഹാരിക നിയമവുമാകുന്നു. എല്ലാ നിയമങ്ങള്‍ക്കും ആധാരം ഋതസത്യങ്ങള്‍ തന്നെ. ജ്ഞാന പ്രമുഖവും കര്‍മ്മപ്രധാനവുമായ ധര്‍മ്മത്തിലേക്ക് ആരെയും നയിക്കേണ്ടത് ഋതസത്യങ്ങളാവണം. സ്രഷ്ടാവിന്റെ അനിരുക്തരൂപമാണ് ഋതം, നിരുക്തരൂപമാണ് സത്യം. പദാര്‍ത്ഥങ്ങള്‍ക്കു പേരിട്ടപ്പോള്‍ ആര്‍ഷമനസ്സ് ശ്രദ്ധിച്ചത് ഋതസത്യങ്ങളെയാണ്. ഋതസത്യങ്ങളാല്‍ ധര്‍മ്മപഥത്തിലൂടെ മുന്നേറുവാന്‍ ഋതംഭരന്‍ നമ്മെ സഹായിക്കട്ടെ.

 തസ്യ ഋതംഭര പ്രജ്ഞാ :

ജൻമഭൂമി


G Prasad puthumana

1 comment:

  1. യഥാര്‍ത്ഥം മനസാ ചിന്തിതം. ഉള്ളിലെ മൗനത്തിലുറയുന്ന യാഥാര്‍ത്ഥ്യമാണ് ഋതം. സത്യമാവട്ടെ 'യഥാര്‍ത്ഥം വചസ്സാ ഭാഷിതം.' ഉള്ളറിഞ്ഞ നേരിനെ പറഞ്ഞറിയിക്കലാണ് സത്യം.
    ഈ സൂക്തങ്ങളുടെ reference കിട്ടുമോ?

    ReplyDelete