Monday, February 10, 2020

വേദങ്ങൾ വേദാന്തങ്ങൾ … [5]

#സനാതനധര്‍മ്മം__5  :: 
അനാദിയായ വേദങ്ങൾ ഇന്ന് കാണുന്ന പോലെ ചിട്ടപ്പെടുത്തി എടുത്തത് വേദവ്യാസമഹർഷി ആണ്.അതുവരെ വേദങ്ങൾ ലിഖിതപ്പെട്ടിട്ടില്ലായിരുന്നു. ഗുരുശിഷ്യ പരമ്പരയിലൂടെ പകർന്നു കൊടുക്കുകയായിരുന്നു പതിവ്. അതുകൊണ്ടുതന്നെ ഈ വേദങ്ങളെ #ശ്രുതികൾ എന്നും പറയുന്നു. അങ്ങനെ വിശാലമായി പരന്നു കിടന്നിരുന്ന ഈ വേദങ്ങളെ അതിന്റെ രൂപ ഘടനക്കനുസരിച്ച് നാലായി വിഭജിച്ച് ശിക്ഷാരീതിക്കുതകുംവണ്ണം പാഠ്യപദ്ധതി ആക്കിയത് വേദവ്യാസമഹർഷി ആണ്. അതുകൊണ്ടുതന്നെയാണ് കൃഷ്ണദ്വൈപായനൻ എന്ന അദ്ദേഹത്തിന് വേദവ്യാസൻ (വേദങ്ങളെ വ്യസിച്ചവൻ എന്ന അർത്ഥത്തിൽ) എന്ന പേരു സിദ്ധിച്ചത്.ഈ ശ്രുതികൾ ആയി നിലനിന്ന വേദങ്ങളെ അതിന്റെ രൂപ ഘടനക്കനുസരിച്ച് അദ്ദേഹം നാലാക്കി വിഭജിച്ചുവല്ലോ.ഇതിൽ മന്ത്ര പ്രധാനവും ഛന്ദസ്സിന്റെ രൂപവുമുള്ള വേദങ്ങളെ “ഋഗ്വേദം” എന്ന പേരിലും യജ്ഞ പ്രധാനവും ഗദ്യ രൂപവുമായ മന്ത്രങ്ങളെ “യജുർവേദം” എന്നപേരിലും ഗാന പ്രധാനമായവയെ “സാമവേദം”
എന്ന പേരിലും വിഭജിച്ചു. “അഥർവ്വവേദം”പൊതുവേ ഇവ മൂന്നും ചേർന്നതാണ് എന്നു പറയാം. ഈ നാല് വേദങ്ങളെയും വിപുലീകരിക്കാൻ വേദവ്യാസൻ തന്റെ ശിഷ്യരായ ജൈമിനി , പൈലൻ ….മുതലായ മഹർഷിമാരെ ഏൽപ്പിച്ചു. അവരിൽ കൂടി അവ വിപുലീകരിക്കപ്പെട്ടു.
വേദങ്ങളെ പൊതുവേ രണ്ടായി വിഭജിച്ചിരിക്കുന്നു. കർമ്മകാണ്ഡം എന്നും ജ്ഞാനകാണ്ഡമെന്നും. കർമ്മകാണ്ഡത്തിൽ യഥാക്രമം സംഹിത , ബ്രാഹ്മണം ,ആരണ്യകം എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാംതന്നെ ഇഹപരലോക സൗഖ്യാർത്ഥം നിർവഹിക്കപ്പെടേണ്ട കർമ്മവിധാനങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.ഉപാസനാവിധികളും ഇതിൽപെടുന്നു ജ്ഞാനകാണ്ഡം ഉപനിഷത്തുക്കളാണ്. സർവ്വ കർമ്മങ്ങൾക്കും ഉപരി ബ്രഹ്മജ്ഞാനമാണിത്. വേദങ്ങളുടെ ഒടുവിലത്തെ ഭാഗമായതിനാലും ജ്ഞാനത്തിന്റെ പരമകാഷ്ഠയിൽ ഉള്ളതിനാലും ഈ ഉപനിഷത്തുകളെ #വേദാന്തം
എന്നു കൂടി പറയുന്നു.

No comments:

Post a Comment