Saturday, March 07, 2020


 *ഭഗവാന്റെ അവതാരങ്ങളുടെ വര്‍ണ്ണന* '

 *ഏതേ ച‍ാംശകലാഃ പുംസഃ*
*കൃഷ്ണസ്തു ഭഗവാന്‍ സ്വയം*
 *ഇന്ദ്രാരിവ്യാകുലം ലോകം*
 *മൃഡയന്തി യുഗേ യുഗേ* *(1-3-28)*

സൂതന്‍ പറഞ്ഞു:
പ്രിയപ്പെട്ട ഋഷിവര്യരേ, ആ പരമാര്‍ത്ഥ വിശ്വബോധം അപ്രകടിതമായ സ്ഥിതിയില്‍നിന്ന് സ്വയം പ്രകാശിതമാകാന്‍ തീരുമാനിച്ചപ്പോള്‍ വിശ്വ പുരുഷനുണ്ടായി. ആ പുരുഷനാകട്ടെ പതിനാറ് കലകളുണ്ട്‌, -പത്ത് ഇന്ദ്രിയങ്ങളും അഞ്ച്‌ ഭൂതങ്ങളും മനസും. ഇതോടൊപ്പംതന്നെ മറ്റനേകം രൂപങ്ങളും ഉത്ഭൂതമായി – മനുഷ്യര്‍, മൃഗങ്ങള്‍, അതിമാനുഷര്‍, വൃക്ഷലതാദികള്‍, ധാതുക്കള്‍ തുടങ്ങിയവ. അങ്ങിനെ വിശ്വപുരുഷന്‌ അനേകം തലകളും കണ്ണുകളും കാലുകളും കൈകളും വായ്കളും ഉണ്ടെന്നു പറയപ്പെടുന്നു. അനന്തതയില്‍ നിന്നും ഉത്ഭവിച്ച ഈ പ്രകടിതാവസ്ഥകള്‍ക്കു ശേഷവും അനന്തത അങ്ങനെതന്നെ അവശേഷിച്ചു. വളരെ ചെറിയ ഒരംശം മാത്രമേ വിശ്വനിര്‍മ്മിതിക്കായി ഉപയോഗിക്കപ്പെട്ടുളളു.
ഭഗവാന്‍ നാരായണന്‍ വിശ്വനിര്‍മ്മിതിയുടെ ദിവ്യലക്ഷ്യം പൂര്‍ണ്ണമാക്കാന്‍ പലതവണ സ്വയം ഇറങ്ങി വന്നു. അങ്ങിനെയുളള ചില അവതാരങ്ങളെക്കുറിച്ചു കേട്ടാലും.

