Friday, February 21, 2020

*ഭാഗവത വിചാരം*
             *_PART-4 EPISODE-290*
                     *ദശമ സ്കന്ധം*
                 _ചതുർദശോഽദ്ധ്യായഃ_

*By KSV KRISHNA Ambernath Mumbai

*ത്വാമാത്മാനം പരം മത്വാ*
*പരമാത്മാനമേവ ച*
*ആത്മാ പുനർബഹിർമൃഗ്യ*
*അഹോഽജ്ഞജനതാജ്ഞതാ*
(10.14.27)

ബ്രഹ്മാവ് തന്റെ സ്തുതിയെ തുടര്‍ന്ന് കൊണ്ട് പറയുന്നു,   ആത്മാവായിരിക്കുന്ന അവിടുത്തെ ദേഹമെന്നും, ദേഹത്തെ ആത്മാവെന്നും അജ്ഞാനത്താൽ തെറ്റിധരിച്ച്, ആത്മാവിനെ, അതായത് അവിടുത്തെ, പുറമെ തിരഞ്ഞു കാണേണ്ടതായി ജനങ്ങൾ വിചാരിക്കുന്നു. അവിടുത്തെ മായയാൽ ഉണ്ടാകുന്ന   ജനങ്ങളുടെ ഈ അജ്ഞാനഭാവം ആശ്ചര്യം തന്നെ! !.

സ്വാത്മസ്വരൂപനായിരിക്കുന്ന അവിടുത്തെ അജ്ഞാനം കൊണ്ട് അറിയാതെ, ആത്മാവിൽ നിന്ന് അന്യമായിരിക്കുന്ന ദേഹാദി  പ്രപഞ്ചത്തെ ആത്മാവായി തെറ്റി ധരിച്ചിരിക്കുന്ന ജനസമൂഹം, പരമാത്മാവായിരിക്കുന്ന അവിടുന്നു പുറമെയുള്ള ഒരു വസ്തുവാണെന്ന് വിചാരിച്ചു ലോകം മുഴുവൻ അങ്ങയെ അന്വേഷിച്ചു നടക്കുന്നു.  ഏതുപോലെ എന്നാൽ ഗൃഹത്തിന്റെ ഉള്ളിൽ വെച്ച് നഷ്ടപെട്ട ഒരു വസ്തുവിനെ പുറമെയുള്ള പറമ്പിൽ അന്വേഷിച്ചു നടക്കുന്ന പോലെയാണ് ഇത്.

ആത്മാവിനെ സ്വരൂപമായിട്ടറിയുക എന്ന പരമാർത്ഥ ജ്ഞാനം നേടുമ്പോൾ മാത്രമെ  ഈ സംസാര സാഗരത്തെ തരണം ചെയ്യാൻ സാധിക്കുകയുള്ളൂ.

ആത്മജ്ഞാനം കൊണ്ട് മുക്തി നേടാം എന്ന് പറഞ്ഞതിനാൽ, ഭക്തികൊണ്ടു മുക്തി സാധ്യമല്ലേ എന്ന് ശങ്കിക്കരുത്. കാരണം സർവ്വാധികമായിരിക്കുന്ന ആത്മപ്രീതിയെ തന്നെയാണ് ഭക്തി എന്ന് പറയുന്നത്. ഭക്തിയോഗത്തിനുള്ള വിശേഷത സാധ്യവും, സാധനവും, അതായത് ഭക്തനും ഭഗവാനും, വേറല്ല- ഒന്ന് തന്നെയാണ് എന്നതാണ്.  ആരംഭം സാധനാ ഭക്തിയിലൂടെ, അതായത് താനും ഈശ്വരനും വേറെയാണെന്നുള്ള വിചാരം,  ആയാലും, ഭക്തി വളർന്ന് അന്തഃകരണം നിർമ്മലമാകുമ്പോൾ, താൻ ഭഗവാനിൽ നിന്ന് ഭിന്നമല്ല എന്ന ജ്ഞാനം അഥവാ തിരിച്ചറിവ് ഉണ്ടാകും.

........  *തുടരും* .....

No comments:

Post a Comment