Sunday, February 16, 2020

🙏 എല്ലാവർക്കും നമസ്കാരം.🙏 ശ്രീ ഗുരുവായൂർ അമ്പാടി കണ്ണന്റെ ഒരു ദിനം💥 നിർമാല്യം മുതൽ - തൃപ്പുകവരെ.

ഉച്ചപൂജ കളഭാലാങ്കാരം (57)

ഉച്ചപ്പൂജക്ക് നിവേദ്യം കഴിഞ്ഞ് ശ്രീകോവിലിന്റെ നട അടച്ച് പ്രസന്ന പൂജക്ക് കണ്ണനെ കളഭക്കൂട്ട് അണിയിക്കുന്നു. കണ്ണന്റെ ലീലാവിലാസ ഭാവ രൂപങ്ങളാണ് കളഭത്താൽ മേശാന്തി അലങ്കരിക്കുന്നത്.
ഉദയാസ്തമന പൂജയുള്ള ദിവസങ്ങളിൽ ഒതിക്കന്മാരാണ് കളഭച്ചാർത്ത് നടത്തുന്നതും, ഉച്ചപ്പൂജയും.
പൂജ നിർവ്വഹിക്കുന്നവരുടെ ധ്യാനാവസ്ഥിത മനസ്സിൽ വരുന്ന കണ്ണന്റെരൂപമാണ് കളഭാലങ്കാരമായി ചാർത്തുന്നത്.
കണ്ണന്റെ തിരുമുഖം ചാർത്തുന്നത് മിക്കപ്പോഴും ചന്ദനം  കൊണ്ടാണ്. കണ്ണന്റെ ഇഷ്ടം അങ്ങിനെയാണ്.
ഓരോ ദിവസവവും നൂറിലധികം കളഭ ഉരുളകൾ ഭക്തജനങ്ങൾ കണ്ണന് ശീട്ടാക്കി സമർപ്പിക്കുന്നുണ്ട്. ഇരുനൂറിലധികം ചന്ദന ഉരുളയും അരച്ച് ഉണ്ടാക്കാറുണ്ട്. ക്ഷേത്ര കീഴ്ശാന്തി കുടുംബത്തിലെ സമാവർത്തന സംസ്ക്കാരം കഴിഞ്ഞവരാണ് ചന്ദനവും , കളഭവും അരക്കുന്നത്. ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും കണ്ണന്റെ ചന്ദന പ്രസാദം കാലത്ത് നിർമാല്യം മുതൽ അത്താഴ ശിവേലി വരെ നട തുറന്നിരിക്കുന്ന എല്ലാ സമയത്തും നൽകുന്നു. നിർമാല്യം മുതൽ ഉച്ചപ്പൂജകഴിഞ്ഞ് നട അടക്കുന്നത് വരെ കണ്ണന്റെ അഭിഷേക തീർത്ഥവും ഭക്തജനങ്ങൾക്ക് ലഭിക്കുന്നു.

കണ്ണന് പൂജക്കുള്ള നിവേദ്യം തയ്യാറക്കുന്നവരും , പൂജ നിർവഹിക്കുന്നവരും രുദ്ര തീർത്ഥത്തിൽ (അമ്പലകുളത്തിൽ) മന്ത്ര സ്നാനം നടത്തി ശാന്തി ശുദ്ധമായതിന് ശേഷം മാത്രമേ തിടപ്പള്ളിയിലും ശ്രീലകത്തും പ്രവേശിക്കാൻ പാടുള്ളൂ (അനുവാദമുള്ളു). മറിച്ച് സംഭവിച്ചാൽ പുണ്യാഹം മുതലായ പ്രായശ്ചിത്തങ്ങൾ നടത്തി പൂജയും, മറ്റും അവർത്തിക്കുന്നു. കർമ്മം ചെയ്യുന്നവർ അതിന്റെ ഭാഗമായി മാത്രമെ അന്യോന്യം സ്പർശിക്കാൻ പാടുള്ളു. കർമ്മികളേയൊ, പൂജാരിമാരെയോ കർമ്മം ചെയ്യുവാൻ വേണ്ടി രുദ്ര തീർത്ഥസ്നാനം നടത്തി കഴിഞ്ഞാൽ മറ്റുള്ളവർ സ്പർശിക്കരുത്. ഇത് കണ്ണന്റെ നിശ്ചയമാണ്.

പൃഥുവിന്റെ പ്രപൗത്രന്മാരായ പ്രചേതസ്സുകൾ മുങ്ങി കിടന്ന് തപസ്സ് അനുഷ്ഠിച്ച തീർത്ഥമാണ്  രുദ്രതീർത്ഥം. (ഗുരുവായൂർക്ഷേത്രക്കുളം )
ശ്രീ പരമേശ്വരനാൽ പ്രാചിന ബർഹിസ്സിന്റെ പുത്രന്മാരായ പ്രചേതസ്സുകൾക്ക് ഉപദേശം ലഭിച്ച മന്ത്രമാണ്  " രുദ്രഗീതം ". ഈ മന്ത്രം ജപിച്ചാണ് ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ പ്രചേതസ്സുകൾ തപസ്സ് അനുഷ്ഠിച്ച് കണ്ണനെ പ്രത്യക്ഷപ്പെടുത്തിയത്. ഗുരുവായുർ ക്ഷേത്രത്തിനടുത്തുള്ള മമ്മിയൂരും, പെരുന്തട്ട ക്ഷേത്രത്തിലും എല്ലാ കൊല്ലവും മഹാരുദ്രം യജ്ഞം നടക്കുന്നു. പെരുന്തട്ട ക്ഷേത്രത്തിൽ മഹാരുദ്രം ഇപ്പോൾ നടക്കുന്ന സമയമാണ് (എല്ലാ കൊല്ലവും Feb ഒന്നു മുതൽ 11 ദിവസം) പതിനൊന്നാം ദിവസം രുദ്രജപത്തിനൊപ്പം അജ രൂപം പ്രാപിച്ച ദക്ഷ പ്രജാപതി ജപിച്ച ചമക മന്ത്രം കൊണ്ട് വസോർധാരയും ഉണ്ട്. കണ്ണന്റെ തന്ത്രിയും, ഓതിക്കന്മാരും , കീഴ്ശാന്തി മാരുമാണ് പുരോഹിതന്മാർ.

ഉച്ചപൂജ നിർവ്വഹിക്കുന്ന ഓതിക്കന്റെ ധ്യാനാവസ്ഥിത മനസ്സിൽ തോന്നിയതും, കളഭം അരച്ചുനൽകിയ കീഴ്ശാന്തിമനസ്സിൽ കാണാൻ കൊതിച്ച രൂപവും, ശങ്കരനെ മോഹിപ്പിച്ച മോഹിനീ രൂപമാണ്.

അതെ കണ്ണൻ ദേവാസുരന്മാർക്ക് , പാലാഴി കടഞ്ഞെടുത്ത അമൃത് വിളമ്പാൻ വേണ്ടി പ്രത്യക്ഷപ്പെട്ട മോഹിനീ രൂപമാണ് ചില ദിവസങ്ങളിൽ കളഭത്താൽ ഭഗവനെ അലങ്കരിക്കുന്നത്.

" ശങ്കര മോഹനം" കളഭ ചാർത്ത് വിവരണം അടുത്ത ദിവസം.

ചെറുതയുർ വാസുദേവൻ നമ്പൂതിരി. ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി.9048205785.

No comments:

Post a Comment