Saturday, March 07, 2020

വിവേകചൂഡാമണി - 83
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അനാത്മ നിരൂപണം

ശ്ലോകം 122
ദേഹേന്ദ്രിയപ്രാണമനോളഹമാദയഃ
സര്‍വ്വേ വികാരാഃ വിഷയാഃ സുഖാദയഃ
വേയാമാദിഭൂതാന്യഖിലം ച വിശ്വം
അവ്യക്തപര്യന്തമിദം ഹ്യനാത്മാ

ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണന്മാർ, മനസ്സ്, അഹങ്കാരം മുതലായവയും  അവയുടെ എല്ലാ വികാരങ്ങളും വിഷയങ്ങളും സുഖം തുടങ്ങിയ അനുഭവങ്ങളും ആകാശം തൊട്ടുള്ള മഹാഭൂതങ്ങളും അവ്യക്തമുൾപ്പടെയുള്ള ഇക്കാണുന്നതെല്ലാം അനാത്മാവാണ്.

നമുക്കറിയാവുന്നതെല്ലാം അനാത്മാവാണ് എന്നു പറയുന്നതാകും എളുപ്പം.  ഇക്കാണുന്നതെല്ലാം ജഡങ്ങളാണ്. ജഡമായതൊന്നും ആത്മാവാകില്ല. എല്ലാ ജഡവസ്തുക്കൾക്കും ഉണ്മയേയും ചൈതന്യത്തേയും നൽകുന്നതാണ് ആത്മാവ്.

ദഹിച്ചുപോകുന്നതാണ് ദേഹം. ജീവിച്ചിരിക്കുമ്പോൾ ആധിവ്യാധികളാലും മരിച്ചശേഷം അഗ്നികൊണ്ടും ദേഹം ദഹിക്കുന്നു. പഞ്ച ജ്ഞാനേന്ദ്രിയങ്ങളും പഞ്ച കർമ്മേന്ദ്രിയങ്ങളും ജഡം തന്നെ.അനാത്മാക്കളായ ജ്ഞാനേന്ദ്രിയങ്ങൾക്ക് വിഷയങ്ങളെ അറിയാനും കർമ്മേന്ദ്രിയങ്ങൾക്ക് പ്രവർത്തിക്കുവാനും ആത്മസാന്നിദ്ധ്യം വേണം.

സ്വീകരിക്കലും വിസർജ്ജിക്കലും ദഹിപ്പിക്കലുമുൾപ്പടെയുള്ളതും ശരീരത്തിനകത്തുള്ളതുമായ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രാണന്മാരും അനാത്മാവ് തന്നെ. മനസ്സും അഹങ്കാരവുമുൾപ്പടെയുള്ള അന്തഃകരണവും അനാത്മാവാണ്.

ഇവയുടെ വികാരങ്ങൾ, വിഷയങ്ങൾ എന്നിവയും പഞ്ചമഹാഭൂതങ്ങളും സുഖം മുതലായ അനുഭവങ്ങളും അവ്യക്തം വരെയുള്ള സകലതും അനാത്മാവാണ്.

ഭഗവദ്ഗീതയിൽ ക്ഷേത്രം എന്നു വിശേപ്പിച്ചിരിക്കുന്നത് ഇവയെയാണ്.

ശ്ലോകം 123
മായാ മായാകാര്യം സര്‍വ്വം
മഹദാദിദേഹപര്യന്തം
അസദിദമനാത്മതത്വം വിദ്ധി ത്വം
മരുമരീചികാകല്പം

മായയും മായാ കാര്യങ്ങളായ മഹതത്വം മുതൽ ദേഹം വരെയുള്ളതെല്ലാം അനാത്മാവാണെന്നും മരുമരീചികപോലെ അസത്താണെന്നും അറിയണം.

ആദ്യമുണ്ടായത് അല്ലെങ്കിൽ പരിണമിച്ചത് മഹതത്വം അഥവാ അവ്യക്തമാണ്.  അവസാനം ഉണ്ടായത് ദേഹം. അതിനാലാണ് മഹതത്വം മുതൽ ദേഹം വരെ എല്ലാം അനാത്മാവെന്ന് പറയുന്നത്.  അകത്തും പുറത്തും നമുക്ക് അനുഭവ വിഷയമാകുന്നതെല്ലാം അനാത്മാവാണ്.  വാസനയും അവ്യക്തവും ഉൾപ്പടെ സർവപ്രപഞ്ചവും ആത്മാവിൽ നിന്ന് വേറിട്ടായതിനാൽ അനാത്മാവാണ്.

ആത്മസ്വരൂപത്തെ അറിയാത്ത അവസ്ഥയിൽ മായായാൽ സൃഷ്ടമായതാണ് അനാത്മാവ്. ഉണ്മയില്ലാത്തത്, നിലനില്പില്ലാത്തതാണ് മായ.  വാസ്തവത്തിൽ ഇല്ലാത്തത. ണത്. അങ്ങനെയുള്ള ഒന്നിൽ നിന്ന് എന്തെങ്കിലുമുണ്ടായി എന്നുപറഞ്ഞാൽ അതിനും ഉണ്മയുണ്ടാവില്ല.

എന്നാൽ ഇവയെല്ലാം ഉള്ളതുപോലെ നമ്മൾ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ട്.  ഇങ്ങനെ ഉണ്ടെന്ന് തോന്നിക്കുന്നവയൊക്കെ അനാത്മാക്കളാണ്. മരുഭൂമിയിലെ മരുപ്പച്ചപോലെയാണ്; ഉണ്ടെന്ന് തോന്നിക്കും, അന്വേഷിച്ചു ചെന്നാലോ... അത് തോന്നൽ മാത്രമെന്ന് ബോദ്ധ്യമാകും. അതിന് ഉണ്മയില്ല.

അതുപോലെ അനാത്മവസ്തുക്കളായ ദൃശ്യ പ്രപഞ്ചം മുഴുവനും അസത്താണ്. സത്യത്വമില്ലാത്ത വെറും തോന്നലാണത്. സത്യത്തെ അറിയാനാണ് അസത്യ വസ്തുക്കളെ നിഷേധിക്കുന്നത്.  ആത്മതത്വമാണ് സദ് വസ്തു; അതിനെക്കുറിച്ച് ഇനി പറയും.
Sudha Bharath 

No comments:

Post a Comment