Saturday, February 22, 2020

വാർദ്ധക്യം വന്നണഞ്ഞാൽ പ്രിയപ്പെട്ട സുഖങ്ങൾ ഉപേക്ഷിച്ചു മൃത്യുഞ്ജയനായ ദേവന്റെ പദം പ്രാപിക്കാനുള്ള തയ്യാറെടുപ്പിന് പോകുന്ന സ്ഥലം...

ദേഹം ഉപേക്ഷിച്ചാൽ ഗംഗയിൽ ഒഴുകി മഹാദേവനിൽ നിന്ന് താരകമന്ത്രം ശ്രവിച്ചു അമരപദം പൂകാൻ എത്തിച്ചേരുന്ന ഇടം...

മണികർണ്ണികാ ഘാട്ടിൽ ചെന്നാൽ നമുക്ക് ആദ്യം തോന്നുന്ന വരി = ഇവിടമാണ് ആധ്യാത്മവിദ്യാലയം എന്നാണ്...
യാതൊരു കാലുഷ്യവുമില്ലാതെ മരണത്തെ വരവേൽക്കുന്ന, ഇന്ന് ലോകത്തിൽ ഉള്ളതിൽ ഏറ്റവും പഴക്കമുള്ള നഗരം - വാരണാസി.

ഈ ലോകത്ത് ഏത് യുക്തിക്കാണ് - കഴിഞ്ഞ മൂവായിരം വർഷമായി - മനുഷ്യനെ ശാന്തമായ് ഈ ലോകവാസം വെടിഞ്ഞു, അജ്ഞാതമായ പരലോകത്തെക്ക് കൈപിടിച്ച് നടത്താൻ കെല്പുള്ളത്?

പരിപൂർണ്ണമായ ആത്മസംതൃപ്തിയോടെ മരിക്കുക - അതിൽ കൂടുതൽ തത്വശാസ്ത്ര സൗന്ദര്യശാസ്ത്രപരമായ ഔന്നത്യം മറ്റെന്തിനാണ് ഉള്ളത് !

പരിപാവനയായ ഗംഗാമാതാവിന്റെ മാറിൽ തലചായ്ച്ചു, ഈ പ്രപഞ്ചത്തിന് മുഴുവൻ ശാന്തിയും സൗഭാഗ്യവും നേർന്നു ഒട്ടും ഭയമില്ലാതെ കാലഭൈരവന്റെ അമൃതസോപാനം പ്രാപിക്കുക.
ഇതിലും സൗന്ദര്യാത്മകമായ് ഈ ജൻമത്തിൽ എന്തെങ്കിലും കേൾക്കുക അസാധ്യമാണ്.

മനുഷ്യസങ്കൽപ്പം മരണത്തെ കീഴടക്കിയ രാജധാനിയാണ് = വാരണാസി.

No comments:

Post a Comment