Sunday, March 15, 2020

വിവേകചൂഡാമണി -- 202

        ഈ അദ്ധ്യാസം (ദേഹോfഹം ബുദ്ധി -- ദേഹമാണ് ഞാൻ എന്ന തോന്നൽ) കാരണം--നിങ്ങൾ എന്തെല്ലാം ചെയ്യേണ്ടി വരുന്നു? അതിന്നുവേണ്ട രക്ഷചെയ്യണം, കുളിപ്പിക്കണം, വസ്ത്രമണിയിക്കണം, രോഗം വന്നാൽ ചികിത്സിക്കണം, ചിലപ്പോൾ മറ്റുള്ളവരുടെ രക്തം സ്വീകരിക്കണം. അതുപോലെ ഹൃദയം മാറ്റിവയ്ക്കേണ്ടിയും വന്നേക്കാം!

     ദേഹത്തെ വേണ്ടവിധം നോക്കി സംരക്ഷിച്ചാലും പോരാ, വീട്, വാഹനം, റേഡിയോ, ടെലഫോൺ തുടങ്ങി അതാവശ്യപ്പെടുന്ന വസ്തുക്കളുടെ പിന്നാലെ പായുകയും വേണം. 'ഈ അടിമത്തത്തിൽ തന്നെ ഞാൻ വിടാതെ കൂടാൻ എന്താണ് കാരണം?' 'അതോ -- ഈ ദേഹം ഞാനാണ്. ദേഹത്തിന്റെ സുഖം തന്നെ എന്റെ സുഖം!' എന്ന വിചാരം. വിചിത്രമെന്നല്ലാതെ എന്തുപറയാൻ!

       'ഞാനൊരു പുഴുവാണ്' എന്നൊരു മാനസികരോഗിക്ക് തോന്നുകയാണെന്നിരിക്കട്ടെ -- അയാൾക്ക് പിന്നെ പക്ഷികളെ ഭയമായിരിക്കും. അവ വന്ന് തന്നെ കൊത്തിത്തിന്നെങ്കിലോ!

       മനുഷ്യനാണ് ഞാൻ-പുഴുവല്ല' എന്ന് അയാൾക്ക് പൂർണ്ണ ബോദ്ധ്യം, സ്വയം വന്നെങ്കിലേ ആ ഭയം വിട്ടുനീങ്ങു. 'നിങ്ങൾ പുഴുവല്ല' എന്ന് ഒരു മനോരോഗവിദഗ്ദ്ധൻ എത്രതന്നെ ആവർത്തിച്ചു പറഞ്ഞാലും മനുഷ്യനാണ് താൻ എന്ന പൂർണ്ണബോധം അയാൾക്കുണ്ടാവുന്നില്ലെങ്കിൽ അതുകൊണ്ട് പ്രയോജനമില്ല.

      അതുപോലെ, 'പരമാത്മാവാണു നീ' എന്ന ഗുരൂപദേശം എത്രയോ തവണ ആവർത്തിച്ച് ശ്രവിക്കുന്നുണ്ടാവാം; വിവേകചൂഡാമണിപോലുള്ള ആദ്ധ്യാത്മികഗ്രന്ഥങ്ങൾ വായിക്കുന്നുണ്ടാവാം; സത്സംഗങ്ങളിൽ പങ്കെടുക്കുന്നുണ്ടാവാം, പഠനക്ലാസ്സുകളിൽ ശാസ്ത്രചർച്ച ചെയ്യുന്നുണ്ടാവാം -- ഇങ്ങനെയൊക്കെയാണെങ്കിലും, ഈ ശരീരമാണ് ഞാൻ എന്ന ബോധം നമ്മിലെല്ലാം രൂഢമൂലമായി കിടക്കുന്നുണ്ട്. എന്തു കൊണ്ട്? പരമദിവ്യമായ സ്വസ്വരൂപം -- സച്ചിദാനന്ദസ്വരൂപിയായ ആത്മാവാണ് ഞാൻ എന്ന യാഥാർത്ഥ്യം - അറിയായ്കയാൽ. 

     പട്ടുനൂൽപ്പുഴു സ്വന്തം ഉമിനീരിൽനിന്നുണ്ടാകുന്ന നൂലു കൊണ്ട് തനിക്ക് ചുറ്റും, തന്നെ പൊതിഞ്ഞുകൊണ്ട്, കോശം നിർമ്മിക്കുന്നു. ക്രമേണ ഈ കോശം കൂടുതൽ ദൃഢമായിത്തീരുകയാൽ പുറത്തുകടക്കാൻ പറ്റാതെ പുഴു അതിന്നുള്ളിൽ കുടുങ്ങിപ്പോകുന്നു. അതുമാതിരി, 'ഞാൻ ദേഹമാണ്' എന്ന തെറ്റിദ്ധാരണ ഉണ്ടായിക്കഴിഞ്ഞാൽ, ആ അജ്ഞാനം, ദേഹത്തിന്റെ സുരക്ഷിതത്വത്തിന്നു വേണ്ടി ഒടുങ്ങാത്ത ആവശ്യങ്ങൾ ഉന്നയിക്കുകയായി. ആവശ്യങ്ങൾ പെരുകിപ്പെരുകി, പൊട്ടിച്ചു പുറത്തുകടക്കാൻ പറ്റാത്തവിധം ബലവത്തായിത്തീർന്ന്, മനുഷ്യനെ ചുറ്റിവരിഞ്ഞ് ബന്ധിച്ച് 
അസ്വതന്ത്രനാക്കിത്തീർക്കുന്നു.

      ഇങ്ങനെ, എണ്ണമറ്റ ആവശ്യങ്ങൾ കാരണം നിങ്ങൾ വീർപ്പുമുട്ടുകയാണ്. നിങ്ങളുടെ സ്വതസിദ്ധമായ ബലവീര്യങ്ങളോ, കഴിവുകളോ, മേധാശക്തിയോ ഒന്നും ഇപ്പോൾ ശോഭിക്കുന്നില്ല -- സ്വസൃഷ്ടങ്ങളായ പൂർവ്വസംസ്കാരങ്ങൾക്ക് വശംവദരായിത്തന്നെ വർത്തിക്കേണ്ട ഗതികേട് വന്നതു കൊണ്ട് ഈ ക്ലേശങ്ങളല്ലാം ഒരേ ഒരു കാരണത്തിൽനിന്നാണ് ഉണ്ടായത് -- സ്വസ്വരൂപം നിങ്ങൾ വിസ്മരിച്ചു. ഇത്രയും കാലം 'ശരീരാദ്യുപാധി സമൂഹമായ അനാത്മാവാണ് ഞാൻ' എന്ന തെറ്റിദ്ധാരണയിലാണ് നിങ്ങൾ ജീവിച്ചുപോന്നത്. ഈ അവസ്ഥയിൽ ബഹുവിധ ക്ലേശങ്ങൾ അനുഭവിക്കാനിടയാവുന്നു. ഇതുതന്നെ 'ബന്ധം' -- സംസാരദുഃഖം.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments:

Post a Comment