Saturday, February 29, 2020

ശ്രീകൃഷ്ണനും നെല്ലിക്കയും

ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ട ചങ്ങാതിമാരിലൊരാളാണ് അർജുനൻ. ഒരിക്കൽ ശ്രീകൃഷ്ണൻ അർജുനനെയും തേരാളിയായ സാത്യകിയെയും കൂട്ടി വനത്തിലൂടെ ഒരു സവാരിക്കിറങ്ങി.

"കാട്ടിലൂടെയുള്ള യാത്രയായതിനാൽ നമുക്ക് തേര് വേണ്ട. കാൽ നടയായി പോകാം". ശ്രീകൃഷ്ണൻ പറഞ്ഞു. അവർ രണ്ടുപേരും ആ അഭിപ്രായത്തോട് യോജിച്ചു. . കാട്ടിലെ കാഴ്ചകൾ കണ്ടാനന്ദിച്ച് കുറെ നടന്നിട്ട് അവർ ഒരു വൃക്ഷച്ചുവട്ടിൽ വിശ്രമിക്കാൻ ഇരുന്നു. അപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങി. വനപ്രദേശമായതിനാൽ മൂവരും
ഒരുമിച്ച് ഉറങ്ങേണ്ടന്ന് തീരുമാനമെടുത്തു. സാത്യകിയെ കാവൽ നിർത്തിയിട്ട് അർജുനനും ശ്രീകൃഷ്ണനും ഉറങ്ങാൻ തുടങ്ങി.

കുറെകഴിഞ്ഞപ്പോൾ തൊട്ടുപിന്നിൽ എന്തോ ശബ്ദം കേട്ട് സാത്യകി തിരിഞ്ഞു നോക്കി. അരണ്ടപ്രകാശത്തിൽ ഒരു നെല്ലിക്ക ഒരുണ്ടുരുണ്ട്‌ അടുത്തേക്ക്‌ വരുന്നത് സാത്യകി കണ്ടു. പൊടുന്നനെ ആ നെല്ലിക്ക വലുതാകാൻ തുടങ്ങി.

"ഹും, സത്യം പറഞ്ഞോ. നീയാരാണ്‌?". നെല്ലിക്ക ഉച്ചത്തിൽ ചോദിച്ചു. സാത്യകിക്ക് കോപം വന്നെങ്കിലും പുറത്തുകാണിക്കാതെ ഇങ്ങനെ മറുപടി പറഞ്ഞു. "ഞാൻ ശ്രീകൃഷ്ണന്റെ തേരാളി സാത്യകിയാണ്".

"നിനക്ക് യുദ്ധം ചെയ്യാനറിയാമോ ?". നെല്ലിക്ക ശരീരം കുറേക്കൂടി വലുതാക്കിക്കൊണ്ട് ചോദിച്ചു.

ഇത്തവണ സാത്യകിയുടെ ക്ഷമ കെട്ടു. "എടാ, നിന്നെ അടിച്ചു നിലംപരിശാക്കാൻ എനിക്കീ പെരുവിരൽ മതി. നീ ആരാണെന്ന് വേഗം പറഞ്ഞോ...." സാത്യകി പറഞ്ഞു.

"ഞാനൊരു യക്ഷനാണു. നിന്നെ യുദ്ധം ചെയ്തു തോൽപ്പിക്കാനാണ് വന്നത്". ഇത്രയും പറഞ്ഞു നെല്ലിക്ക ഒരു യക്ഷന്റെ രൂപം പൂണ്ട് സാത്യകിയോട് പൊരുതാൻ അടുത്തുചെന്നു. സാത്യകി വേഗം വാളുമായി യക്ഷനെ ആക്രമിക്കാൻ തയ്യാറെടുത്തു.

"ഹും നിന്റെ അഹങ്കാരം ഞാനിന്നു തീർക്കുമെടാ". യക്ഷൻ ഉച്ചത്തിൽ പറഞ്ഞു.

ഇതെല്ലാം ഉറക്കം നടിച്ചുകിടക്കുന്ന ശ്രീകൃഷ്ണൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു അറിയാതെതന്നെ ചിരി വന്നു.

