Monday, February 17, 2020

*_ത്രിപുടി_*

അറിവിന് മൂന്നു പുടങ്ങളുണ്ടെന്ന് (ത്രിപുടി) ഋഷീശ്വരന്മാര്‍ കല്പിച്ചിരുന്നു. ദൃക്, ദൃശ്യം, ദര്‍ശനം എന്നുള്ളതാണ് അവ. ജ്ഞാതാവ്, ജ്ഞേയം, ജ്ഞാനം എന്നും പറയാം. ദൃക് (The Observer) ഒരു വസ്തുവിനെ നോക്കിക്കാണുന്ന വ്യക്തി. നോക്കപ്പെടുന്ന വസ്തു ദൃശ്യം (The Observed). വസ്തുവിനെ ദൃക്ക് നോക്കിക്കാണുമ്പോള്‍ ദൃക്കിലുണ്ടാകുന്ന അവബോധം ദര്‍ശനം (The Observation). ഇവ മൂന്നും കൂടിച്ചേരാതെ അറിവുണ്ടാകയില്ല. അറിവിന്റെ മണ്ഡലത്തില്‍ ദൃക് ഒരു അനിവാര്യത യാണ്.

ഈ സിദ്ധാന്തത്തെ ശാസ്ത്രലോകം അംഗീകരിച്ചത് ക്വാണ്ടം മെക്കാനിക്‌സിന്റെ ബഹുമുഖങ്ങളെക്കുറിച്ചുള്ള വിചിന്തന കാലഘട്ടത്തില്‍ മാത്രമാണ്.  ഇലക്‌ട്രോണുകളുടെ അത്ഭുതകരമായ പ്രതിഭാസങ്ങളെക്കുറിച്ച് പഠനം നടത്തവേ പാര്‍ട്ടിക്കിളിന് സ്ഥാനമുണ്ടോ, ഗതിയുണ്ടോ, അന്തിമമായി പാര്‍ട്ടിക്കിള്‍തന്നെയുണ്ടോ എന്ന സന്നിഗ്ധാവസ്ഥ സംജാതമായപ്പോള്‍ ശാസ്ത്രജ്ഞര്‍ ഇങ്ങനെകൂടി ചിന്തിച്ചുപോയി - പരീക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്ന പാര്‍ട്ടിക്കിള്‍ നാം -ദൃക്ക് - തന്നെ സൃഷ്ടിച്ചതാണോ?  ജോണ്‍ വീലര്‍ എന്ന ഊര്‍ജ്ജതന്ത്രജ്ഞന്‍ പറഞ്ഞു- ഇവിടെ ഒരു സഹഭോഗാവസ്ഥ കാണുന്നു. ദൃക്ക് ഒരു സഹഭോക്താവാകുന്നു.  ക്ലാസിക്കല്‍ ദര്‍ശനങ്ങളിലെയും ക്ലാസിക്കല്‍ ഫിസിക്‌സിലെയും ദൃക്ക് കേവലം നിരീക്ഷകന്‍ മാത്രമല്ല, സഹഭോക്താവുകൂടിയാണെന്ന പുതിയ നിഗമന ത്തിലേക്കാണ് അദ്ദേഹവും പിന്നാലെവന്ന പല ഫിസിസിസ്റ്റുകളും എത്തിച്ചേര്‍ന്നത്.  വിരാടപുരുഷനും ഒരു സഹഭോക്താവാകുന്നു.

ഗീതയിലേക്ക് നോക്കൂ;-

ഉപദ്രഷ്ടാനുമന്താ ച ഭര്‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തോ ദേഹേസ്മിന്‍ പുരുഷഃ പരഃ

സാരം:- ഈ ദേഹത്തില്‍ (സ്ഥിതനായ) പരനായ പുരുഷന്‍ ഉപദ്രഷ്ടാവും (പ്രകൃതി ചെയ്യുന്ന കര്‍മ്മങ്ങളുടെ സാക്ഷിയും) (ആ കര്‍മ്മങ്ങള്‍ക്ക്) അനുമതികൊടുക്കുന്നവനും (അനുമന്താ ച) സകലതിനെയും ഭരിക്കുന്നവനും (ഭര്‍ത്താ) അനുഭവിക്കുന്നവനും (ഭോക്താ) മഹേശ്വരനും പരമാത്മാവും ആണെന്ന് പറയപ്പെടുന്നു. (ഗീത: അ. 13, ശ്ലോകം-22)

No comments:

Post a Comment