Sunday, February 16, 2020


  *ഗർഗ്ഗനും സാന്ദീപനിയും*  


⊰᯽⊱┈──╌❊╌──┈⊰᯽⊱


രാമ-കൃഷ്ണന്മാരുടെ ഉപനയന ക്രിയ നിർവ്വഹിക്കാനും അവർക്കു നാമകരണം ചെയ്യുവാനും ഭാഗ്യം സിദ്ധിച്ച മഹാമുനിയാണ് ഗർഗ്ഗനെങ്കിൽ , ശ്രീകൃഷ്ണനും ബലരാമനും വിദ്യ പകർന്നു നൽകി അനുഗൃഹീതനാകാൻ ഗർഗ്ഗമഹർഷിയാൽ ഭാഗ്യം കൈവന്ന മഹർഷിയാണ് സാന്ദീപനി.

ബ്രഹ്മപുത്രനായ അംഗിരസ്സിൻറെ രണ്ടു പുത്രന്മാരായിരുന്നു ഉതത്ഥ്യനും ബൃഹസ്പതിയും. ഉതത്ഥ്യൻറെ ഭാര്യയായിരുന്നു മമത. ഉതത്ഥ്യനില്ലാതിരുന്നൊരു നാൾ ഗർഭിണിയായ മമതയെ ബൃഹസ്പതി പ്രാപിക്കാനൊരുങ്ങിയപ്പോൾ ഗർഭസ്ഥശിശു അരുതെന്നു വിലക്കി . ബൃഹസ്പതി വകവച്ചില്ല. മമതയ്ക്ക് ആ ഗർഭത്തിൽ തന്നെ ബൃഹസ്പതിയുടേതായി ഒരു ശിശുകൂടി പിറന്നു. അവൾ ഉതത്ഥ്യൻറെ ശിശുവിനെ മാത്രം സ്വീകരിച്ച് സ്ഥലം വിട്ടു. ഉപേക്ഷിക്കപ്പെട്ട ബൃഹസ്പതിയുടെ കുഞ്ഞിനെ ദേവകൾ പരിരക്ഷിച്ചു. വളർന്നപ്പോൾ ഭരദ്വാജനെന്നു പേരിട്ടു ഭരത ചക്രവർത്തിയെ ഏല്പിച്ചു. ഭരതൻറെ ദത്തു പുത്രനായി വളർന്ന ഭരദ്വാജൻ അഥവാ വിതഥൻ, മനുവിന്റെ പിതാവായിത്തീർന്നു. മനുവിന്റെ പുത്രന്മാർ ബൃഹൽക്ഷത്രനും ജയനും. ജയൻറെ പുത്രനായി ഗർഗ്ഗമുനിയും. ഗർഗ്ഗന് ശനി എന്നൊരു പുത്രനും ജനിച്ചു. തുടർന്ന് അദ്ദേഹം തപസ്സിലായി. 

അമ്പാടിയിൽ നിന്നു മഥുരയിലേക്കു വന്നു ചേർന്ന രാമകൃഷ്ണന്മാരെ ഉപനയനം നടത്തി സാന്ദീപനി മഹർഷിയുടെ ആശ്രമത്തിലേക്കു വിദ്യയഭ്യസിക്കാൻ പറഞ്ഞയച്ചതു ഗർഗ്ഗമഹർഷിയായിരുന്നു. 

മാന്ധാതാവിൻറെ പുത്രനും ഭക്തനുമായ മുചുകുന്ദന് ഒരിക്കൽ കൃഷ്ണദർശനം ഭവിക്കുമെന്ന് ഗർഗ്ഗനിൽ നിന്ന് അനുഗ്രഹം ലഭിച്ചു. വനവാസം കഴിഞ്ഞെത്തിയ ശ്രീരാമനെ കിഴക്കുദിക്കിൽ നിന്നു ചെന്നത്തിയ ഗർഗ്ഗമുനി സന്ദർശിച്ചു. ജ്യോതിശ്ശാസ്ത്രപണ്ഡിതൻ കൂടിയാണ് ഗർഗ്ഗൻ. സരസ്വതീ നദീ തീരത്ത് ഗർഗ്ഗസ്രോതം എന്ന പുണ്യസ്ഥലമായിരുന്നു അദ്ദേഹത്തിന്റെ തപോവനം. പൃഥു ചക്രവർത്തിയുടെ സദസ്സിലെ ജ്യോതിഷിയായിരുന്നു. 

ഗർഗ്ഗമുനിയുടെ ഉപദേശമനുസരിച്ച് വസുദേവർ , രാമകൃഷ്ണന്മാരെ സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ഗുരുകുലവാദ്യാഭ്യാസത്തിനായി അയച്ചു. കൃഷ്ണനും സുദാമാവ് എന്ന കൃഷ്ണഭക്തനായ കുചേലനുമായുളള സതീർത്ഥ്യബന്ധവും സൗഹൃദവും ഇവിടെ തുടങ്ങുന്നു. അറുപത്തിനാലുകലകളും ധനുർവേദവും സാന്ദീപനിയിൽ നിന്നുമാണ് കൃഷ്ണൻ അഭ്യസിച്ചത് . എല്ലാം ഭഗവാനിൽ അന്തർലീനമായവ; അവയെ ഗുരുത്വം ചാർത്തി പുറത്തെടത്തുവെന്നു കരുതാം.

ഗുരുദക്ഷിണയായി പ്രഭാസതീർത്ഥത്തിൽ വച്ച് മുങ്ങിമരിക്കാനിടയായ മകനെ തിരിച്ചു നല്കാൻ സഹായിക്കണമെന്ന്  അപേക്ഷിച്ചു. ഭഗവാൻ വരുണനോട് തിരക്കുകയും പഞ്ചജനെന്ന രാക്ഷസനാണ് മുനി പുത്രനെ അപഹരിച്ചതന്നെറിഞ്ഞ് പഞ്ചജനെ കൊന്ന് പാഞ്ചജന്യം എന്ന ശംഖ് കൈക്കലക്കാകുകയും അതിനുള്ളിൽ മുനികുമാരനെ കാണാതെ യമലോകത്തെത്തി മുനികുമാരനെ കൂട്ടികൊണ്ടു വന്നു സാന്ദീപനി മഹർഷിക്ക് ഗുരദക്ഷിണ നല്കുകയും ചെയ്തു.


*കാരിക്കോട്ടമ്മ  - 16 -02 - 20* 

No comments:

Post a Comment