യുദ്ധത്തിൽ യക്ഷൻ സാത്യകിയെ കീഴ്പ്പെടുത്തി. യക്ഷന്റെ കൈയിൽകിടന്ന് സാത്യകി മരണവേദനകൊണ്ട് പുളയാൻ തുടങ്ങി.

"അയ്യോ, എന്നെകൊല്ലല്ലേ.......കൊല്ലല്ലേ". സാത്യകി യക്ഷനോട് യാചിച്ചു. അവൻ സാത്യകിയെ മോചിപ്പിച്ച്‌ വീണ്ടും നെല്ലിക്കയായി മേലോട്ട് പോയി.

"ശ്ശെ, വല്ലാത്ത നാണക്കേടായി. അർജുനനും ശ്രീകൃഷ്ണനും ഇതറിയണ്ട". സാത്യകി മനസ്സിൽ കരുതി.

ഒട്ടും വൈകാതെ സാത്യകി അർജുനനെ വിളിച്ചുണർത്തി കാവലേൽപ്പിച്ചു. എന്നിട്ട് ഒന്നുമറിയാത്തമട്ടിൽ ഉറങ്ങാൻ കിടക്കുകയും ചെയ്തു.

അർജുനനെയും യക്ഷൻ ഒരു പാഠം പഠിപ്പിക്കാതിരിക്കില്ല. സാത്യകി കരുതി.

കുറച്ചു സമയം കഴിഞ്ഞു. അതാ ഒരു നെല്ലിക്ക മുകളിൽ നിന്നും വീണു. ശബ്ദം കേട്ട് അർജുനൻ തിരിഞ്ഞു നോക്കി.

"സത്യം പറഞ്ഞോ...നീ ആരാ?'. നെല്ലിക്ക അർജുനനോട് ചോദിച്ചു.

"ഞാനാരെന്നോ? വില്ലാളിവീരനായ അർജുനനെ തിരിച്ചറിയാൻ കഴിയാത്ത നീയൊരു
മഹാവിഡ്ഢിതന്നെ". അർജുനൻ അഹങ്കാരത്തോടെ പറഞ്ഞു.

നെല്ലിക്ക പൊട്ടിച്ചിരിച്ചിട്ട് പറഞ്ഞു. "ഞാൻ നിന്നെപ്പറ്റി കേട്ടിട്ടില്ല...വീരനാണെങ്കിൽ എന്നോട് പൊരുതി ജയിക്കാൻ നോക്ക്". അതോടെ നെല്ലിക്ക വലുതാകാൻ തുടങ്ങി. വൈകാതെ അതൊരു യക്ഷനായി മാറുകയും ചെയ്തു. രണ്ടുപേരും പൊരിഞ്ഞ യുദ്ധം തന്നെ തുടങ്ങി. ശ്രീകൃഷ്ണൻ അപ്പോഴും കള്ളയുറക്കം നടിച്ചു കിടന്നതെയുള്ളൂ.

ഒടുവിൽ യക്ഷൻ അർജുനനെയും തോൽപ്പിച്ച് അടിയറവു പറയിച്ചു.അർജുനന് വല്ലാത്ത
അപമാനം തോന്നി.

അർജുനനും ഇതെല്ലാം രഹസ്യമായി വയ്ക്കാൻ നിശ്ചയിച്ചു.

ഒടുവിൽ ശ്രീകൃഷ്ണന്റെ ഊഴമായി. ശ്രീകൃഷ്ണൻ കാവൽ നിന്നപ്പോഴും നെല്ലിക്കയുടെ രൂപത്തിൽ യക്ഷൻ പ്രത്യക്ഷപ്പെട്ടു.

"ഹും, നീയാരാണ്?". നെല്ലിക്ക ചോദിച്ചു. "ഞാൻ ശ്രീകൃഷ്ണനാണ്". ശ്രീകൃഷ്ണൻ പറഞ്ഞു.

"കരുത്തനും തന്ത്രശാലിയുമായ അങ്ങയെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട്". നെല്ലിക്ക പറഞ്ഞു.

"ഹേയ്, എനിക്ക് അത്ര കരുത്തൊന്നുമില്ല. ഞാൻ തന്ത്രശാലിയുമല്ല". ശ്രീകൃഷ്ണൻ വിനയപൂർവം മറുപടി പറഞ്ഞു.