സനത്കുമാരന്മ‍ാര്‍ (പരമാര്‍ത്ഥബോധമാര്‍ജ്ജിച്ച നാലുസഹോദരന്മ‍ാര്‍), ദിവ്യനായ വരാഹം (ഭൂമിയെ രക്ഷിച്ചുപൊന്തിച്ച മൃഗം), നാരദന്‍ (ഭക്തിസൂത്ര
കര്‍ത്താവായ സന്യാസിവര്യന്‍), ദിവ്യതപസ്സിന്റെ പ്രണേതാക്കളായ നരനാരായണന്മ‍ാര്‍, ആദ്യത്തെ ഭൗതിക ശാസ്ത്രജ്ഞനായ കപിലമുനി, ആത്മജ്ഞാനവിജ്ഞാനത്തിന്റെ ആദിവ്യാഖ്യാതാവായ ദത്താത്രേയന്‍, ശ്രേഷ്ടരായ പരമഹംസാചാര്യന്മ‍ാരില്‍ അഗ്രഗണ്യനായ ഋഷഭദേവന്‍, ഭൂമിയെ ഫലപുഷ്പങ്ങള്‍ കൊണ്ട് നിറച്ച പൃഥു, ഭൂമിയെ പ്രളയത്തില്‍നിന്നും കരകയറ്റിയ മത്സ്യാവതാരം, ദിവ്യാമൃതിന്റെ നിര്‍മ്മിതിക്കുസഹായിച്ച കൂര്‍മ്മാവതാരം, ആ ദിവ്യാമൃതുമായി പ്രത്യക്ഷനായ ധന്വന്തരിമുനി, അസുരന്മ‍ാരില്‍നിന്നും അമൃതു രക്ഷിച്ചു ദേവകള്‍ക്കുനല്‍കിയ മോഹിനി, ഹിരണ്യകശിപുവിനെ ഹിംസിച്ച നരസിംഹാവതാരം, കുളളനായി വന്ന് മഹാബലിക്ക് മോക്ഷം നല്‍കിയ വാമനാവതാരം, ദുഷ്ടരാജാക്കന്‍മാരെ കൊന്ന് ധര്‍മ്മരക്ഷ നല്‍കിയ പരശുരാമാവതാരം, വേദപുരാണേതിഹാസങ്ങളുടെ കര്‍ത്താവായ വ്യാസഭഗവാന്‍, മര്യാദാപുരുഷോത്തമനായ ശ്രീരാമചന്ദ്രന്‍, ധര്‍മ്മസംസ്ഥാപകരായ ശ്രീകൃഷ്ണനും ബലരാമനും, ദിവ്യബോധോദയം കൈവരിച്ച ബുദ്ധഭഗവാന്‍, എന്നിവരും കലിയുഗാന്ത്യത്തില്‍ വരാന്‍ പോവുന്ന കല്‍ക്കിയും ഭഗവാന്റെ അവതാരങ്ങളത്രേ. ഇവരെക്കൂടാതെ അസംഖ്യം ഋഷിമുനിമാരും ഭഗവാന്റെ അവതാരങ്ങള്‍തന്നെ. ഇവയെല്ല‍ാം ആ ദിവ്യസത്തിന്റെ പ്രകാശ കണികകള്‍ മാത്രമത്രെ. എന്നാല്‍ ശ്രീകൃഷ്ണനാകട്ടെ ആ പരമാത്മാവുതന്നെയാണ്‌.
എല്ലാ അവതാരങ്ങളും വെളിച്ചത്തിന്റെ ശക്തികളെ ഇരുട്ടില്‍നിന്നും സംരക്ഷിക്കാനായി പ്രത്യക്ഷപ്പെട്ടവയത്രെ. ഈ കാര്യത്തെ ദിവസേന രാവിലേയും വൈകുന്നുന്നേരവും ചിന്തിച്ചുറപ്പിക്കുന്ന ഒരുവന്‍ എല്ലാവിധ ദുഃഖങ്ങളില്‍ നിന്നും മോചിതനാകുന്നു.
എങ്കിലും മഹാമുനിമാരേ, പരമാത്മാവ്‌ ജനിച്ചു, ജീവിച്ചു, മരിച്ചു, എന്നെല്ല‍ാംപറയുന്നത്‌ സര്‍വ്വാബദ്ധമായിരിക്കും. എന്തെന്നാല്‍ അനന്തത അങ്ങിനെതന്നെ നിലനില്‍ക്കുന്നു. ആകാശത്തിലെ മേഘങ്ങള്‍ ആകാശത്തിന്റെ വലുപ്പത്തെ ബാധിക്കാത്തതു പോലെയത്രെ അത്‌. സൃഷ്ടികര്‍മ്മങ്ങള്‍ ഭഗവാന്റെ ലീലാവിലാസങ്ങള്‍ എന്നു പറയപ്പെടുന്ന. അവിടുത്തേയ്ക്ക്‌ ഒന്നിന്റെയും കുറവില്ല. ഒന്നിന്റെയും ആവശ്യമില്ല. അവിടുന്ന് യാതൊന്നിനായും ആഗ്രഹിക്കുന്നുമില്ല. ഇതു വെറും ലീലകള്‍ മാത്രം. എങ്കിലും വെളിച്ചത്തിന്റെ ദിവ്യശക്തികളെ പരിരക്ഷിക്കുക എന്നൊരു ലക്ഷ്യം ഇതിനുണ്ട്‌. ആ താമരക്കാലടികളും സ്വയം സമര്‍പ്പിച്ചവര്‍ക്കു മാത്രമേ ഈ വിരുദ്ധങ്ങളായ, വൈവിധ്യമേറിയ, അവതാര പ്രാഭവത്തെയും മാസ്മരികതയെയും മനസിലാക്കാന്‍ സാധിക്കൂ.

ദിവ്യസുകൃതികളേ, ഈ അവതാരകഥകള്‍ ഞാന്‍ ശുകദേവനില്‍നിന്നും ഗ്രഹിച്ചിട്ടുളളവയാണ്‌. ശുകദേവനാകട്ടെ അദ്ദേഹത്തിന്റെ അച്ഛന്‍ വ്യാസഭഗവാന്‍ പരീക്ഷിത്ത്‌ രാജാവിനോടു കഥപറയുന്നതു കേട്ടു മനസിലാക്കി. അപ്പോള്‍ പരീക്ഷിത്ത്‌ മരണശിക്ഷയും കാത്തുകിടക്കുകയായിരുന്നുവല്ലോ.


🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
          *കരിമുട്ടം ദേവി ക്ഷേത്രം*
           *പെരുങ്ങാല, കായംകുളം*

No comments:

Post a Comment