Saturday, February 29, 2020

പാപമകറ്റാന്‍ ഋഷിപഞ്ചമി

സപ്തര്‍ഷികളുടെ അനുഗ്രഹത്തിനായി സ്തീകള്‍  ഉപവസിക്കുന്ന ദിവസമാണ് ഋഷിപഞ്ചമി . കാശ്യപന്‍, വിശ്വാമിത്രന്‍, ജമദഗ്നി, അത്രി, ഗൗതമന്‍, ഭരദ്വാജന്‍, വസിഷ്ഠന്‍ എന്നീ  ഋഷികളെ പൂജിച്ചും ഉപവസിച്ചും രജസ്വലാദോഷങ്ങള്‍ തീര്‍ന്ന് മനസ്സിനും ശരീരത്തിനും പാപമോചനം സിദ്ധിക്കുമെന്നാണ് വിശ്വാസം. വസിഷ്ഠ പത്‌നിയായ അരുന്ധതിക്കും അന്നേ ദിവസം പ്രത്യേക പൂജകള്‍ നടത്തും. 

ഭാദ്രപാദത്തിലെ പഞ്ചമിനാളാണ് ഋഷിപഞ്ചമിയെന്ന് അറിയപ്പെടുന്നത്. അതായത് വിനായകചതുര്‍ഥിയുടെ തൊട്ടടുത്ത നാള്‍.

 ഉപവാസത്തിനും പൂജകള്‍ക്കും  നിയതമായ ചിട്ടകളുണ്ട്. കുളിച്ച് ശരീരശുദ്ധിവരുത്തണം. ചിലയിടങ്ങളില്‍ ആനയുടെ കാല്‍പാദങ്ങളിലെ മണ്ണെടുത്ത് ദേഹത്തു തേച്ചാണ് ഋഷിപഞ്ചമിക്ക് സ്ത്രീകള്‍ കുളിക്കാറുള്ളത്. കുളികഴിഞ്ഞ് പൂജയ്ക്കുള്ള ഒരുക്കങ്ങള്‍തീർക്കും.  വലിയൊരു മരപ്പലകയില്‍ അരികൊണ്ട് കൂമ്പാരങ്ങളുണ്ടാക്കും. സ്പ്തര്‍ഷികള്‍ക്കും അരുന്ധതിക്കുമായി എട്ട് അരിക്കൂനകള്‍. ഓരോന്നിനും മീതെ  ഓരോ അടയ്ക്കയും വെയ്ക്കും. അതുകഴിഞ്ഞാണ് പൂജ. അരുന്ധതിയെ പ്രീതിപ്പെടുത്താനായി 16 തരം വസ്തുക്കള്‍ പൂജയ്‌ക്കൊരുക്കുന്നു. പൂജകഴിയുമ്പോള്‍ അടയ്ക്കയെടുത്ത് വെള്ളത്തിലൊഴുക്കും. ഉപവാസ ദിവസം സ്ത്രീകള്‍  പഴങ്ങളും പച്ചക്കറികളും മാത്രമാണ് ഭക്ഷിക്കുക.

ഉത്തരേന്ത്യക്കാരുടെ ആചാരമായ ഋഷിപഞ്ചമിക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നത്  മറാഠികളാണ്. 15 തരം പച്ചക്കറികള്‍ എരിവും പുളിയും പേരിനു മാത്രം ചേര്‍ത്തുണ്ടാക്കുന്ന ഋഷിപഞ്ചമി ബജി മറാഠികളുടെ പ്രിയവിഭവമാണ്. ബജിയുണ്ടാക്കാന്‍  തെരഞ്ഞെടുക്കുന്ന പച്ചക്കറികള്‍ക്കുമുണ്ട് പ്രത്യേകത. കാളകളെക്കൊണ്ട് നിലമുഴുത്  വിളയിച്ചെടുക്കുന്ന പച്ചക്കറികളൊന്നും ഇതിന് ഉപയോഗിക്കാറില്ല. പൗരാണിക കാലത്ത് ഋഷിവര്യന്മാര്‍ ഉണ്ടാക്കിയിരുന്ന ലളിതവും ആരോഗ്യകരവുമായ ഭക്ഷണങ്ങളുടെ പ്രതീകമായാണ് ബജിയുണ്ടാക്കുന്നത്. മറ്റുള്ളവര്‍ അത്യധ്വാനം ചെയ്യുന്നതിന്റെ ഫലം ഋഷിമാര്‍ അനുഭവിക്കാറില്ല. കാളകളെക്കൊണ്ട് ഉഴുതുമറിച്ച മണ്ണില്‍ വിളഞ്ഞതൊന്നും ഋഷിപഞ്ചമിബജിക്ക് എടുക്കാത്തത് അതിനാലത്രേ. അടുക്കളമുറ്റത്ത്  സ്വയം നട്ടുനനച്ചുണ്ടാക്കിയതേ ഉപയോഗിക്കാറുള്ളൂ. പാചകം ചെയ്യുന്നത്  മണ്‍പാത്രങ്ങളില്‍.  ഓരോ പച്ചക്കറിയും പ്രത്യേകമായി വേവിച്ചെടുക്കും.

          പി. എം.എൻ.നമ്പൂതിരി ..

No comments:

Post a Comment