"എന്നാൽ ഞാൻ ശക്തനാണ്. എത്ര വേണമെങ്കിലും എനിക്ക് വലുതാകാൻ കഴിയും". നെല്ലിക്ക പറഞ്ഞു.

"അയ്യോ, വലുതാകുന്നവരെ കാണുന്നതുപോലും എനിക്ക് ഭയമാണ്. ചെറിയവരെയാണ് എനിക്കിഷ്ടം" ശ്രീകൃഷ്ണൻ പറഞ്ഞു.

എങ്കിൽ ഞാൻ ചെറുതാകാം. എന്നിട്ടാകാം ബാക്കി കാര്യങ്ങൾ". ഇത്രയും പറഞ്ഞ് നെല്ലിക്ക ചെറുതായി.

പൊടുന്നനെ തന്ത്രശാലിയായ ശ്രീകൃഷ്ണൻ ഒറ്റച്ചാട്ടത്തിന് നെല്ലിക്ക കൈക്കലാക്കി. എന്നിട്ട് സ്വന്തം ചേലത്തുമ്പിൽ അത് കെട്ടിയിട്ടു. പിന്നീട് ഒന്നുമറിയാത്തപോലെ കാവൽജോലി തുടരുകയും ചെയ്തു.

പ്രഭാതമായി. സാത്യകിയും അർജുനനും ഉണർന്നെഴുന്നേറ്റു. അവർ ശ്രീകൃഷ്ണനെ കൌതുകത്തോടെ നോക്കി. ഒരു മൽപ്പിടിത്തം നടന്നതിന്റെ ഒരു ലക്ഷണവും ശ്രീകൃഷ്ണനിലില്ല. ശ്രീകൃഷ്ണന് അർജുനന്റെയും സാത്യകിയുടെയും മനസ്സിലിരിപ്പ് പിടികിട്ടി. അദ്ദേഹം വേഗം ചേലത്തുമ്പിൽ കെട്ടിയിരിക്കുന്ന നെല്ലിക്ക രണ്ടാളേയും കാണിച്ചു
കൊടുത്തു.

"നിങ്ങൾ ഈ നെല്ലിക്കയുടെ കാര്യമാവും ചിന്തിക്കുന്നത്". ശ്രീകൃഷ്ണൻ ചോദിച്ചു. സാത്യകിയും അർജുനനും പരസ്പരം നോക്കി.

"അങ്ങ് എങ്ങനെ ഇവനെ പിടികൂടി തടവിലാക്കി?". അവർ ചോദിച്ചു. ശ്രീകൃഷ്ണൻ നടന്നതെല്ലാം അവരോടു പറഞ്ഞു .

"തന്നെക്കാൾ വലുതായി ആരുമില്ലെന്ന് അഹങ്കരിച്ചതാണ് നിങ്ങളുടെ തോൽവിക്ക്
കാരണം. വിനയം കൊണ്ട് ഏത് ശക്തനെയും തോൽപ്പിക്കാമെന്ന് ഇപ്പോൾ മനസ്സിലായില്ലേ?". ശ്രീകൃഷ്ണൻ പറഞ്ഞു.

പിന്നീട് ശ്രീകൃഷ്ണൻ മാപ്പുനൽകി യക്ഷനെ സ്വതന്ത്രനാക്കി.

ഈ തരത്തിലുള്ളവര്‍ നമ്മുടെയിടയിലും ഉണ്ട് ...അറിവുണ്ടായിട്ടു അഹങ്കരിക്കുന്നവരും ,അറിവില്ലാതെ ,
ഉണ്ടെന്നു നടിച്ചു അഹങ്കരിച്ചു നടക്കന്നവരെയും നമുക്ക് കാണാവുന്നതാണ് ....അവര്‍ക്ക് ജീവിതത്തില്‍ പരാജയം മാത്രമായിരിക്കും ....ഫലം .......

ഏതൊരു കാര്യവും ,വിനയഭാവത്തോടെയും ,യുക്തി യുക്തമായും കൈകാര്യം ചെയ്യുകയാണെങ്കില്‍ കാര്യങ്ങളെല്ലാം സഹജമായി നടക്കും ..

ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
കടപ്പാട്‌ :

No comments:

Post a Comment